Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുധാകരൻ പത്തു ദിവസം വീട്ടിൽ താമസിച്ച് ചികിൽസ നടത്തി; 25 ലക്ഷം കൈമാറിയത് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തിൽ; മുൻ ഡിഐജി സുരേന്ദ്രനെതിരേയും കടുത്ത ആരോപണങ്ങൾ; മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിന് മാനങ്ങൾ ഏറെ; കൈവിട്ട് പ്രവാസി സംഘടനയും

സുധാകരൻ പത്തു ദിവസം വീട്ടിൽ താമസിച്ച് ചികിൽസ നടത്തി; 25 ലക്ഷം കൈമാറിയത് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തിൽ; മുൻ ഡിഐജി സുരേന്ദ്രനെതിരേയും കടുത്ത ആരോപണങ്ങൾ; മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിന് മാനങ്ങൾ ഏറെ; കൈവിട്ട് പ്രവാസി സംഘടനയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാർ. മോൻസണ് 25 ലക്ഷം കൈമാറിയത് ഡിഐജി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് യാക്കൂബ് എന്ന പരാതിക്കാരൻ പറഞ്ഞു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഇയാളുടെ വീട്ടിലെ സന്ദർശകനായിരുന്നുവെന്നും കെ സുധാകരൻ ഇയാളുടെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

അതിനിടെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി മോൻസൺ മാവുങ്കലിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പിഎംഎഫ് ഗ്ലോബൽ ഡയറക്ട് ബോർഡിനു വേണ്ടി ചെയർമാൻ ജോസ് ആന്റണി കാനാട്ട്, സാബു ചെറിയാൻ, ബിജു കർണൻ, ജോൺ റാൽഫ്, ജോർജ് പടിക്കകുടി, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നിവർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട യുവതിയുടെ പിന്തുണയിലാണ് മാവുങ്കൽ ഉന്നത ബന്ധങ്ങൾ ഉണ്ടാക്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇയാളെ പരിചയപ്പെടുത്തി കൊടുത്തത് തൃശൂരിലെ ഈ യുവതിയാണ്. ഈ യുവതിയിലേക്ക് അന്വേഷണമെത്തിയാൽ പല പ്രമുഖരും കുടുങ്ങും.

പ്രവാസി മലയാളി ഫെഡറേഷൻ ഏറ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി മോൻസൺ മാവുങ്കൽ പിഎംഎഫിന്റെ പല ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മോൻസൺ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയെ തുടർന്നുമാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു. മൻ ഡിഐജി സുരേന്ദ്രനെതിരെയും ആരോപണങ്ങൾ ഉണ്ട്.

ഉന്നതരെ ഇടനിലക്കാരാക്കിയാണ് മോൻസൺ മാവുങ്കൽ പണം തട്ടിയിരുന്നതെന്ന് പരാതിക്കാർ പറയുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 10 ദിവസത്തോളം മോൻസണിന്റെ വീട്ടിൽ താമസിച്ച് ചികിത്സ നടത്തിയിരുന്നു. ഡെർമറ്റോളജിസ്റ്റ് എന്ന പേരിലും മോൻസൺ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതിക്കാരൻ അനൂപ് 25 ലക്ഷം കൈമാറിയത് കെ സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് ആരോപണമുണ്ടെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിലെ പല കാര്യങ്ങളിലും സുധാകരനെ ഇയാൾ ഇടപെടുവിച്ചെന്നും പരാതിക്കാർ വെളിപ്പെടുത്തിയതായി ചാനൽ പറയുന്നു.

പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ പലരിൽ നിന്നായി മോൻസൺ മാവുങ്കൽ 10 കോടിയോളം തട്ടിയെടുത്തെന്നാണ് പരാതി. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയിൽ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാൻ ചില നിയമതടസ്സങ്ങളുള്ളതിനാൽ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരിൽ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരായ പരാതി.

അന്വേഷണം നടത്തിയ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. തെളിവിനായി മോൺസൺ മാവുങ്കൽ കാണിച്ചിരുന്ന ബാങ്ക് രേഖകൾ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ എറണാകുളം കലൂരിലുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെ ഇയാൾ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പുരാവസ്തു ശേഖരത്തിലുള്ള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുൽത്താന്റെ സിംഹാസനം, മൈസൂർ കൊട്ടാരത്തിന്റെ ആധാരം, ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോൺ തുടങ്ങിയ പുരാവസ്തുക്കൾ തന്റെ കൈവശമുണ്ടെന്നും മോൺസൺ മാവുങ്കൽ അവകാശപ്പെട്ടിരുന്നു.

എന്നാൽ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേർത്തലയിലെ ആശാരി വ്യാജമായി നിർമ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ വിദേശത്ത് അക്കൗണ്ടില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ 'ഡോക്ടർ' ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ആളുകളെ പറഞ്ഞുവീഴ്‌ത്താനുള്ള വാക്ചാതുരിയും അഭിനയ പാടവുമായിരുന്നു കൈമുതൽ. കൂടെ, ആരും കണ്ടാൽ വീണുപോകുന്ന വീടും അന്തരീക്ഷവും. കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP