Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിതാഭ് ബച്ചന്റെ കോൻ ബനേഗാ കോർപതിയിലൂടെ കോടിപതിയായി; പണം വിനയോഗിക്കാൻ അറിയാതെ വന്നതോടെ കുടുംബം തകർന്നു; മദ്യത്തിനടിമയായി: ജീവിതം പറഞ്ഞ് സുശീൽ കുമാർ

അമിതാഭ് ബച്ചന്റെ കോൻ ബനേഗാ കോർപതിയിലൂടെ കോടിപതിയായി; പണം വിനയോഗിക്കാൻ അറിയാതെ വന്നതോടെ കുടുംബം തകർന്നു; മദ്യത്തിനടിമയായി: ജീവിതം പറഞ്ഞ് സുശീൽ കുമാർ

സ്വന്തം ലേഖകൻ

രു സുപ്രഭാതത്തിൽ കോടിപതിയായാൽ എന്തു സംഭവിക്കും? ഈ പണമെല്ലാം എന്തു ചെയ്യുമെന്നതായിരിക്കും സാധാരണക്കാരൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അത്തരത്തിലുള്ള ഒരു കഥയാണ് സുശീൽ കുമാറിന്റേത്.

അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന കോൻ ബനേഗ ക്രോർപതി എന്ന റിയാലിറ്റി ഷോയിൽ അഞ്ച് കോടി രൂപയുടെ വിജയം കരസ്ഥമാക്കിയ വ്യക്തിയാണ് സുശിൽ കുമാർ. ബിഹാർ സ്വദേശിയായ സുശിൽ 2011-ലാണ് സ്വപ്നതുല്യമായ നേട്ടത്തിലേക്ക് നടന്നു കയറിയത്. എന്നാൽ, ഒരൊറ്റ രാത്രികൊണ്ട് സ്വന്തമാക്കിയ പ്രശസ്തിയും പണവും വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ സുശിൽ കുമാർ പരാജയപ്പെട്ടു. ഒടുവിൽ ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി. താൻ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് സുശീൽ കുമാർ ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുന്നതിങ്ങനെ....

5 കോടിയുടെ മിന്നുന്ന വിജയം. ഇത്രയും വലിയ തുക എന്തു ചെയ്യണമെന്ന് എനിക്കറിയുമായിരുന്നില്ല. ഷോയിലെ വിജയം എന്നെ ഒരു ലോക്കൽ സെലിബ്രിറ്റിയാക്കി. ദിവസേന പത്തോളം പരിപാടികളിൽ അതിഥിയായിരിക്കും. അദ്ധ്യാപകനാകണമെന്ന് സ്വപ്നം കണ്ടു ജീവിച്ച ഞാൻ പതിയെ അതിൽനിന്ന് പിൻവലിഞ്ഞു.

മറ്റുള്ളവർക്ക് സംഭാവനകൾ കൊടുക്കുവാനും ഞാൻ മടിച്ചില്ല. എന്റെ പക്കൽ ആവശ്യത്തിൽ കൂടുതൽ പണമുണ്ടല്ലോ എന്ന തോന്നലായിരുന്നു. പലരും എന്നെ ചൂഷണം ചെയ്തു. അതിന്റെ പേരിൽ ഞാനും ഭാര്യയും വഴക്കിടുന്നത് പതിവായിരുന്നു. എനിക്ക് നല്ലവരെയും മോശക്കാരെയും തിരിച്ചറിയാനുള്ള കഴിവില്ലെന്ന് ഭാര്യ പറയുമായിരുന്നു. എന്നാൽ ഞാൻ അവരെ അവഗണിച്ചു. ഒടുവിൽ ഭാര്യയും ഞാനും പരസ്പരം അകന്നു.

മാധ്യമരംഗത്ത് ഞാൻ പണം നിക്ഷേപിച്ചു. ബിസിനസിന്റെ ഭാഗമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുമായും തിയേറ്റർ ആർട്ടിസ്റ്റുകളുമായും പരിചയപ്പെട്ടു. എന്നാൽ അവർ സംസാരിക്കുന്ന വിഷയങ്ങളിലൊന്നും എനിക്ക് പരിജ്ഞാനമില്ല. അതിൽ നിന്നുണ്ടായ അപകർഷതാബോധം എന്നെ മദ്യപാനത്തിലും പുകവലിയിലും കൊണ്ടെത്തിച്ചു.

ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ എന്നെ ഫോണിൽ ബന്ധപ്പെട്ടു. അയാളുടെ ചില ചോദ്യങ്ങൾ എന്നെ ക്ഷുഭിതനാക്കി. ആ ദേഷ്യത്തിൽ ഞാൻ അയാളോട് പറഞ്ഞു, എന്റെ കയ്യിലെ പണമെല്ലാം തീർന്നു, രണ്ടു പശുക്കളുണ്ട്, അവയുടെ പാൽ വിറ്റാണ് ജീവിക്കുന്നതെന്ന്. അയാൾ അത് അതേപടി എഴുതി. പിന്നീട് എന്നെ പരിപാടികൾക്കൊന്നും വിളിക്കാതെയായി. അതോടെ സാമ്പത്തികമായി തകർന്നു.

സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ മുംബൈയിലെത്തി. ഒരു സംവിധായകനാകണമെന്നതായിരുന്നു സ്വപ്നം. എന്നാൽ അവിടെ ഒരു മുറിയിൽ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും സമയം തീർത്തു. ദിവസേന ഒരോ പാക്കറ്റ് സിഗററ്റ് ഞാൻ വലിക്കുമായിരുന്നു. ആറ് മാസം ഞാൻ അങ്ങനെ അവിടെ കഴിച്ചു കൂട്ടി. ആ സമയത്ത് ഞാൻ എന്റെ ജീവിതത്തിലേക്ക് പതിയെ തിരിഞ്ഞു നോക്കി. എനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലായി. അതിനിടയിൽ ഞാൻ മൂന്ന് തിരക്കഥ എഴുതുകയും അതൊരു നിർമ്മാണ കമ്പനി സ്വീകരിക്കുകയും ചെയ്തു. പ്രതിഫലമായി 20,000 രൂപ തന്നു. ആ പണവുമായി ഞാൻ നാട്ടിലേക്ക് തിരിച്ചു.

ആറ് മാസത്തെ മുംബൈ ജീവിതം എന്നെ പലതും പഠിപ്പിച്ചു. സംവിധാനത്തിന്റെ പേരിൽ മുംബൈയിലേക്ക് ഒളിച്ചോടിയത് ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഭയമുള്ളതു കൊണ്ടായിരുന്നു. അല്ലാതെ ആഗ്രഹം കൊണ്ടായിരുന്നില്ല. സന്തോഷം ഒരിക്കലും പണം കൊടുത്തു വാങ്ങാൻ പറ്റില്ലെന്ന ബോധ്യം വൈകിയാണെങ്കിലും എന്നെ തേടിയെത്തി. ആദ്യപടിയെന്നോണം ഞാൻ വിട്ടുകളഞ്ഞ അദ്ധ്യാപന ജോലിയിലേക്ക് പ്രവേശിക്കാനുള്ള പരീക്ഷ എഴുതുകയും അതിൽ വിജയിക്കുകയും ചെയ്തു. എന്നെ പിടികൂടിയ മദ്യപാനവും പുകവലിയും പാടെ ഉപേക്ഷിച്ചു. അദ്ധ്യാപനത്തോടൊപ്പം ഇന്ന് പരിസ്ഥിതി പ്രവർത്തനവും ഒരുപോലെ കൊണ്ടുപോകുന്നു. ഇന്ന് ഞാൻ വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP