Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പ്രയോഗം തന്നെ ഉന്നംവെച്ച്; സല്യൂട്ടല്ല പ്രശ്‌നം; അസുഖം വേറെയാണ്'; പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെയെന്നും സുരേഷ് ഗോപി; 'പൊലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് സിനിമ സ്‌റ്റൈൽ'; അത് ഇവിടെയിറക്കണ്ടെന്ന് റിട്ട.എസ്‌പി ജോർജ് ജോസഫ്

'സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പ്രയോഗം തന്നെ ഉന്നംവെച്ച്; സല്യൂട്ടല്ല പ്രശ്‌നം; അസുഖം വേറെയാണ്'; പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെയെന്നും സുരേഷ് ഗോപി; 'പൊലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് സിനിമ സ്‌റ്റൈൽ'; അത് ഇവിടെയിറക്കണ്ടെന്ന് റിട്ട.എസ്‌പി ജോർജ് ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെ ഒല്ലൂർ എസ്‌ഐയെ വാഹനത്തിൽ നിന്ന് വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഇവിടെ സല്യൂട്ടല്ല പ്രശ്‌നം. ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. അതിന് ചികിത്സയില്ല. പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

'സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതു തനിയെ ചികിത്സിച്ചാ മതി. വളരെ സൗമ്യമായാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. സാർ എന്ന് വിളിച്ചാണ് സംസാരിച്ചത്. വണ്ടി കൊണ്ടുവന്ന് എന്റെ മുൻപിലിട്ട് അതിലിരുന്നു. പൊലീസ് വണ്ടിയാണെന്ന് മനസ്സിലായില്ല. ഫോറസ്റ്റിന്റെ വണ്ടിയാണെന്നാണ് ഞാൻ കരുതിയത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ മരം വെട്ടിയിട്ടത് മാറ്റാൻ പറയാനായി വണ്ടിയിലുള്ളവരെ വിളിക്കാൻ ഞാൻ പറഞ്ഞു. അപ്പോഴാണ് ഒല്ലൂർ പൊലീസിന്റെ വണ്ടിയാണെന്ന് മനസ്സിലായത്. എസ്‌ഐയോ സിഐയോ ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു. ഇത്രയും നേരം വണ്ടിയിലിരുന്നിട്ട് എസ്‌ഐ ഇറങ്ങിവന്നപ്പോൾ ഞാൻ പറഞ്ഞു.. ഞാൻ എംപിയാണ്, എനിക്ക് സല്യൂട്ടിന് അർഹതയുണ്ട്. സൗമ്യമായാണ് ഞാൻ പറഞ്ഞത്. അദ്ദേഹം സല്യൂട്ട് ചെയ്തു, ഞാൻ തിരിച്ചും. അതിലെന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ രാജ്യസഭാ ചെയർമാനെ അറിയിക്കൂ. അദ്ദേഹമാണെന്റെ ലീഡർ' സുരേഷ് ഗോപി വ്യക്തമാക്കി.

എംപിക്കും എംഎൽഎക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്ന പൊലീസ് അസോസിയേഷന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ കാക്കിയിട്ടയാൾ ആരെയും സല്യൂട്ട് ചെയ്യേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവൻ അവന്റെ ജോലി കൃത്യമായി ചെയ്താൽ മതി.

അത് ബ്രിട്ടീഷുകാരുടെ സമ്പ്രദായമാണ്. നാട്ടിലിങ്ങനെയൊരു സമ്പ്രദായമുണ്ടെങ്കിൽ പാലിക്കപ്പെടണം. സല്യൂട്ടല്ല പ്രശ്‌നം. അത്രയും നേരം എന്റെ മുൻപിലൊരു വണ്ടി കൊണ്ടുവന്നിട്ടിട്ട് അതിൽ തന്നെ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ സാമാന്യ മര്യാദയില്ലേ? താൻ ക്ഷോഭിച്ചില്ലല്ലോ. സൗമ്യമായിട്ടല്ലേ പറഞ്ഞത്? അതിലെന്താ തെറ്റെന്നും സുരേഷ് ഗോപി ചോദിച്ചു.

അതേ സമയം പൊലീസിനെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച രാജ്യസഭാ എംപി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി റിട്ട.എസ്‌പി ജോർജ് ജോസഫ് രംഗത്തെത്തി. ഇത് സിനിമ സ്‌റ്റൈലാണെന്നും ഇവിടെ അതുവേണ്ടെന്നും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ലെന്നും ജോർജ് ജോസഫ് പ്രതികരിച്ചു. പൊതുജനങ്ങളുടെ മുമ്പിൽ ആളാവാനുള്ള ശ്രമം നിയമവിരുദ്ധമായി മാത്രമേ കാണാൻ കഴിയൂ . പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്നതിന് തുല്യമാണ് തൃശൂരിൽ നടന്ന സംഭവം . സല്യൂട്ട് ചോദിച്ചു വാങ്ങിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

പൊലീസിലെ ഉദ്യോഗസ്ഥർ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്കാണ് സല്യൂട്ട് നൽകേണ്ടത്. അല്ലാതെ ജനപ്രതിനിധികൾക്ക് സല്യൂട്ട് കൊടുക്കുന്നത് പൊലീസിലെ അച്ചടക്കത്തിന്റെ ഭാഗമല്ലെന്നും ജോർജ് ജോസഫ് പറഞ്ഞു. സല്യൂട്ട് കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ ചോദിച്ചു വാങ്ങരുത്. സല്യൂട്ട് ചോദിച്ചപ്പോൾ എസ്‌ഐ സല്യൂട്ട് കൊടുക്കാൻ പാടില്ലായിരുന്നു. വേണമെങ്കിൽ എസ്‌ഐക്ക് പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ടെന്നും ജോർജ് ജോസഫ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP