Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2002ൽ പരമ്പര വെട്ടിച്ചുരുക്കി മടങ്ങിയത് കറാച്ചി സ്‌ഫോടനത്തിൽ ഭയന്ന്; രണ്ട് പതിറ്റാണ്ട് തികയവെ ആശങ്ക താലിബാൻ സാന്നിദ്ധ്യത്തിൽ; സുരക്ഷാ ഭീഷണിയുടെ പേരിൽ പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസിലൻഡ്; പിന്മാറ്റം ഏകദിന മത്സരത്തിന്റെ ടോസിനു തൊട്ടുമുൻപ്

2002ൽ പരമ്പര വെട്ടിച്ചുരുക്കി മടങ്ങിയത് കറാച്ചി സ്‌ഫോടനത്തിൽ ഭയന്ന്; രണ്ട് പതിറ്റാണ്ട് തികയവെ ആശങ്ക താലിബാൻ സാന്നിദ്ധ്യത്തിൽ; സുരക്ഷാ ഭീഷണിയുടെ പേരിൽ പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസിലൻഡ്; പിന്മാറ്റം ഏകദിന മത്സരത്തിന്റെ ടോസിനു തൊട്ടുമുൻപ്

സ്പോർട്സ് ഡെസ്ക്

റാവൽപിണ്ടി: സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറുന്നതായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. പാക്കിസ്ഥാൻ- ന്യൂസിലൻഡ് നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനം നടക്കാനിരിക്കെയാണ് പിന്മാറ്റം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരമ്പര.

റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരെ ഒന്നാം ഏകദിനത്തിന് ടോസ് ഇടാൻ മിനിറ്റുകൾ ശേഷിക്കെയാണ് ന്യൂസീലൻഡ് ടീം പരമ്പരയിൽനിന്ന് പിന്മാറിയത്. ന്യൂസീലൻഡ് സർക്കാർ നൽകിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിന്മാറ്റമെന്ന് കിവീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ന്യൂസീലൻഡ് താരങ്ങൾ എത്രയും വേഗം പാക്കിസ്ഥാൻ വിടുമെന്നും ബോർഡ് വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ന്യൂസീലൻഡ് താരങ്ങൾ പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയത്. ഇവിടെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് ന്യൂസീലൻഡ് കളിക്കേണ്ടിയിരുന്നത്. റാവൽപിണ്ടിയിലും ലഹോറിലുമായി ഇന്നു മുതൽ ഒക്ടോബർ മൂന്നു വരെ മത്സരങ്ങൾ നടത്താനായിരുന്നു പദ്ധതി.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ പാക് താലിബാനും കൂടുതൽ ശക്തി പ്രാപിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പാക്കിസ്ഥാനിലെ സുരക്ഷാ പ്രശ്‌നങ്ങൾ വീണ്ടം സജീവ ചർച്ചയാകുകയും ചെയ്തിരുന്നു. താരങ്ങളിൽ ചിലർ പാക്കിസ്ഥാനിലേ്ക്ക് പോകുന്നിൽ വിമുഖത പ്രകടിപ്പിച്ചിരുന്നു.

ടീമിന് തിരിച്ചെത്താനുള്ള എല്ലാം ക്രമീകരണങ്ങളും നടത്തിയതായി ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു. എന്നാൽ എല്ലാ ടീമുകൾക്കും ഒരുക്കുന്നത് പോലെ കനത്ത സുരക്ഷയാണ് കിവീസ് ടീമിനും നൽകിയിട്ടുള്ളതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസിലൻഡ് അധികൃതരുമായി സംസാരിക്കുകയും ചെയ്തു.

പരമ്പര മാറ്റി നിശ്ചയിക്കാനും പിസിബി തയ്യാറായിരുന്നു. എന്നാൽ പിന്മാറുകയാണെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി. പാക്കിസ്ഥാൻ ബോർഡിനെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെന്നും എന്നാൽ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

 

'ഇത്തരത്തിൽ പര്യടനം ഉപേക്ഷിക്കുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഏറ്റവും മികച്ച രീതിയിലാണ് അവർ ഞങ്ങളെ ഇവിടെ സ്വീകരിച്ചതും മത്സരങ്ങൾക്കായി വേദികളൊരുക്കിയതും. പക്ഷേ, താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാൽ പരമ്പരയിൽനിന്ന് പിന്മാറുക മാത്രമാണ് പോംവഴി' ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാനിൽ എന്തുതരം സുരക്ഷാ പ്രശ്‌നമാണ് ഉണ്ടായതെന്നതിനെക്കുറിച്ച് പ്രതികരിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയ ന്യൂസീലൻഡ് ടീം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് മത്സരം വൈകിച്ച് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്സരം ഇന്ന് മൂന്നു മണിക്ക് ആരംഭിക്കാനിരിക്കെ ന്യൂസീലൻഡ് താരങ്ങൾ കളത്തിലിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ന്യൂസീലൻഡ് ടീമിലെ താരങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പരമ്പര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലൻഡ് ബോർഡ് അറിയിച്ചു.



2002ൽ ന്യൂസീലൻഡ് പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങൾ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു പുറത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. തുടർന്ന് പര്യടനം വെട്ടിച്ചുരുക്കി അവർ നാട്ടിലേക്കു മടങ്ങി. 2003ൽ അഞ്ച് ഏകദിനങ്ങൾക്കായി അവർ ഇവിടെയെത്തിയെങ്കിലും അതിനുശേഷം സുരക്ഷാ കാരണങ്ങളാൽ ഇതുവരെ പാക്കിസ്ഥാനിലേക്ക് വന്നിട്ടില്ല.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ പാക്കിസ്ഥാനിലേക്കു പോകുന്നതിൽ ആശങ്കയറിയിച്ച് ഒരു വിഭാഗം ന്യൂസീലൻഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ പര്യടനങ്ങൾക്കായി പുറപ്പെടുന്നതിനു മുൻപേയാണ് പാക്കിസ്ഥാനിലേക്കു പോകുന്നതിൽ ഒരു വിഭാഗം താരങ്ങൾ ആശങ്കയറിയിച്ചത്. ബംഗ്ലാദേശ് പര്യടനത്തിന് താരങ്ങൾ തയാറായിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ അയൽരാജ്യമായ പാക്കിസ്ഥാനിലേക്കു പോകുന്നതിലാണ് ആശങ്ക അറിയിച്ചത്. തുടർന്ന് പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് കിവീസ് ടീം പര്യടനത്തിന് ഒരുങ്ങിയത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ജേതാക്കളായശേഷം വിശ്രമത്തിലായിരുന്നു ന്യൂസീലൻഡ് താരങ്ങൾ. ട്വന്റി20 ലോകകപ്പ് മുൻനിർത്തി അവസാന വട്ട ഒരുക്കത്തിന്റെ ഭാഗമായാണ് ബംഗ്ലാദേശ്, പാക്കിസ്ഥാൻ പര്യടനങ്ങൾ പ്ലാൻ ചെയ്തത്. ഇതുപ്രകാരം ബംഗ്ലാദേശ് പര്യടനം പൂർത്തിയാക്കിയാണ് പാക്കിസ്ഥാനിലെത്തിയത്.

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) യുഎഇയിൽ പുനരാരംഭിക്കുന്ന സാഹച്യത്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഉൾപ്പെടെയുള്ള ഏഴു പ്രധാന താരങ്ങൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ പര്യടനങ്ങളിൽ പങ്കെടുത്തിരുന്നില്ല.

18 വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ പര്യടനത്തിനായി എത്തിയത്. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ പര്യടനം നടത്താൻ പ്രധാന ടീമുകൾ വിസമ്മതിച്ചിരുന്നു. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനിൽ കളിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP