Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാലാ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്ന മതേതരവാദികളുടെ പ്രകടനം അത്യന്തം അരോചകം; ഇസ്ലാമിസ്റ്റുകളുടെ പ്രകടനം പ്രതികരണം പോലും അർഹിക്കുന്നില്ല; കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല; വെള്ളാശേരി ജോസഫ് എഴുതുന്നു

പാലാ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്ന മതേതരവാദികളുടെ പ്രകടനം അത്യന്തം അരോചകം; ഇസ്ലാമിസ്റ്റുകളുടെ പ്രകടനം പ്രതികരണം പോലും അർഹിക്കുന്നില്ല; കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല; വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

ല്ലറങ്ങാട്ട് ബിഷപ്പിന്റ്റെ പ്രസംഗവും അതിനെ തുടർന്നുള്ള പ്രതികരണങ്ങളും ആണല്ലോ കഴിഞ്ഞ കുറെ ദിവസങ്ങളായി മലയാളികൾക്കിടയിലുള്ള ചൂടുള്ള ചർച്ചാ വിഷയം. ആദ്യമേ പറയട്ടെ, ഉത്തരവാദിത്ത്വമുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ കുറച്ചുകൂടി പക്വതയോടെ സംസാരിക്കണമായിരുന്നു. പക്ഷെ കല്ലറങ്ങാട്ട് ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്ന കേരളത്തിലെ മതേതരവാദികളുടെ പ്രകടനം അത്യന്തം അരോചകമാണ്; തീർത്തും പരിഹാസ്യവുമാണ്. ഇസ്ലാമിസ്റ്റുകളുടെ ഇക്കാര്യത്തിലുള്ള പ്രകടനം പ്രതികരണം പോലും അർഹിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.

'കേരളത്തിലെ മത സൗഹാർദം തകർന്നേ' എന്നാണ് ചില മതേതരവാദികളുടെ ഇപ്പോഴത്തെ നിലവിളി. ഞായറാഴ്ച കുർബാന കഴിഞ്ഞു വന്ന ആളിന്റ്റെ കയ്യും കാലും വെട്ടി വിപരീത ദിശയിൽ എറിഞ്ഞപ്പോൾ മത സൗഹാർദത്തെ കുറിച്ച് ഇവർക്കൊക്കെ ഓർമ ഉണ്ടായിരുന്നില്ല. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഇസ്ലാമിസ്റ്റുകൾ മറിച്ചിട്ടപ്പോഴും അത് മത സൗഹാർദത്തെ ബാധിക്കുമെന്ന് ആരും ഓർത്തില്ല. ഒരു പ്രോകോപനവുമില്ലാതെയാണ് തോടുപുഴ ന്യൂമാൻസ് കോളേജിന് അടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലെ നാൽക്കവലയിൽ ക്ഷേത്രക്കാർ നട്ടുവളർത്തിയിരുന്ന ആലിനു ചേർന്നു സ്ഥാപിച്ചിരുന്ന ഗരുഡപ്രതിമ മറിച്ചിട്ടത്. അതൊക്കെ ചെയ്തവരെ മലയാളികൾക്ക് നല്ലതുപോലെ അറിയാം. ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. കാരണം ചിലർക്ക് മതേതരത്വമെന്നാൽ ഒരു പ്രത്യേക മതത്തിലെ തീവ്രവാദികളെ പ്രീണിപ്പിക്കൽ മാത്രമാണ്.

അൽ-ഖൊയ്ദ പോലെയോ, ഇസ്ലാമിക് സ്റ്റെയ്റ്റ് പോലെയോ, ബൊക്കൊ ഹറാമിനെ പോലെയോ, താലിബാനെ പോലെയോ ഒരു ഭീകര സംഘടനയും ക്രിസ്ത്യാനികൾക്ക് വേണ്ടി ലോകത്തെവിടേയും പ്രവർത്തിക്കുന്നില്ല. അൽ-ഖൊയ്ദയും, ബൊക്കൊ ഹറാമും, ഇസ്ലാമിക് സ്റ്റെയ്റ്റും, താലിബാനും മാത്രമല്ലാ; വേറെ നൂറു-നൂറ്റമ്പതു ഭീകര സംഘടനകൾ സജീവമായി ഇസ്ലാമിന്റ്റെ പേരിൽ ഇന്നീ ലോകത്തുണ്ട്. അതിൽ ചിലതിലൊക്കെ അംഗത്ത്വമെടുത്ത് മലയാളികളിൽ ചിലർ ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിച്ചിതറിയിട്ടുണ്ട്; അതല്ലെങ്കിൽ കൊല്ലപ്പെട്ടിട്ടും ഉണ്ട്. അതൊന്നും കാണാതെ ക്രിസ്ത്യാനികളെ വർഗീയവാദികളാക്കാനുള്ള നമ്മുടെ ലെഫ്റ്റ്-ലിബറൽ ടീമുകളുടെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്നു മാത്രമേ പറയാനാവൂ.

ക്രിസ്ത്യൻ സഭയെ അതിരൂക്ഷമായി വിമർശിക്കുന്ന പലരും ഇവിടുത്തെ ഇസ്ലാമിക തീവ്രവാദത്തോട് പ്രതികരിക്കുന്നില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ പോയി ചാവേറായി പൊട്ടിത്തെറിച്ച് ഇരുപത് പേരെ കൊന്നത്. സിക്ക് ഗുരുദ്വാരകൾ സാഹോദര്യത്തിന്റ്റേയും സഹവർത്തിത്ത്വന്റ്റേയും കേന്ദ്രങ്ങളാണ്. 'ഇന്റ്റർ ഡൈനിങ്' അതല്ലെങ്കിൽ പന്തിഭോജനം ജാതിചിന്ത രൂക്ഷമായ കാലഘട്ടങ്ങളിൽ പോലും സിക്ക് ഗുരുക്കന്മാർ നടപ്പിലാക്കി. ഏതൊരു സിക്ക് ഗുരുദ്വാരയിലും ചെന്ന് വിശക്കുന്ന ഒരാളിന് ഭക്ഷണം കഴിക്കാം എന്നതാണ് സിക്ക് ഗുരുദ്വാരകളുടെ ഒരു പ്രത്യേകത. 8-10 വർഷം മുമ്പ് അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചതും അവിടുത്തെ 'ലങ്ഗറിൽ' പോയി ഭക്ഷണം കഴിച്ചതും ഇപ്പോഴും ഓർമ്മിക്കുന്നു. 'ലങ്ഗറിൽ' ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും കൂപ്പൺ എടുക്കണമോ എന്ന് അന്നൊരു സിക്കുകാരനോട് ചോദിച്ചപ്പോൾ അയാൾ നെഞ്ച് വിരിച്ചുകൊണ്ട് പറഞ്ഞു: കൂപ്പണൊന്നും വേണ്ടാ; ഭക്ഷണം 'അബ്‌സൊല്യുട്ടിലീ ഫ്രീ' എന്ന്. അങ്ങനെയുള്ള ഒരു സിക്ക് ഗുരുദ്വാരയിൽ ചെന്നാണ് മലയാളി ബോംബ് പൊട്ടിച്ചത്!

അതു കഴിഞ്ഞും കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ അഫ്ഗാനിസ്ഥാനിലെ ഒരു ജയിൽ ഭേദനത്തിന്റ്റെ ഭാഗമായി അവിടെ ചെന്നു പൊട്ടിത്തെറിച്ചു. സോഷ്യൽ മീഡിയയിൽ അതൊക്കെ വാർത്തയായോ? കേരളത്തിലെ ചാനലുകൾ അതൊക്കെ ചർച്ച ചെയ്‌തോ? പല ദേശീയ പത്രങ്ങളിലും ആ സംഭവങ്ങളൊക്കെ നല്ല പ്രാധാന്യത്തോടെ വന്നതാണ്. പക്ഷെ മലയാള മാധ്യമങ്ങളും, സോഷ്യൽ മീഡിയയും ആ വാർത്തകൾ അന്ന് തിരസ്‌കരിച്ചു. ഇസ്ലാമിക തീവ്രവാദത്തെ സംരക്ഷിക്കുന്നതിൽ പലർക്കുമുള്ള നിഷിപ്ത താൽപര്യമാണ് അതൊക്കെ കാണിക്കുന്നത്. മലയാള മാധ്യമങ്ങളുടേയും, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടേയും നിഷിപ്ത താൽപര്യം ഇക്കാര്യത്തിൽ ശരിക്കും തെളിഞ്ഞു കാണാം. ഒളിഞ്ഞും തെളിഞ്ഞുമല്ലാതെ നഗ്‌നമായി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പലരും കേരളത്തിൽ ഉണ്ട്. 2001-ൽ വേൾഡ് ട്രേഡ് സെന്റ്റർ-നെതിരെ ആക്രമണം ഉണ്ടായപ്പോൾ മധുരം വിതരണം ചെയ്ത ഒരേ ഒരു സ്ഥലമാണ് കേരളം. അന്ന് ഒസാമ ബിൻ ലാഡന് വേണ്ടി കേരളത്തിൽ സിന്ദാബാദ് മുഴങ്ങി. മീഡിയാ വൺ എഡിറ്റർ കെ. പി. അബ്ദു റഹ്മാൻ ബിൻ ലാഡനെ കുറിച്ച് 'കനൽ പഥങ്ങളിലെ സിംഹം' എന്ന് ടൈറ്റിലിട്ട് എഴുതി. എന്തിന് ലാഡനെ കൊന്നതിൽ പ്രതിഷേധിച്ചുകൊണ്ട് ജി സുധാകരൻ ഒബാമക്കെതിരെ കവിത വരെ എഴുതി. 'ലാദൻ! ബിൻലാദൻ! ഭീരുവാണീയൊബായെന്നോർക്കുക - എന്നുപറഞ്ഞുകൊണ്ട് ലാദനുവേണ്ടി ഒരു ചരമഗീതം എഴുതിയ ആളാണ് മുൻ മന്ത്രി ജി. സുധാകരൻ. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിൽ ലോകത്ത് ഹർത്താൽ നടത്തിയ ഏക ഇടം കേരളം ആണ്. ഇതൊക്കെ നമ്മുടെ മതേതര വാദികൾ ഇപ്പോഴെങ്കിലും ഓർമിക്കുമോ?

ഞായറാഴ്ച കുർബാന കഴിഞ്ഞിറങ്ങിയ ജോസഫിനെയാണ് പള്ളിയുടെ കവാടത്തിലിട്ടു ഇസ്ലാമിക തീവ്രവാദികൾ ദേഹം മുഴുവൻ വെട്ടിയത്! ഒരു മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച നമാസ് കഴിഞ്ഞിറങ്ങുന്ന ഒരു ഇസ്ലാമിക വിശ്വാസിയോട് ആരെങ്കിലും അങ്ങനെ ചെയ്താൽ എന്തായിരിക്കും ഇസ്ലാം മത വിശ്വാസികളുടെ പ്രതികരണം? കേരളത്തിൽ അങ്ങനെ വെല്ലതും സംഭവിച്ചാൽ സംസ്ഥാനം മുഴുവൻ കത്തത്തില്ലേ?

പ്രൊഫസറുടെ ക്വസ്റ്റ്യൻ പേപ്പർ വിവാദത്തെ തുടർന്നു് തൊടുപുഴയിൽ ഇസ്ലാമിക തീവ്രവാദികൾ ഒരു പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴക്കപ്പുറത്തുള്ള മറ്റു ജില്ലകളിൽ നിന്നും വന്ന മുസ്ലീമുകൾ ആയിരുന്നു ആ പ്രകടനത്തിൽ പ്രധാനമായും പങ്കെടുത്തിരുന്നത് എന്ന് മനസിലാക്കിയാൽ കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റ്റെ വളർച്ചയും മനസിലാക്കാം. അന്ന് ഇസ്ലാമിക തീവ്രവാദികളുടെ പ്രകടനം ന്യൂമാൻ കോളജ് കവാടത്തിൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ ടൗണിലെത്തി. പിന്നീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ബൈപ്പാസിലൂടെ പോവുമ്പോൾ ക്ഷേത്രത്തിനു മുന്നിലെ നാൽക്കവലയിൽ ക്ഷേത്രക്കാർ നട്ടുവളർത്തുന്ന ആലിനു ചേർന്നു സ്ഥാപിച്ചിരുന്ന ഗരുഡപ്രതിമ ഇസ്ലാമിക തീവ്രവാദികൾ മറിച്ചിട്ടു. ഇതൊക്കെ കേരളത്തിൽ തന്നെ സംഭവിച്ചതാണ്.

കൈവെട്ട് സംഭവത്തിലേക്ക് നയിച്ച ചോദ്യപേപ്പർ ചോർന്നതിനു ശേഷം തൊടുപുഴ ഏരിയയിലും പുറത്തും ഉള്ള തീവ്രവാദികളെ ചില ഇസ്ലാമിക തീവ്രവാദ സംഘടനകൾ സംഘടിപ്പിച്ചു. തൊടുപുഴയിൽ മൊത്തം അതിന്റ്റെ പേരിൽ ഒരു കലാപത്തിന്റ്റെ ഭീകരാവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരുന്നു. കടകളൊക്കെ അടപ്പിച്ചു. കോളേജ് ആക്രമിക്കാൻ ഉള്ള സാധ്യതയും ഉണ്ടായിരുന്നു. തൊടുപുഴയിൽ സംഭവങ്ങൾ നേരിട്ട് കണ്ട പലരും ഇത് പറഞ്ഞിട്ടുണ്ട്. സഭ ജോസഫ് സാറിനെ തള്ളിപ്പറഞ്ഞുകൊണ്ട് സഭയുടെ സ്ഥാപനം ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് സംരക്ഷിക്കാൻ അപ്പോൾ ശ്രമിച്ചു. തീർച്ചയായും അത് ധാർമികമായി വലിയ തെറ്റ് തന്നെ ആയിരുന്നു. നീതിമാനായ ഒരു മനുഷ്യനെ ഒരിക്കലും ബലി കൊടുക്കാൻ പാടില്ലായിരുന്നു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്നവരെയോ, ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്നവരെയോ തൃപ്തിപ്പെടുത്താൻ ആർക്കും ആവില്ലെന്നുള്ള കാര്യം കത്തോലിക്കാ സഭ അന്ന് തിരിച്ചറിയണമായിരുന്നു.

പക്ഷെ ഇസ്ലാമിക തീവ്രവാദികൾ ഉയർത്തിയ ഭീഷണിയും, അവർ സൃഷ്ടിച്ച ഭീകരാന്തരീക്ഷവും മറന്നുകൊണ്ട് സഭയെ മാത്രം ആ കാര്യത്തിൽ കുറ്റപ്പെടുത്തുന്നതിൽ യാതൊരു കാര്യവുമില്ല. മൂവായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ആക്രമിക്കപ്പെട്ടാൽ കോളേജ് മാനേജ്‌മെന്റ്റ് രക്ഷിതാക്കളോട് എന്തു സമാധാനം പറയും? സഭയേയും മാനേജ്‌മെന്റ്റിനേയും കൈവെട്ട് സംഭവത്തിന്റ്റെ പേരിൽ ഇന്നും കുറ്റം പറയുന്നവർ അന്ന് സംഭവിച്ച ഭീകരാന്തരീക്ഷം മറന്നുപോകുന്നു. കോളേജ് പ്രിൻസിപ്പലിന്റ്റെ മുറി അന്ന് ഇസ്ലാമിക തീവ്രവാദികൾ കയ്യേറിയിരുന്നു. ജോസഫ് സാർ അന്ന് ഒളിവിൽ പോയതുകൊണ്ട് അന്നത്തെ ഭീകാരാന്തരീക്ഷത്തെ കുറിച്ച് അദ്ദേഹത്തിന് നേരിട്ടറിവില്ല. അതുകൊണ്ടാണെന്നു തോന്നുന്നു, ആ സംഭവങ്ങളൊന്നും ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകളിൽ' വരാതിരുന്നത്.

മനുഷ്യന്റ്റെ കയ്യും കാലും വെട്ടി വിപരീത ദിശയിൽ എറിയുന്ന ഭീകരതയെ ചെറുക്കണമെങ്കിൽ ഇത്തരത്തിലുള്ള സംഭവം ആസൂത്രണം ചെയ്തവരേയും, അതിന് ആളുകളെ സംഘടിപ്പിച്ചവരേയും തിരിച്ചറിയണം. ഇവിടെയാണ് നമ്മുടെ ഭരണകൂടത്തിന് ഭീമമായ പിഴവ് സംഭവിച്ചത്. ആ ഭീകരതയുടെ യഥാർത്ഥ പ്രതികൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ ഇന്നും പൊലീസിനും, സർക്കാരിനും, പൊതുജനങ്ങൾക്കും അറിയില്ല. കാരണം കൈവെട്ട് സംഭവത്തിലെ യഥാർത്ഥ പ്രതികളെ ഇന്നും പിടിച്ചിട്ടില്ല. കൈവെട്ടാനും കാലു വെട്ടാനും നേരിട്ട് പങ്കെടുത്തവരെ മാത്രമാണ് പിടിച്ചത്. അതിന് ഗൂഢാലോചന നടത്തിയവരും, ഫണ്ട് ചെയ്തവരും ഇപ്പോഴും സസുഖം ഒളിവിലാണ്. കാരണം അത്രക്ക് ശക്തവും സംഘടിതവുമാണ് കേരളത്തിലെ ഇസ്ലാമിക തീവ്രവാദം. അതിനു ശേഷം കേരളത്തിൽ നിന്ന് ഒരാൾ അഫ്ഗാനിസ്ഥാനിലെ ഒരു ഗുരുദ്വാരയിൽ പോയി ചാവേറായി പൊട്ടിത്തെറിച്ചായിരുന്നല്ലോ. കേരളത്തിൽ ജനിച്ചു വളർന്നിട്ട് 5000 കിലോമീറ്റർ അപ്പുറത്തുള്ള കാബൂളിലെ ഗുരുദ്വാരയിൽ പോയി ഇവനൊക്കെ എന്തിന് 20 പേരെ കൊല്ലണം എന്ന് സുബൊധത്തിന്റ്റെ ഒരു കണികയെങ്കിലുമുണ്ടെങ്കിൽ ആർക്കും ചോദിക്കാം. പക്ഷെ ചോദിച്ചിട്ട് കാര്യമില്ല. അതിന് മുമ്പ് മലയാളികൾ കാശ്മീരിൽ പോയി കൊല്ലപ്പെട്ടായിരുന്നല്ലോ. സിറിയയിലും യെമനിലും ആട് മേക്കാൻ പോയി. അവിടെയൊക്കെ പോയി കൊല്ലപ്പെടുകയും ചെയ്തു. കൈവെട്ട് സംഭവത്തെ കുറിച്ച് അന്നത്തെ DGP ജേക്കബ് പുന്നൂസ് പറഞ്ഞത് കേരളത്തിൽ നടന്ന ഏറ്റവും സംഘടിതമായ കുറ്റകൃത്യം എന്നായിരുന്നു. സമീപകാല കേരളത്തിൽ നടന്ന ഏറ്റവും സംഘടിതമായ കുറ്റകൃത്യം ആസൂത്രണം ചെയ്തവരെ നിഷ്‌കളങ്കരും ലോല ഹൃദയരും ആക്കാൻ ഇന്നും ഇവിടെ ഇഷ്ടം പോലെ ആളുകളുണ്ട്; സോഷ്യൽ മീഡിയയിൽ കണ്ടമാനം പേരുണ്ട്.

അവരാണിപ്പോൾ പാലാ ബിഷപ്പിനെതിരെ അരയും തലയും മുറുക്കി രംഗത്തു വന്നിരിക്കുന്നത്. പാലാ ബിഷപ്പ് ഇസ്ലാമിക തീവ്രവാദികളെ കുറിച്ചാണ് പറഞ്ഞത്; തീവ്രവാദം ജീവിതശൈലി ആക്കാത്ത സാധാരണ മുസ്ലീമുകളെ കുറിച്ചല്ല. ഉടനടി ഇസ്ലാമിസ്റ്റുകളും, ഇടതുപക്ഷവും, ലിബറലുകളും പാലാ ബിഷപ്പിനെതിരെ തിരിഞ്ഞത് ഇവർ തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമാക്കുന്നു. കേരളത്തിൽ അല്ലെങ്കിലും ഇസ്ലാമിക തീവ്രവാദികളുടെ എല്ലാ പ്രവർത്തനങ്ങളും വെള്ളപൂശാൻ ഇടതുപക്ഷവും, ലിബറലുകളും മുൻപന്തിയിൽ തന്നെ ഉണ്ടല്ലോ.

കല്ലറങ്ങാട്ട് ബിഷപ്പിന്റ്റെ പ്രസംഗത്തിന്റ്റേ പേരിൽ ക്രിസ്ത്യൻ സഭയെ അതിരൂക്ഷമായി വിമർശിക്കുന്ന പലരും ഇവിടുത്തെ ഇസ്ലാമിക തീവ്രവാദത്തെ മിക്കപ്പോഴും വെള്ളപൂശാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നുള്ള കാര്യം ഓർമിക്കണം. വസ്തുതകൾ പറയുമ്പോൾ അത് മുസ്ലിം വിരുദ്ധത ആണെന്ന് പറയുന്നതിൽ കാര്യമില്ല. സാധാരണക്കാരായ മുസ്ലീങ്ങളല്ല; ഫ്യുഡൽ-വരേണ്യ വർഗത്തിലുള്ളവരാണ് ഇസ്ലാമിക തീവ്രവാദത്തിന്റ്റെ വക്താക്കളെന്നുള്ളത് കേരളത്തിലെ വർഗ വിശകലനം നടത്തുന്ന ഇടതുപക്ഷക്കാർ പോലും കാണുന്നില്ലെന്നുള്ളതാണ് ഏറ്റവും പരിഹാസ്യമായ കാര്യം.

അൽ ഖൊയ്ദയിലും, ഇസ്ലാമിക് സ്‌റ്റൈയ്റ്റിലും, ഇപ്പോൾ താലിബാനിലും ഉള്ള ഇസ്ലാമിക തീവ്രവാദികൾ ഭക്തിയും ആത്മീയതയും ലക്ഷ്യമാക്കി ആ സംഘടനകളിൽ പ്രവർത്തിക്കുന്നവരല്ല. ഒരു മിനിമം സുബോധമുള്ളവർക്ക് ഇത്തരം ഇസ്ലാമിക തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കാൻ സാധ്യമല്ലല്ലോ. അപ്പോൾ അവരുടെ പ്രവർത്തനത്തിന് 'മോട്ടിവേഷണൽ ഫാക്റ്റർ' അതല്ലെങ്കിൽ പ്രേരകശക്തി എന്താണ്? ലൈംഗികതയും, മയക്കുമരുന്നും ഒക്കെ അല്ലേ ഇത്തരം ഇസ്ലാമിക തീവ്രവാദികളുടെ 'മോട്ടിവേഷണൽ ഫാക്റ്റർ' അതല്ലെങ്കിൽ പ്രേരകശക്തി? തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുവാൻ പലർക്കും 'ഡ്രഗ്‌സ്' കൊടുക്കാറുണ്ടെന്നുള്ളത് അറിവുള്ളതാണ്. കേരളത്തിൽ നിന്നാകട്ടെ, അനേകം പേർ ഇസ്ലാമിക തീവ്രവാദ സംഘടനകളിൽ ചേർന്നിട്ടുമുണ്ട്. അപ്പോൾ അതൊക്കെ അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ് പറയാനുള്ളത്?

കേരളീയ സമൂഹത്തിൽ സഹിഷ്ണുതയേയും മതേതരത്ത്വത്തേയും കുറിച്ച് ക്രിസ്ത്യാനികൾ മാത്രം ചിന്തിച്ചാൽ മതിയോ? ക്രിസ്ത്യാനികൾ ക്രിസ്തു പഠിപ്പിച്ച ക്ഷമയെ കുറിച്ചുള്ള പാഠങ്ങൾ ഉൾക്കൊള്ളുന്നത് നല്ലതു തന്നെയാണ്. പക്ഷെ കൈവെട്ട് കേസിലെ ഒരു പ്രതി ആ സംഭവത്തിനു ശേഷം നടന്ന ബ്ലോക്ക് പഞ്ചായത്ത് ഇലക്ഷനിൽ മുസ്ലിം ഭൂരിപക്ഷ ബ്ലോക്കിൽ മത്സരിച്ച് മൂന്ന് മുന്നണികളേയും അതിദയനീയമായി തോൽപ്പിച്ച് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചത് എങ്ങിനെയാണെന്നുള്ളത് ഇസ്ലാമിക വിശ്വാസികൾ കേരളത്തിലെ ജനങ്ങളോടൊന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇസ്ലാമിക വിശ്വാസികൾക്കിടയിൽ നിന്ന് തീവ്രവാദികൾക്ക് ലഭിക്കുന്ന പിന്തുണ ആരും കാണാതെ പോകരുത്.

'ഞങ്ങളുടെ റസൂലിനെ പറഞ്ഞാൽ ഇങ്ങനെയൊക്കെയിരിക്കും' എന്നുപറഞ്ഞു ജോസഫ് സാറിന്റ്റെ ദൗർഭാഗ്യത്തെ ആഘോഷമാക്കുന്ന ഒരു കൂട്ടരുണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പോഴും. സാറിന്റ്റെ ഭാര്യ മരിച്ചപ്പോൾ ഇവർ ലഡു വിതരണം ചെയ്തു. കൈവെട്ട് കേസിൽ കോടതി വിധി വന്നപ്പോൾ അശ്ലീലമായ ചിരി ചിരിച്ചു കോടതിയിൽ നിന്ന് ഇറങ്ങി വന്നവരുമാണിവർ. ഇവർ ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൈവെട്ട് കേസിലെ കോടതി വിധി കേട്ട് തീവ്രവാദികളുടെ ഒരു ചിരിക്കുന്ന ഫോട്ടോ പത്രത്തിൽ വന്നത് ഇന്നും ആർക്കും കാണാം. ഇന്ത്യൻ ന്യായവ്യവസ്ഥയേയും ഭരണഘടനയേയും പുച്ഛിക്കുന്ന പോലെയുള്ള ചിരിയായിരുന്നു അത്. തീർത്തും അശ്ലീലമായിരുന്നു ആ ചിരി. അന്ന് അങ്ങനെ ചിരിക്കാൻ അവർക്ക് എങ്ങനെ ധൈര്യം കിട്ടി? കൈ വെട്ടിയ തീവ്രവാദികൾക്ക് പുറത്ത് വൻ സപ്പോർട് ഉണ്ട്. അതാണ് അത്തരത്തിൽ അശ്ലീലമായി ചിരിക്കാൻ അവർക്ക് അന്ന് ധൈര്യം കിട്ടിയത്

മതം തലക്ക് പിടിച്ച ഇത്തരക്കാരോട് രമ്യപ്പെടാൻ പോയതാണ് പത്തു വർഷങ്ങൾക്ക് മുമ്പ് സഭ ചെയ്ത ഏറ്റവും വലിയ അബന്ധം. ഒരാളുടെ കൈ വെട്ടി വിപരീത ദിശയിൽ എറിഞ്ഞ മഹാപാപികളെപ്പറ്റി സംസാരിക്കുന്നതിനു പകരം ക്രൈസ്തവ പുരോഹിതന്മാരെ പറ്റി മാത്രം ചിലർ ഇപ്പോൾ സംസാരിക്കുന്നത് മഹാ കഷ്ടമാണ്. ജോസഫ് സാറിനോടുള്ള സഹതാപത്തേക്കാൾ പള്ളിക്കാരെയും പുരോഹിതരേയും തെറി പറയാനുള്ള ഒരവസരമായിയാണ് ചിലർ ജോസഫ് സാറിന്റ്റെ ആത്മകഥയെ ശരിക്കും വിനിയോഗിക്കുന്നത്. കൈ വെട്ടിയ മത ഭ്രാന്തരെ വിസ്മരിച്ച് പുരോഹിതരെ മൊത്തമായി അധിക്ഷേപിക്കുന്ന ചിലരുടെ അപഹാസ്യമായ നിലപാടിനോട് യോജിക്കാനാവില്ല. ഏതാനും പുരോഹിതരുടെ വീഴ്‌ച്ച ഒരു സഭയുടെ നിലപാടായി ചിത്രീകരിക്കരുത്. ഇനി ജോസഫ് സാറിനെ തള്ളിപ്പറയുന്നതിന് പകരം ഇസ്ലാമിക തീവ്രവാദികളേയും, മദനിന്ദക്ക് കേസെടുത്ത സർക്കാറിനേയും രൂക്ഷമായി വിമർശിക്കുക ആയിരുന്നുവെങ്കിൽ ഇവിടെ എന്താകുമായിരുന്നു നടക്കുക? 'മതനിന്ദ ഞങ്ങളുടെ മൗലികാവകാശമാണ്' എന്നു പറഞ്ഞതിന് ഫ്രഞ്ചു പ്രസിഡന്റ്റിനെതിരെ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വരെ പടുകൂറ്റൻ പ്രകടനങ്ങൾ നടന്നു.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പ്രശ്‌നങ്ങൾ ഇല്ലാഞ്ഞിട്ടാണോ ചിലർ ഫ്രാൻസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ഏറ്റുപിടിക്കുന്നത്? കേരളത്തിലിരുന്ന് താലിബാനെ 'വിസ്മയം' ആയി പുകഴ്‌ത്തുന്നത് ആരാണ്? മാധ്യമവും മീഡിയാ വണ്ണുമൊക്കെ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വന്നതോടെ ശരിക്കും 'എക്‌സ്‌പോസ്ഡ്' ആയി. സ്ത്രീ വിരുദ്ധവും മനുഷ്യവിരുദ്ധവും ആയ താലിബാനെ പുകഴ്‌ത്തുക വഴി ചിലരുടെ തീവ്ര മതബോധം തന്നെയാണ് പുറത്തുവന്നത്.

'താലിബാൻ അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യം നേടിക്കൊടുത്തു' എന്ന് എഴുതിയ മാധ്യമം പത്രത്തിന്റ്റെ പ്രചാരം ആറര ലക്ഷത്തിന് അടുത്താണ്. അതെഴുതി കഴിഞ്ഞിട്ട് നാളിത്ര ആയിട്ടും മാധ്യമം അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നു. മാധ്യമം പത്രത്തിന്റ്റെ പ്രചാരം എത്ര ഇടിഞ്ഞു? വെൽഫെയർ പാർട്ടിയും പോപ്പുലർ ഫ്രണ്ടും കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ പച്ച തൊടുന്നില്ലായിരിക്കും, പക്ഷെ അവർ പ്രതിനിധാനം ചെയ്യുന്ന ജമായത്തിന്റ്റെ ഐഡിയോളോജിയെ അംഗീകരിക്കാനും ആദരിക്കാനും പിന്തുണക്കാനും കേരളത്തിൽ ലക്ഷകണക്കിന് ആളുണ്ട് എന്നതാണ് മാധ്യമത്തിന്റ്റേയും മീഡിയാ വണ്ണിന്റ്റേയും ശക്തി. ഒസാമാ ബിൻ ലാഡനെ രക്തസാക്ഷി ആക്കി മുഖചിത്രം അച്ചടിച്ച 'തേജസിനെ' പോലുള്ള പ്രസിദ്ധീകരണങ്ങളുടെ കാര്യമാണെങ്കിൽ പറയുക പോലും വേണ്ടാ.

കേരളത്തിൽ ഇസ്ലാമിക വർഗീയത വളർന്നത് ഗൾഫ് പണത്തിന്റ്റെ കുത്തൊഴുക്കിന് ശേഷം അബ്ദുൾ നാസർ മദനിയുടെ പ്രസംഗങ്ങളിലൂടെയും എം. എം. അക്‌ബറിന്റ്റെ പ്രവർത്തനങ്ങളിലൂടെയുമാണ്. മുജാഹിദ് ബാലുശ്ശേരി എന്ന ആളുടെ ഒരൊറ്റ പ്രസംഗം കേരള മുസ്ലിങ്ങൾക്ക് ഉണ്ടാക്കിയ കോട്ടം ചില്ലറയല്ല. മുജാഹിദ് ബാലുശേരി.പത്ത് വർഷത്തിനുള്ളിൽ കേരളത്തെ ഇസ്ലാമിക രാഷ്ട്രം അക്കുമെന്നു പരസ്യമായി പറഞ്ഞു; ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നത് തെറ്റാണെന്നും പറഞ്ഞു. ഇതുപോലെ അന്യമതസ്ഥരെ കണ്ടാൽ ചിരിക്കരുത്; അവരോട് സംസാരിക്കരുത്; അവരോട് ഇടപെഴക്കരുത് എന്ന് പറഞ്ഞ ഒത്തിരി മത യാഥാസ്ഥിതികർ ഉണ്ട്. എം. എം. അക്‌ബറിന് 'നിച് ഓഫ് ട്രൂത്' സംഘടന ഉണ്ട്. എം.എം. അക്‌ബറിന്റ്റെ തന്നെ പീസ് ഫൗണ്ടേഷൻ എന്ന പേരും പറഞ്ഞു നടത്തുന്ന സ്‌കൂളുകളിൽ ഒരുപാട് കുട്ടികളെ ചേർക്കാൻ പറ്റുന്നുണ്ട്. ഇവർ നൽകുന്ന ഓഫർ മതവിദ്യഭ്യാസവും സ്‌കൂളും ഒരുമിച്ച് കൊണ്ടുപോകും എന്നതാണ്. സാധാരണ വിശ്വാസികൾക് ഇത് വല്യ കാര്യമാണ്. മദ്രസ-സ്‌കൂൾ കോമ്പിനേഷൻ രണ്ടു സ്ഥലത് ആണ് മറ്റുള്ള ഇടങ്ങളിൽ. എം എം അക്‌ബറിന്റ്റെ പീസ് ഫൗണ്ടേഷനിൽ ആണെങ്കിൽ സമയ പ്രശ്‌നം ഇല്ലാതെ രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കും എന്നതാണ് ഇസ്ലാമിക വിശ്വാസികൾക്ക് ആശ്വാസകരം. എം.എം. അക്‌ബറിന്റ്റെ സ്‌കൂളിലെ രണ്ടാം ക്ലാസ്സിലെ പാഠ പുസ്തകത്തിൽ മറ്റു മതത്തിലെ കുട്ടികളെ എങ്ങിനെ ഇസ്ലാമിലേക്ക് പരിവർത്തനം നടത്താം എന്ന് വന്നപ്പോൾ അതിനെതിരെ പ്രതികരിക്കുവാൻ മതേതര വാദികളെ കണ്ടില്ല. 'എളന്തളർ മഠത്തിലേക്ക് വാമാക്ഷിയെ കൊടുത്തപ്പഴേ പിഴച്ചു; ഇനി പറഞ്ഞിട്ടെന്താ' എന്ന് വലിയ കണ്ണപ്പ ചേകവർ 'ഒരു വടക്കൻ വീരഗാഥയിൽ' ചോദിക്കുന്നതുപോലെയാണ് കേരളത്തിലെ ഇപ്പോഴത്തെ കാര്യങ്ങൾ. മതേതര വാദികൾ വേണ്ടപ്പോൾ വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടിട്ടില്ലാ. അതുകൊണ്ട് അവർക്ക് ഇപ്പോൾ വലിയ രീതിയിൽ പ്രതികരിക്കാനുള്ള ധാർമിക അവകാശമില്ലെന്നുള്ളതാണ് യാഥാർഥ്യം. മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ലെന്നുള്ളത് എല്ലാവരും ഓർമിക്കേണ്ടതുണ്ട്.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP