Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടി പി വധക്കേസിൽ പ്രതി; ജയിൽവാസം; എന്നിട്ടും കുഞ്ഞനന്തനെ ചേർത്തു നിർത്തിയത് ഭരണകൂട ഭീകരതയുടെ ഇരയെന്ന പേരിൽ; ചരമ വാർഷികത്തിൽ വീരപരിവേഷം; മകൾ പി കെ ഷബ്‌നയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയും 'കടപ്പാട്' തെളിയിച്ച് സിപിഎം

ടി പി വധക്കേസിൽ പ്രതി; ജയിൽവാസം; എന്നിട്ടും കുഞ്ഞനന്തനെ ചേർത്തു നിർത്തിയത് ഭരണകൂട ഭീകരതയുടെ ഇരയെന്ന പേരിൽ; ചരമ വാർഷികത്തിൽ വീരപരിവേഷം; മകൾ പി കെ ഷബ്‌നയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയും 'കടപ്പാട്' തെളിയിച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആർ എം പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ തടവുശിക്ഷ കാലയളവിൽ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മകൾ പി.കെ.ഷബ്‌ന പാർട്ടി ചുമതലയിലേക്ക്. കുഞ്ഞനന്തന്റെ വീട് ഉൾപ്പെടുന്ന സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറിയായി ഷബ്‌നയെ നിയോഗിച്ചാണ് പാർട്ടി നേതൃത്വം കുടുംബത്തോടുള്ള 'കടപ്പാട്' ഒരിക്കൽ കൂടി വ്യക്തമാക്കിയത്.

പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ചാണ് സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് രൂപവൽക്കരിച്ചത്. വനിതകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഷബ്‌നയെ സെക്രട്ടറിയാക്കിയത്. കണ്ണങ്കോട് ടിപിജിഎം യുപി സ്‌കൂൾ അദ്ധ്യാപികയായ ഷബ്‌ന കെഎസ്ടിഎ പാനൂർ ഉപജില്ലാ കമ്മിറ്റി നിർവാഹക സമിതി അംഗമാണ്. ജോലിയിൽ തുടരുന്നവരെ മാറ്റിനിർത്തി പാർട്ടി പ്രവർത്തനത്തിന് എപ്പോൾ വേണമെങ്കിലും സന്നദ്ധരായ പ്രവർത്തകരെ താഴെത്തട്ടിൽ നേതൃനിരയിൽ എത്തിക്കണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് അദ്ധ്യാപികയായ ഷബ്‌നയ്ക്കായി പാർട്ടി 'ഇളവുകൾ' നൽകിയത്.

ടി.പി.ചന്ദ്രശേഖരൻ വധത്തിൽ പങ്കില്ലെന്നു പാർട്ടി പറയുമ്പോഴും സിപിഎമ്മിനും നേതാക്കൾക്കും ഇടയിലെ മുറിച്ചു മാറ്റാനാവാത്ത കണ്ണിയായിരുന്നു പി.കെ.കുഞ്ഞനന്തൻ. എന്നാൽ, ഭരണകൂട ഭീകരതയുടെ ഇരയാണ് കുഞ്ഞനന്തനെന്ന വാദമാണ് സിപിഎം മുന്നോട്ടു വയ്ക്കുന്നത്. കുഞ്ഞനന്തന്റെ മരണാനന്തര ചടങ്ങുകൾ പാർട്ടി ഏറ്റെടുത്തു നടത്തുകയും ഒന്നാം ചരമ വാർഷികം സിപിഎം വിപുലമായി ആചരിക്കുകയും ചെയ്തിരുന്നു.

ടിപി കേസിൽ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കഴിയവേ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞനന്തൻ മരിച്ചത്. ടിപിയെ കൊലപ്പെടുത്തിയതിൽ പാർട്ടിക്കു പങ്കില്ലെന്ന സിപിഎം പലതവണ പൊതുസമൂഹത്തിൽ വാദം ഉയർത്തിയപ്പോഴൊക്കെ പാർട്ടിക്ക് തിരിച്ചടിയായത് പ്രതിപ്പട്ടികയിൽ കുഞ്ഞനന്തന്റെ സാന്നിദ്ധ്യമായിരുന്നു.

കേസിൽ പ്രതിയായ കുഞ്ഞനന്തൻ പ്രതിചേർക്കപ്പെട്ടിട്ടും തള്ളിപ്പറയാതെ അവസാനം വരെ പാർട്ടി ഒപ്പം നിലകൊണ്ടതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎം നേതാക്കളുമായുള്ള ആത്മബന്ധമായിരുന്നു കുഞ്ഞനന്തന് അനുകൂലമായത്.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിന്റെ പങ്കിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണവും കോടതി നടപടികളുമെല്ലാം കുഞ്ഞനന്തനിൽ അവസാനിച്ചെങ്കിലും അത് ഉയർത്തിയ രാഷ്ട്രീയ അലയൊലികൾ ഇപ്പോഴും പാർട്ടിയെ ചുറ്റിപ്പറ്റി നിൽക്കുന്നു. ചന്ദ്രശേഖരൻ വധക്കേസിൽ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ.

1970 മുതൽ സിപിഎമ്മിൽ അംഗമായിരുന്ന അദ്ദേഹം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. എൽഡിഎഫ് ഭരണത്തിലിരിക്കെ കുഞ്ഞനന്തനു ദീർഘനാളത്തേക്കു പരോൾ അനുവദിച്ചതും വിവാദമായിരുന്നു. ടിപിയെ വകവരുത്താനുള്ള തീരുമാനം സിപിഎം അറിവോടെയാണെന്ന രാഷ്ട്രീയ ആരോപണത്തിനു ബലമേകുന്നതായിരുന്നു ടിപി വധത്തിനു ശേഷം കുഞ്ഞനന്തനു കിട്ടിയ പാർട്ടി സംരക്ഷണം.

പാർട്ടി നേതൃത്വം അറിയാതെയാണു കൊലപാതകം ആസൂത്രണം ചെയ്തതെങ്കിൽ അതു ചെയ്തയാളെ സംരക്ഷിക്കേണ്ട ബാധ്യത രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന് ഉണ്ടാവില്ല. പാർട്ടി പുറത്തു പറഞ്ഞു കൊണ്ടിരിക്കുന്ന നിരപരാധിത്വത്തിന്റെ യുക്തി അണികൾക്കു പോലും വേണ്ടത്ര ബോധ്യപ്പെടാതെ പോയതിനു കാരണവും മറ്റൊന്നായിരിക്കാനിടയില്ല.

ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണു കൊലപാതകവുമായി ബന്ധപ്പെട്ട കണ്ണി പാനൂരിലുണ്ടെന്ന വിവരം പുറത്തു വന്നത്. കേസിൽ അറസ്റ്റിലായ കൊടി സുനിക്കും കിർമാണി മനോജിനും അനൂപിനും കുഞ്ഞനന്തനുമായുള്ള ബന്ധമാണു കേസിൽ നിർണായകമായത്. അന്വേഷണത്തിൽ ഇവർ കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം വീട്ടിലെത്തി തെളിവെടുക്കുകയും ചെയ്തു. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായും കുഞ്ഞനന്തനു നല്ല അടുപ്പമുണ്ടായിരുന്നു.

പാനൂർ മേഖലയിലെ സിപിഎം അണികൾക്ക് ആവേശമായിരുന്ന പി.കെ.കുഞ്ഞനന്തൻ പാർട്ടിയുടെ സമുന്നത നേതാക്കളുടെ വിശ്വസ്തൻ കൂടിയായിരുന്നു. പാർട്ടിയുടെ ഉന്നത നേതൃനിരയിലുണ്ടായിരുന്ന ആളല്ലെങ്കിലും എല്ലാകാര്യത്തിലും കുഞ്ഞനന്തനെ പാർട്ടി നേതാക്കൾക്കു വേണ്ടിയിരുന്നു. കടുത്ത പാർട്ടിക്കൂറു തന്നെയാണു കുഞ്ഞനന്തനെ നേതാക്കളുടെ പ്രിയപ്പെട്ടവനാക്കിയത്.

പാർട്ടി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും അടിപതറാതെ നിൽക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായെങ്കിലും അന്വേഷണം മറ്റു നേതാക്കളിലേക്കു നീങ്ങാതിരുന്നത് കുഞ്ഞനന്തന്റെ അടിയുറച്ച പാർട്ടി നിലപാടുകൊണ്ടാണെന്ന് രാഷ്ട്രീയ എതിരാളികൾ ഇപ്പോഴും വിശ്വസിക്കുന്നു.

കൊലപാതകത്തിൽ പാർട്ടിക്കോ നേതാക്കൾക്കോ പങ്കില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ ആദ്യ പ്രതികരണം. എന്നാൽ ഗൂഢാലോചനയിൽ കുഞ്ഞനന്തന്റെ പങ്ക് കോടതിയിൽ തെളിഞ്ഞു. 13ാം പ്രതിയായ കുഞ്ഞനന്തനു പുറമേ കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മനോജ് എന്നിവർ കേസിൽ വന്നതോടെ നേതാക്കളും പ്രതികളും തമ്മിലുള്ള ബന്ധം പുറത്തുവന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെയാണു കോഴിക്കോട് സ്‌പെഷൽ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

2012 മെയ്‌ 4ന് ആണ് ടി.പി.ചന്ദ്രശേഖരനെ അക്രമി സംഘം ഓർക്കാട്ടേരി വള്ളിക്കാടിൽ കൊലപ്പെടുത്തിയത്. 2014ൽ ശിക്ഷാ വിധി വന്നു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ട് സിപിഎമ്മിന്റെ ഹൃദയഭൂമിയിൽ ആർഎംപിയെന്ന പാർട്ടി രൂപീകരിച്ചതു ചന്ദ്രശേഖരനായിരുന്നു. ഇതിന്റെ പേരിൽ 'കുലംകുത്തി'യെന്നാണ് ടിപിയെ സിപിഎം വിലയിരുത്തിയിരുന്നത്.

ടിപി വധക്കേസിലെ ഗൂഢാലോചന സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്കു വന്നപ്പോൾ പാർട്ടി പ്രതിരോധത്തിലായിരുന്നു. ഈ സമയത്തും കുഞ്ഞനന്തന്റെ ഉറച്ച നിലപാടാണ് പാർട്ടിക്കു കവചമായി നിന്നത്. ടിപി വധക്കേസിൽ സിപിഎമ്മിന്റെ കണ്ണൂർ നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്നായിരുന്നു ആർഎംപി ആവർത്തിച്ച് ആവശ്യപ്പെട്ടത്.

പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ മാസം തോറും കുഞ്ഞനന്തനു പരോൾ അനുവദിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നത്തിന്റെ പേരിലാണു പരോളെന്നായിരുന്നു പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട്. ടിപി കേസിൽ 8 വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട് കുഞ്ഞനന്തൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP