Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.എം കെയേഴ്‌സ് ഫണ്ട് പൊതുപണമല്ലെന്ന് കേന്ദ്ര സർക്കാർ; ട്രസ്റ്റ് പ്രവർത്തിക്കുന്നത് സുതാര്യമായി; കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുവെന്നും സത്യവാങ്മൂലം; നിലപാട് അറിയിച്ചത് പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ

പി.എം കെയേഴ്‌സ് ഫണ്ട് പൊതുപണമല്ലെന്ന് കേന്ദ്ര സർക്കാർ; ട്രസ്റ്റ് പ്രവർത്തിക്കുന്നത് സുതാര്യമായി; കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുവെന്നും സത്യവാങ്മൂലം; നിലപാട് അറിയിച്ചത് പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ. അതിനാൽ ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ല. സുതാര്യത ഉറപ്പുവരുത്താനായി ട്രസിറ്റിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ പി.എം കെയേഴ്സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ഭരണഘടനയുടെ 12ാം അനുഛേദം പ്രകാരമുള്ള സ്റ്റേറ്റ് ആയി ഫണ്ടിനെ നിയന്ത്രിക്കുന്ന പി.എം. കെയർ ട്രസ്റ്റിനെ കാണാനാവില്ല. അതിനാൽ തന്നെ ഇതിലെ ഫണ്ട് രാഷ്ട്രത്തിന്റെ പൊതുപണമായി കണക്കാക്കാനാവില്ല. ട്രസ്റ്റ് സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സി.എ.ജി തയ്യാറാക്കിയ പാനലിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നതെന്നും അണ്ടർ സെക്രട്ടറി പ്രദീപ് കുമാർ ശ്രീവാസ്തവ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

പി.എം. കെയേഴ്സ് ഫണ്ട് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹർജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിവരാവകാശ നിയമത്തിൽ പറയുന്ന പൊതു സ്ഥാപനമായി ഫണ്ടിനെ കാണാനാവില്ല. ഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്താനുമാവില്ല. തന്നെപ്പോലുള്ള ഉദ്യോഗസ്ഥർ ഓണറേറിയം വ്യവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഭരണഘടനയുടെയോ സംസ്ഥാന, കേന്ദ്ര നിയമനിർമ്മാണ സഭകളുടെയോ നിർദേശ പ്രകാരമല്ല ഈ ഫണ്ട് രൂപീകരിച്ചത്. വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകൾ ഉപയോഗിച്ചാണ് ഫണ്ട് പ്രവർത്തിക്കുന്നത്. ഇവർക്ക് നികുതി ഇളവ് നൽകുന്നതുകൊണ്ട് മാത്രം ഫണ്ട് പൊതുഫണ്ടാകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27 ലേക്ക് മാറ്റി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയർമാനും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും ധനമന്ത്രിയും അംഗങ്ങളായ ട്രസ്റ്റാണ് ഫണ്ട് നിയന്ത്രിക്കുന്നത്. ഇങ്ങനെയൊരു ട്രസ്റ്റിനെ പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സംയഖ് ഗാഗ്വാൾ ആണ് ഹർജി നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ കോവിഡ് -19 പകർച്ചവ്യാധി പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായി 2020 മാർച്ച് 27നാണ് പ്രധാനമന്ത്രിയുടെ സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പി.എം കെയേഴ്സ് ഫണ്ട്) നിലവിൽ വന്നത്. ഇത് ഒരു സ്വകാര്യ ട്രസ്റ്റാണെന്ന രേഖകൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ നാഷണൽ റീലീഫ് ഫണ്ട് (പിഎൻആർഎഫ്) നിലവിലുള്ളപ്പോൾ പുതിയ ഫണ്ട് രൂപീകരിച്ചതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു.

നുണകളുടെയും അഴിമതിയുടെയും കേന്ദ്രമാണ് ട്രസ്റ്റെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി അടക്കമുള്ളവർ ട്രസ്റ്റ് രൂപീകരണത്തെ പാർലമെന്റിൽ ചോദ്യം ചെയ്തിരുന്നു. ചൈന, പാക്കിസ്ഥാൻ എന്നീ ശത്രു രാജ്യങ്ങളിൽ നിന്ന് വരെ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് പണം വന്നുവെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാല ആരോപിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് പറയുന്നു.

വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി രഹസ്യമായി പണം പിരിക്കുകയാണ്. നിരോധിത ചൈനീസ് ആപ്പുകളിൽ വരെ ഫണ്ടിന്റെ പരസ്യം വരുന്നു. പാക്കിസ്ഥാനിൽ നിന്ന് ആരൊക്കെയാണ് പണം നൽകിയത്, എത്ര തുക ലഭിച്ചു എന്നീ കാര്യങ്ങൾ വെളിപ്പെടുത്തണമെന്നും രൺദീപ് സിങ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP