Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല; ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുന്നു;നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തും; ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അമരീന്ദർ സിങ്

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല; ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുന്നു;നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തും; ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അമരീന്ദർ സിങ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്. രാഹുൽ ഗാന്ധിക്കും ,പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല. ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുകയാണെന്ന് അമരീന്ദർ സിങ് ആരോപിച്ചു.

മൂന്നാഴ്ച മുൻപേ രാജി സന്നദ്ധത താൻ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാനാണ് അവർ നിർദ്ദേശിച്ചത്. പക്ഷേ ഒടുവിൽ തന്നെ അപമാനിച്ച് ഇറക്കിവിട്ടു. സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ താൻ ശക്തിയുക്തം എതിർത്തിരുന്നു.

രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു ജയിക്കാതിരിക്കാൻ പല്ലും നഖവും ഉപയോഗിച്ച് താൻ പ്രയത്‌നിക്കും. മന്ത്രിയായിരുന്ന കാലത്ത് സ്വന്തം വകുപ്പ് പോലും നല്ല നിലയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതിരുന്ന സിദ്ദുവിന് എങ്ങനെ ഒരു ക്യാബിനറ്റിനെ നയിക്കാൻ സാധിക്കുമെന്നറിയില്ലെന്നും അമരീന്ദർ പറഞ്ഞു

സിദ്ദു അപകടകാരിയായ മനുഷ്യനാണെന്നും അത്തരമൊരാൾ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും താൻ സഹിക്കുമെന്നും അമരീന്ദർ സിങ് പറഞ്ഞു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിദ്ദുവിന്റെ പരാജയം ഉറപ്പുവരുത്താൻ ശക്തനായ എതിരാളിയെ മത്സരിപ്പിക്കും.

അമരീന്ദർ രാഷ്ട്രീയം വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം അദ്ദേഹം തള്ളി. 'വിജയത്തിന് ശേഷം രാഷ്ട്രീയം വിടാൻ ഞാൻ തയാറാണ്. എന്നാൽ, പരാജയപ്പെട്ട് രാഷ്ട്രീയം വിടാൻ ഒരിക്കലും തയാറല്ല'. മൂന്ന് ആഴ്ചകൾ മുമ്പ് തന്നെ താൻ രാജിക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. തുടരാൻ നിർദ്ദേശിച്ചത് സോണിയയാണ്.

ഞാൻ എംഎ‍ൽഎമാരെയും കൊണ്ട് വിമാനത്തിൽ ഗോവയിലേക്കോ മറ്റോ പറന്നിട്ടില്ല. അങ്ങനെയല്ല ഞാൻ പ്രവർത്തിക്കുന്നത്. ഗിമ്മിക്കുകളുടെ ആളല്ല ഞാൻ. രാഹുലിനും പ്രിയങ്കക്കും അതറിയാം. ഇരുവരും എന്റെ കുട്ടികളെ പോലെയാണ്. ഇത് ഇത്തരത്തിൽ അവസാനിച്ചതിൽ എനിക്ക് ഏറെ ദുഃഖമുണ്ട് -അമരീന്ദർ പറഞ്ഞു. രാഹുലിനും പ്രിയങ്കക്കും അനുഭവസമ്പത്ത് കുറവാണ്. അവരുടെ ഉപദേശകർ തെറ്റായ വഴിക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചേരിപ്പോര് രൂക്ഷമായ പഞ്ചാബ് കോൺഗ്രസിൽ നാല് മന്ത്രിമാർ ഉൾപ്പെടെ അൻപത് എംഎൽഎമാർ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെ ഹൈക്കമാൻഡും കൈവിട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവച്ചത്.

രാജിക്കു ശേഷം മാധ്യമങ്ങളെ കണ്ട അമരീന്ദർ, കോൺഗ്രസ് നേതൃത്വം രണ്ട് മാസത്തിനിടെ മൂന്ന് തവണ തന്നെ അപമാനിച്ചെന്നും ഇങ്ങനെ തുടരാനാവില്ലെന്നും പറഞ്ഞിരുന്നു. ഹൈക്കമാൻഡ് രണ്ട് തവണ എംഎൽഎമാരെ ഡൽഹിക്ക് വിളിച്ചു. ഇപ്പോൾ നിയമസഭാകക്ഷിയോഗവും വിളിച്ചു. ഹൈക്കമാൻഡിന് എന്നിൽ വിശ്വാസമില്ല. വിശ്വാസമുള്ളവരെ അവർ നിയോഗിക്കട്ടെയെന്നുമാണ് അന്ന് പ്രതികരിച്ചത്.

അമരീന്ദറിൽ അവിശ്വാസം രേഖപ്പെടുത്തി 50 എംഎ‍ൽഎമാർ ഹൈക്കമാൻഡിന് കത്തെഴുതിയിരുന്നു. അമരീന്ദർ ഹൈക്കമാൻഡിന്റെ 18 ഇന പരിപാടിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കിയില്ലെന്നും ആരോപിച്ച അവർ നിയമസഭാകക്ഷിയോഗം വിളിക്കണമെന്നും അമരിന്ദറിനെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സോണിയാഗാന്ധി അമരീന്ദറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കലാപം പരിഹരിക്കാൻ മാസങ്ങളായി നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടതോടെയാണ് പാർട്ടി എംഎൽഎ മാരെ പോലും അൽഭുതപ്പെടുത്തി നിയമസഭാകക്ഷിയോഗം വിളിക്കുന്നതായി 17ന് അർദ്ധരാത്രി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവും അമരീന്ദർ സിംഗും തമ്മിലുള്ള പോരാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതൽ ഇരുവരും രസത്തിലായിരുന്നില്ല.117 അംഗ നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. 2017 മാർച്ചിലാണ് അമരീന്ദർ രണ്ടാം തവണയും മുഖ്യമന്ത്രിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP