Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാൻ നടപടി അഴീക്കൽ തുറമുഖം: പശ്ചാത്തല വികസനം വേഗത്തിലാക്കാൻ നിർദ്ദേശം

സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാൻ നടപടി അഴീക്കൽ തുറമുഖം: പശ്ചാത്തല വികസനം വേഗത്തിലാക്കാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അഴീക്കൽ തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇതുസംബന്ധിച്ച് ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായുള്ള ടെണ്ടർ നടപടികൾക്ക് യോഗം നിർദ്ദേശം നൽകി. കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എച്ച് ദിനേശ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് തുറമുഖ വികസനത്തിനുള്ള നടപടികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ നടപടികൾ ആസൂത്രണം ചെയ്തത്.

കപ്പൽചാൽ ആഴംകൂട്ടുന്നതിനുള്ള ഡ്രഡ്ജിങ്ങ് തുടങ്ങുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഴം നാല് മീറ്റർ ആക്കുന്നതിനുള്ള ഡ്രഡ്ജിങ്ങാണ് നടത്തുക. ഡ്രഡ്ജിങ്ങ് നടത്തുമ്പോൾ നാല് ലക്ഷം ക്യുബിക് മീറ്ററിലേറെ മണ്ണും മണലും നീക്കം ചെയ്യേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എത്രയും വേഗം ഇതിനാവശ്യമായ ടെണ്ടർ നടപടികൾ ആരംഭിക്കും. നേരത്തെ ശേഖരിച്ച് ഇവിടെ സൂക്ഷിച്ചിട്ടുള്ള മണൽ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ടെണ്ടർ എടുത്തവർക്ക് ഇതിനായുള്ള വർക്ക് ഓർഡർ അടുത്ത ദിവസം നൽകും. രണ്ടാഴ്ച കൊണ്ട് മണൽ നീക്കം ചെയ്യാനാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്‌പിഎസ്) യുടെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും മാനദണ്ഡപ്രകാരം സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കും. തുറമുഖത്തെ അതീവ സുരക്ഷാ മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവയാണ് ഒരുക്കേണ്ടത്. ചുറ്റുമതിൽ, തുറമുഖത്തേക്കും പുറത്തേക്കും പോകാൻ കാവൽ സംവിധാനത്തോടെയുള്ള വെവ്വേറെ ഗേറ്റുകൾ തുടങ്ങിയവ സ്ഥാപിക്കും.

പ്രവേശനം നിയന്ത്രിക്കുന്നതിന് പാസ് സംവിധാനം ഏർപ്പെടുത്തും. സിസിടിവി ക്യാമറകൾ, തുറമുഖ ബെർത്തിന്റെ 4 ചുറ്റും ലൈറ്റുകൾ, കണ്ടെയ്നറുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഗോഡൗൺ സൗകര്യം, കസ്റ്റംസ്, ഇമിഗ്രേഷൻ ഓഫിസിനുള്ള സൗകര്യം തുടങ്ങിയവയും ഇവിടെ ഏർപ്പെടുത്തും. ആയിരം ചതുരശ്ര മീറ്റർ വിസ്ത്രൃതിയിൽ ഒരു ഗോഡൗൺ ആണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. ഇതിന് നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കണ്ടെയ്നറുകളുടെ കസ്റ്റംസ് പരിശോധനക്ക് ആവശ്യമായ വരികയാണെങ്കിൽ ഉപയോഗിക്കുന്നതിനുള്ള റാമ്പ് സംവിധാനവും സജ്ജമാക്കേണ്ടതുണ്ട്.

അഴീക്കലിന് മേഖലാപോർട്ട് ഓഫീസ് പദവി അനുവദിച്ചത് നടപ്പിൽ വരുന്നതിനായി സർക്കാർ തലത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് കെ ജി നായർ, കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുത വാര്യർ, കസ്റ്റംസ് അസി. കമ്മീഷണർ ഇ വികാസ്, പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP