Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവോണം ബംപർ അടിച്ചത് തൃപ്പൂണിത്തുറ പനയ്ക്കൽ സ്വദേശിക്കെന്ന് സൂചന; മൂന്ന് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിന് ബംപർ? നാളെ രാവിലെ തൃപ്പൂണിത്തുറയിലെ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്നും സൂചനകൾ; കാണാമറയത്തുള്ള ആ 12 കോടിയുടെ ഭാഗ്യശാലിയെ തേടി കേരളം

തിരുവോണം ബംപർ അടിച്ചത് തൃപ്പൂണിത്തുറ പനയ്ക്കൽ സ്വദേശിക്കെന്ന് സൂചന; മൂന്ന് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിന് ബംപർ? നാളെ രാവിലെ തൃപ്പൂണിത്തുറയിലെ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്നും സൂചനകൾ; കാണാമറയത്തുള്ള ആ 12 കോടിയുടെ ഭാഗ്യശാലിയെ തേടി കേരളം

ആർ പീയൂഷ്

കൊച്ചി: തിരുവോണം ബംപർ 12 കോടി ലഭിച്ചത് തൃപ്പൂണിത്തുറ പനയ്ക്കൽ സ്വദേശിക്കെന്ന് സൂചന. ഇയാളും രണ്ടു സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പനയ്ക്കൽ സ്വദേശിയുമായി ബന്ധപ്പെട്ടപ്പോൾ സമ്മാനം ലഭിച്ചില്ല എന്നാണ് പറഞ്ഞത്. എന്നാൽ ഇയാളുടെ ബന്ധുക്കൾ ലോട്ടറി അടിച്ചോ ഇല്ലയോ എന്ന് നാളെ അറിയിക്കാമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഫലം വന്നതിന് ശേഷം തൃപ്പൂണിത്തുറ നഗരത്തിലുണ്ടായിരുന്ന ഇവർ പെട്ടെന്ന് അപ്രത്യക്ഷരായി. അതേ സമയം ഇവർ ലോട്ടറി ടിക്കറ്റ് നാളെ രാവിലെ തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോർപ്പറേറ്റ് ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്നും സൂചനയുണ്ട്. നാളെ രാവിലെയോട് കൂടി സമ്മാനം ലഭിച്ചവരെ അറിയാനാകും.

ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ സമ്മാനം ലഭിച്ചത് കായംകുളം സ്വദേശിക്കാണെന്ന് കാട്ടി സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് മീനാക്ഷി ലോട്ടറി ജീവനക്കാർ വ്യക്തമാക്കി.അതേ സമയം അഴീക്കൽ സ്വദേശിയായ വിജയൻ പിള്ള എന്നയാൾക്ക് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചു. ഇയാൾ കഴിഞ്ഞ 8 വർഷമായി തൃപ്പൂണിത്തുറയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്. ടിക്കറ്റുമായി ലോട്ടറി ഏജന്റിന് മുന്നിലെത്തി സമ്മാനം സ്ഥീരീകരിച്ച ശേഷം നാളെ ബാങ്കിന് കൈമാറുമെന്ന് വിജയൻ പിള്ള പറഞ്ഞു.

മീനാക്ഷി ലോട്ടറീസിന്റെ കരുനാഗപ്പള്ളി ബ്രാഞ്ചിൽ നിന്നും തൃപ്പൂണിത്തുറയിൽ വിൽപ്പനയ്ക്കെത്തിച്ച ലോട്ടറി ടിക്കറ്റുകളിൽ നിന്നാണ് ഒന്നാം സമ്മാനം നേടിയത്. 600 ന് അടുത്ത് ടിക്കറ്റുകളായിരുന്നു ഇവിടെ വിൽപ്പന നടത്തിയത്. അതിൽ 3 ദിവസം മുൻപ് വിൽപ്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചയാളെ തിരയുമ്പോഴും അവർ കാണാമറയത്ത് തന്നെയുണ്ട്. പനയ്ക്കൽ സ്വദേശിയുടെ വീട്ടിൽ മാധ്യമ പ്രവർത്തകർ എത്തിയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെയായിരുന്നു പെരുമാറ്റം. എന്നാൽ പിന്നീട് ഇവരുമായി അടുത്ത ബന്ധുക്കളോട് സംസാരിച്ചപ്പോൾ ലഭിച്ച ചില സൂചനകാളാണ് ബംമ്പർ സമ്മാനാർഹൻ ഇയാളായിരിക്കും എന്ന നിഗമനത്തിൽ എത്തി നിൽക്കുന്നത്. എന്നാൽ നാലെ രാവിലെയോടുകൂടി മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

ഫലം പുറത്ത് വന്നപ്പോൾ കരുനാഗപ്പള്ളി സ്വദേശിക്കാണെന്നായിരുന്നു ആദ്യ നിഗമനം. കാരണം ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിലെ മീനാക്ഷി ലോട്ടറി ഏജൻസീസ് വഴിയായിരുന്നു. പിന്നീടാണ് ഇവിടെ നിന്നും തൃപ്പൂണിത്തുറയിലെ ബ്രാഞ്ചിൽ എത്തിച്ച് വിൽപ്പന നടത്തിയ ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത് എന്ന വിവരം ലഭിക്കുന്നത്. ഫലം പുറത്ത് വന്നതോട് കൂടി തൃപ്പൂണിത്തുറ ബ്രാഞ്ചിൽ ജീവനക്കാർ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവച്ചു. മാധ്യമ പ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ വലിയ ജനക്കൂട്ടം ഇവിടെയുണ്ടായിരുന്നു.

സംസ്ഥാന സർക്കാറിന്റെ തിരുവോണം ബമ്പർ ബിആർ 81 ലോട്ടറിയുടെ നറുക്കെടുപ്പ് ഉച്ചയോടെയാണ് നടന്നത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. ടി.ഇ 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.

അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റപ്പോൾ വകുപ്പിന് കിട്ടിയത് 126 കോടി രൂപയാണ്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യിൽ ലഭിക്കുക.

രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP