Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമർശിച്ച ഡിവൈഎഫ്ഐയെ മനുഷ്യ വൈറസുകൾ എന്ന് വിളിച്ച ചങ്കൂറ്റം; ലെഗിൻസ് വിവാദത്തിൽ സുധാകരന് കിട്ടിയത് 'സൂരി നമ്പൂതിരി'യന്ന വിശേഷണം; കായംകുളത്തെ കൈവിട്ട് ആറന്മുളയോട് അമിതവാൽസല്യം കാട്ടിയ ടീച്ചറമ്മയും അറിഞ്ഞു പ്രതിഭയുടെ നാവിന്റെ മൂർച്ച; ഇത് സിപിഎമ്മിന്റെ അച്ചടക്കവാളിൽ നിശബ്ദയാകാത്ത പ്രതിഭാ സ്‌റ്റൈൽ

വിമർശിച്ച ഡിവൈഎഫ്ഐയെ മനുഷ്യ വൈറസുകൾ എന്ന് വിളിച്ച ചങ്കൂറ്റം; ലെഗിൻസ് വിവാദത്തിൽ സുധാകരന് കിട്ടിയത് 'സൂരി നമ്പൂതിരി'യന്ന വിശേഷണം; കായംകുളത്തെ കൈവിട്ട് ആറന്മുളയോട് അമിതവാൽസല്യം കാട്ടിയ ടീച്ചറമ്മയും അറിഞ്ഞു പ്രതിഭയുടെ നാവിന്റെ മൂർച്ച; ഇത് സിപിഎമ്മിന്റെ അച്ചടക്കവാളിൽ നിശബ്ദയാകാത്ത പ്രതിഭാ സ്‌റ്റൈൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു യു. പ്രതിഭാ എംഎൽഎ. എതിരാളികളെ വെണ്ണ പുരട്ടാത്ത വിമർശനങ്ങൾ കൊണ്ട് ഒരുപോലെ മർദ്ദിക്കുന്ന പ്രതിഭ വിവാദങ്ങൾക്ക് വിഷയമായില്ലെങ്കിലേ അത്ഭുതമുള്ളു. എതിരാളികൾ എന്നാൽ സ്വന്തം പക്ഷമെന്നും എതിർപക്ഷമെന്നും പ്രതിഭയ്ക്ക് നോട്ടമില്ല. പലപ്പോഴും സിപിഎമ്മിന് തന്നെ തലവേദനയാകുന്ന നിലയിലേയ്ക്ക് ഈ എംഎൽഎ മാറുന്ന സ്ഥിതിവിശേഷങ്ങളും ഉണ്ടാകാറുണ്ട്.

എത്ര വിളിച്ചാലും ഒരു മന്ത്രി ഫോൺ എടുക്കാറില്ലെന്ന് വിമർശിച്ചുകൊണ്ടാണ് ഇപ്പോൾ യു. പ്രതിഭ വാർത്തകളിൽ നിറയുന്നത്. ഭരണപക്ഷ എംഎൽഎയ്ക്ക് തന്നെ സ്വന്തം മന്ത്രിസഭയിലെ മന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കേണ്ടി വന്നുവെന്ന് പ്രതിഭയ്ക്ക് പിന്തുണയുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഭ പറഞ്ഞ മന്ത്രി ആരോഗ്യമന്ത്രി വീണാ ജോർജ് ആണെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ വീണാ ജോർജുമായുള്ള പ്രതിഭയുടെ പ്രശ്നം തുടങ്ങിയിട്ട് കാലമേറെയായി. എസ്എഫ്ഐ കാലം മുതൽ പാർട്ടിയിൽ പ്രവർത്തിച്ചുവന്ന പ്രതിഭയും കുറച്ചുകാലം മുമ്പ് മാത്രം പാർട്ടിയിലെത്തി എംഎൽഎ ആയ വീണ ജോർജും സിപിഎമ്മിന്റെ ഒരേഘടകത്തിൽ അംഗങ്ങളാണെന്ന കാര്യം പരിശോധിക്കുമ്പോളാണ് ഇരുവരും തമ്മിലുള്ള വൈര്യത്തിന്റെ വീര്യമറിയുന്നത്. സഭാ ബന്ധവും പിണറായിയുടെ താൽപര്യവും വീണാ ജോർജിനെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വളർത്തിയപ്പോൾ ആലപ്പുഴ ജില്ലയിലെ കരുത്തനായ ജി. സുധാകരന്റെ അതൃപ്തിയാണ് പ്രതിഭയുടെ വളർച്ചയെ തളർത്തിയതും.

പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ കാത്ത് ലാബുകളെ കുറിച്ച് മുൻ ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിൽ വിമർശനസ്വഭാവത്തോടെ പ്രതിഭയുടെ കമന്റ് വരുന്നത് ഈ സാഹചര്യത്തിലാണ്. തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്റിലൂടെ പ്രതിഭ വ്യക്തമാക്കിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേൾക്കുകയാണ്. തങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചിരുന്നു. അന്ന് ഷൈലജ ടീച്ചർ അഭിനന്ദിച്ചത് ഇന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെയായിരുന്നു എന്നതാണ് ആ കമന്റിന്റെ പ്രസക്തി. അന്ന് പ്രതിഭയ്ക്കെതിരെ സൈബർ ആക്രമണവുമായി സിപിഎം അണികൾ തന്നെ രംഗത്തെത്തിയതും ഏറെ വിവാദമായി.

രണ്ടാം പിണറായി മന്ത്രിസഭയിൽ സീനിയറായ പ്രതിഭയെ തഴഞ്ഞ് വീണാ ജോർജ് മന്ത്രിയായപ്പോൾ ആ വൈര്യം ആളിക്കത്തി. അതിന്റെയൊക്കെ തുടർച്ചയാണ് ഇന്നുണ്ടായ പ്രസ്താവനയും. പ്രാദേശികപാർട്ടി നേതൃത്വത്തോട് പോലും പോരടിച്ച് മൽസരിക്കുകയും ജയിക്കുകയും ചെയ്തയാളാണ് യു പ്രതിഭ. പ്രാദേശിക നേതൃത്വത്തിന് എംഎൽഎയോടുള്ള അനിഷ്ടം പുറത്തുവരുന്നത് കോവിഡിന്റെ തുടക്കകാലത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ പരസ്യപ്രസ്താവനയോടെയാണ്. കോവിഡ് കാലത്ത് എംഎൽഎ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ലെന്ന് വിമർശിച്ച ഡിവൈഎഫ്ഐയെ വൈറസുകൾ പോലും ഭയക്കുന്ന മനുഷ്യവൈറസുകൾ എന്നാണ് പ്രതിഭ വിശേഷിപ്പിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തർക്കം വാർത്തയായതിന് പിന്നാലെ മാധ്യമങ്ങളെ വിമർശിച്ച് യു. പ്രതിഭ മോശം വാക്കുകൾ ഉപയോഗിച്ചതും വിവാദങ്ങൾ സൃഷ്ടിച്ചു. തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കാനുമായിരുന്നു എംഎൽഎയുടെ പരാമർശം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും എന്നായിരുന്നു ഫേസ് ബുക്കിലിട്ട വീഡിയോയിലൂടെ പറഞ്ഞിരുന്നത്. എംഎൽഎയുടെ പരാമർശത്തിനെതിരെ കെയുഡബ്ല്യുജെ അടക്കം നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു.

പാർട്ടിനിലപാടുകൾക്കെതിരെ രംഗത്ത് വന്നും പ്രതിഭ വാർത്തകളിൽ ഇടംനേടി. സ്ത്രീകളെ മല ചവിട്ടിക്കുന്നതല്ല നവോത്ഥാനം എന്ന് പ്രതിഭ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ എകെജി സെന്റർ പോലും നടുങ്ങി. എന്നാൽ അതിന് തൊട്ടുമുമ്പ് എംഎൽഎ വിവാദങ്ങളിൽ കുടുങ്ങിയത് വനിതാമതിലിന്റെ പ്രചരണാർത്ഥം ഹെലിമറ്റില്ലാതെ ടൂ വീലർ ഓടിച്ചായിരുന്നു എന്നതാണ് വിരോധാഭാസം. ആ ചിത്രവും കായംകുളം പൊലീസുമായി ചേർന്ന് എംഎൽഎ നടത്തിയ ട്രാഫിക് ബോധവത്കരണത്തിന്റെ വീഡിയോയും കുറച്ചുകാലം ട്രോളന്മാർക്ക് ചാകരയായി.

ജെൻഡർ പാർക്കുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചവരെ പിതൃശൂനരെന്ന് വിളിച്ചതും വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിഭയുടെ ലൈഗ്ഗിങ്സ് വിവാദവും കേരളം ഏറെ ചർച്ച ചെയ്തതാണ്. പൊതുചടങ്ങിൽ ലെഗ്ഗിങ്‌സ് ധരിച്ച് പ്രത്യക്ഷപ്പെട്ടു, പാർട്ടി പ്രവർത്തകരോട് ധിക്കാരപരമായി പെരുമാറുന്നു, മുഖ്യമന്ത്രിമാരും മന്ത്രിമാരും പ്രസംഗിക്കുമ്പോൾ സഭയിൽ നിന്നും ഇറങ്ങിപ്പോകുന്നു തുടങ്ങിയ വിമർശനങ്ങൾ എംഎൽഎയ്ക്കെതിരായി ഉയർന്നത് ചർച്ചകൾക്ക് വഴിവച്ചു. ചില മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള വാർത്തകൾ വന്നത്. പാർട്ടിക്കുള്ളിലെ വിഭാഗിയതയുടെ ഭാഗമായി വന്ന ഇത്തരം വിമർശനങ്ങളിൽ കേരളീയസമൂഹം നിലകൊണ്ടത് എംഎൽഎയ്ക്കൊപ്പമാണ്. എന്നാൽ ഇത്തരം വിവാദങ്ങൾ മനസിൽ വച്ചുകൊണ്ടായിരിക്കണം പിന്നീടൊരു അവസരം വന്നപ്പോൾ തന്നെ നിരന്തരം ഉപദ്രവിക്കുന്ന ജി. സുധാകരനെ ഒരു ദാക്ഷിണ്യവുമില്ലാതെ സൂരി നമ്പൂതിരിയെന്ന് വിമർശിച്ചതും.

ഇത്തവണ കായംകുളത്ത് പ്രതിഭയ്ക്ക് സീറ്റ് നൽകാതിരിക്കാൻ ജി. സുധാകരപക്ഷം ശ്രമിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾ സ്ഥാനാർത്ഥിനിർണയസമയത്ത് അന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥി ലിസ്റ്റ് വന്നപ്പോൾ പ്രതിഭ സീറ്റുറപ്പിച്ചു. അമ്പലപ്പുഴയിൽ നിന്നും സുധാകരൻ ഔട്ട്. ആ അവസരത്തിൽ 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടുകൊണ്ടാണ് പ്രതിഭ ആഘോഷിച്ചത്.

പറയാനുള്ളത് അപ്പപ്പോൾ തന്നെ പറഞ്ഞുപോകുന്ന, മനസിലെ വികാരങ്ങൾ മടിയേതുമില്ലാതെ പ്രകടിപ്പിക്കുന്നയാളാണ് പ്രതിഭ. അതിന് പാർട്ടി അച്ചടക്കത്തിന്റെ കൊടുവാളുകളെയൊന്നും അവർ കൂസാറില്ല. അതുകൊണ്ടുതന്നെ വിവാദങ്ങൾ പ്രതിഭയുടെ കൂടപ്പിറപ്പുമാണ്. പ്രതിഭയ്ക്ക് ഏറ്റവുമധികം നേരിടേണ്ടിവന്നിട്ടുള്ളത് സ്വന്തം പാർട്ടിയിലെതന്നെ സൈബർ പോരാളികളെയാണ്. എന്നാൽ മണ്ഡലത്തിലെ സാധാരണക്കാർക്കിടയിൽ എംഎൽഎയ്ക്കുള്ള ജനകീയതും കേരളീയ പൊതുസമൂഹത്തിലെ സ്വീകാര്യതയുമാണ് അച്ചടക്കനടപടികൾ കൈകൊള്ളുന്നതിൽ നിന്നും പാർട്ടിയെ അകറ്റി നിർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP