Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോഹ്ലി ഫോം കണ്ടെത്തിയിട്ടും ബാംഗ്ലൂരിന് രക്ഷയില്ല; ചെന്നൈയോട് തോറ്റത് ആറുവിക്കറ്റിന്; രണ്ടാം പാദത്തിൽ താളം കണ്ടെത്താനാവാതെ ബാംഗ്ലൂരും; ഓൾ റൗണ്ട് മികവുമായി തുടർച്ചയായ രണ്ടാം ജയത്തോടെ ചൈന്നൈ സുപ്പർ കിങ്ങ്‌സ് ഒന്നാമത്

കോഹ്ലി ഫോം കണ്ടെത്തിയിട്ടും ബാംഗ്ലൂരിന് രക്ഷയില്ല; ചെന്നൈയോട് തോറ്റത് ആറുവിക്കറ്റിന്; രണ്ടാം പാദത്തിൽ താളം കണ്ടെത്താനാവാതെ ബാംഗ്ലൂരും; ഓൾ റൗണ്ട് മികവുമായി തുടർച്ചയായ രണ്ടാം ജയത്തോടെ ചൈന്നൈ സുപ്പർ കിങ്ങ്‌സ് ഒന്നാമത്

സ്പോർട്സ് ഡെസ്ക്

ഷാർജ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തകർത്ത് തുടർച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകൾ സജീവമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് .ആദ്യം ബാറ്റ് ചെയ്ക് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിർത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി പോയന്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയന്റുള്ള ബാംഗ്ലൂർ മൂന്നാം സ്ഥാനത്താണ്.

157 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് ഓപ്പൺ ചെയ്തത്. വളരെ ശ്രദ്ധയോടെയാണ് ഇരുവരും തുടങ്ങിയത്. മോശം പന്തുകളിൽ റൺസ് നേടിക്കൊണ്ട് ഇരുവരും സ്‌കോർ ഉയർത്തി. 5.3 ഓവറിൽ ടീം സ്‌കോർ 50 കടന്നു. ബാറ്റിങ് പവർപ്ലേയിൽ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസെടുത്തു. ഈ സീസണിൽ ഒരു ടീം പവർപ്ലേയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് ഡുപ്ലെസിയും ഋതുരാജും ചേർന്ന് നേടിയത്.

മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന ചെന്നൈ ഓപ്പണിങ് കൂട്ടുകെട്ടിന് വിള്ളൽ വരുത്തിക്കൊണ്ട് ചാഹൽ ഋതുരാജിനെ പുറത്താക്കി. 26 പന്തുകളിൽ നിന്ന് 38 റൺസെടുത്ത ഋതുരാജിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ കോലിയാണ് പുറത്താക്കിയത്. ഡുപ്ലെസ്സിക്കൊപ്പം ആദ്യ വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്.

ചെന്നൈ പടയെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത ഓവറിൽ ഗ്ലെൻ മാക്സ്വെൽ അപകടകാരിയായ ഫാഫ് ഡുപ്ലെസ്സിയെ പുറത്താക്കി. 26 പന്തുകളിൽ നിന്ന് 31 റൺസെടുത്ത ഡുപ്ലെസ്സിയെ മാക്സ്വെൽ നവ്ദീപ് സൈനിയുടെ കൈയിലെത്തിച്ചു. ഇതോടെ ചെന്നൈ 71 ന് പൂജ്യം എന്ന സ്‌കോറിൽ നിന്ന് 71 രണ്ട് എന്ന നിലയിലേക്ക് വീണു.

എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച മോയിൻ അലിയും അമ്പാട്ടി റായുഡുവും ചേർന്ന് 12 ഓവറിൽ ടീം സ്‌കോർ 100 കടത്തി. എന്നാൽ സ്‌കോർ 118-ൽ നിൽക്കെ 18 പന്തുകളിൽ നിന്ന് 23 റൺസെടുത്ത മോയിൻ അലിയെ വിരാട് കോലിയുടെ കൈയിലെത്തിച്ച് ഹർഷൽ പട്ടേൽ വീണ്ടും കളി ബാംഗ്ലൂരിന് അനുകൂലമാക്കി.

മോയിൻ അലി മടങ്ങിയിട്ടും ചെന്നൈയുടെ ബാറ്റിങ് വീര്യം ചോർന്നില്ല. മറുവശത്ത് അമ്പാട്ടി റായുഡു കത്തിക്കയറിയതോടെ ചെന്നൈ വിജയത്തിലേക്ക് നീങ്ങി. എന്നാൽ നിർണായക സമയത്ത് റായുഡുവിന്റെ വിക്കറ്റെടുത്ത് ഹർഷൽ പട്ടേൽ ബാംഗ്ലൂരിന്റെ വിജയസാധ്യത സജീവമാക്കി. 22 പന്തുകളിൽ നിന്ന് 32 റൺസാണ് താരം നേടിയത്.

പിന്നീട് ക്രീസിലൊന്നിച്ചത് റെയ്നയും ധോനിയുമാണ്. ആദ്യം റൺസ് കണ്ടെത്താൻ ഇരുവരും വിഷമിച്ചെങ്കിലും പതിയേ മത്സരത്തിലേക്ക് വന്ന ഇരുവരും ചേർന്ന് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. റെയ്ന 17 റൺസെടുത്തും ധോനി 11 റൺസ് നേടിയും പുറത്താവാതെ നിന്നു.

ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ചാഹലും മാക്സ്വെല്ലും ഓരോ വിക്കറ്റ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലും വിരാട് കോലിയുമാണ് ബാംഗ്ലൂരിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

തകർപ്പൻ തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോർ കണ്ടെത്താൻ ബാംഗ്ലൂർ ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ല. തുടക്കത്തിൽ റൺസ് വഴങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് പോകുകയായികരുന്ന ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത് അവസാന ഓവറുകളിലെ ചെന്നൈ ബൗളർമാരുടെ പ്രകടനമാണ്. ആദ്യ പത്തോവറിൽ 90 റൺസെടുത്ത ബാംഗ്ലൂരിന് പിന്നീടുള്ള പത്തോവറിൽ വെറും 66 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആകെ നേടിയ 156 റൺസിൽ 123 റൺസും കോലിയും ദേവ്ദത്തും ചേർന്ന് നേടിയതാണ്. മറ്റ് ബാറ്റ്സ്മാന്മാരെല്ലാം നിരാശപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി നായകൻ വിരാട് കോലിയും ദേവ്ദത്ത് പടിക്കലുമാണ് ഓപ്പൺ ചെയ്തത്. ആദ്യ രണ്ട് പന്തുകളിൽ തന്നെ ബൗണ്ടറി നേടിക്കൊണ്ട് കോലി വരവറിയിച്ചു. ദേവ്ദത്തും നന്നായി കളിക്കാൻ തുടങ്ങിയതോടെ ബാംഗ്ലൂർ സ്‌കോർ കുതിച്ചു. വെറും 5.3 ഓവറിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. കോലിയായിരുന്നു കൂടുതൽ അപകടകാരി. ബാറ്റിങ് പവർപ്ലേയിൽ ബാംഗ്ലൂർ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസെടുത്തു.

ചെന്നൈ ബൗളർമാരെ അനായാസമാണ് കോലിയും ദേവ്ദത്തും നേരിട്ടത്. ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ധോനിക്ക് ഈ കൂട്ടുകെട്ടിൽ വിള്ളൽ വരുത്താനായില്ല. 11.1 ഓവറിൽ ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ഒപ്പം ദേവ്ദത്ത് അർധസെഞ്ചുറിയും പൂർത്തിയാക്കി. 35 പന്തുകളിൽ നിന്നാണ് താരം ഐ.പി.എല്ലിലെ തന്റെ ആറാം അർധശതകം പൂർത്തിയാക്കിയത്.

പിന്നാലെ കോലിയും അർധശതകം പൂർത്തിയാക്കി. 37 പന്തുകളിൽ നിന്നാണ് താരം ഐ.പി.എല്ലിലെ തന്റെ 41-ാം അർധസെഞ്ചുറി കുറിച്ചത്. കോലി ഫോമിലേക്കുയർന്നതോടെ ബാംഗ്ലൂർ ടീം ഒന്നടങ്കം ആവേശത്തിലായി. എന്നാൽ കോലിയെ മടക്കി ബ്രാവോ ഈ സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ചു.

41 പന്തുകളിൽ നിന്ന് ഒരു സിക്സിന്റെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ 53 റൺസെടുത്ത കോലിയെ ബ്രാവോ രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ചു. സിക്സ് നേടാനുള്ള കോലിയുടെ ശ്രമം പാളുകയായിരുന്നു. ടീമിന് മികച്ച അടിത്തറ സമ്മാനിച്ചാണ് കോലി മടങ്ങിയത്.

കോലിക്ക് പകരം മിസ്റ്റർ 360 എ.ബി.ഡിവില്ലിയേഴ്സാണ് ക്രീസിലെത്തിയത്. കോലി മടങ്ങിയ ശേഷം ബാംഗ്ലൂരിന്റെ റൺവേട്ടയുടെ വേഗം കുറഞ്ഞെങ്കിലും കൃത്യമായ ഇടവേളകളിൽ ബൗണ്ടറി നേടിക്കൊണ്ട് ദേവ്ദത്ത് ടീമിനെ മുന്നോട്ട് നയിച്ചു. വൈകാതെ ഡിവില്ലിയേഴ്സും ആക്രമിക്കാൻ തുടങ്ങിയെങ്കിലും താരത്തെ പുറത്താക്കി ശാർദുൽ ഠാക്കൂർ ചെന്നൈയ്ക്ക് കളി അനുകൂലമാക്കി. 11 പന്തുകളിൽ നിന്ന് 12 റൺസെടുത്ത ഡിവില്ലിയേഴ്സിനെ ശാർദുൽ സുരേഷ് റെയ്നയുടെ കൈയിലെത്തിച്ചു.

തൊട്ടടുത്ത പന്തിൽ അപകടകാരിയായ ദേവ്ദത്തിനെയും മടക്കി ശാർദുൽ ബാംഗ്ലൂരിന് ഭീഷണിയുയർത്തി. 50 പന്തുകളിൽ നിന്ന് മൂന്ന് സിക്സുകളും അഞ്ച് ഫോറുകളുമടക്കം 70 റൺസെടുത്ത ദേവ്ദത്തിനെ അമ്പാട്ടി റായുഡു ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ 111 ന് പൂജ്യം എന്ന സ്‌കോറിൽ നിന്ന് 140 ന് മൂന്ന് എന്ന നിലയിലേക്ക് ബാംഗ്ലൂർ വീണു.

പിന്നാലെ വന്ന മാക്സവെൽ ടീം സ്‌കോർ 150 കടത്തിയെങ്കിലും മറുവശത്ത് അരങ്ങേറ്റ താരം ടിം ഡേവിഡ് നിരാശപ്പെടുത്തി. വെറും ഒരു റൺസ് മാത്രമെടുത്ത താരത്തെ ദീപക് ചാഹർ പുറത്താക്കി. അവസാന ഓവറിൽ മാക്സ്വെല്ലും പുറത്തായി. 11 റൺസെടുത്ത താരത്തെ ബ്രാവോയാണ് മടക്കിയത്. അതേ ഓവറിൽ തന്നെ മൂന്നുറൺസെടുത്ത ഹർഷൽ പട്ടേലിനെയും ബ്രാവോ മടക്കി.

ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ നാലോവറിൽ വെറും 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശാർദുൽ ഠാക്കൂർ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ദീപക് ചാഹർ ഒരു വിക്കറ്റ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP