Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബ കലഹത്തിനിടെ ഭാര്യ കത്തേറ്റ് മരിച്ചു; വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയായ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ: ചന്ദ്രൻ ഭാര്യയെ കുത്തിപ്പരുക്കേൽപ്പിച്ചത് നിരവധി തവണ

കുടുംബ കലഹത്തിനിടെ ഭാര്യ കത്തേറ്റ് മരിച്ചു; വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയായ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ: ചന്ദ്രൻ ഭാര്യയെ കുത്തിപ്പരുക്കേൽപ്പിച്ചത് നിരവധി തവണ

മറുനാടൻ മലയാളി ബ്യൂറോ

കടുത്തുരുത്തി: കുടുംബകലഹത്തെത്തുടർന്ന് ഭർത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയാംകുടി നാലുസെന്റ് കോളനിയിൽ ഇല്ലിപ്പടിക്കൽ രത്‌നമ്മയാണ് (57) ഭർത്താവ് ചന്ദ്രന്റെ കുത്തേറ്റു മരിച്ചത്. റിട്ട. കെഎസ്ആർടിസി ജീവനക്കാരനായ ചന്ദ്രനെ(69) വിഷം ഉള്ളിൽ ചെന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.

ആയാംകുടി നാലുസെന്റ് കോളനിയിലെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെയാണ് സംഭവം. ചന്ദ്രനും ഭാര്യ രത്‌നമ്മയും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ പറഞ്ഞ് വഴക്കുണ്ടായി. വീട്ടിലുണ്ടായിരുന്ന ഇളയ മകൾ അരുണിമ ഇരുവരെയും സമാധാനിപ്പിച്ചു. വഴക്ക് അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് അരുണിമ സമീപത്തുള്ള വീട്ടിലേക്കു പോയ സമയം വീടിനുള്ളിൽ കടന്ന ചന്ദ്രൻ മുറി പൂട്ടിയ ശേഷം ഭാര്യ രത്‌നമ്മയെ കത്തി ഉപയോഗിച്ച് പല തവണ കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കുത്തേറ്റ് രത്‌നമ്മ നിലവിളിച്ചതോടെ ഓടിയെത്തിയ അരുണിമ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും മുറി പൂട്ടിയിരുന്നതിനാൽ ഉള്ളിലേക്കു കടക്കാനായില്ല. തുടർന്ന് നാട്ടുകാർ ജനലിന്റെ ചില്ലു തകർത്തതോടെ, കുത്തേറ്റ് കട്ടിലിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ രത്‌നമ്മയെ കണ്ടെത്തി. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന നാട്ടുകാർ ചന്ദ്രനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. പൊലീസ് സംഘമാണ് രത്‌നമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രത്‌നമ്മ മരിച്ച നിലയിൽ ആയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

വിഷം കഴിച്ച് അബോധാവസ്ഥയിലായ ചന്ദ്രനെ ആദ്യം മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചന്ദ്രന്റെ നില ഗുരുതരമാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, വൈക്കം ഡിവൈഎസ്‌പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസ്, എസ്‌ഐ ബിബിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ചന്ദ്രൻ വിഷം കഴിക്കാൻ ഉപയോഗിച്ച കുപ്പിയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തു. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്ന് പൊലീസും വിരലടയാള വിദഗ്ധരും വീട്ടിൽ വിശദമായ പരിശോധന നടത്തും. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP