Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ളാഹ ഗോപാലൻ ചെങ്ങറയിൽ കെട്ടിപ്പടുത്തത് ഭൂരഹിതരുടെ സ്വതന്ത്ര റിപ്ലബ്ലിക്ക്; ഒടുവിൽ അവിടെ നിന്നും പലായനം ചെയ്യേണ്ടിവന്നതും ചരിത്രം; റബ്ബർ കള്ളനെന്ന് വിളിച്ച വിഎസിനോട് കലഹിച്ച് ഇറങ്ങിപ്പോയ ധിക്കാരി; ദളിതർക്ക് ഒരേക്കർ ഭൂമിയെന്ന മുദ്രാവാക്യം ഏറ്റെടുത്തത് കേരളം; ഓർമയാകുന്നത് ഭൂരഹിതർക്ക് പ്രതീക്ഷ നൽകിയ നേതാവ്

ളാഹ ഗോപാലൻ ചെങ്ങറയിൽ കെട്ടിപ്പടുത്തത് ഭൂരഹിതരുടെ സ്വതന്ത്ര റിപ്ലബ്ലിക്ക്; ഒടുവിൽ അവിടെ നിന്നും പലായനം ചെയ്യേണ്ടിവന്നതും ചരിത്രം; റബ്ബർ കള്ളനെന്ന് വിളിച്ച വിഎസിനോട് കലഹിച്ച് ഇറങ്ങിപ്പോയ ധിക്കാരി; ദളിതർക്ക് ഒരേക്കർ ഭൂമിയെന്ന മുദ്രാവാക്യം ഏറ്റെടുത്തത് കേരളം; ഓർമയാകുന്നത് ഭൂരഹിതർക്ക് പ്രതീക്ഷ നൽകിയ നേതാവ്

വിഷ്ണു ജെ ജെ നായർ

പത്തനംതിട്ട: 'കയ്യിൽ അധികാരവും ചെങ്കോലും ഇല്ലാത്തതിനാൽ സർക്കാർ നൽകുന്ന നക്കാപ്പിച്ച സ്വീകരിച്ച് സമരം ഒത്തുതീർപ്പാക്കുകയാണ്. അല്ലാതെ പാക്കേജിൽ തൃപ്തി ഉണ്ടായിട്ടല്ല.' ചെങ്ങറ ഭൂസമരം ഒത്തുതീർപ്പായതിന് ശേഷം സർക്കാരും സമരസമിതിപ്രതിനിധികളും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ സമരസമിതി നേതാവായ ളാഹ ഗോപാലന്റെ വാക്കുകളാണിത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രണ്ട് മന്ത്രിമാരും അടങ്ങുന്ന സർക്കാർ പ്രതിനിധികളുടെ മുന്നിൽ വച്ചായിരുന്നു ളാഹ ളാഹ ഗോപാലന്റെ ഈ തുറന്നുപറച്ചിൽ. ഇത് പറഞ്ഞ ശേഷം പത്രസമ്മേളനത്തിനിടയിൽ നിന്നും അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തു. ആ വാക്കുകളിൽ, ആ ബഹിഷ്‌കരണത്തിൽ എല്ലാമുണ്ടായിരുന്നു. അധികാരത്തിന്റെ ശീതളഛായയില്ലാത്ത ഭൂരഹിതരായ ദളിതരുടെ പ്രതിഷേധം, നിസഹായവസ്ഥ എല്ലാം...

അതായിരുന്നു ളാഹ ഗോപാലൻ. പറയാനുള്ളത് ആരുടെ മുന്നിലും വെട്ടിത്തുറന്നുപറയാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. പത്രസമ്മേളനത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കിന് പിന്നിൽ നീതി നൽകാതെ അവഹേളിച്ച ഭരണകൂടത്തിനോടുള്ള കലഹം മാത്രമായിരുന്നില്ല, സമരക്കാരെ റബ്ബർ കള്ളന്മാരെന്നും മറ്റും വിളിച്ചാക്ഷേപിച്ച രാഷ്ട്രീയ നേതൃത്വത്തോടുള്ള പ്രതിഷേധവും കാരണമായിരുന്നു.

ഭൂരഹിതരായ ദളിതർക്ക് ഭൂമി അനുവദിച്ചു കിട്ടാനായി 2007 ഓഗസ്റ്റ് നാലിനാണ് ചെങ്ങറ ഭൂസമരം ആരംഭിച്ചത്. സാധുജന വിമോചന സംയുക്ത വേദിയുടെയും ളാഹ ഗോപാലന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകളാണ് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ കുമ്പഴ റബ്ബർ എസ്റ്റേറ്റിൽ കുടിൽ കെട്ടി സമരം തുടങ്ങിയത്.

എസ്റ്റേന്റിന്റെ കുറുമ്പറ്റി ഡിവിഷനിൽ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാർ കയ്യേറി കുടിൽ കെട്ടിയത്. ഭൂസമരം മൂലം തൊഴിൽരഹിതരായ എസ്റ്റേറ്റ് തൊഴിലാളികളുടെ ഉപരോധ സമരവും പലവിധ രോഗങ്ങളും മൂലം സമരസേനാനികളുടെ ജീവിതം ദുരിതപൂർണമായിരുന്നു. പതിനഞ്ചുപേരോളമാണ് ദാരിദ്ര്യവും രോഗവും മൂലം സമരഭൂമിയിൽ മരിച്ചത്. ഭൂരഹിതരായ ദളിതർക്ക് അഞ്ചേക്കർ വീതം ഭൂമി വേണമെന്നായിരുന്നു തുടക്കകാലത്ത് സമരക്കാരുടെ ആവശ്യമെങ്കിലും ഒടുവിൽ ഒരേക്കറെങ്കിലും അനുവദിക്കണമെന്ന് ആവശ്യം മയപ്പെടുത്താൻ അവർ തയ്യാറായി.

ഒടുവിൽ അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായത്.
1432 കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകാമെന്ന ധാരണപ്രകാരമാണ് അന്ന് ചെങ്ങറ സമരം ഒത്തുതീർന്നത്. പട്ടികവർഗക്കാർക്ക് വീടുവെയ്ക്കാൻ 1.25 ലക്ഷം രൂപയും പട്ടികജാതിക്കാർക്ക് ഒരു ലക്ഷം രൂപയും മറ്റുള്ളവർക്ക് 75,000 രൂപയും നൽകാനായിരുന്നു പാക്കേജ് പ്രകാരം ധാരണയായത്. ഹാരിസൺ മലയാളം എസ്റ്റേറ്റിന് പാട്ടത്തിന് കൊടുത്ത ഭൂമി പിടിച്ചെടുത്ത് ഒരേക്കർ വീതം ഭൂമിയില്ലാത്തവർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും 25 സെന്റ് ഭൂമി മാത്രമാണ് സർക്കാർ നൽകിയത്. സർക്കാരിന്റെ പിടിവാശിക്ക് മുന്നിൽ സമരക്കാർ കീഴടങ്ങുകയായിരുന്നു, ദാരിദ്ര്യവും പകർച്ച വ്യാധികളും സമരക്കാർക്കിടയിലെ തർക്കങ്ങളും മൂലം സമരം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണ് ഒത്തുതീർപ്പിലെത്താൻ സമരക്കാർ നിർബന്ധിതരായത്. ആ നിരാശയും നിസഹായവസ്ഥയും പ്രതിഷേധവുമാണ് ളാഹ ഗോപാനിൽ അന്ന് കണ്ടത്.

ചെങ്ങറ സമരഭൂമി അക്ഷരാർത്ഥത്തിൽ ഒരു സ്വതന്ത്രറിപ്പബ്ലിക്കായിരുന്നു. സ്വന്തമായി നിയമങ്ങളും ഭരണകൂടവുമുള്ള രാജ്യം. അവിടേയ്ക്ക് വരുന്ന സന്ദർശകരെ, മാധ്യമപ്രവർത്തകരെ പോലും ദേഹപരിശോധന കഴിഞ്ഞേ ഉള്ളിലേയ്ക്ക് കയറ്റിവിടാറുള്ളു എന്ന ആരോപണം അന്ന് ഉയർന്നിരുന്നു. ഒടുവിൽ ളാഹ ഗോപാലന് തന്നെ അവിടം ഉപേക്ഷിച്ച് പോകേണ്ടി വന്നത് ചരിത്രം. അദ്ദേഹത്തിന്റെ പേരിൽ ഉയർന്നുവന്ന ചില സാമ്പത്തികആരോപണങ്ങൾ മൂലമാണ് ളാഹ ഗോപാലൻ കുമ്പഴ എസ്റ്റേറ്റ് വിട്ടത്.

സമരത്തിന്റെ ലക്ഷ്യങ്ങളെ പറ്റി പലർക്കും പല അഭിപ്രായങ്ങളുമുണ്ടാകും. എന്നാൽ കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഭൂസമരമായിരുന്നു ചെങ്ങറ സമരമെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല. കേരളത്തിലെ ഭൂരഹിതരായ ദളിത് സമൂഹത്തിന് പുത്തനുണർവ് നൽകിയ മുന്നേറ്റമായിരുന്നു ചെങ്ങറ സമരം. സമാനമായ നിരന്തര പോരാട്ടങ്ങൾക്ക് അക്കാലത്ത് ആവേശമായ നാമമായിരുന്നു ളാഹ ഗോപാലന്റേതും. ചെങ്ങറ സമര നായകനെന്ന പേരിൽ ളാഹ ഗോപാലനെന്ന പേരും ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP