Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ്.. മിസൈൽ പ്രതിരോധ ശേഷി.. മീറ്റിങ് മുറിയും ഓഫീസ് മുറിയും; നരേന്ദ്ര മോദി അമേരിക്കയിൽ പറന്നിറങ്ങിയത് യുഎസ് പ്രസിഡന്റിന്റെ 'പറക്കും വൈറ്റ് ഹൗസിനെ' വെല്ലുന്ന സൗകര്യങ്ങൾ ഉള്ള എയർ ഇന്ത്യാ വണ്ണിൽ; യാത്രയ്ക്കിടയിൽ വിമാനത്തിൽ നിന്നും ഫയൽ നോക്കുന്ന ചിത്രവും വൈറൽ

സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ്.. മിസൈൽ പ്രതിരോധ ശേഷി.. മീറ്റിങ് മുറിയും ഓഫീസ് മുറിയും; നരേന്ദ്ര മോദി അമേരിക്കയിൽ പറന്നിറങ്ങിയത് യുഎസ് പ്രസിഡന്റിന്റെ 'പറക്കും വൈറ്റ് ഹൗസിനെ' വെല്ലുന്ന സൗകര്യങ്ങൾ ഉള്ള എയർ ഇന്ത്യാ വണ്ണിൽ; യാത്രയ്ക്കിടയിൽ വിമാനത്തിൽ നിന്നും ഫയൽ നോക്കുന്ന ചിത്രവും വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരികളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി. ലോകത്ത് ഏറ്റവും വലിയ ജനാധിപരത്യ രാഷ്ട്രത്തിന്റെ തലവൻ. അങ്ങനെയുള്ള ഇന്ത്യൻ പ്രധാനമന്ത്രി വിദേശ രാജ്യങ്ങൾ പോകുമ്പോൾ അൽപ്പം ആർഭാഢത്തിൽ തന്നെ പോയാൽ എന്താണ് കുഴപ്പം? അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന എയർഫോഴ്‌സ് വൺ വിമാനത്തിന് സമാനമായ ഒരു വിമാനം ഇന്ത്യൻ പ്രധാനമന്ത്രിക്കും വേണ്ടേ? ഈ ചിന്തയിൽ നിന്നാണ് എയർ ഇന്ത്യ വൺ വിമാനം തയ്യാറായത്. യുഎസ് പ്രസിഡന്റിന്റെ പറക്കും വൈറ്റ് ഹൗസിനെ വെല്ലുന്ന സൗകര്യങ്ങളുള്ള വിമാനം.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പറന്നിറങ്ങിയതും പുതിയ എയർഇന്ത്യ വൺ വിമാനത്തിലാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ വിമാനമത്തിൽ മോദിയുടെ രണ്ടാമത്തെ വിദേശയാത്രയാണ് യുഎസിലേക്കുള്ളത്. കോവിഡ് കാലത്തെ അമേരിക്കൻ യാത്രയിലും പതിവ് രീതികൾ പിന്തുടർന്ന് ഒറ്റയ്ക്കാണ് മോദി പോയത്. ഇക്കുറി ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതല ഏറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്. കൂടാതെ ഇക്കുറി യാത്ര പുതുതായി വാങ്ങിയ എയർ ഇന്ത്യ വൺ വിമാനത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കുന്നതിന് വേണ്ടി രണ്ട് വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. 13 മണിക്കൂർ ഇടവേളയില്ലാതെ പറക്കാൻ കഴിയുന്ന വിമാനങ്ങൾ 4500 കോടി രൂപ മുടക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ പുത്തൻ വിമാനത്തിലെ യാത്രയിൽ മോദി പങ്കുവച്ച ചിത്രം ഫയലുകൾ പരിശോധിക്കുന്നതാണ്. ഒരു നീണ്ട വിമാനയാത്ര നൽകുന്നത് നിരവധി ഫയലുകൾ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം ഈ ചിത്രത്തിന് കുറിപ്പായി ചേർത്തിട്ടുമുണ്ട്. സമയത്തിന്റെ മൂല്യം അത് എവിടെയാണെങ്കിലും തിരിച്ചറിയണമെന്ന സന്ദേശമാണ് ഒറ്റ ചിത്രത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നൽകുന്നത്.

മോദി പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ഈ ബോയിങ് 777 വിമാനം അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്‌സ് വൺ വിമാനത്തെയാണ് ഓർമിപ്പിക്കുന്നത്. പ്രത്യേകമായി രൂപകല്പന ചെയ്തിരിക്കുന്ന ബോയിങ് 777 വിമാനങ്ങളിൽ യു.എസ്. പ്രസിഡന്റിന്റെ 'എയർഫോഴ്‌സ് വൺ' വിമാനത്തിന് തുല്യമായ സൗകര്യങ്ങളാണ് ഉള്ളത്. കഴിഞ്ഞ വർഷമാണ് രാഷ്ട്രതലവന്മാരുടെ യാത്രകൾക്കായി ബോയിങ് 747 വിമാനങ്ങൾക്ക് പകരം അത്യാധുനിക ബോയിങ് 777 വിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കാൻ തുടങ്ങിയത്.

രണ്ട് ബോയിങ് 777- വിമാനങ്ങൾക്കായി ഏതാണ്ട് 8,400 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. അമേരിക്കയിലെ ഡാലസിലുള്ള ബോയിങ്ങിന്റെ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വൺ വിമാനങ്ങൾ തയ്യാറാക്കിയത്. യഥാർത്ഥത്തിൽ എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനങ്ങൾ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകൾക്കായി വ്യോമസേനയ്ക്ക് കൈമാറുകയായിരുന്നു.

എയർ ഇന്ത്യ വണ്ണിന്റെ പ്രത്യേകതകൾ

യു.എസ്. പ്രസിഡന്റിന്റെ എയർഫോഴ്‌സ് വൺ വിമാനത്തിന് തുല്യമായ സൗകര്യങ്ങളാണ് ഈ വിമാനത്തിൽ ഒരുക്കിയിട്ടുള്ളത്. എയർഫോഴ്‌സ് വണിന് സമാനമായി എയർ ഇന്ത്യ വണ്ണിലും സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ്, കോൺഫറൻസ് ക്യാബിനോടുകൂടിയ വിശാലമായ ഓഫീസ് സംവിധാനം എന്നിവയെല്ലാമുണ്ട്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേർസ്, മിസൈൽ പ്രതിരോധ സംവിധാനം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വിമാനത്തിലുണ്ട്.

മിസൈൽ പ്രതിരോധ ശേഷിയാണ് എയർ ഇന്ത്യ വണ്ണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. വിമാനത്തിനുനേരെ വരുന്ന മിസൈലുകൾ കണ്ടെത്താനുള്ള സംവിധാനവും മിസൈലുകളുടെ നിയന്ത്രണ സംവിധാനം തകർത്ത് വഴിതിരിച്ചുവിടാനുള്ള ശേഷിയുമുണ്ട്. ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി, കൂടുതൽ വലിയ ഓഫീസ് സൗകര്യം, മീറ്റിങ് മുറികൾ, ആധുനിക ആശയവിനിമയ സംവിധാനങ്ങൾ, മെഡിക്കൽ സംവിധാനങ്ങൾ എന്നിവയും ഇതിലുണ്ട്. ഇന്ത്യയിൽനിന്ന് യു.എസ്. വരെ നേരിട്ട് പറക്കാം. ഇടയ്ക്ക് ഇന്ധനം നിറയ്ക്കേണ്ടിവരില്ല. മണിക്കൂറിൽ 900 കിലോമീറ്ററാണ് വേഗം.

ദേശീയ മുദ്രയും ഇന്ത്യ എന്നും ഭാരത് എന്നും ഇംഗ്ലീഷിലും ഹിന്ദിയിലുമായി വിമാനത്തിന്റെ ഇരുവശത്തും ആലേഖനം ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ വാലിലായാണ് ദേശീയ പതാക. ഇന്ത്യൻ വ്യോമസേന പൈലറ്റുമാരാണ് വിമാനം പറത്തുക. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡിനാണ് വിമാനത്തിന്റെ പരിപാലന ചുമതല.

പറക്കും വൈറ്റ് ഹൗസിന്റെ പ്രത്യേകതകൾ

അമേരിക്കൻ പ്രസിഡന്റിന്റെ വിമാനം പറക്കും വൈറ്റ് ഹൗസ് എന്നാണ് അറിയപ്പെടുന്നത്. 1953-ൽ അമേരിക്കയുടെ ഈസ്റ്റേൺ എയർലൈൻസ് 8610 വിമാനവും എയർ ഫോഴ്സിന്റെ 8610 വിമാനവും തമ്മിൽ കൂട്ടിയിടിയുടെ വക്കിലെത്തിയ സാഹചര്യമുണ്ടായിരുന്നു. അന്ന് ഭാഗ്യവശാലാണ് അപകടം ഒഴിവായത്. ഈ വിമാനങ്ങളിലൊന്നിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ് വെൽറ്റായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടർന്നാണ് അമേരിക്കൻ പ്രസിഡന്റിന് സഞ്ചരിക്കാനായി പ്രത്യേക വിമാനം വേണമെന്ന തീരുമാനത്തിലേക്ക് അമേരിക്കൻ സർക്കാർ എത്തിയത്. അങ്ങനെയാണ് എയർഫോഴ്‌സ് വൺ വരുന്നത്.

ബോയിങ് 747-200-ബി ശ്രേണിയിലുള്ള രണ്ടു വിമാനങ്ങളാണ് നിലവിൽ അമേരിക്കൻ പ്രസിഡന്റിനുള്ള എയർ ഫോഴ്‌സ് വണ്ണിന് ഉപയോഗിക്കുന്നത്. എയർ ഫോഴ്‌സ് വൺ എന്നത് ഒരു വിമാനത്തിന്റെ പേരല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അമേരിക്കൻ പ്രസിഡന്റിനായുള്ള ഏത് വിമാനത്തേയും വ്യോമസേന എയർ ഫോഴ്‌സ് വൺ എന്നാണ് വിളിക്കുക. നിലവിൽ ബോയിങ് 747 വിമാനമാണ് എയർ ഫോഴ്‌സ് വൺ ആയി ഉപയോഗിക്കുന്നത്. ആണവായുദ്ധ അക്രമണത്തെ പോലും പ്രതിരോധിക്കാവുന്ന വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിരിക്കുന്നത്.

ആകാശത്തുവെച്ചുതന്നെ ഇന്ധനം നിറയ്ക്കൽ, സുരക്ഷിതമായ ആശയവിനിമയ ഉപകരണങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. യു.എസ്സിനെതിരേ ആക്രമണമുണ്ടായാൽ മൊബൈൽ കമാൻഡ് സെന്ററായി ഈ വിമാനം പ്രവർത്തിക്കും. ഓഫീസ് മുറികൾ, മറ്റ് മുറികൾ, റഡാർ ജാമർ, പ്രൈവറ്റ് സ്യൂട്ട്, ജിംനേഷ്യം അടക്കം സൗകര്യങ്ങളുള്ള വിമാനത്തിൽ 85-ൽ അധികം ഫോൺ ലൈനുകളുമുണ്ട്. യു.എസ്. വ്യോമ സേനയാണ് എയർ ഫോഴ്‌സ് വണ്ണിന്റെ പൈലറ്റിനെ തിരഞ്ഞെടുക്കുക. ഫൈറ്റർ ജെറ്റുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും മിലിറ്ററി എയർ ക്രാഫ്റ്റുകൾ 2500 മണിക്കൂർ പറത്തി പരിചയവും വ്യോമ സേനയിൽ 20 വർഷം സർവീസുമുള്ളവരയൊണ് ഇതിനായി തിരഞ്ഞെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP