Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

16 വർഷത്തെ മെർക്കൽ യുഗത്തിന് തിരശീല; ജർമ്മൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ലോകം ഉറ്റുനോക്കുന്നത് എഞ്ചല മെർക്കലിന്റെ പിൻഗാമിയെയും ജർമനിയുടെ അടുത്ത ഭരണ നേതൃത്വത്തെയും

16 വർഷത്തെ മെർക്കൽ യുഗത്തിന് തിരശീല; ജർമ്മൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്;  ലോകം ഉറ്റുനോക്കുന്നത് എഞ്ചല മെർക്കലിന്റെ പിൻഗാമിയെയും ജർമനിയുടെ അടുത്ത ഭരണ നേതൃത്വത്തെയും

മറുനാടൻ മലയാളി ബ്യൂറോ

ബെർലിൻ: ജർമ്മൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇതോടെ 16 വർഷമായി ജർമ്മനിയിൽ തുടരുന്ന മെർക്കൽ യുഗത്തിനാണ് തിരശീല വീഴുന്നത്. ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ കൂടിയായ ഏഞ്ചല മെർക്കൽ ഇതിനകം തന്നെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയെ പോലെ തന്നെ ഫെഡറൽ സംവിധാനവും പാർലമെന്ററി ജനാധിപത്യവും പിന്തുടരുന്ന ജർമ്മനിയിൽ പക്ഷെ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി രണ്ട് വോട്ടുകളാണ് ഒരു ജർമ്മൻ വോട്ടർക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിലുള്ളത്. ഇതിൽ ഒന്ന് അതാത് പ്രവിശ്യയിലെ എംപിയെ നേരിട്ട് തിരഞ്ഞെടുക്കുന്ന ഡയറക്റ്റ് വോട്ടും, രണ്ടാമത്തേത് തങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു പാർട്ടിക്കും കൊടുക്കാവുന്നതാണ്.

പാർട്ടിക്ക് കൊടുക്കുന്ന ഈ രണ്ടാമത്തെ വോട്ടുകളിൽ 5% എങ്കിലും നേടുന്ന പാർട്ടികൾക്ക് അവർക്ക് കിട്ടിയ വോട്ടുകളുടെ ആനുപാതികാടിസ്ഥാനത്തിൽ പാർലമെന്റിലെ പകുതി സീറ്റുകൾ വിഭജിക്കപ്പെടും.ബാക്കി പകുതിയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരും ഉൾക്കൊള്ളുന്നതാണ് ജർമ്മൻ പാർലമെന്റായ ബുണ്ടെസ്റ്റാഗ്. ഇതിന്റെ കൂടെ ഇന്ത്യയിലെ പോലെ തന്നെ അതാത് ഫെഡറൽ സംസ്ഥാനങ്ങളിലെ അസംബ്ലി അംഗങ്ങൾ തിരഞ്ഞെടുത്തു അയക്കുന്ന നമ്മുടെ രാജ്യസഭയ്ക്ക് തുല്യമായ ബുണ്ടെസ്രത്ത് കൂടി ഉൾക്കൊള്ളുന്നതാണ് ജർമ്മനിയിലെ കേന്ദ്ര നിയമ നിർമ്മാണ സംവിധാനം.

ഇത്തവണ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രറ്റിക് യൂണിയൻ എന്ന സെൻട്രിസ്റ്റ് പാർട്ടിയിൽ നിന്നും ജർമനിയുടെ ഭരണ നേതൃത്വം 16 വർഷങ്ങൾക്കു ശേഷം സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വീണ്ടും പോകുമോ എന്നതാണ്. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത പ്രീപോൾ സർവ്വേകൾ സൂചിപ്പിക്കുന്നത് 25% വോട്ടോട് കൂടി എസ്‌പി.ഡി ഒന്നാം സ്ഥാനത്തും മെർക്കലിന്റെ (സിഡിയു) 22% വോട്ടോട് കൂടി രണ്ടാം സ്ഥാനത്തേക്കും എത്തിയേക്കാമെന്നാണ്.

സോഷ്യലിസ്റ്റ് ഡെമോക്രറ്റുകൾക്ക് ആശ്വാസം പകരുന്ന മറ്റൊരു കാര്യം അവരെ പിന്തുണയ്ക്കാൻ സാധ്യത കൂടുതലുള്ള ഇടതുപക്ഷ പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടി പ്രീപോൾ സർവേയുടെ അടിസ്ഥാനത്തിൽ 16% വോട്ടോട് കൂടി മൂന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയാണ്. വലതു ലിബറലുകളെന്ന് അറിയപ്പെടുന്ന എഫ്.ഡി.പി 11%, നിയോ നാസിസ്റ്റുകൾ എന്ന ആക്ഷേപം നേരിടുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി, കിഴക്കൻ ജർമനി ഭരിച്ചിരുന്ന മുൻ കമ്മ്യൂണിസ്റ്റുകളുടെ പിൻഗാമികളെന്ന് അറിയപ്പെടുന്ന ദി ലിങ്ക് 6% എന്നീ പാർട്ടികളും ജർമ്മൻ പാർലമെന്റിലേക്ക് യോഗ്യത നേടാനുള്ള 5% എന്ന കടമ്പ കടക്കാൻ സാധ്യതയുള്ള പാർട്ടികളായി കണക്കാക്കപെടുന്നു.

തിരഞ്ഞെടുപ്പിനു ശേഷം ഒരു ഭാഗത്തു സോഷ്യലിസ്റ്റുകളും (എസ്‌പി.ഡി) മറുഭാഗത്ത് ക്രിസ്ത്യൻ ഡെമോക്രറ്റുകളും (സി.ഡി.യു) നേതൃത്വം കൊടുക്കുന്ന രണ്ട് മുന്നണികൾ നേർക്കുനേർ വന്നാൽ, ഗ്രീൻ പാർട്ടി, ദി ലിങ്ക് എന്നീ ഇടത് പാർട്ടികളുടെ പിന്തുണ സോഷ്യൽ ഡെമോക്രറ്റുകൾക്ക് കിട്ടാനാണ് കൂടുതൽ സാധ്യത. ഇത് വരെ തുടർന്ന പോലെ തീവ്ര വലതുപക്ഷ പാർട്ടിയായ എ.എഫ്.ഡിയുടെ പിന്തുണ ഒരു മുന്നണിയും സ്വീകരിക്കാൻ സാധ്യതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP