Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശൈശവ വിവാഹവും ഇനി രജിസ്റ്റർ ചെയ്യണം; നിയമം ഭേദഗതി പാസാക്കി രാജസ്ഥാൻ സർക്കാർ; ബാല വിവാഹത്തിന് നിയമസാധൂകരണം നൽകുന്ന ബില്ലെന്ന് പ്രതിപക്ഷം; കറുത്ത അധ്യായം രചിച്ചെന്ന് ബിജെപി

ശൈശവ വിവാഹവും ഇനി രജിസ്റ്റർ ചെയ്യണം; നിയമം ഭേദഗതി പാസാക്കി രാജസ്ഥാൻ സർക്കാർ; ബാല വിവാഹത്തിന് നിയമസാധൂകരണം നൽകുന്ന ബില്ലെന്ന് പ്രതിപക്ഷം; കറുത്ത അധ്യായം രചിച്ചെന്ന് ബിജെപി

ന്യൂസ് ഡെസ്‌ക്‌

ജയ്പൂർ: രാജസ്ഥാനിൽ വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. ഇനിമുതൽ ശൈശവ വിവാഹങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച നിയമ ഭേദഗതി നിയമസഭ പാസാക്കി. വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണമന്നാണ് നിയമത്തിൽ പറയുന്നത്.

ശൈശവ വിവാഹത്തിന് നിയമസാധൂകരണം നൽകുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിൽ പാസ്സാക്കിയതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 2009ലെ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദഗതി ബിൽ വെള്ളിയാഴ്ച പാസ്സാക്കിയത്.

പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്‌ട്രേഷൻ ഓഫീസറെയും ബ്ലോക്ക് രജിസ്‌ട്രേഷൻ ഓഫിസറെയും നിയമിക്കും. നേരത്തെ വിവാഹ രജിസ്ട്രേഷന് ഡിഎംആർഒക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. വിവാഹസമയത്ത് പെൺകുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആൺകുട്ടിയുടെ പ്രായം 21 ൽ കുറവുമാണെങ്കിൽ, 30 ദിവസത്തിനുള്ളിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ രജിസ്‌ട്രേഷൻ ഓഫീസറെ അറിയിക്കണമെന്ന് ബില്ലിൽ പറയുന്നു. ശബ്ദ വോട്ടോടെയാണ് ബിൽ പാസായത്.



ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ വിവാഹം നടന്ന് 30 ദിവസത്തിനുള്ളിൽ അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ബന്ധപ്പെട്ട അധികൃതർക്ക് നൽകണമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ബിൽ പിൻവലിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു. ശൈശവ വിവാഹം രജിസ്റ്റർ ചെയ്യേണ്ട ആവശ്യകതയെയും ബിജെപി ചോദ്യം ചെയ്തു.

കറുത്ത ദിനമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. എന്നാൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിയെന്ന് സർക്കാർ വിശദീകരിച്ചു. നിയമസഭയുടെ ചരിത്രത്തിൽ ഈ ബിൽ കറുത്ത അധ്യായം രചിച്ചെന്ന് ബിജെപി എംഎൽഎ അശോക് ലഹോട്ടി പറഞ്ഞു.

'ഈ നിയമം ജനവിരുദ്ധമാണ്, ബാലവിവാഹത്തെ ന്യായീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനാണ് ആളുകൾ ശ്രമിക്കുന്നത്. വിവാഹം കഴിപ്പിക്കാൻ അല്ല. എന്നാൽ ഇത്തരത്തിൽ ബാലവിവാഹത്തെ ന്യായീകരിച്ചാൽ ഇതൊരു തെറ്റായ സന്ദേശം നൽകും' - സ്വതന്ത്ര എംഎൽഎ സന്യം ലോധ പറഞ്ഞു.

ശൈശവ വിവാഹം നിയമ സാധുതയുള്ളതാണെന്ന് ബില്ലിൽ ഒരിടത്തും പറയുന്നില്ലന്ന് രാജസ്ഥാൻ പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ വ്യക്തമാക്കി. ശൈശവ വിവാഹത്തിന് സാധുതയുണ്ടെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഈ ഭേദഗതിയിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല. വിവാഹ സർട്ടിഫിക്കറ്റ് നിയമപരമായ രേഖയാണ്. വിധവയായ ഒരാൾക്ക് ഈ രേഖയുടെ അഭാവത്തിൽ യാതൊരു സർക്കാൻ ആനുകൂല്യങ്ങളും ലഭിക്കില്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP