Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കേരളത്തെ ഭ്രാന്താലയമാക്കരുത്, തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെയെന്ന് കാനം രാജേന്ദ്രൻ; മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ, പ്രവൃത്തിയില്ലെന്ന് വി ഡി സതീശനും; സർവമതയോഗം സർക്കാർ വിളിക്കാത്തത് എന്തെന്നും പ്രതിപക്ഷ നേതാവ്

കേരളത്തെ ഭ്രാന്താലയമാക്കരുത്, തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെയെന്ന് കാനം രാജേന്ദ്രൻ; മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ, പ്രവൃത്തിയില്ലെന്ന് വി ഡി സതീശനും; സർവമതയോഗം സർക്കാർ വിളിക്കാത്തത് എന്തെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പാലാ ബിഷപ്പ് നടത്തിയ നർക്കോട്ടിക് ജിഹാജ് പരാമർശത്തിൽ വീണ്ടും വിമർശനമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലാ ബിഷപ്പ് അദ്ദേഹത്തിന്റെ പരിശോധന ശരിയാണോയെന്ന് ആത്മപരിശോധന നടത്തണം. ആ പ്രസ്താവന വരുന്നതുവരെ ഇവിടെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം ഉണ്ടായത്. അതുകൊണ്ട് ആത്മപരിശോധന നടത്തേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ശരിയാണെന്ന് ഞങ്ങൾ ഇതുവരെ പറഞ്ഞിട്ടില്ല. കേരളത്തെ ഭ്രാന്താലായമാക്കരുത് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

'അദ്ദേഹം മാതൃകയാക്കേണ്ടത് മാർപാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്നാണ് മാർപാപ്പ പറഞ്ഞത്. സർവ്വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണ്? സർവ്വകക്ഷി യോഗത്തിന് എന്ത് ചെയ്യാൻ പറ്റും എല്ലാവരുംകൂടിയിരുന്ന് ചായകുടിച്ച് പിരിഞ്ഞാൽ മതിയോ? ഒരു ബിഷപ്പിന്റെ പ്രസ്താവനയിൽ തുടർന്നുണ്ടായ പ്രശ്നങ്ങളാണ്. അതിനിപ്പോൾ സർക്കാരിന് ഒന്നും ചെയ്യാനില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ സർക്കാർ മത,രാഷ്ട്രീയ സംഘടനകളുടെ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല. അതേസമയം സർവകക്ഷി യോഗം വിളിക്കാത്ത സർക്കാർ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. സാമുദായിക ധ്രുവീകരണം നിർത്താനായി സർവമതയോഗം, സർവ കക്ഷിയോഗം എന്നിവ വിളിക്കാൻ പറഞ്ഞിട്ട് ആവശ്യമില്ലെന്ന നിലപാടാണ് സർക്കാറിന്. ഞങ്ങൾ വർഗീയതക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആണ്. അതാര് ചെയ്താലും തെറ്റാണ്. രാഷ്്ട്രീയ ലാഭത്തിന് വേണ്ടി ഒരു ശ്രമവുമില്ല.

മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ. പ്രസ്താവന നടത്താൻ വേണ്ടിയല്ലല്ലോ, പ്രവർത്തിക്കാൻ വേണ്ടിയല്ലേ മുഖ്യമന്ത്രിയായിരിക്കുന്നത്. ഈ വർഗീയ സംഘർഷം ഉണ്ടാകുമ്പോൾ പരിഹരിക്കാൻ എന്ത് നടപടിയെടുത്തു. അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്ക്. സംഘ്പരിവാർ ഈ വിഷയത്തിൽ മുതലെടുപ്പ് നടത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ നീണ്ടുപോകട്ടെ എന്ന സമീപനമാണ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

വാസവൻ പറഞ്ഞത് ഈ അധ്യായം അടഞ്ഞെന്നാണ്. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് ഇന്നലെ മുഖ്യമന്ത്രി വിഷയം വീണ്ടും തുറന്നത്. സർക്കാറിനും സിപിഎമ്മിനും കള്ളക്കളിയുണ്ട്. കേരളത്തെ രക്ഷിക്കാൻ ഒരു മേശക്ക് മുമ്പിൽ ഈ വിഷയം ചർച്ച നടത്തണം. വർഗീയ പരാമർശം ആര് നടത്തിയാലും മുഖം നോക്കാതെ ചോദ്യം ചെയ്യും. ഞങ്ങൾക്ക് ഈ വിഷയം അവസാനിച്ചാൽ മാത്രം മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കാൻ പൊലീസ് നടപടി വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. പച്ചവെള്ളത്തിന് തീപിടിക്കുന്ന വർത്തമാനം സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാൾ പോലും അറസ്റ്റിലായിട്ടില്ലെന്ന് സതീശൻ ആരോപിച്ചു. പച്ചക്ക് വർഗീയത പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസെന്നും സതീശൻ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP