Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീരദേശ കപ്പൽ സർവ്വീസ് വിഴിഞ്ഞത്തേക്ക് നീട്ടുന്ന കാര്യം പരിഗണനയിൽ; അഴീക്കലിൽ 3000 കോടി രൂപ മുതൽ മുടക്കിൽ ചെറുകിട തുറമുഖം നിർമ്മിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

തീരദേശ കപ്പൽ സർവ്വീസ് വിഴിഞ്ഞത്തേക്ക് നീട്ടുന്ന കാര്യം പരിഗണനയിൽ; അഴീക്കലിൽ 3000 കോടി രൂപ മുതൽ മുടക്കിൽ ചെറുകിട തുറമുഖം നിർമ്മിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴീക്കൽ, ബേപ്പൂർ, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ കപ്പൽ സർവ്വീസ് വിഴിഞ്ഞം മൈനർ പോർട്ടിലേക്ക് നീട്ടുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മാരിടൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക്സ് രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ എം ക്ലാറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാരിടൈം ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മാരിടൈം ബോർഡിന്റെയടക്കം സഹകരണത്തോടെ അഴീക്കൽ, ബേപ്പൂർ, കൊല്ലം തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായുള്ള പദ്ധതികൾ നടപ്പാക്കിവരികയാണ്.

അഴീക്കലിൽ 3000 കോടി രൂപ മുതൽ മുടക്കിൽ ചെറുകിട തുറമുഖം സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഡിപിആർ പൂർത്തിയാക്കി അടുത്തവർഷം മധ്യത്തോടെ തുറമുഖത്തിന് തറക്കല്ലിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖം യാഥാർഥ്യമായാൽ സംസ്ഥാനത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരപ്രദേശവും ചരക്കു നീക്കത്തിന്റെ കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.

റോട്ടർഡാം പോലെ രാജ്യാന്തരതലത്തിലുള്ള തുറമുഖങ്ങളുമായുള്ള സഹകരണത്തിനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നു മന്ത്രി വ്യക്തമാക്കി. എം ക്ലാറ്റ് സെക്രട്ടറി അഡ്വ കെ.ജെ. തോമസ് കല്ലംമ്പള്ളി രചിച്ച മാരിടൈം ലോജിസ്റ്റിക്സ് സംബന്ധിച്ച The Exim Trade, Maritime Law and Blue Economy, CHA-CBLR Guide എന്നീ പുസ്തകങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ അധ്യക്ഷനായിരുന്ന എം. വിൻസന്റ് എംഎൽഎയും അദാനി വിഴിഞ്ഞം പോർട്ട് എംഡിയും സിഇഒയുമായ രാജേഷ് ഝായും മാർ ഗ്രിഗോറിയസ് ലോ കോളെജ് പ്രിൻസിപ്പൽ ഡോ പി.സി. ജോണും പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുസ്തകങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് അഡ്വ കെ.ജെ. തോമസ് കല്ലംമ്പള്ളി വിശദീകരിച്ചു. എം ക്ലാറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരവും പരിരക്ഷയും നൽകാൻ എം ക്ലാറ്റിന്റെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് എം. വിൻസന്റ് എംഎൽഎ ചൂണ്ടിക്കാട്ടി. മാരിടൈം നിയമങ്ങളുടെ അനന്ത സാധ്യതകൾ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഉപയോഗിക്കാൻ എം ക്ലാറ്റിനു സാധിക്കട്ടേ എന്ന് അദ്ദേഹം ആശംസിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇന്റർനാഷണൽ ഷിപ് ആൻഡ് പോർട് ഫെസലിറ്റി സെക്യൂരിറ്റി മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചു വരികയാണെന്നും ആശംസയർപ്പിച്ചു സംസാരിച്ച മാരിടൈം ബോർഡ് ചെയർമാൻ അഡ്വ വി.ജെ. മാത്യൂ പറഞ്ഞു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോ ജയകുമാർ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എസ്.എസ്. ബാലു, എം ക്ലാറ്റ് പ്രസിഡന്റ് അഡ്വ പരവൂർ സി ശശിധരൻ പിള്ള, ജോയിൻ സെക്രട്ടറി അഡ്വ ആർ. വിജയകുമാർ തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP