Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മരണ നഷ്ട പരിഹാരം: സംസ്ഥാനത്തെ നിലവിലെ പട്ടിക മാറും; സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും; മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് മരണ നഷ്ട പരിഹാരം: സംസ്ഥാനത്തെ നിലവിലെ പട്ടിക മാറും; സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും; മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോഗ്യവകുപ്പ് തന്നെ മുൻകൈ എടുക്കുമെന്നും വീണ ജോർജ് പറഞ്ഞു.

കോവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമക്കിയിരുന്നു.ഇതേ തുടർന്നാണ് കേരളത്തിന് മരണ പട്ടിക പുതുക്കേണ്ടി വരുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരം നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, റീപക് കൻസാൽ എന്നിവർ നൽകിയ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാരിനുവേണ്ടി കേന്ദ്ര ദുരന്തനിവാരണ അഥോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഭാവിയിലെ കോവിഡ് മരണങ്ങളിലും നഷ്ടപരിഹാരം നൽകും. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ മരിച്ചവരുടേതും കോവിഡ് മരണമായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകണം. നഷ്ടപരിഹാരം സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റികൾ വഴിയോ, ജില്ലാ ഭരണകൂടങ്ങൾ വഴിയോ നൽകാം.

കോവിഡ് പ്രതിരോധത്തിനിടെയും അല്ലാതെയും കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങളാണ് നഷ്ടപരിഹാരത്തിന് അർഹർ. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ മാസം 3ന് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളനുസരിച്ചുള്ള മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതുവരെ ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാകണം നഷ്ടപരിഹാരമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

നഷ്ടപരിഹാരം നൽകാൻ കേന്ദ്രം ഉന്നയിച്ച തടസവാദങ്ങൾ കഴിഞ്ഞ ജൂണിൽ ജസ്റ്റിസുമാരായ എം.ആർ. ഷാ, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് തള്ളിയിരുന്നു. ധനസഹായം ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരത്തിന് പ്രത്യേക മാർഗരേഖയുണ്ടാക്കാൻ ജൂൺ 30ന് ഉത്തരവിടുകയും ചെയ്തു.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റികളുടെ ഫണ്ടിൽ 80% കേന്ദ്ര വിഹിതവും 20% സംസ്ഥാന വിഹിതവുമാണ് നഷ്ടപരിഹാരം. സംസ്ഥാന സർക്കാർ പ്രത്യേക അപേക്ഷാഫോം തയ്യാറാക്കണം. കോവിഡ് മരണസർട്ടിഫിക്കറ്റ്, മരിച്ചയാളുമായുള്ള ബന്ധം, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ സഹിതം ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കോ കളക്ടറേറ്റിലോ സമർപ്പിക്കണം. ഗുണഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം കൈമാറേണ്ടത്.

അപേക്ഷകളിൽ 30 ദിവസത്തിനകം തീർപ്പുണ്ടാക്കണം. നഷ്ടപരിഹാരം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് ജില്ല കളക്ടർ, ചീഫ് മെഡിക്കൽ ഓഫീസർ, അഡിഷണൽ ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പലോ വകുപ്പ് മേധാവിയോ എന്നിവരുൾപ്പെട്ട വിദഗ്ദ്ധ സമിതി രൂപീകരിക്കണം.സമിതിയുടെ തീരുമാനം പരാതിക്കാരന് അനുകൂലമല്ലെങ്കിൽ അതിനുള്ള വ്യക്തമായ കാരണം ബോദ്ധ്യപ്പെടുത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP