Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഗ്രഹിക്കുന്നത് സൂരജ്‌ രവിക്കും ടോമി കല്ലാനിക്കും പിഎ മാധവനും അർഹിച്ച സ്ഥാനം; കോട്ടയത്തെ നേതാവിന് ഡിസിസി പ്രസിഡന്റ് മാനദണ്ഡം പുലിവാൽ; സുരജ് രവിക്ക് പാരയുമായി ഗ്രുപ്പ് മാനേജർമാർ; മാധവനും സാധ്യതകൾ കുറവ്; സുധീരനെ പ്രകോപിപ്പിച്ചത് ഈ മൂന്ന് നേതാക്കളുടെ ഒഴിവാക്കൽ; അനുനയത്തിന് ഒരാളെ പരിഗണിച്ചേക്കും

ആഗ്രഹിക്കുന്നത് സൂരജ്‌ രവിക്കും ടോമി കല്ലാനിക്കും പിഎ മാധവനും അർഹിച്ച സ്ഥാനം; കോട്ടയത്തെ നേതാവിന് ഡിസിസി പ്രസിഡന്റ് മാനദണ്ഡം പുലിവാൽ; സുരജ് രവിക്ക് പാരയുമായി ഗ്രുപ്പ് മാനേജർമാർ; മാധവനും സാധ്യതകൾ കുറവ്; സുധീരനെ പ്രകോപിപ്പിച്ചത് ഈ മൂന്ന് നേതാക്കളുടെ ഒഴിവാക്കൽ; അനുനയത്തിന് ഒരാളെ പരിഗണിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി എം സുധീരന്റെ രാജിക്ക് പിന്നിൽ പുനഃസംഘടനയിൽ തനിക്ക് പ്രധാന്യം കിട്ടുന്നില്ലെന്ന തോന്നൽ. മൂന്ന് പേരെ കെപിസിസി പുനഃസംഘടനയിൽ പരിഗണിക്കണമെന്ന നിർദ്ദേശം സുധീരനുണ്ടായിരുന്നു. സൂരജ്‌ രവിയും ടോമി കല്ലാനിയും മുൻ എംഎൽഎ പിഎ മാധവനും. തന്റെ നാട്ടുകാരൻ കൂടിയായ മാധവനെ പരിഗണിക്കാത്തതിലുള്ള വേദനയാണ് സുധീരന്റെ രാജിക്ക് പ്രധാന കാരണം. ഈ പ്രശ്‌നം പറഞ്ഞുപരിഹരിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. കെ സുധാകരൻ നേരിട്ട് സുധീരനുമായി ചർച്ച നടത്തും. ജോൺസൺ എബ്രഹാമിന് വേണ്ടിയും സുധീരൻ ചരടു വലിക്കുന്നുണ്ട്.

ഇപ്പോൾ സ്ഥാനമൊഴിഞ്ഞ ജോഷി ഫിലിപ്പിന് മുമ്പ്‌ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നു ടോമി കല്ലാനി. പൂഞ്ഞാറിൽ മത്സരിക്കുകയും തോൽക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ടോമി കല്ലാനിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കെപിസിസി ഭാരവാഹിയാക്കുന്നതിനോട് എ ഗ്രൂപ്പിന് അനുകൂല നിലപാടല്ല. ഇതോടെ വിശ്വസ്തനായ ടോമി കല്ലാനിക്ക് തിരിച്ചടിയായി. ഇതിന് പകരമായി കൊല്ലത്ത് നിന്നുള്ള സൂരജ് രവിയുടെ പേരും മുമ്പോട്ട് വച്ചു. മുൻ എംഎൽഎയായ പിഎ മാധവനെ ജനറൽ സെക്രട്ടറിയാക്കണമെന്നായിരുന്നു സുധീരന്റെ ആഗ്രഹം. എന്നാൽ ഈ പേരുകളൊന്നും കെപിസിസി പുനഃസംഘടനയിൽ ചർച്ചയാകുന്നില്ലെന്ന സൂചന സുധീരനു കിട്ടി. ഇതോടെയാണ് സുധീരൻ പൊട്ടിത്തെറിച്ച് രാജിവച്ചത്. സുധീരന്റെ പരാതി അറിയില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്.

കെപിസിസി മുൻ പ്രസിഡന്റ് വി എം. സുധീരൻ പാർട്ടി രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവെച്ചത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നയാളല്ല അദ്ദേഹം. സുധീരനുമായി ചർച്ച നടത്തും. സമിതിയിൽനിന്ന് മാറിനിൽക്കുന്നത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. രാജിക്ക് പിന്നിൽ പുനഃസംഘടനുമായി ബന്ധപ്പെട്ട അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു സതീശന്റെ മറുപടി.

സുധീരന്റെ രാജി നിർഭാഗ്യകരമാണെന്ന് പി.ടി. തോമസ് എംഎ‍ൽഎ പറഞ്ഞിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും സുധീരനുമായി ചർച്ച നടത്തും. അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്നും പി.ടി. തോമസ് പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ശനിയാഴ്ചയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് സുധീരൻ രാജിക്കത്ത് കൈമാറിയത്. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് സുധാകരനെ ഫോണിൽ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

കോൺഗ്രസിന്റ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി എം. സുധീരൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുധീരന് അതൃപ്തിയുണ്ടെന്നാണ് സൂചന. മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു. ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സുധീരൻ തയ്യാറാകില്ലെന്നാണ് സൂചന. കോൺഗ്രസിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി.

രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തുന്നു. കെപിസിസി പുനഃ സംഘടനയിലും ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു. 

കെപിസിസി ഭാരവാഹി പട്ടികയിലേക്കു പരിഗണിക്കാവുന്നവരെ സംബന്ധിച്ചു കോൺഗ്രസ് നേതൃത്വം ചർച്ച തുടങ്ങിയിരുന്നു. എ, ഐ ഗ്രൂപ്പുകൾ പ്രാഥമിക നിർദ്ദേശങ്ങൾ കൈമാറി. പുതിയ നേതൃത്വവും ചില പേരുകൾ പരിഗണിക്കുന്നു. 30 ന് മുൻപ് ചർച്ചകൾ പൂർത്തിയാക്കി കെ.സുധാകരനും വി.ഡി.സതീശനും ഡൽഹിക്കു തിരിക്കും. ഡിസിസി പുനഃസംഘടനയ്‌ക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത ശേഷം തിരിച്ചെടുത്ത മുൻ ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായരെ ഭാരവാഹിത്വത്തിലേക്കു പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

കോൺഗ്രസ് ഉപേക്ഷിക്കുകയാണെന്നു പരസ്യമായി പ്രഖ്യാപിച്ച പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥിനെ കെപിസിസി ഭാരവാഹിത്വം നൽകി പാർട്ടിയിൽ സജീവമാക്കാൻ പ്രസിഡന്റ് കെ.സുധാകരൻ ശ്രമിക്കുന്നു. കോൺഗ്രസിൽ നിന്നു രാജി പ്രഖ്യാപിച്ചെങ്കിലും സുധാകരന്റെ ഇടപെടലിനു ശേഷം പരസ്യ നീക്കങ്ങൾക്കു ഗോപിനാഥ് മുതിർന്നിട്ടില്ല. ശിവദാസൻ നായരെ കൂടാതെ ആര്യാടൻ ഷൗക്കത്ത്, വർക്കല കഹാർ, സോണി സെബാസ്റ്റ്യൻ, അബ്ദുൽ മുത്തലിബ്, ജയ്‌സൺ ജോസഫ് തുടങ്ങിയവരുടെ പേരുകളാണു പ്രധാനമായും എ ഗ്രൂപ്പ് മുന്നോട്ടു വച്ചത്.

വി എസ്.ശിവകുമാർ, എ.എ.ഷുക്കൂർ, എസ്.അശോകൻ, ഐ.കെ.രാജു, ഫിലിപ്പ് ജോസഫ്, ടി.യു.രാധാകൃഷ്ണൻ തുടങ്ങിയവരെ ഐയും നിർദ്ദേശിച്ചു. ഇരു ഗ്രൂപ്പുകളിലും സമ്മർദങ്ങൾ ഉള്ളതിനാൽ ഇനിയും പേരുകൾ ഉയർന്നേക്കാം. 19 ഭാരവാഹികളിൽ ഗ്രൂപ്പുകളുടെ പട്ടികയിൽ നിന്നു പകുതിയിൽ താഴെ പേരെ മാത്രമേ പുതിയ നേതൃത്വം ഉൾപ്പെടുത്താൻ ഇടയുള്ളൂ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ട്രഷററും കെപിസിസി പ്രസിഡന്റിന്റെ നോമിനികളായിരിക്കും. വി.ടി.ബൽറാം, കെ.എസ്.ശബരീനാഥൻ, പി.എം.നിയാസ്, അജയ് തറയിൽ, പഴകുളം മധു, ഡി.സുഗതൻ, കെ.മോഹൻകുമാർ തുടങ്ങിയവരെ ഗ്രൂപ്പിന് അതീതമായി പരിഗണിക്കുന്നുണ്ട്. ബിന്ദു കൃഷ്ണ, പി.കെ.ജയലക്ഷ്മി, ജ്യോതി വിജയകുമാർ തുടങ്ങിയവർ വനിതാ പട്ടികയിലുണ്ട്.

51 അംഗ നിർവാഹക സമിതിയിൽ 15 ജനറൽ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരും ഉണ്ടാകും. ഈ 19 ഭാരവാഹികളുടെയും 28 നിർവാഹക സമിതി അംഗങ്ങളുടെയും പേരാണ് ഇപ്പോൾ അന്തിമമാക്കാൻ ശ്രമിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഈ ഘട്ടത്തിൽ നിയമിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP