Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാക് ചാതുരിയിൽ കൈയടി നേടിയപ്പോഴും കാര്യമായി ഒന്നും ഇല്ലാതെ മോദിയുടെ ചെങ്കോട്ട പ്രസംഗം; ആദ്യ വർഷം തരംഗമാക്കിയ മോദി ഇക്കുറി എല്ലാവരെയും നിരാശപ്പെടുത്തി; നിർണ്ണായക സമയത്ത് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയും

വാക് ചാതുരിയിൽ കൈയടി നേടിയപ്പോഴും കാര്യമായി ഒന്നും ഇല്ലാതെ മോദിയുടെ ചെങ്കോട്ട പ്രസംഗം; ആദ്യ വർഷം തരംഗമാക്കിയ മോദി ഇക്കുറി എല്ലാവരെയും നിരാശപ്പെടുത്തി; നിർണ്ണായക സമയത്ത് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദിയുടെ ആദ്യ ചെങ്കോട്ട പ്രസംഗം ഇന്ത്യയയിൽ മാത്രമല്ല ലോകം എമ്പാടും കയ്യടിയും പ്രതീക്ഷയുമാണ് നൽകിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ചെങ്കോട്ട പ്രസംഗമായി വിലയിരുത്തപ്പെട്ടു. രണ്ടാം പ്രസംഗത്തിന് മോദി എത്തുമ്പോഴും ആ പ്രതീക്ഷയിലായിരുന്നു മോദിയുടെ ആരാധകർ, പതിവ് തെറ്റിക്കാതെ ഭായിയോം ഓർ ബഹനോം പലവരു ആവർത്തിച്ച് ശബ്ദ വിന്യാസത്തിൽ അസാധാരണ വൈഭവം ഉറപ്പ് വരുത്തി മോദി കത്തി കയറി. എന്നാൽ പ്രസംഗത്തിനകത്ത് കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വിമർശനം ഉയരുന്നത്. ഒരുപാട് പ്രസംഗിച്ചിട്ടും ഒന്നും നടന്നില്ല എന്ന ആരോപണം ശക്തമായതോടെ സ്വയം ആത്മനിയന്ത്രണം പാലിക്കുക ആയിരുന്നു മോദിയെന്നാണ് ഇപ്പോൾ സംശയം ഉയരുന്നത്.

പ്രാസംഗികനെന്ന നിലയിൽ മോദിയുടെ മികവ് ഇന്ത്യ തിരിച്ചറിഞ്ഞതാണ്. രാജ്യത്തുടനീളം പ്രസംഗിച്ച് ആളുകളെ കൈയിലെടുത്ത് തന്നെയാണ് മോദി അധികാരത്തിലെത്തിയത്. എന്നാൽ പ്രസംഗം പോലെ പ്രവർത്തി എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഒന്നും ചെയ്യാനും കഴിയില്ല. ഭൂമി ഏറ്റെടുക്കൽ ബിൽ പോലും ഉദ്ദേശിച്ചതു പോലെ നടപ്പാക്കാനായില്ല. അതുകൊണ്ട് തന്നെ വാഗ്ദാനങ്ങൾ കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. കള്ളപ്പണം തിരിച്ചുകൊണ്ടു വരാനുള്ള നടപടികൾ ഒന്നുമാകാത്തതും മോദി സർക്കാരിനെ വലയ്ക്കുന്നുണ്ട്. കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും കഴിയാതെയായി. സുഷമ്മ സ്വരാജിനെതിരെ ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിന്റെ ശോഭ കെടുത്തി. ഈ സാഹചര്യത്തിൽ പ്രസംഗത്തിൽ കരുതൽ കാട്ടി. അപ്പോൾ അതും വിമർശിക്കപ്പെട്ടു.

സാധാരണഗതിയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ കേന്ദ്ര സർക്കാർ എപ്പോഴും ചെയ്യുന്നത് നയപ്രഖ്യാപനമാണ്. ജനങ്ങൾ ഏറെ പ്രതീക്ഷിക്കുന്ന ഒന്ന് അതിലുണ്ടാകും. ഇത്തവണ വൺ റാങ്ക് വൺ പെ്ൻഷനാണ് പ്രതീക്ഷിച്ചത്. ലളിത് മോദി വിവാദത്തിൽ പാർലമെന്റിൽ നിന്നും പ്രതികരിക്കാതെ മാറി നിന്ന മോദി രാജ്യത്തോട് എന്തു പറയുമെന്നും പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല. എഴുതി കൊണ്ടു വന്നത് നോക്കി വായിക്കാതെ ചെങ്കോട്ടയിൽ വ്യത്യസ്ത പുലർത്തിയെന്നത് മാത്രമാണ് എടുത്തു പറയേണ്ടത്. അങ്ങനെ ഭീകരവാദവും വിദേശകാര്യ നയവുമുൾപ്പെടെ രാജ്യവുമായി ബന്ധപ്പെട്ട സുപ്രധാനമായ പല മേഖലകളെക്കുറിച്ചും ഒന്നുംതന്നെ പ്രതിപാദിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശം അവസാനിപ്പിച്ചത്.

അധികാരമേറ്റശേഷം നടത്തിയ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ 2014 ഓഗസ്റ്റ് 15 ന് നരേന്ദ്ര മോദി എട്ട് പ്രമുഖ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇവയെല്ലാം ആരംഭിക്കുകയും ചെയ്തു. പക്ഷേ, പലതും വേണ്ടത്ര ശുഷ്‌ക്കാന്തിയോടെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിനു കഴിയുന്നില്ല എന്ന പരാതിയുണ്ട്. മോദി 2014-ൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ ഇവയായിരുന്നു. സ്വച്ഛഭാരത്, ജൻ ധൻ യോജന, മേക്ക് ഇൻ ഇന്ത്യ, ആസൂത്രണക്കമ്മിഷനു പകരം സംവിധാനം, വിദഗ്ധ പരിശീലനം, എംപിമാരുടെ മാതൃകാ ഗ്രാമ പദ്ധതി, ഡിജിറ്റൽ ഇന്ത്യ, ഭരണ പരിഷ്‌കാരങ്ങൾ. ഇതിൽ പലതും താളം തെറ്റി. സ്വച്ഛ് ഭാരതി് തുടക്കത്തിലുണ്ടായ പ്രസക്തി ഇന്ന് ഇല്ല. സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളോട് നേരിട്ടു സംവദിക്കുക എന്ന പുതിയ ശൈലിക്ക് തുടക്കം കുറിക്കുകയായിരുന്നു കഴിഞ്ഞ തവണ മോദി ചെയ്തത്. പ്രധാന പ്രഖ്യാപനങ്ങൾ പലതും ഇങ്ങനെ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നായിരുന്നു അന്നത്തെ വിലയിരുത്തിൽ. അതാണ് ഇത്തവണ തെറ്റിച്ചത്.

ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതിയെക്കുറിച്ച് കൃത്യമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ വിമുക്ത ഭടന്മാരെ നിരാശരാക്കിയിരിക്കുകയാണ്. അവർ പ്രതിഷേധിത്തിലുമാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദിയുടെ പ്രസംഗത്തെ വിമർശിച്ചില്ല. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തിയ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാകട്ടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രീയപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും വ്യക്തമാക്കി നിശബ്ദത പാലിക്കുകയും ചെയ്തിരുന്നു.

ചുവപ്പു കോട്ടയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി വലിയ കാര്യങ്ങളായി ഉയർത്തിക്കാട്ടിയ പദ്ധതികളിലേറെയും യുപിഎ സർക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചതാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അഴിമതിയുടെ കാര്യത്തിൽ രാഷ്ട്രീയ എതിരാളികൾക്കും സ്വന്തം പാർട്ടിയിലെ നേതാക്കൾക്കുമായി വ്യത്യസ്ത നിർവചനങ്ങൾ ചമയ്ക്കുകയാണ് പ്രധാനമന്ത്രിയെന്നും അവർ ആരോപിച്ചു. എന്ത് പുതിയ കാര്യമാണ് തന്റെ പ്രസംഗത്തിൽ മോദി പറഞ്ഞത്? രണ്ടോ മൂന്നോ പദ്ധതികളെക്കുറിച്ച് മോദി സംസാരിച്ചു. എന്നാൽ, ഇവയെല്ലാം തന്നെ കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്ന് പറയുന്നതിൽ വിഷമമുണ്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായി ഗുലാംനബി ആസാദ് പറഞ്ഞു.

തന്റെ മന്ത്രിസഭയിലെ മന്ത്രിമാർ നടത്തിയ അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് മോദിയെന്ന് മറ്റൊരു കോൺഗ്രസ് നേതാവായ അംബിക സോണി വിമർശിച്ചു. മോദിയുടെ വാക്കുകൾ ആരും വിശ്വസിക്കില്ലെന്നും അംബിക സോണി അഭിപ്രായപ്പെട്ടു. അതിനിടെ സ്വാതന്ത്ര ദിന പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വാക്കുകൾക്കൊണ്ടുള്ള വെറും തട്ടിപ്പെന്ന് സിപിഐ(എം). ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആരോപിച്ചു. പ്രസംഗത്തിലെ വാഗ്ദാനങ്ങൾ നടക്കാത്തതാണ്. ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതിയെക്കുറിച്ച് നൽകിയ വാഗ്ദാനങ്ങൾ വ്യാജമായിരുന്നുവെന്ന് വ്യക്തമായി. ഇതുതന്നെയാണ് എല്ലാ കാര്യങ്ങളുടെയും അവസാനം നടക്കുകയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് മാദ്ധ്യമങ്ങൾ ചോദ്യം ഉയർത്തിയെങ്കിലും ഇന്ന് രാഷ്ട്രീയം പറയേണ്ട ദിവസമല്ലെന്നും നാളെയാവട്ടെയെന്നും പറഞ്ഞ ശേഷം രാഹുൽ മടങ്ങുകയായിരുന്നു. സോണിയാ ഗാന്ധിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം ഇരുവരും മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തു മടങ്ങി. തന്റെ പ്രസംഗത്തിൽ മോദി, മുൻ യു.പി.എ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അധികാരത്തിൽ ഇരുന്നപ്പോൾ അഴിമതി നടത്തിയവർ തന്നെയാണ് ഇപ്പോൾ അഴിമതിക്കെതിരെ സംസാരിക്കുന്നത് എന്നായിരുന്നു കോൺഗ്രസിനെ ഉദ്ദേശിച്ച് മോദിയുടെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP