Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽനിന്ന് കൈക്കൂലി;രണ്ട് പൊലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് ഇഡി; സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരേ ഇ.ഡി. ചുമത്തിയ കേസ്

മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽനിന്ന് കൈക്കൂലി;രണ്ട് പൊലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് ഇഡി; സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരേ ഇ.ഡി. ചുമത്തിയ കേസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വൻതുക കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കേരള പൊലീസിലെ നാല് പേരെ പ്രതി ചേർത്ത് കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്യുന്ന കേസാണിത്.

മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽ നിന്ന് പൊലീസുകാർ അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച് പൊതുപ്രവർത്തകനായ അജിതുകൊടകര നൽകിയ പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ ഇ.ഡി. വിശദ അന്വേഷണം നടത്തിയാണ് രണ്ട് പൊലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലുപേരെ പ്രതിേചർത്തത്.

കൊടകര സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന അരുൺ ഗോപാലകൃഷ്ണൻ, തടിയിട്ടപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ. സുരേഷ്‌കുമാർ, എ.എസ്‌.െഎ. യാക്കൂബ്, വനിതാ സി.പി.ഒ. ജ്യോതി ജോർജ് എന്നിവരെയാണ് പ്രതിേചർത്തിരിക്കുന്നത്.

മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയെന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനിൽ നിന്നും ഇ.ഡി തെളിവുകളും മൊഴിയും എടുത്തിരുന്നു. മാനഭംഗക്കേസിൽ അറസ്റ്റ് രേഖപ്പെടുത്താത്തത് സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടിയപ്പോൾ തടിയിട്ടപ്പറമ്പ് പൊലീസ് നൽകിയ സത്യവാങ്മൂലവും പൊലീസുകാർക്ക് വിനയായി.

പരാതിക്കാരിയായ പെൺകുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാൻ സമാനമായ പരാതികൾ കെട്ടിച്ചമക്കാറുണ്ടെന്നും കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പൊലീസ് 2020 സെപ്റ്റംബർ 30ന് നൽകിയ സത്യവാങ്മൂലം. എന്നാൽ കൊടകര പൊലീസ് പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് ഒക്ടോബർ ഒന്നിനായിരുന്നു.

ഈ കേസിൽ പെൺകുട്ടിയെ കുടുക്കാൻ കൊടകരയിലേയും തടിയിട്ടപ്പറമ്പിലേയും പൊലീസുകാർ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതിയിൽ പറയുന്നത്. ചാലക്കുടി ഡി.വൈ.എസ്‌പി കേസ് അന്വേഷിച്ചെങ്കിലും പൊലീസിന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കൊടകര സ്റ്റേഷൻ എസ്എച്ച്ഒ അരുൺ ഗോപാലകൃഷ്ണനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ വന്നിരുന്നു.

കേസിൽ പൊലീസിന്റെ വേട്ടയാടലിനെത്തുടർന്ന് പെൺകുട്ടി വിദേശത്തേക്ക് പോയി. കേസ് നടത്തിപ്പിന് ചുക്കാൻപിടിച്ച അജിതുകൊടകരയെ വെള്ളിക്കുളങ്ങര പൊലീസ് ഗുണ്ടാപട്ടികയിലുൾപ്പെടുത്തി. തന്നെ പൊലീസ് വേട്ടയാടുകയാണെന്നും അജിതുകൊടകര പറയുന്നു. ഈ സ്റ്റേഷനിൽ അജിത്തിനെതിരെ ഒരു കേസ് പോലുമില്ലെന്നതും ആരോപണത്തെ ബലപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP