Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയിട്ടും സിപിഎം പുറത്താക്കിയ എംവി ആറിന് വേണ്ടി അഴീക്കോട് സീറ്റ് ഒഴിഞ്ഞു; എല്ലാറ്റിനെയും നിസ്സംഗതയോടെ കണ്ടൊരു ജീവിതം; ഉസ്താദ് എന്ന് സ്‌നേഹപൂർവം വിളിക്കുന്ന വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ വിയോഗ ദുഃഖത്തിൽ ലീഗും യുഡിഎഫും

പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയിട്ടും സിപിഎം പുറത്താക്കിയ എംവി ആറിന് വേണ്ടി അഴീക്കോട് സീറ്റ് ഒഴിഞ്ഞു; എല്ലാറ്റിനെയും നിസ്സംഗതയോടെ കണ്ടൊരു ജീവിതം; ഉസ്താദ് എന്ന് സ്‌നേഹപൂർവം വിളിക്കുന്ന വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ വിയോഗ ദുഃഖത്തിൽ ലീഗും യുഡിഎഫും

അനീഷ് കുമാർ

കണ്ണൂർ:പോസ്റ്ററടിച്ചു പ്രചാരണം തുടങ്ങി വോട്ടഭ്യർത്ഥിക്കാൻ തുടങ്ങിയിട്ടും സിപിഎം വിട്ടു വന്ന എം.വി രാഘവനു വേണ്ടി യാതൊരു മടിയും കാണിക്കാതെ സീറ്റ് ഒഴിഞ്ഞു കൊടുത്ത നേതാവായിരുന്നു വി.കെ.അബ്ദുൽ ഖാദർ മൗലവി. പാണക്കാടു സയ്യിദ് ശിഹാബ് തങ്ങളിൽ നിന്നും തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള കാശും അനുഗ്രഹവും ഏറ്റുവാങ്ങിയാണ് അദ്ദേഹം പ്രചാരണമാരംഭിച്ചത്. എന്നാൽ യു.ഡി.എഫ് അഴീക്കോട് പിടിച്ചെടുക്കാൻ രാഷ്ട്രീയ തന്ത്രം മെനഞ്ഞതോടെ പാർട്ടി അനുമതിയോടെ സ്വന്തം സ്ഥാനാർത്ഥിത്വം പിൻവലിച്ചു മുന്നണിയുടെ സ്പിരിറ്റിനൊപ്പം നിൽക്കുകയായിരുന്നു ലീഗിന്റെ മുന്നണി പോരാളിയായ നേതാവ്.

എല്ലാത്തിനെയും സമവായത്തോടെയും നിസംഗതയോടെയും കണ്ട മൗലവിയുടെ വിയോഗം മുസ്ലിം ലീഗിന് മാത്രമല്ല യു.ഡി.എഫിന് തന്നെ കനത്ത നഷ്ടമാണുണ്ടാക്കിയത്. കണ്ണുരിൽ വിട പറഞ്ഞത് ഹരിത രാഷ്ട്രീയത്തിൽ ആദർശ ധവളിമ പരത്തിയ നേതാവു കൂടിയായിരുന്നു. രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും എതിരാളികൾ പോലും ഉസ്താദ് എന്നു വിളിക്കുകയും വിശേഷിപ്പിക്കുകയും ചെയ്തിരുന്ന മൗലവിക്ക് തന്റെ ആദർശ പരിശുദ്ധിക്ക് താനെന്നും അണിയുന്ന വെള്ളം വസ്ത്രം പോലെ യാതൊരു കോട്ടവും പറ്റാതെ സംരക്ഷിക്കാൻ ജീവിതാന്ത്യം വരെ കഴിഞ്ഞു.

രാഷ്ട്രിയ രംഗത്തും പൊതു പ്രവർത്തകർക്കിടെയിലും എന്തിനും ഏതിനും ആശ്രയിക്കാനും ഉപദേശം തേടാനും കഴിയുന്ന ഉസ്താദായിരുന്നു വി.കെ അബ്ദുൽ ഖാദർ മൗലവിയെന്ന നേതാവ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തോടെ മുസ്ലിം ലീഗ് രാഷ്ട്രിയത്തിലെ കരുത്തനായ നേതാക്കളിലൊരാളെയാണ് നഷ്ടമായത്. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക കണ്ണൂർ യൂനിറ്റ് ഗവേണിങ് ബോഡി ചെയർമാനുമായ വികെ അബ്ദുൽഖാദർ മൗലവി (79) വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിട പറഞ്ഞത്. താണയിലെ പള്ളിയിൽ നിന്നുംജുമുഅ നമസ്‌ക്കാരം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീണ മൗലവിയുടെ അന്ത്യം മൂന്നു മണിയോടെ കണ്ണൂർ താണയിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു. ഖബറടക്കം ശനിയാഴ്‌ച്ച രാവിലെ എട്ടു മണിക്ക് മണിക്ക് സിറ്റി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

മതസൗഹാർദ്ദത്തിനും സമുദായ ഐക്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മൗലവി കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 1960 കളിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മൗലവി മുസ്ലിംലീഗ് അലവിൽ ശാഖാ പ്രസിഡന്റ് പദവിയാണ് ആദ്യം കൈയാളിയ സ്ഥാനം. അവിഭക്ത കണ്ണൂർ ജില്ല എംഎസ്എഫ് വൈസ് പ്രസിഡന്റ്, യൂത്ത്ലീഗ് കണ്ണൂർ താലൂക്ക് പ്രസിഡന്റ്, ചിറക്കൽ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്, കണ്ണൂർ മണ്ഡലം പ്രസിഡന്റ്, കണ്ണൂർ താലൂക്ക് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, 1975 മുതൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ല സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.

1987 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മൗലവിയെ ആയിരുന്നു. പാണക്കാട് പോയി കെട്ടിവെക്കാനുള്ള പണവും വാങ്ങിവന്ന് നോമിനേഷൻ സമർപ്പിച്ച് പ്രചാരണരംഗത്ത് ഏറെ മുന്നേറിയ ശേഷം, സിപിഎം വിട്ട് പുറത്തുവന്ന് യുഡിഎഫിൽ ചേർന്ന എംവി രാഘവനുവേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.

കണ്ണൂർ സ്പിന്നിങ് മിൽ, കയർഫെഡ് എന്നിവയുടെ ഡയറക്ടറും ഹാൻവീവിന്റെയും ടെക്‌സ്റ്റൈൽ കോർപറേഷന്റെയും ചെയർമാനുമായിരുന്നു. കണ്ണൂർ ജില്ല കൗൺസിൽ മെമ്പറായും ജില്ല പഞ്ചായത്ത് മെമ്പറായും മാടായി ഡിവിഷനെ രണ്ടു തവണ പ്രതിനിധീകരിച്ചു. 2006 ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും കെപി മോഹനനോട് പരാജയപ്പെട്ടു.

1942 ജൂലൈ 15ന് മുഹമ്മദിന്റെും വാഴയിൽ മറിയത്തിന്റെയും മകനായി ജനിച്ച മൗലവി 1970 മുതൽ 27 വർഷക്കാലം അഴീക്കൽ കിഫായത്തുൽ ഇസ്ലാം മദ്രസ്സ സ്‌കൂളിൽ അറബി അദ്ധ്യാപകനായിരുന്നു. ഇക്കാരണത്താൽ സമൂഹത്തിലും പിന്നീട് രാഷ്ട്രീയരംഗത്തും മൗലവി എന്നറിയപ്പെട്ട വികെ അബ്ദുൽഖാദർ ശിഷ്യർക്കിടയിൽ ഉസ്താദ് ആയാണ് അറിയപ്പെട്ടത്.

സുലൈഖയാണ് ഭാര്യ. റയീസ ഏകമകളാണ്. എസ്എപി ഇസ്മാഈൽ ആണ് ജാമാതാവ്. പരേതരായ ബീഫാത്തു, അബൂബക്കർ സഹോദരങ്ങളാണ്. മൗലവിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,കെ പി .സി.സി അധ്യക്ഷൻ'കെ.സുധാകരൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇ.ടി.മുഹമ്മദ് ബഷീർ പി.കെ കുഞ്ഞാലിക്കുട്ടി, സതീശൻ പാച്ചേനി എം.വി ജയരാജൻ തുടങ്ങിയവർ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP