Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫ്ലൈനായി പരീക്ഷ നടത്താമെന്ന് ഉത്തരവ്; കേരളത്തിന്റെ ഹർജി അനുവദിച്ചത് ഏഴ് ലക്ഷം പേർ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ട്

പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫ്ലൈനായി പരീക്ഷ നടത്താമെന്ന് ഉത്തരവ്; കേരളത്തിന്റെ ഹർജി അനുവദിച്ചത് ഏഴ് ലക്ഷം പേർ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്‌ളൈനായി നടത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ ഉത്തരവ്.

ഏഴ് ലക്ഷം പേർ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹർജി അനുവദിച്ചത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ ഉറപ്പ് മുഖവിലയ്ക്കെടുത്താണ് ഓഫ്ലൈൻ പരീക്ഷയ്ക്ക് എതിരായ ഹർജികൾ കോടതി തള്ളിയത്.

'ഓഫ്ലൈൻ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുന്നത് തടയാൻ കഴിയും. മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ മാർക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. വീടുകളിൽ ഇരുന്നാണ് രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ മോഡൽ പരീക്ഷ എഴുതിയത്. എന്നാൽ ഓഫ്‌ളൈൻ ആയി പരീക്ഷ നടത്തുമ്പോൾ അദ്ധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന്' സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണയത്തിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിൽ മാർക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശന യോഗ്യത കണക്കാക്കാൻ പ്ലസ് വൺ പരീക്ഷ മാർക്ക് പ്ലസ് ടു പരീക്ഷ മാർക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് വിജയിക്കണമെങ്കിൽ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്‌ളൈനായി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർത്ഥികൾക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

ജൂലായിൽ സാങ്കേതിക സർവകലാശാലയിലെ ബിടെക് പരീക്ഷ ഓഫ്‌ളൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ പരീക്ഷ എഴുതിയിരുന്നു. ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവുമായി ഓഫ്ലൈനായി നടത്തിയ ജെഇഇ മെയിൻ പരീക്ഷ ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികളാണ് എഴുതിയത്. ഇതേ രീതിയിൽ പ്ലസ് വൺ പരീക്ഷയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓഫ്‌ളൈനായി നടത്താം എന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ കേരളം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയിരുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പമായിരുന്നു പ്ലസ് വൺ പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നതിനാലാണ് പരീക്ഷകൾ ഒരുമിച്ച് നടത്താൻ കഴിയാതിരുന്നതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP