Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൻകിട പദ്ധതികളുമായി സർക്കാർ അതിവേഗം മുൻപോട്ട്; കണ്ണൂരിൽ കുടിയൊഴിപ്പിക്കപ്പെടുന്നത് ആയിരക്കണക്കിന് കുടുംബങ്ങൾ; വികസന വിരോധികളാകാൻ മടിച്ച് സമരത്തിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസും; അതിവേ-ജലപാതാ പദ്ധതികളിൽ സിപിഎമ്മിനുള്ളിലും മുറുമുറപ്പ്; വികസനത്തിന് പുതിയ വേഗം ഉറപ്പാക്കാൻ സർക്കാരും

വൻകിട പദ്ധതികളുമായി സർക്കാർ അതിവേഗം മുൻപോട്ട്; കണ്ണൂരിൽ കുടിയൊഴിപ്പിക്കപ്പെടുന്നത് ആയിരക്കണക്കിന് കുടുംബങ്ങൾ; വികസന വിരോധികളാകാൻ മടിച്ച് സമരത്തിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസും; അതിവേ-ജലപാതാ പദ്ധതികളിൽ സിപിഎമ്മിനുള്ളിലും മുറുമുറപ്പ്; വികസനത്തിന് പുതിയ വേഗം ഉറപ്പാക്കാൻ സർക്കാരും

അനീഷ് കുമാർ

കണ്ണൂർ: വൻകിട പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ കണ്ണൂരിൽ കുടിയിറക്കുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെ. കണ്ണൂർ ജില്ലയിൽ ദേശീയപാത ആറുവരി വികസനം,അതിവേഗ റെയിൽപാത, ജലപാത, തീരദേശ ഹൈവേ എന്നിവയുടെ നടപടികൾ അതിവേഗം പുരോഗമിക്കുമ്പോഴാണ് വ്യാപാരികളിലും ജനങ്ങളിലും ആശങ്ക ശക്തമാകുന്നത്.

എന്നാൽ ഈ വിഷയങ്ങളിൽ ജനകീയ പ്രതിഷേധം ഏറ്റെടുക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾ മടി കാണിക്കുകയാണ്. 'വികസന വിരുദ്ധർ എന്ന ലേബൽ ചാർത്തി കിട്ടുമോയെന്ന് ഭയന്നാണ് കോൺഗ്രസ് ജനങ്ങൾ മുൻകൈയെടുത്ത് നടത്തുന്ന സമരത്തിന് ഇറങ്ങാതിരിക്കുന്നത്. ബൈപാസുകളുടെ പ്രാരംഭ പ്രവർത്തനങ്ങളും ജലപാത, അതിവേഗ റെയിൽ (കെ - റെയിൽ) എന്നീ പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടികളും തുടങ്ങിയതോടെയാണ് ജില്ലയിൽ പല മേഖലകളിലും കുടിയിറക്കലിനെതിരെ പ്രതിഷേധവും ശക്തമാകുന്നത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കാലിക്കടവ് മുതൽ മാങ്ങാട് വരെയും മാങ്ങാട് മുതൽ മുഴപ്പിലങ്ങാട് വരെയും ആറു വരിയിൽ രണ്ട് ബൈപാസുകളാണ് നിർമ്മിക്കുന്നത്. മുഴപ്പിലങ്ങാട്-മാഹി ബൈപാസിന്റെ നിർമ്മാണ പ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീയപാത വികസനം നിർമ്മാണ കരാർ എടുത്ത കമ്പനികൾ ജില്ലയിലെ അതതു സ്ഥലങ്ങളിൽ ഓഫിസ് തുറന്ന് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

കേരള റെയിൽ വികസന കോർപറേഷന്റെ അതിവേഗ റെയിലിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് വേഗം വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഓഫിസ് തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 15 മുതൽ 20 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. തിരുവനന്തപുരം മുതൽ തിരൂർ വരെ പ്രത്യേക അലൈന്മെന്റും തിരൂർ മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽ പാളത്തിന് സമാന്തരമായിട്ടുമാണ് അതിവേഗ റെയിൽ പദ്ധതി എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ ചാലക്കുന്ന് മുതൽ ധർമടം വരെ നിലവിലുള്ള പാതയുടെ വളവ് അതിവേഗ റെയിലിന് പറ്റില്ലെന്നും ഇവിടെ നിലവിലെ പാതയിൽ നിന്ന് മാറി പ്രത്യേകം അലൈന്മെന്റ് വേണ്ടിവരും എന്നാണ് അധികൃതർ പറയുന്നത്. പദ്ധതിയുടെ സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്താൻ ഇക്യുഎംഎസ് ഇന്ത്യാ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 14 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അതിനിടെ വേഗ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്ന് കേന്ദ്ര സർക്കാർ ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. ഇത് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേഗം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാഹിവളപട്ടണം ജലപാത സർവേ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നാട്ടുകാർ കർമ്മ സമിതികൾ രൂപീകരിച്ച് സർവേ തടയുന്നുണ്ടെങ്കിലും കനത്ത പൊലീസ് കാവലിൽ സർവേ തുടരുന്നുണ്ട്. കടമ്പൂർ, ചാല, ആറ്റടപ്പ, കാപ്പാട് എന്നീ പ്രദേശങ്ങളിൽ സർവേ തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പദ്ധതി സർവേയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

നിലവിൽ നടക്കുന്ന ജലപാത സർവേ അന്തിമമല്ലെന്നും സാമൂഹിക ആഘാത പഠനം കൂടി നടത്തി റിപ്പോർട്ട് അനുകൂലമായാലേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നാണ് പ്രതിഷേധവുമായി എത്തിയ കർമ്മ സമിതി പ്രവർത്തകരോട് അധികൃതർ മറുപടി നൽകുന്നത്. എന്നാൽ അതിവേഗ റെയിൽ - ജലപാതാ പദ്ധതിക്കെതിരെ അതിശക്തമായ വികാരമാണ് സിപിഎം സമ്മേളനങ്ങളിൽ നിന്നടക്കം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP