Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എറിഞ്ഞൊതുക്കി കാഗിസോ റബാഡയും ആന്റിച്ച് നോർട്യയും; സ്പിന്നിൽ കുരുക്കി അക്‌സർ പട്ടേലും; ടോസിലെ ഭാഗ്യം മുതലാക്കാനാകാതെ ഹൈദരാബാദ്; ഡൽഹിക്ക് 135 റൺസ് വിജയലക്ഷ്യം

എറിഞ്ഞൊതുക്കി കാഗിസോ റബാഡയും ആന്റിച്ച് നോർട്യയും; സ്പിന്നിൽ കുരുക്കി അക്‌സർ പട്ടേലും; ടോസിലെ ഭാഗ്യം മുതലാക്കാനാകാതെ ഹൈദരാബാദ്; ഡൽഹിക്ക് 135 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിന് 135 റൺസ് വിജയലക്ഷ്യം. നിർണായക മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 28 റൺസെടുത്ത അബ്ദുൾ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ഡൽഹിക്കായി കാഗിസോ റബാഡയും മൂന്നും ആന്റിച്ച് നോർട്യയും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

ടോസിലെ ഭാഗ്യം ഹൈദരാബാദിനെ ബാറ്റിംഗിൽ തുണച്ചില്ല. തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആന്റിച്ച് നോർക്കെ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സൺറൈസേഴ്സ് ഓപ്പണർ ഡേവിഡ് വാർണർ റൺസെടുക്കും മുൻപ് പുറത്തായി. നോർക്കെയുടെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച വാർണറുടെ ശ്രമം പാളി. ബാറ്റിൽ തട്ടി ഉയർന്നുപൊന്തിയ പന്ത് അക്ഷർ പട്ടേൽ അനായാസം കൈയിലൊതുക്കി. മോശം ഫോം തുടരുന്ന വാർണർ ഈ മത്സരത്തിലും പരാജയമായി.

വാർണർക്ക് പകരം ക്രീസിലെത്തിയ നായകൻ കെയ്ൻ വില്യംസണെ കൂട്ടുപിടിച്ച് വൃദ്ധിമാൻ സാഹ സൺറൈസേഴ്സ് ബാറ്റിങ്ങിന് നേതൃത്വം നൽകി. നന്നായി തുടങ്ങിയ സാഹ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. കഗിസോ റബാദയുടെ ഷോർട്ട് പിച്ച് ബോൾ ആക്രമിക്കാൻ ശ്രമിച്ച സാഹയുടെ ഷോട്ട് ഉയർന്നുപൊന്തി. പന്ത് അനായാസം ശിഖർ ധവാൻ കൈയിലൊതുക്കി. 17 പന്തുകളിൽ നിന്ന് 18 റൺസെടുത്ത് സാഹ പുറത്താകുമ്പോൾ സൺറൈസേഴ്സ് സ്‌കോർ 29-ൽ മാത്രമാണ് എത്തിയത്.

സാഹയ്ക്ക് പകരമായി മനീഷ് പാണ്ഡെ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 32 റൺസ് മാത്രമാണ് സൺറൈസേഴ്സിന് നേടാനായത്. 8.3 ഓവറിൽ ടീം സ്‌കോർ 50 കടന്നു. എന്നാൽ വളരെ ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയ വില്യംസണെയും മനീഷിനെയും മടക്കി ഡൽഹി മത്സരത്തിൽ പിടിമുറുക്കി. വില്യംസണെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ കളഞ്ഞുകുളിച്ച ഡൽഹി ഫീൽഡർമാർ മൂന്നാം ശ്രമത്തിൽ വിജയം കണ്ടു.

അക്ഷർ പട്ടേലിന്റെ പന്തിൽ സിക്സ് നേടാനുള്ള സൺറൈസേഴ്സ് നായകന്റെ ഷോട്ട് ബൗണ്ടറി ലൈനിൽ വെച്ച് ഷിംറോൺ ഹെറ്റ്മെയർ കൈയിലൊതുക്കി. 26 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് താരം നേടിയത്. നിലയുറപ്പിക്കാൻ ശ്രമിച്ച മനീഷ് പാണ്ഡെയെ മടക്കി റബാദ സൺറൈസേഴ്സിന് ഇരട്ട പ്രഹരമേൽപ്പിച്ചു. റബാദയെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ പാണ്ഡെയുടെ ബാറ്റിന്റെ എഡ്ജിലാണ് പന്ത് തട്ടിയത്. ഉയർന്നുപൊന്തിയ പന്ത് റബാദ തന്നെ പിടിച്ചതോടെ സൺറൈസേഴ്സ് 61 ന് നാല് എന്ന നിലയിലേക്ക് വീണു. 16 പന്തുകളിൽ നിന്ന് 17 റൺസാണ് താരം നേടിയത്. പിന്നാലെ വന്ന കേദാർ യാദവിനും പിടിച്ചുനിൽക്കാനായില്ല. വെറും മൂന്ന് റൺസ് മാത്രമെടുത്ത യാദവിനെ നോർക്കെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ സൺറൈസേഴ്സ് 74 ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. മുൻനിര ബാറ്റ്സ്മാന്മാർക്കൊന്നും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.


യാദവിന് പകരം ക്രീസിലെത്തിയ ജേസൺ ഹോൾഡർ ഒരു സിക്സടിച്ച് ഫോമിലേക്ക് ഉയരുമെന്ന് തോന്നിച്ചെങ്കിലും 10 റൺസെടുത്ത താരത്തെ അക്ഷർ പട്ടേൽ പൃഥ്വി ഷായുടെ കൈയിലെത്തിച്ചു. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന അബ്ദുൾ സമദ് ടീം സ്‌കോർ 100 കടത്തി. എന്നാൽ സ്‌കോർ 115-ൽ നിൽക്കേ സമദിനെ പുറത്താക്കി റബാദ തന്റെ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. 21 പന്തുകളിൽ നിന്ന് 28 റൺസെടുത്ത താരത്തെ റബാദ വിക്കറ്റ് കീപ്പർ പന്തിന്റെ കൈയിലെത്തിച്ചു.

വാലറ്റത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച റാഷിദ് ഖാനാണ് സൺറൈസേഴ്സിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 22 റൺസെടുത്ത റാഷിദ് അവസാന ഓവറിൽ റൺഔട്ടായി. പിന്നാലെ വന്ന സന്ദീപ് ശർമയും റൺ ഔട്ട് ആയതോടെ സൺറൈസേഴ്സ് 134 റൺസിലേക്ക് ഒതുങ്ങി. ഭുവനേശ്വർ കുമാർ അഞ്ച് റൺസ് നേടി പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP