Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

30 വർഷത്തെ നരകജീവിതത്തിന് അൽപം വെളിച്ചവും ആശ്വാസവും; പാലാരിവട്ടത്തെ സഹോദരിമാർക്ക് കെ എസ് ഇ ബിയുടെ സൗജന്യ വൈദ്യുതി; അടിയന്തര ഇടപെടൽ മറുനാടൻ വാർത്തയെ തുടർന്ന്; വീടും പരിസരവും ശുചിയാക്കി നഗരസഭ; റേഷൻ കാർഡ് അനുവദിക്കാൻ സപ്ലൈകോ; വെളിച്ചം വരുന്ന സന്തോഷത്തിൽ സീതയും കുഞ്ഞുമണിയും

30 വർഷത്തെ നരകജീവിതത്തിന് അൽപം വെളിച്ചവും ആശ്വാസവും; പാലാരിവട്ടത്തെ സഹോദരിമാർക്ക് കെ എസ് ഇ ബിയുടെ സൗജന്യ വൈദ്യുതി;  അടിയന്തര ഇടപെടൽ മറുനാടൻ വാർത്തയെ തുടർന്ന്; വീടും പരിസരവും ശുചിയാക്കി നഗരസഭ; റേഷൻ കാർഡ് അനുവദിക്കാൻ സപ്ലൈകോ; വെളിച്ചം വരുന്ന സന്തോഷത്തിൽ സീതയും കുഞ്ഞുമണിയും

ആർ പീയൂഷ്

കൊച്ചി: 30 വർഷമായി വൈദ്യുതിയില്ലാതെ ഇരുട്ടിൽ കഴിഞ്ഞ സഹോദരിമാർക്ക് ഒടുവിൽ കെ.എസ്.ഇ.ബി സൗജന്യമായി വൈദ്യുതി നൽകി. പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ തെക്കേകാത്തുള്ളി വീട്ടിൽ സീതയും ഭിന്നശേഷിക്കാരിയായ സഹോദരി കുഞ്ഞുമണിയും ഇരുളിൽ കഴിയുകയാണെന്ന വാർത്ത മറുനാടൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ടതിന് പിന്നാലെയാണ് കെ.എസ്.ഇ.ബിയുടെ അടിയന്തര ഇടപെടലുണ്ടായത്. കലൂർ സെക്ഷൻ അസി.എഞ്ചിനീയർ എ.കെ അജികുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. പിന്നീട് കെ.എസ്.ഇ.ബിയുടെ സ്വന്തം ചെലവിൽ ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി. നാളെ രാവിലെ വൈദ്യുതി കണക്ഷൻ നൽകാനാണ് തീരുമാനം.

വൈദ്യുതി ഇല്ലാത്ത കുടുംബത്തെപറ്റി ബോർഡിന് അറിവില്ലായിരുന്നു എന്ന് അസി.എഞ്ചിനീയർ എ.കെ അജികുമാർ മറുനാടനോട് പറഞ്ഞു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. വേലു എന്നയാളുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് കണക്ഷൻ ഉണ്ടായിരുന്നതായി അറിഞ്ഞു. പക്ഷേ രേഖകളിൽ കാണാൻ കഴിഞ്ഞിട്ടില്ല. വാർദ്ധക്യത്തിലെത്തിയ രണ്ടു പേരുടെയും നിസഹായാവസ്ഥ മനസ്സിലാക്കി നോൺ പെയ്ബബിൽ സ്‌കീമിലാണ് കണക്ഷൻ നൽകുന്നത്. അസി.എഞ്ചിനായർ പറഞ്ഞു.

സബ് എഞ്ചിനീയർ ദിനേശും, ഓവർ സിയർ എസ്.എ ഫിതറിന്റെയും നേതൃത്വത്തിലാണ് ഇലക്ട്രിക്കൽ ജോലികൾ വൈകുന്നേരത്തോടെ പൂർത്തീകരിച്ചത്. ഇതിന് പിന്നാലെ എറണാകുളം എംപി ഹൈബി ഈഡൻ സീതയെയും കുഞ്ഞുമണിയെയും സന്ദർശിച്ചു. മരുന്നു മുതൽ ഫാനും വീട്ടിലേയ്ക്കു വീട്ടിലേയ്ക്കു വേണ്ട ഏതാണ്ട് എല്ലാ സാധന സാമഗ്രികളും വാഗ്ദാനം ചെയ്തു. കൂടാതെ വൈദ്യുതി കണക്ഷൻ സൗജന്യ പരിധി കഴിഞ്ഞ് ഉപയോഗിക്കുകയാണെങ്കിൽ തുക കൃത്യമായി താൻ തന്നെ അടക്കുമെന്നും ഹൈബി പറഞ്ഞു. അറിഞ്ഞില്ല എന്നതുകൊണ്ടു മാത്രമാണ് ഇതുവരെയും ഇവിടെ വന്നു വേണ്ടതു ചെയ്തു കൊടുക്കാൻ സാധിക്കാതെ പോയത് എന്നദ്ദേഹം തുറന്നു സമ്മതിച്ചു. ഞങ്ങൾ ഇവിടെയുണ്ട്, എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണം. ഇരുവർക്കും മൊബൈൽ നമ്പർ കുറിച്ചു നൽകിയ ശേഷമാണ് അദ്ദേഹം തിരികെ പോയത്.

അതേ സമയം വാർത്ത പുറത്ത് വന്നതിന് പിന്നാലെ നഗരസഭ വൃത്തിഹീനമായി കിടന്ന വീടും പരിസരവും ശുചിയാക്കി. റേഷൻ കാർഡ് അനുവദിക്കുന്നതിനായി സപ്ലൈകോ ഉദ്യോഗസ്ഥരും വീട്ടിലെത്തി. സുമനസ്സുകൾ വീട് സന്ദർശിച്ച് ആഹാരം പാകം ചെയ്യാനുള്ള സാധന സാമഗ്രികൾ നൽകി. മറുനാടൻ പ്രേക്ഷകർ വാർത്ത വന്ന് ഇന്ന് രാവിലെ വരെ ഒരു ലക്ഷത്തിലധികം രൂപ സഹായമായി നൽകി. നാളെ വെളിച്ചം വരുന്നതിന്റെ സന്തോഷത്തിലാണ് സീതയും കുഞ്ഞുമണിയും. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സീത പറഞ്ഞു. കൂടാതെ കെ.എസ്.ഇ.ബി അധികൃതരുടെ നല്ല മനസ്സിന് പ്രാർത്ഥനയോടെ കൈ കൂപ്പുകയും ചെയ്തു.

പാലാരിവട്ടം നോർത്ത് ജനതാ റോഡിലെ കണ്ണായ സ്ഥലത്താണ് ആരുടെയും തുണയില്ലാതെ 48 കാരിയായ സീതയും ഭിന്നശേഷിക്കാരിയായ 40 വയസ്സുള്ള സഹോദരി കുഞ്ഞുമണിയും നരക ജീവിതം നയിച്ചത്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഓടിട്ട വീട്. പലയിടത്തും ഓട് പൊട്ടിയിരിക്കുന്നതിനാൽ മഴവെള്ളം അകത്തേക്ക് വീഴും. അടച്ചുറപ്പില്ലാത്ത വീടിന്റെ വാതിലുകൾ ഇളകി വീഴാതിരിക്കാനായി പലകക്ഷ്ണങ്ങൾ പെറുക്കി വച്ചും കയറുകെട്ടിയും നിർത്തിയിരിക്കുന്നു. നരക ജീവിതത്തെ വെല്ലും ഇവരുടെ ജീവിതത്തിന്റെ നേർക്കാഴ്ച ചികയുമ്പോൾ.

ഒരുകാലത്ത് അറിയപ്പെടുന്ന കുടുംബമായിരുന്നു ഇവരുടേത്. അച്ഛൻ വേലു ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു. അമ്മ കൗസല്യ. 7 മക്കളായിരുന്നു ഇവർക്ക്. 4 ആണും 3 പെണ്ണും. നഗരത്തിന്റെ ഹൃദയഭാഗത്ത് കൈനിറയെ സ്വത്തും സമ്പാദ്യവുമായി കഴിഞ്ഞിരുന്ന കുടുംബം. ജോലിയിലിരിക്കുമ്പോൾ പിതാവ് മരിച്ചതോടെ മൂത്ത സഹോദരിക്ക് പിന്നീട് ജോലി ലഭിച്ചു. ഇതിനിടെ സമ്പത്തുകൾ ക്ഷയിച്ചു തുടങ്ങി. മൂത്ത സഹോദരി വിവാഹം കഴിച്ചു. നല്ല പ്രായത്തിൽ സീതക്ക് വിവാഹാലോചന വന്നപ്പോൾ മൂത്ത സഹോദരി സമ്മതിച്ചില്ല. ഭിന്നശേഷിക്കാരിയായ സഹോദരിയുടെ കാര്യങ്ങൾ ആരു നോക്കും എന്നായിരുന്നു അവർ തടസം പറഞ്ഞ കാര്യം. അതോടെ വിവാഹ പ്രായം കഴിഞ്ഞു പോയി.

സഹോദരങ്ങളെല്ലാം പല വഴിക്ക് പോയതോടെ സീതയും കുഞ്ഞുമണിയും മാത്രമായി വീട്ടിൽ. സ്വത്തുക്കൾ വിറ്റുപോയ ശേഷം ഇപ്പൾ ബാക്കിയുള്ള ആറര സെന്റിലാണ് താമസം. എന്നാൽ സ്ഥലത്തിന്റെ മുൻപ്രമാണം നഷ്ടപ്പെട്ടു പോയി. നിത്യവൃത്തിക്കായി അടുത്തുള്ള ബ്യൂട്ടീ പാർലറിൽ ജോലിക്ക് പോയെങ്കിലും ഭിന്നശേഷിക്കാരിയായ സഹോദരി വീട്ടിൽ തനിച്ചാകുമ്പോൾ പല സ്ഥലങ്ങളിലേക്കും മറ്റും ഇറങ്ങി പോകാൻ തുടങ്ങി. കൂടാതെ സാമൂഹിക വരുദ്ധരുടെ ശല്യവും. അതോടെ ജോലി നിർത്തി. പിന്നീട് അടുത്തുള്ള പള്ളിയിൽ നിന്നും കിട്ടുന്ന ഭക്ഷണമായി ജീവൻ നിലനിർത്താനുള്ള ഏക ആശ്രയം. ഇരുവരുടെയും നിസ്സഹായവസ്ഥ അറിഞ്ഞ് സുമനസ്സുകൾ ചെറിയ സഹായവും ചെയ്തു നൽകുന്നുണ്ട്. എന്നാൽ ഇവർക്ക് ആ സഹായം മാത്രം കൊണ്ട് ജീവിക്കാൻ കഴിയില്ല. സ്വന്തമായി റേഷൻ കാർഡില്ല. പെൻഷനും ഇല്ല. ഇാ വാർത്ത പുറത്ത് വന്നതോടെയാണ് ഇപ്പോൾ സഹായവുമായി എല്ലാവരും എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP