Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാതോലിക്കാ ബാവാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക സിനഡ് ഇന്ന് മുതൽ; ലക്ഷ്യമിടുന്നത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അഭിപ്രായ സമന്വയം; അന്തിമ തീരുമാനം ഒക്ടോബർ 14ലെ മലങ്കര അസോസിയേഷൻ യോഗത്തിൽ

കാതോലിക്കാ ബാവാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക സിനഡ് ഇന്ന് മുതൽ; ലക്ഷ്യമിടുന്നത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അഭിപ്രായ സമന്വയം; അന്തിമ തീരുമാനം  ഒക്ടോബർ 14ലെ മലങ്കര അസോസിയേഷൻ യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷൻ യോഗത്തിനു മുന്നോടിയായി സഭയുടെ എപ്പിസ്‌കോപ്പൽ സിനഡും മാനേജിങ് കമ്മിറ്റിയും ഇന്നും നാളെയുമായി ചേരും. സഭയുടെ അടുത്ത പരമാധ്യക്ഷൻ ആരെന്നതിൽ അഭിപ്രായ സമന്വയം തേടുന്നതിനാണ് എപ്പിസ്‌കോപ്പൽ സിനഡ് ചേരുന്നത്. അതിനാൽ ഇന്നത്തെ സിനഡ് നിർണായകമാണ്. സിനഡിൽ അഭിപ്രായ സമന്വയം സാധ്യമായില്ലെങ്കിൽ വോട്ടെടുപ്പു നടത്തും. പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ അധ്യക്ഷൻ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമീസ് സിനഡിൽ അധ്യക്ഷത വഹിക്കും.

സഭാ ആസ്ഥാനമായ ദേവലോകത്ത് ഇന്നു ചേരുന്ന സിനഡിൽ സഭയിലെ 24 മെത്രാപ്പൊലീത്തമാർ പങ്കെടുക്കും.നിലവിലെ മെത്രാപ്പൊലീത്തമാരിൽ നിന്നു സഭാതലവനായി ഒരാളുടെ പേര് സിനഡ് നിർദേശിച്ചേക്കും. ഒക്ടോബർ 14ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗം സിനഡ് നിർദ്ദേശം അംഗീകരിച്ചാൽ അദ്ദേഹത്തെ അടുത്ത കാതോലിക്കാ ബാവായും മലങ്കര മെത്രാപ്പൊലീത്തയുമായി അവരോധിക്കും.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തതോടെയാണു പുതിയ കാതോലിക്കാ ബാവായെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. സിനഡിന്റെ നിർദേശമില്ലെങ്കിലും 30 മലങ്കര അസോസിയേഷൻ അംഗങ്ങളുടെ പിന്തുണയുള്ള മെത്രാപ്പൊലീത്തയ്ക്കു നാമനിർദേശ പത്രിക നൽകാം. സഭയുടെ വിവിധ പള്ളികളിൽ നിന്നുള്ള നാലായിരത്തിലേറെ അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നതെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു.

വോട്ടെടുപ്പു വേണ്ടിവന്നാൽ സാധുവായ വോട്ടിൽ പകുതിയിൽ കൂടുതൽ ലഭിക്കുന്ന മെത്രാപ്പൊലീത്ത വിജയിക്കും. പള്ളികളിൽ നിന്നുള്ള വൈദിക പ്രതിനിധി, അൽമായരുടെ പ്രതിനിധി എന്നിവർക്കാണ് വോട്ടവകാശം.പള്ളികളുടെ അംഗബലം അനുസരിച്ച് ഒന്നു മുതൽ 10 വരെ അൽമായ പ്രതിനിധികൾ അസോസിയേഷനിലുണ്ട്. പരുമലയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓൺലൈനിലൂടെയാണ് മലങ്കര അസോസിയേഷൻ യോഗം നടത്തുക.

യുഎസ് സർക്കാരിൽ ഓഫിസ് ഓഫ് ഗവ.വൈഡ് പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. അലക്‌സാണ്ടർ ജെ. കുര്യനെ വരണാധികാരിയായി നിയമിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP