Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2013 മുതൽ 18 വരെ നടന്നത് 1.63 കോടിയുടെ ക്രമക്കേട്; സിപിഎം കുത്തകയാക്കിയ സീതത്തോട് സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി കെയു ജോസിനെ സസ്പെൻഡ് ചെയ്തു; ജനീഷ്‌കുമാർ അടക്കമുള്ളവർ ഉത്തരവാദികൾ എന്ന് സെക്രട്ടറി

2013 മുതൽ 18 വരെ നടന്നത് 1.63 കോടിയുടെ ക്രമക്കേട്; സിപിഎം കുത്തകയാക്കിയ സീതത്തോട് സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി കെയു ജോസിനെ സസ്പെൻഡ് ചെയ്തു;  ജനീഷ്‌കുമാർ അടക്കമുള്ളവർ ഉത്തരവാദികൾ എന്ന് സെക്രട്ടറി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടിന്റെ പേരിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. 65-ാം നമ്പർ വകുപ്പു തല എൻക്വയറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്ക് പ്രസിഡന്റ് പിഎ നിവാസ് ആണ് സെക്രട്ടറി കെയു ജോസിനെ സസ്പെൻഡ് ചെയ്തത്. അതേ സമയം, ക്രമക്കേട് നടന്ന കാലയളവിൽ താൻ ബാങ്ക് സെക്രട്ടറി ആയിരുന്നില്ലെന്നും ഒരു പാട് പേർ ചേർന്ന് നടത്തിയ തട്ടിപ്പിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടി വയ്ക്കുകയാണെന്നും സെക്രട്ടറി പറയുന്നു.

2013 മുതൽ 18 വരെയുള്ള കാലയളവിൽ ബാങ്കിൽ 1.63 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സിപിഎം ഏരിയാ കമ്മറ്റിയംഗവും സീതത്തോട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവുമായ പി.ആർ പ്രമോദിന്റെ പിതാവ് പി.എൻ. രവീന്ദ്രൻ ആയിരുന്നു അന്ന് ബാങ്ക് പ്രസിഡന്റ്. സെക്രട്ടറി സുഭാഷ് എന്നയാളായിരുന്നു. കെയു ജനീഷ് കുമാർ എംഎൽഎ ഈ കാലയളവിൽ ബാങ്കിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്യുകയുമായിരുന്നു. 2019 ജൂണിൽ സെക്രട്ടറി സുഭാഷ് വിരമിച്ച ഒഴിവിലാണ് കെയു ജോസ് സെക്രട്ടറിയായത്. തന്റെ ഭരണ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് ഇതു വരെ പുറത്തു വന്നിട്ടില്ലെന്നും ക്രമക്കേട് ഒന്നും ഉണ്ടായിട്ടില്ലെന്നും ജോസ് പറയുന്നു. ക്രമക്കേട് നടന്ന കാലയളവിൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന സുഭാഷിനും രവീന്ദ്രനുമാണ് എല്ലാ ഉത്തരവാദിത്തവും. അവർക്കൊപ്പം ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെല്ലാം ഈ തട്ടിപ്പിൽ പങ്കുണ്ട്. എല്ലാം തന്റെ പേരിലാക്കി ബാക്കിയുള്ളവർ രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സസ്പെൻഷൻ. വകുപ്പു തല അന്വേഷണത്തിൽ തന്റെ ഭാഗം വിശദീകരിക്കും. പൊലീസ് കേസെടുത്തതായി അറിവില്ലെന്നും ജോസ് പറയുന്നു.

ജോസ് അസിസ്റ്റന്റ് സെക്രട്ടറി, ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ മുൻലോക്കൽ സെക്രട്ടറിയുമായിരുന്നു. ആറു കോടിയോളം രൂപയുടെ ക്രമക്കേടാണ് ബാങ്കിൽ നടന്നിരിക്കുന്നത്. ഇതിനെതിരേ സമരത്തിന് ഇറങ്ങിയ രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ സിപിഎമ്മിന്റെ ചില നേതാക്കളുടെ താൽപര്യത്തിന് വഴങ്ങി പിന്മാറി. ബിജെപിയാണ് ആദ്യം ഇറങ്ങിയത്. ശക്തമായ സമരം തുടർന്നതിന് പിന്നാലെ ഇവരുമായി രഹസ്യ ചർച്ച നടന്നു. ബിജെപിക്ക് ഇപ്പോൾ അനക്കമില്ല. കോൺഗ്രസുകാർ സമരം തുടരുന്നുവെങ്കിലും ശക്തമല്ല.

സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ അവസാനത്തെ രണ്ടു സാമ്പത്തിക വർഷം ഓഡിറ്റിങ് നടന്നിട്ടില്ല. ഏറ്റവും ഒടുവിലായി പുറത്തു വന്ന 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരമുള്ള നഷ്ടം 2,16,52,409.33 രൂപയാണ്. കെയു ജനീഷ് കുമാർ എംഎൽഎ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ എന്നിവരുടെ തട്ടകമായ ഈ സഹകരണ ബാങ്കിൽ നടന്ന തിരിമറിയുടെ മുഴുവൻ ഉത്തരവാദിത്തവും ബാങ്ക് സെക്രട്ടറിയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അവസാനമായി ഓഡിറ്റ് നടന്ന വർഷത്തെ മാത്രം കണക്കാണ് 2.16 കോടിയെന്നത്. 2019-20, 20-21 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് ഇനി പുറത്തു വരാനുണ്ട്. അതു കൂടിയാകുന്നതോടെ ബാങ്കിന്റെ തകർച്ച പൂർണമാകും. ആകെ 20 കോടിക്ക് അടുത്തു നിക്ഷേപമുള്ള ബാങ്കാണ് ഇത്രയും വലിയ നഷ്ടത്തിൽ പ്രവർത്തിക്കുന്നത്.

ബാങ്കിന്റെ നിലനിൽപ് തന്നെ ഭീഷണിയിലാണ്. ചട്ടവിരുദ്ധമായി തസ്തിക സൃഷ്ടിച്ചതിലൂടെയും ഇഷ്ടക്കാർക്ക് സ്ഥാനക്കയറ്റം നൽകിയതിലൂടെയും കൂടുതൽ തുക ശമ്പള ഇനത്തിൽ നൽകേണ്ടി വന്നിട്ടുണ്ട്. മറ്റു ബാങ്കുകളിലേക്ക് അടയ്ക്കാൻ കൊണ്ടുപോകുന്ന തുക ജീവനക്കാർ തന്നെ വസൂലാക്കി പണം നഷ്ടം വന്നുവെന്ന് കാണിക്കും. ബാങ്കിലെ നിക്ഷേപകരുടെ തുക സസ്‌പെൻസ് അക്കൗണ്ടിലേക്ക് മാറ്റി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പതിവുമുണ്ട്.

ഓഡിറ്റ് റിപ്പോർട്ട് പൊതുയോഗം ചേർന്ന് അംഗീകരിക്കാതെ ബാങ്ക് ഭരണ സമിതിക്ക് പ്രവർത്തിക്കാൻ സാധിക്കില്ല. ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കാതെയാണ് ഇപ്പോഴത്തെ ഭരണ സമിതി രണ്ടു വർഷമായി തുടരുന്നത്. കോടികളുടെ വെട്ടിപ്പും ക്രമവിരുദ്ധ നിയമനങ്ങളും നടന്ന ഇവിടേക്ക് സഹകരണ വകുപ്പിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തിന് ചെല്ലാൻ പാടില്ലെന്നാണ് അലിഖിത നിയമം. ഈ നിയമം മറികടന്ന് ചെന്നാൽ സ്ഥലം മാറ്റം ഉറപ്പ്. പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്താനും ജീവനക്കാർക്ക് മടിയില്ല. ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യ അനുമോൾ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ എന്നിവരെ ചട്ടം മറികടന്ന് നിയമിച്ചുവെന്നതാണ് പ്രധാന ആക്ഷേപം. നിയമനം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനുമോൾ രാജി വച്ചിരുന്നു.

ബാങ്കിൽ നടന്ന പ്യൂൺ നിയമനത്തിലെ അഴിമതി സംബന്ധിച്ച് സീതത്തോട് മാലത്തറയിൽ ശ്യാമള ഉദയഭാനു വിജിലൻസിനും സഹകരണ സംഘം രജിസ്ട്രാർക്കും പരാതി നൽകുന്നതോടെയാണ് ഉദ്യോഗസ്ഥരും ബാങ്ക് ഭരണ സമിതിയും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത്. 2017 ഫെബ്രുവരി 15 ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടു. പരാതിയുടെ പകർപ്പ് റാന്നി അസി. രജിസ്ട്രാർ (എ.ആർ) ഓഫീസിൽ എത്തിച്ചേരുകയും അവിടെ നിന്ന് വടശേരിക്കര യൂണിറ്റ് ഇൻസ്പെക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു.

സഹകരണ നിയമം അനുസരിച്ച് പ്യൂൺ നിയമനത്തിന് ഏഴാം ക്ലാസ് പാസായിരിക്കുകയും ഡിഗ്രി ഉണ്ടാകാൻ പാടില്ലാത്തതുമാണ്. ഈ തസ്തികയിലേക്ക് ജനീഷിന്റെ ഭാര്യ സിഎ അനുമോളെ നിയമിച്ചു. അനുമോൾക്ക് ഡിഗ്രി മാത്രമല്ല, എംബിഎയും ഉണ്ടായിരുന്നു. നിയമനം തങ്ങൾക്ക് അനുകൂലമായി നടത്താൻ വേണ്ടി പത്രപ്പരസ്യവും ചട്ടം മറികടന്നാണ് നൽകിയത്.

ഇതു സംബന്ധിച്ച് യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയുമായി ബാങ്ക് സഹകരിച്ചില്ല. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നൽകാൻ തയാറായില്ല. അനുമോളുടെ നിയമനം സംബന്ധിച്ച് മിനുട്സ് ബുക്കിൽ തീരുമാനം ഉള്ളതല്ലാതെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ബാഹ്യസമ്മർദം മൂലം ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നില്ല. 2017 നവംബർ നാലിന് നടന്ന ഫയൽ അദാലത്തിൽ ഈ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദ്ദേശം വന്നു. അപ്പോഴാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്. ഇത് അനുമോൾക്കെതിരായിരുന്നു. പിന്നീട് അനുമോൾ രാജി വച്ചതോടെ ഈ പ്രശ്നം ഒഴിവായി.

ജോബി ടി. ഈശോയെ നൈറ്റ് വാച്ചർ തസ്തികയിലേക്ക് നിയമിച്ചതായിരുന്നു അടുത്ത പ്രശ്നം. സഹകരണ ബാങ്കുകളെ അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ക്ലാസിഫിക്കേഷൻ നടത്തി വേണം തസ്തിക തീരുമാനിക്കാൻ. ഒന്നരക്കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന, സഹകരണ സംഘം ക്ലാസ് അഞ്ചിൽപ്പെട്ട സീതത്തോട് ബാങ്കിൽ നൈറ്റ് വാച്ചർ എന്നൊരു തസ്തിക ഇല്ല. എന്നാൽ, ആങ്ങമൂഴി ബ്രാഞ്ചിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഒരു രാത്രികാല സെക്യൂരിറ്റി ജീവനക്കാരനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഭരണ സമിതി ആവശ്യപ്പെട്ടതിൻ പ്രകാരം ജോയിന്റ് രജിസ്ട്രാർ അനുമതി നൽകിയിരുന്നു.

ഇത് വിമുക്തഭടൻ ആയിരിക്കണമെന്നും ദിവസ വേതന അടിസ്ഥാനത്തിലായിരിക്കണം നിയമനം എന്നും നിഷ്‌കർഷിച്ചിരുന്നു. ഇതു മറികടന്നാണ് ജോബി ടി. ഈശോയെ നൈറ്റ് വാച്ചർ തസ്തികയിൽ നിയമിച്ചത്. ഇത് സ്ഥിരം നിയമനമാക്കി ഭരണ സമിതി തീരുമാനിക്കുകയും ചെയ്തു. ചട്ടം മറികടന്നുള്ള നിയമനമായതിനാൽ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം നിയമനം റദ്ദ് ചെയ്തു. ഇതിനെതിരേ ജോബി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. കേസിൽ എതിർ കക്ഷി പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറാണ്. ഇതു സംബന്ധിച്ച് എതിർസത്യവാങ്മൂലം ഫയൽ ചെയ്യുന്നതിന് അഡ്വക്കേറ്റ് ജനറൽ ജോയിന്റ് രജിസ്ട്രാറോട് ആവശ്യപ്പെട്ടെങ്കിലും ഇവിടെ നിന്ന് നൽകുന്നതിന് പകരം റാന്നി എആർ ഓഫീസിനോട് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം എആർ റിപ്പോർട്ട് തയാറാക്കി ഹൈക്കോടതിയിൽ സമർപ്പിച്ചു.

പാർട്ടിയുടെ ഭരണ നിയന്ത്രണമുള്ള ഈ ബാങ്കിൽ അഴിമതിയും ക്രമക്കേടും നടത്തിയിട്ട് ഇതുമൂലമുണ്ടാകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ചെല്ലുന്ന ഉദ്യോഗസ്ഥരെ പാർട്ടി വിരുദ്ധരായി ചിത്രീകരിച്ച് സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് എൻജിഓ യൂണിയൻ റാന്നി ഏരിയാ പ്രസിഡന്റ് സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു. പരിശോധനയ്ക്ക് ചെല്ലുന്ന ഉദ്യോഗസ്ഥർക്ക് മതിയായ രേഖകൾ, യഥാസമയം കൈമാറാൻ ഇവർ തയാറാകില്ല. ഓഡിറ്റുമായി ബന്ധപ്പെട്ട അഞ്ച് ഓഡിറ്റർമാരെ ഇതിനോടകം സ്ഥലം മാറ്റി കഴിഞ്ഞു. കൂടാതെ എൻ.ജി.ഓ യൂണിയൻ നിയമിച്ചിട്ടുള്ള ഇൻസ്പെക്ടർമാരെ മാറ്റി പുതിയ ആൾക്കാരെ വച്ചു. ഇപ്പോൾ അഞ്ചാമത്തെ ഇൻസ്പെക്ടർ ആണ് സീതത്തോട് ബാങ്ക് ഉൾപ്പെട്ട വടശേരിക്കര യൂണിറ്റിൽ ജോലി ചെയ്യുന്നത്. മദ്യപിച്ച് ഓഫീസിൽ ചെന്ന ബാങ്ക് സെക്രട്ടറി ഓഡിറ്റർമാരെ ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP