Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു; 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി; രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇരുന്നു ഭക്ഷണം കഴിക്കാം

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു; 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി; രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇരുന്നു ഭക്ഷണം കഴിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്  വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി.പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളർച്ചാ നിരക്ക് മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ 5 ശതമാനം കുറഞ്ഞു. തൊട്ടു മുൻപുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 8% കുറവു വന്നിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ ആർ ഫാക്റ്റർ 0.94 ആണ്. ആർ ഫാക്റ്റർ ഒന്നിലും കുറയുമ്പോൾ രോഗം കുറഞ്ഞു വരുന്നു എന്ന സൂചനയാണ്.

പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്‌സിൻ നൽകാനായി. ആദ്യ ഡോസ് വാക്‌സിനേഷൻ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്‌സിനേഷൻ 39.47 ശതമാനവുമാണ് (1,05,41,148).

ഒരു ഡോസ് വാക്‌സിനേഷനെങ്കിലും സ്വീകരിച്ചവരോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് ബാധിതരായി രണ്ടാഴ്‌ച്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. അത് ഒഴിവാക്കാൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച ആളുകൾക്കായി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇൻഹൗസ് ഡെനിങ് അനുവദിക്കും. രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. കഴിക്കാൻ എത്തുന്നവർക്കുള്ള വാക്‌സിനേഷൻ നിബന്ധന 18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമല്ല. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എ.സി സംവിധാനങ്ങൾ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.

ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തനവും രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി, രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച ആളുകൾക്കായി അനുവദിക്കാവുന്നതാണ്. വാക്‌സിനേഷൻ നിബന്ധന 18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമല്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കണം പ്രവർത്തനം.

മുഖ്യമന്ത്രിയുടെ വാക്കുകൾ


ഇന്ന് 16,671 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,14,627 പരിശോധനകൾ നടന്നു. 1,65,154 പേരാണ് ചികിത്സയിലുള്ളത്. 120 മരണങ്ങളുണ്ടായി.

കോവിഡിനെതിരായ നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് ഒന്നേ മുക്കാൽ വർഷത്തോളമായി. 90 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിനേഷൻ നൽകിയതിനാൽ അതനുസരിച്ചുള്ള ഇളവുകളും സംസ്ഥാനം നൽകി വരികയാണ്.
തൊട്ടു മുൻപുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 8% കുറവു വന്നിട്ടുണ്ട്. രോഗം ഒരു തവണ വന്നവരിൽ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. സെപ്റ്റംബർ 18 മുതൽ 24 വരെയുള്ള കാലയളവിൽ, ശരാശരി ആക്ടീവ് കേസുകൾ 1,70,669 ആയിരുന്നു. അതിൽ ശരാശരി 2 ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നത്. ഈ കാലയളവിൽ പുതിയ കേസുകളുടെ എണ്ണത്തിൽ ഏകദേശം 7,000 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളർച്ചാ നിരക്ക് മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ 5 ശതമാനം കുറഞ്ഞു. സജീവമായ രോഗികളുടെ എണ്ണം, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ സപ്പോർട്ട് എന്നിവയിൽ പ്രവേശിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ യഥാക്രമം 16 ശതമാനം, 7 ശതമാനം, 21 ശതമാനം, 3 ശതമാനം, 6 ശതമാനം എന്നിങ്ങനെ കുറഞ്ഞു.

രോഗം ഒരു തവണ വന്നവരിൽ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം ഈ വർഷത്തേക്കാൾ 6 മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിലാണ് റീഇൻഫെക്ഷൻ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ചെറുപ്പക്കാർക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നത്.

നിലവിൽ സംസ്ഥാനത്തെ ആർ ഫാക്റ്റർ 0.94 ആണ്. ആർ ഫാക്റ്റർ ഒന്നിലും കുറയുമ്പോൾ രോഗം കുറഞ്ഞു വരുന്നു എന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയർന്ന ആർ ഫാക്റ്റർ കോട്ടയം ജില്ലയിലാണ്. 1.06 ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലും ആർ ഫാക്റ്റർ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 0.72 ആണ് അവിടത്തെ ആർ ഫാക്റ്റർ.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണ്. മെഡിക്കൽ കോളേജുകളിൽ കോവിഡ് ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്നവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 6.7% കുറവ് അക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ നാലു വരെയുള്ള ദിവസങ്ങളിൽ 1979 രോഗികളാണ് മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കപ്പെട്ടതെങ്കിൽ, സെപ്റ്റംബർ 19 മുതൽ സെപ്റ്റംബർ 24 വരെയുള്ള ദിവസങ്ങളിൽ 1361 കേസുകളായി അത് കുറഞ്ഞു. ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്ന രോഗികളിൽ 52.7% പേരും വാക്‌സിൻ എടുക്കാത്തവരാണ്.

കോവിഡ് മരണങ്ങളിൽ 57.6 ശതമാനവും വാക്‌സിൻ എടുക്കാത്തവർക്കാണ് സംഭവിച്ചത്. മരിച്ചവരിൽ 26.3% പേർ ആദ്യ ഡോസ് വാക്‌സിൻ എടുത്തവരും, 7.9% പേർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരുമാണ്. വാക്‌സിൻ എടുത്തിട്ടും മരണമടഞ്ഞവരിൽ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതിൽ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു.

പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്‌സിൻ നൽകാനായി. ആദ്യ ഡോസ് വാക്‌സിനേഷൻ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്‌സിനേഷൻ 39.47 ശതമാനവുമാണ് (1,05,41,148).

സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിൻ എടുക്കേണ്ടതുള്ളൂ. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് വാക്‌സിൻ എടുക്കാനുള്ളത്.

സംസ്ഥാനത്തെ വാക്‌സിനേഷൻ നിരക്ക് തൊണ്ണൂറു ശതമാനമെത്തിയ സാഹചര്യത്തിൽ പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഇനിയും നിഷ്‌കർഷിക്കുന്നതിൽ സാംഗത്യമില്ല. ഒരു ഡോസ് വാക്‌സിനേഷനെങ്കിലും സ്വീകരിച്ചവരോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് ബാധിതരായി രണ്ടാഴ്‌ച്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. അത് ഒഴിവാക്കാൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

നിയന്ത്രണങ്ങൾ കാരണം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതിയില്ല. പാഴ്‌സൽ ആയും വാഹനങ്ങളിലും തുറന്ന സ്ഥലങ്ങളിലും ഭക്ഷണം നല്കി ഈ നിയന്ത്രണത്തോട് സഹകരിക്കാൻ പൊതുവെ റസ്റ്ററന്റ് ഉടമകളും അതിനോട് സഹകരിക്കാൻ ജനങ്ങളും തയാറായിട്ടുണ്ട്. നിലവിൽ ആ നിയന്ത്രണം അതേപടി കൊണ്ടുപോകേണ്ട സാഹചര്യമില്ല. രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച ആളുകൾക്കായി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇൻഹൗസ് ഡെനിങ് അനുവദിക്കാം എന്നാണ് കാണുന്നത്. രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. കഴിക്കാൻ എത്തുന്നവർക്കുള്ള വാക്‌സിനേഷൻ നിബന്ധന 18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമല്ല. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എ.സി സംവിധാനങ്ങൾ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.

ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തനവും രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി, രണ്ടു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച ആളുകൾക്കായി അനുവദിക്കാവുന്നതാണ്. വാക്‌സിനേഷൻ നിബന്ധന 18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമല്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കണം പ്രവർത്തനം.

സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കും. ഇക്കാര്യത്തിൽ മോട്ടോർവാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്.

സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങൾ ആയാലും സ്‌കൂൾ വാഹനങ്ങൾ ആയാലും അവ ഓടിക്കുന്നവർക്ക് പത്തുവർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകനെ സ്‌കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം.

ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിർദ്ദേശം നൽകി.അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങൾ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കാനാകണം.

അദ്ധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂൾ തുറക്കുന്നതിനു മുന്നേ നടത്തേണ്ടതാണ്.

കുട്ടികളിൽ കോവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികൾക്കെങ്കിലും കോവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണം. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിനേഷൻ നടത്തണമെന്ന് പറയുന്നത്. അത് മാത്രമല്ല അവർ മറ്റ് കൂടുതൽ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം. സ്‌കൂൾ പിടിഎ കൾ അതിവേഗത്തിൽ പുനഃസംഘടിപ്പിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP