Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജ് പഠനകാലത്ത് തുടങ്ങിയ ശത്രുത; അച്ഛൻ മരിച്ചതോടെ ഗോഗി ഗുണ്ടാ നേതാവായി; പകയുമായി ടില്ലുവിന്റെ ഗ്യാങിനെ തകർക്കാൻ ഇറങ്ങി; ഒടുവിൽ കോടതി മുറിയിൽ വെടിയേറ്റു മരണം; ഡൽഹി സാക്ഷ്യം വഹിച്ചത് ഗുണ്ടാ പകയോ അതോ പൊലീസ് എൻകൗണ്ടറോ? ഗ്യാങ് വാറിൽ സംശയം ഏറെ

കോളേജ് പഠനകാലത്ത് തുടങ്ങിയ ശത്രുത; അച്ഛൻ മരിച്ചതോടെ ഗോഗി ഗുണ്ടാ നേതാവായി; പകയുമായി ടില്ലുവിന്റെ ഗ്യാങിനെ തകർക്കാൻ ഇറങ്ങി; ഒടുവിൽ കോടതി മുറിയിൽ വെടിയേറ്റു മരണം; ഡൽഹി സാക്ഷ്യം വഹിച്ചത് ഗുണ്ടാ പകയോ അതോ പൊലീസ് എൻകൗണ്ടറോ? ഗ്യാങ് വാറിൽ സംശയം ഏറെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഡൽഹിയിലെ കോടതിമുറിയിൽ കൊല്ലപ്പെട്ട ജിതേന്ദ്ര ഗോഗിയുടേയും ടില്ലു ടാജ്പുരിയയുടേയും പകയുടെ കഥ സിനിമയേയും വെല്ലുന്നത്. ഒരുകാലത്ത് ഗോഗിയും ടില്ലുവും അടുത്ത സുഹൃത്തുക്കളായിരുന്നു. 2010-ൽ കോളേജിലെ സ്റ്റുഡന്റ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇരുവരും തമ്മിലുള്ള കുടിപ്പകയ്ക്ക് തുടക്കമിട്ടത്. അത് 11 വർഷത്തിലേറെയായി തുടരുന്ന പകയുമായി.

ഇതിനിടെ കൊല്ലപ്പെട്ടത് 25 ലേറെ പേർ. കോടതിമുറിക്കുള്ളിൽ ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദർ മൻ ഗോഗിയെ എതിരാളിയായ സുനിൽ ടാജ്പുരിയയുടെ (ടില്ലു) സംഘം വെടിവച്ചുകൊന്ന സംഭവത്തിൽ നിന്ന് ഇനിയും രാജ്യതലസ്ഥാനം മുക്തമായിട്ടില്ല. സുരക്ഷാ വീഴ്ച ഓർമ്മപ്പെടുത്തുന്നതാണ് സംഭവങ്ങൾ. കോടതിയിലേക്ക് നടന്ന തീവ്രവാദ ആക്രമണത്തിന് സമാനമാണ് കാര്യങ്ങൾ. അതുകൊണ്ട് തന്നെ കൂടുതൽ പഴുതടച്ച സുരക്ഷയിലേക്ക് കാര്യങ്ങൾ പോകും.

ഡൽഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടാ തലവനായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടാകുന്നത്. ടില്ലു തജ്പുരിയയുടെ ഗ്യാങ്ങാണ് ജിതേന്ദ്ര ഗോഗിയെ കൊന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഗോഗിയെ കൊന്നത് ടില്ലുവിന്റെ സംഘത്തിലുള്ളവരാണോ അതോ പൊലീസ് എൻകൗണ്ടറാണോ എന്ന സംശയം മാത്രം ശേഷിക്കുന്നു. ആർഭാട ജീവിതം നയിക്കാൻ വേണ്ടി ഏതു കുറ്റകൃത്യവും ചെയ്യാൻ തയ്യാറായിരുന്നു ടില്ലുവും ഗോഗിയും. പണത്തിന് വേണ്ടി എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത കുറ്റവാളി എന്നാണ് ഗോഗിയെക്കുറിച്ച് ഡൽഹി പൊലീസ് പറയുന്നത്.

ഈ ഗുണ്ടകൾ തമ്മിലെ ശത്രുതയുടെ തുടക്കം 2010 ലെ കോളജ് പഠനകാലത്തേക്കു നീളുന്നു. കോളജ് വിദ്യാർത്ഥിയായിരുന്നു അന്ന് ജിതേന്ദർ. സുഹൃത്ത് കോളജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ ടില്ലു അയാളെ മർദിച്ചു പത്രിക പിൻവലിപ്പിച്ചു. ഇതിന്റെ ദേഷ്യത്തിന് 2010 ൽ തില്ലുവിന്റെ സുഹൃത്തായ പ്രവീണിനു നേരെ ഗോഗി വെടിവച്ചു. അറസ്റ്റിലായി പിന്നീടു ജയിൽ മോചിതനായെങ്കിലും ജിതേന്ദർ ഗോഗി തിരികെ കോളജിലെത്തിയില്ല. കാൻസർ ബാധിതനായി പിതാവു മരിക്കുക കൂടിയ ചെയ്തതോടെ അക്രമപാതയിലേക്കു പൂർണമായി തിരിഞ്ഞു.

2013 ൽ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ ശ്രദ്ധാനന്ദ് കോളജിലെ തിരഞ്ഞെടുപ്പിനിടെ ടില്ലു സംഘത്തിലെ സന്ദീപ്, രവീന്ദർ എന്നിവരെ വെടിവച്ചു വീഴ്‌ത്തിയതോടെ ഗുണ്ടകളിലെ താരമായി. 2016 ൽ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയിലേക്കുള്ള യാത്രാമധ്യേ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. 2017 ൽ കൂട്ടാളി നിരഞ്ജനെ വധിച്ച കേസിലെ പ്രതിയുടെ പിതാവ് ദേവേന്ദർ പ്രധാനെ കൊലപ്പെടുത്തി. ഹരിയാനയിലെ പ്രശസ്ത നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2017 നവംബറിൽ ദീപക് എന്ന അദ്ധ്യാപകനെയും 2018 ൽ പ്രശാന്ത് വിഹാറിലെ രവി ഭരദ്വാജിനെയും കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയായി.

2018 ജൂണിൽ വടക്കൻ ഡൽഹിയിലെ ബുരാരിയിലെ തിരക്കേറിയ റോഡിൽവെച്ച് പകൽ നടന്ന ഗോഗി-ടില്ലു ഏറ്റുമുട്ടലിൽ നിരപരാധിയായ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്നു വർഷം മുമ്പ് രോഹിണി കോടതിയിലും കഴിഞ്ഞ ജൂണിൽ വടക്കൻ ഡൽഹിയിലെ മറ്റൊരു തെരുവിൽവെച്ചും ഏറ്റുമുട്ടലുണ്ടായി. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇരുവരും തമ്മിലുള്ള ഗ്യാങ് വാറുകളിൽ നൂറോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

വെടിവെപ്പ് കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗോഗി സ്വന്തമായി ഒരു ക്രിമിനൽ സംഘത്തെ വളർത്തിയെടുത്തു. കൊലപാതകം, കവർച്ച തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളുമായി ഈ ഗ്യാങ് പിന്നീട് സജീവമായി. ടില്ലുവും ഗോഗിയും തമ്മിലുള്ള പോര് തീവ്രമായത് 2013-ന് ശേഷമാണ്. അന്ന് ഡൽഹിയെ വിറപ്പിച്ച ഗുണ്ടാനേതാവ് നീതി ദബോദിയ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. മറ്റൊരു നേതാവായ നീരജ് ഭവാനിയ ജയിലിനുള്ളിലുമായി. ഇതോടെ ഡൽഹിയിൽ ഗോഗിയും ടില്ലുവും കിരീടംവെയ്ക്കാത്ത രാജാക്കന്മാരായി.

എല്ലാം ആസൂത്രിതം

2012ൽ ടില്ലുവിന്റെ ഏറ്റവും വിശ്വസ്തനായ വികാസിന് ഗോഗിയും കൂട്ടാളികളും വെടിയുതിർത്തോടെയാണ് തർക്കം അക്രമാസക്തമാകുന്നത്. 2015ൽ അറസ്റ്റിലായ ടില്ലു തിഹാർ ജയിലിലാണ്. ടില്ലുവിനെ തിരിച്ചടിക്കാൻ വേണ്ടി അവസരം കാത്ത് നിന്നപ്പോഴായിരുന്നു ഗോഗിയും പൊലീസിന്റെ പിടിയിലാകുന്നത്. പാനിപ്പത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2016ൽ ഹരിയാന കോടതിയിൽ വിചാരണയ്ക്കായി കൊണ്ടു പോകുന്ന വഴി ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ ടില്ലുവിന്റെ മുഴുവൻ കൂട്ടാളികളെയും കൊലപ്പെടുത്തി. കഴിഞ്ഞ വർഷമാണ് ഗോഗി വീണ്ടും പിടിയിലാകുന്നത്. ഗുഡ്ഗാവിൽ നിന്നാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

ഹരിയാനയിലെ നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെയും അദ്ധ്യാപകൻ ദീപകിനെയും കൊലപ്പെടുത്ത കേസിലെ പ്രതിയാണ് ഗോഗി. ഗോഗിയുടെ കൂട്ടാളിയുമായി ബന്ധപ്പെട്ട കേസിൽ ദൃക്‌സാക്ഷിയായി എന്നതിനാലാണ് ദാഹിയയെ കൊലപ്പെടുത്തുന്നത്. ഇതിന് പുറമെ നിരവധി കൊലപാതകങ്ങളാണ് അദ്ദേഹം നടത്തിയത്. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിരവധി കേസുകളുണ്ടായിരുന്ന ഗോഗിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 6.5 ലക്ഷം ഇനാമായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഡൽഹി 4 ലക്ഷം രൂപയും ഹരിയാന 2.5 ലക്ഷം രൂപയുമായിരുന്നു ഇനാം പ്രഖ്യാപിച്ചത്.

ക്രിമിനൽ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടാണ് ജിതേന്ദ്ര ഗോഗിയെ കോടതിയിലേക്ക് എത്തിച്ചത്. ഡൽഹി പൊലീസിന്റെ എസ്‌കോർട്ടിലായിരുന്നു ഇയാളെ കോടതിയിലേക്ക് കൊണ്ടു വന്നത്. എന്നാൽ അഭിഭാഷകരെന്ന് തോന്നിപ്പിക്കുന്ന, അഭിഭാഷക വസ്ത്രധാരികളായ രണ്ടു പേർ ജിതേന്ദ്ര് ഗോഗിക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കോടതിക്കുള്ളിൽ ഏകദേശം 40 റൗണ്ട് വെടിയുതിർത്തതായാണ് വിവരം.

കൃത്യമായ ആസൂത്രണത്തോടെയാണ് ഗോഗിയെ കൊല ചെയ്തത്. 207-ാം നമ്പർ കോടതി മുറിക്ക് പുറത്തു വച്ചാണ് വെടിവെപ്പുണ്ടാകുന്നത്. ആർക്കും യാതൊരു സംശയവും തോന്നാത്ത രീതിയിൽ അഭിഭാഷ വേഷത്തിലെത്തിയവർ ഗോഗി തൊട്ടടുത്തെത്തിയപ്പോൾ നിറയൊഴിക്കുകയായിരുന്നു. കോടതിക്കുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നാണ് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞത്.

ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പൊലീസ് സംഘം കീഴ്പ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP