Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ഓഡിറ്റഡ് പൊതുവിടം പദ്ധതി മാതൃകയാക്കണം : ടൂറിസം മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കോവിഡ് കാലത്ത് ആർക്കും സുരക്ഷിതരായി ആശങ്കയില്ലാതെ സന്ദർശിക്കാവുന്ന പൊതുവിടങ്ങൾ എന്നത് ആവശ്യമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡും ടൂറിസവും തമ്മിലുള്ള യുദ്ധത്തിൽ ടൂറിസം തോറ്റു പിന്മാറാൻ തയാറല്ല. കോവിഡിന്റെ വെല്ലുവിളിക്ക് ഇടയിലും മാതൃകയാക്കാവുന്ന നിരവധി പദ്ധതികൾ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇൻ-കാർ ഡൈനിങ്, ബയോബബിൾ ടൂറിസം, വാക്‌സിനേഷൻ ഡെസ്റ്റിനേഷനുകൾ എന്നിങ്ങനെ നിരവധി നൂതന പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. ഈ തലത്തിലേക്ക് എത്തുന്ന പുതിയ പദ്ധതിയാണ് കോവളം വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റസ് വില്ലേജ് ആവിഷ്‌കരിച്ച കോവിഡ് ഓഡിറ്റഡ് പൊതുവിടം എന്നത്. ഇത് മറ്റിടങ്ങൾക്കും മാതൃകയാക്കാവുന്ന ഒരു പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രാഫ്റ്റ്‌സ് വില്ലേജിനെ ലോകത്തെ ആദ്യത്തെ കോവിഡ് ഓഡിറ്റഡ് പൊതുവിടമാകാനുള്ള പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനത്തോടനുബന്ധിച്ച് ടൂറിസം, കലാ മേഖലകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കോവളം എംഎ‍ൽഎ. എം. വിൻസെന്റ്, ടൂറിസം അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡോക്റ്റർമാരായ എസ്.എസ്. സന്തോഷ്, ജി. അജിത്, സാംസ്കാരികരംഗത്തുനിന്നുള്ള മേതിൽ ദേവിക, ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുത്തു.

ക്യാമ്പസാകെ കോവിഡ് ഓഡിറ്റ് നടത്തി കോവിഡ് മുക്തമാണെന്ന് ഉറപ്പാക്കി സുരക്ഷാക്രമീകരണങ്ങളോടെ സന്ദർശകരെ വരവേല്ക്കാൻ ക്രാഫ്റ്റ്‌സ് വില്ലേജിനെ സജ്ജമാക്കാനുള്ളതാണു പദ്ധതി. സന്ദർശകർക്കു ബാധകമാകുന്ന നിബന്ധനകളും ഇതിന്റെ ഭാഗമായി നിശ്ചയിക്കും. ക്രാഫ്റ്റ് വില്ലേജ് ജീവനക്കാർക്കും നിബന്ധനകൾ നടപ്പാക്കും.

വാക്‌സിനേഷൻ പൂർണ്ണതയിലേക്കു നീങ്ങുകയും കോവിഡ് ഒഴിഞ്ഞുപോയേക്കാമെന്ന പ്രതീക്ഷ ഉണരുകയും കോവിഡിനൊപ്പം ജീവിക്കാൻ മനുഷ്യർ സന്നദ്ധരാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടൂറിസം രംഗത്തിനു ബാധകമായതും പൊതുവിൽ ഉള്ളതുമായ സർക്കാരിന്റെ അതതു സമയത്തെ കോവിഡ് പ്രോട്ടോക്കോളുകൾക്ക് അനുസരിച്ചാണ് ഓഡിറ്റിങ്ങും സുരക്ഷാക്രമീകരണങ്ങളും നടപ്പാക്കുന്നത്.

നിപ്പയെ ആദ്യം തിരിച്ചറിഞ്ഞതിലൂടെ ശ്രദ്ധേയനായ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ഡോ.എ.എസ് അനൂപ് കുമാർ, യുദ്ധഭൂമികളിൽ സേവനത്തിനായി പോകുകയും മഹാരാഷ്ട്രയിലെയും കാസർകോട്ടെയും കോവിഡ് നിയന്ത്രണയത്‌നങ്ങൾക്കു നേതൃത്വം കൊടുക്കുകയും ചെയ്ത അനുഭവസമ്പത്തുള്ള തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാർ, ചിത്രകാരനും സാംസ്‌കാരികസംഘാടകനുമായ ഡോ. ജി. അജിത്, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെസ്റ്റിങ് ലാബായ കോഴിക്കോട് മാറ്റർ ലാബിന്റെ അസി. ജനറൽ മാനേജർ ഫ്രെഡി സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് വില്ലേജിൽ പരിശോധന നടത്തി പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP