Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതുപോലെ ചാനലിൽ നെഗളിച്ച ചിലരുടെ വിധി ഓർക്കുക! ശ്രീകണ്ഠന് കൊണ്ടത് ശിവൻകുട്ടിയെ വിമർശിച്ചത്; ഇത് ഇഡിയുടെ 'ഡു നോട്ട് ടു ബി ടൂ സ്മാർട്ട്' എന്നതിന് സമാന ഭീഷണി; ശ്രീകണ്ഠനെതിരെ പാർട്ടി പത്രം നടപടി എടുക്കില്ല; കേസ് കൊടുത്ത് വിനു വി ജോണും

ഇതുപോലെ ചാനലിൽ നെഗളിച്ച ചിലരുടെ വിധി ഓർക്കുക! ശ്രീകണ്ഠന് കൊണ്ടത് ശിവൻകുട്ടിയെ വിമർശിച്ചത്; ഇത് ഇഡിയുടെ 'ഡു നോട്ട് ടു ബി ടൂ സ്മാർട്ട്' എന്നതിന് സമാന ഭീഷണി; ശ്രീകണ്ഠനെതിരെ പാർട്ടി പത്രം നടപടി എടുക്കില്ല; കേസ് കൊടുത്ത് വിനു വി ജോണും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട വാർത്തകളാണ് ചർച്ചാവിഷയം. ഏഷ്യാനെറ്റിലെ വാർത്താ അവതാരകൻ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകൻ ഭീഷണി മുഴക്കിയ സംഭവമാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ ആണ് വിനു വി.ജോണിന് ഫോണിൽ ഭീഷണി സന്ദേശം അയച്ചത്. ഇതിനെതിരെ വിനു വി ജോൺ പൊലീസിന് പരാതി നൽകും. ഇമെയിൽ വഴി പരാതി അയയ്ക്കാനാണ് തീരുമാനം. പൊലീസ് കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

വ്യാഴാഴ്ച രാത്രി എട്ടിന് നടന്ന ന്യൂസ് അവർ ചർച്ചക്കിടെയാണ് വിവാദ സംഭവം ഉണ്ടായത്. നിയമസഭയിലെ തെമ്മാടികൾ' എന്നപേരിൽ കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നിയമസഭയിൽ എൽഡിഎഫ് നടത്തിയ സമരമായിരുന്നു ചർച്ച. അഭിഭാഷകനായ എം ആർ അഭിലാഷ്, നിരീക്ഷകരായ ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ച കൊഴുക്കുന്നതിനിടെയാണ് ദേശാഭിമാനിയിൽ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ എത്തിയത്. 'ഇയാൾക്ക് ലജ്ജയില്ലേ എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാൻ താങ്കൾക്ക് എന്ത് അധികാരം; ഇത് മാന്യമായ രീതിയല്ല; ഇതുപോലെ ചാനലിൽ നെഗളിച്ച ചിലരുടെ വിധി ഓർക്കുക; ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്' ഇതായിരുന്നു ഭീഷണി സന്ദേശം. ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്-എന്നതായിരുന്നു ശ്രീകണ്ഠന്റെ ഭീഷണി. എന്നാൽ, താൻ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു.വി.ജോൺ പറഞ്ഞു.

'താൻ വേണു ബാലകൃഷ്ണനെപ്പോലെ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതിൽ താൻ പൊലീസിൽ പരാതിപ്പെടും. ഭീഷണികൾക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ ഈ ഭീഷണിയിൽ നയം വ്യക്തമാക്കണം'- വിനു ജോൺ പറഞ്ഞു. 'താൻ രണ്ടു പെൺമക്കളുടെ അപ്പനാണ്. മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലർത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാൽ, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണം'- വിനു വി ജോൺ ആവശ്യപ്പെട്ടു. എന്നാൽ ശ്രീകണ്ഠനെതിരെ നടപടിയുടെ ആവശ്യമില്ലെന്നതാണ് ദേശാഭിമാനിയുടെ നിലപാട് എന്നാണ് സൂചന.

മന്ത്രിയെ കടന്നാക്രമിച്ചാൽ അത് തെറ്റെന്ന് ചൂണ്ടിക്കാണിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. അതാണ് ശ്രീകണ്ഠനും ചെയ്തതെന്നാണ് ദേശാഭിമാനിയുടെ നിലപാട്. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും സിപിഎമ്മും ദേശാഭിമാനിയും ശ്രീകണ്ഠനെ പിന്തുണയ്ക്കും. നേരത്തെ വിനു വി ജോണിനെ ഇഡി ഭീഷണിപ്പെടുത്തിയത് ചാനൽ ചർച്ചയ്ക്കിടെ ഉയർന്നു വന്നിരുന്നു. അന്ന് വിനുവിന് പിന്നിൽ അണിനിരന്നത് സിപിഎമ്മുകാാരയിരുന്നു. എന്നാൽ അതേ സ്വഭാവത്തിൽ ശ്രീകണ്ഠ ഭീഷണി വരുമ്പോൾ അത് ശരിയെന്ന് പറയുകയാണ് അവർ.

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയ്ക്കിടെ ആയിരുന്നു ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശം അവതാരകനായ വിനു വി ജോണിന് എത്തിയത്. ബിജെപിക്കെതിരെയുള്ള കുഴൽപണ ഇടപാട് സംബന്ധിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ അന്ന് ചർച്ച ചെയ്തിരുന്നത്. 'ദേശസ്‌നേഹികളുടെ ഹവാലയോ' എന്ന തലക്കെട്ടിൽ ആയിരുന്നു ചർച്ച. ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സലീം മടവൂർ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋഷി പൽപ്പു, രാഹുൽ ഈശ്വർ എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തിരുന്നത്.

കേരളത്തിൽ അങ്ങോളമിങ്ങോളം കേസുകൾ ഏറ്റെടുത്ത് അന്വേഷിച്ച് നടന്നിരുന്ന ഇഡിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിനു വി ജോണിന്റെ പരാമർശങ്ങൾ. ഇഡി സിംഹങ്ങൾ ഏത് മാളത്തിൽ പോയൊളിച്ചു എന്നൊക്കെ അദ്ദേഹം ചോദിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളും ജനങ്ങളും ഏറെ വിശ്വസിച്ചിരുന്ന ഇഡിയുടെ ശക്തരായ ഉദ്യോഗസ്ഥർ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. ചർച്ച പുരോഗമിക്കുന്നതിനിടെ ആയിരുന്നു ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശം വിനു വി ജോണിന്റെ ഫോണിൽ എത്തിയത്.

ഇഡിക്ക് കേസ് അന്വേഷിക്കാൻ കഴിയില്ല, കള്ളപ്പണ കേസ് അന്വേഷിക്കുന്നത് ഇഡി അല്ല. അതുകൊണ്ട് എത്ര പരാതി കൊടുത്താലും ഈ കേസ് അന്വേഷിക്കാൻ ഇഡി വരില്ല എന്നായിരുന്നു ആദ്യം വന്ന സന്ദേശത്തിന്റെ സാരാംശമെന്ന് വിനു വി ജോൺ വ്യക്തമാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥൻ തന്നെ ആയിരുന്നു ഈ സന്ദേശം അയച്ചത്. തുടർന്നും വിനു വി ജോൺ ഇഡി വിമർശനം തുടർന്നു. കള്ളപ്പളം പിടിച്ചിരുന്നത് വേറെ ഏതെങ്കിലും പാർട്ടിയുടേതായിരുന്നെങ്കിൽ ഇഡി മാത്രമല്ല, വേറേയും കേന്ദ്ര ഏജൻസികൾ ഇവിടെ എത്തുമായിരുന്നു എന്നും അത് ഉറപ്പാണെന്നും വിനു വി ജോൺ പറഞ്ഞു.

ഇതിനെ തുടർന്നാണ് ഭീഷണിയുടെ സ്വരത്തിലുള്ള ഇഡി ഉദ്യോഗസ്ഥന്റെ സന്ദേശം വരുന്നത്. നമ്മുടെ കേന്ദ്ര ഏജൻസികൾ ആളുകളോട് എത്രത്തോളം പ്രതികാര ബുദ്ധിയോടെ ഇടപെടും എന്ന് വ്യക്തമായി എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശത്തിന്റെ കാര്യം വിനു വി ജോൺ സൂചിപ്പിച്ചത്. ആ സന്ദേശം തത്കാലം വായിക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും വിനു വി ജോൺ അത് വായിക്കുക തന്നെ തന്നെ ചെയ്തു. 'ഡു നോട്ട് ടു ബി ടൂ സ്മാർട്ട്' എന്നതായിരുന്നു ആ സന്ദേശം. അധികം സ്മാർട്ട് ആകേണ്ട എന്ന മുന്നറിയിപ്പ് തന്നെ ആയിരുന്നു അത്. എന്തായാലും സന്ദേശം അയച്ച ഉദ്യോഗസ്ഥന്റെ പേരോ പദവിയോ വിനു വി ജോൺ വെളിപ്പെടുത്തിയില്ല. പറയേണ്ട സമയത്ത് അത് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണിയെ കുറിച്ച് വിനു വി ജോണിന്റെ പ്രതികണം ഇങ്ങനെ ആയിരുന്നു. ' അന്വേഷിച്ചോളോ, ഇനി എന്നെ അന്വേഷിച്ച് കുടുക്കും എന്നാണെങ്കിൽ എന്തും അന്വേഷിക്കാം. സ്വാഗതം. അത് വെറുതേ പറയുന്നതല്ല. ഇത് കേൾക്കുമ്പോൾ പൊള്ളുന്ന ഉദ്യോഗസ്ഥർ, കേരളത്തിൽ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട് മിണ്ടാതിരിക്കുന്നവർ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. വരൂ, അന്വേഷിക്കൂ, കള്ളത്തെളിവുകൾ ഉണ്ടാക്കൂ... അത്രയും പറഞ്ഞുകൊണ്ട് നിർത്തിയില്ല വിനു വി ജോൺ. ' അതുകൊണ്ട് ഇഡി ഏമാന്മാരുടെ ഭീഷണിയൊക്കെ കൈയിൽ വച്ചാൽ മതി എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയു. അങ്ങനെ ഭീഷണിപ്പെടുത്തിയാൽ, കൂടുതൽ സ്മാർട്ടാവേണ്ട എന്ന് പറഞ്ഞാൽ പേടിക്കാൻ വേറെ ആളെ നോക്കിയാൽ മതി എന്ന് മാത്രമേ എനിക്ക് ആ ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളു.'- ഇത്ര കൂടി പറഞ്ഞാണ് അവസാനിപ്പിച്ചത്.

ഈ ചർച്ചയിൽ വിനുവിന് ഒപ്പമായിരുന്നു ദേശാഭിമാനിയും സിപിഎമ്മും. എന്നാൽ ശ്രീകണ്ഠൻ ഭീഷണിയുമായി വരുമ്പോൾ അവർ നിലപാട് മാറ്റുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP