Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളനും കൊലപാതകിയുമായ ഒരുത്തനെ ജയിലിൽ നിന്നിറക്കാൻ മിസ്റ്റർ പ്രേമചന്ദ്രൻ താങ്കൾ എനിക്ക് കത്തെഴുതിയില്ലേ; ലളിത് മോദി വിഷയത്തിൽ പാർലമെന്റിൽ കത്തിക്കയറിയ കൊല്ലം എംപിയെ സുഷമ സ്വരാജ് അടിച്ചിരുത്തിയത് ഇങ്ങനെ

കള്ളനും കൊലപാതകിയുമായ ഒരുത്തനെ ജയിലിൽ നിന്നിറക്കാൻ മിസ്റ്റർ പ്രേമചന്ദ്രൻ താങ്കൾ എനിക്ക് കത്തെഴുതിയില്ലേ; ലളിത് മോദി വിഷയത്തിൽ പാർലമെന്റിൽ കത്തിക്കയറിയ കൊല്ലം എംപിയെ സുഷമ സ്വരാജ് അടിച്ചിരുത്തിയത് ഇങ്ങനെ

ന്യൂഡൽഹി: ഓരോ തവണയും പല കാര്യങ്ങൾക്കുവേണ്ടിയാണ് രാഷ്ട്രീയ നേതാക്കൾ ഭരണതലത്തിൽ ഇടപെടാറുള്ളത്. ഒരിക്കൽ ചെയ്യുന്നത് പിന്നീടൊരിക്കൽ ഉപദ്രവമാകാറുമുണ്ട്. അത്തരമൊരു പുലിവാലാണ് കൊല്ലം എംപി. എൻ.കെ.പ്രേമചന്ദ്രനെ കാത്തിരുന്നത്. പാർലമെന്റിൽ ലളിത് മോദി വിഷയത്തിൽ കത്തിക്കയറിയ ആർ.എസ്‌പി. നേതാവിനെ സുഷമ സ്വരാജ് അടിച്ചിരുത്തിയത് അത്തരത്തിലൊരു വിഷയത്തിലാണ്.

ഭരണഘടനയിലെ വകുപ്പുകൾ ഉദ്ധരിച്ച് പ്രേമചന്ദ്രൻ സുഷമയുടെ രാജി ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി തിരിച്ചടിച്ചത്. മറ്റൊരാൾക്കുവേണ്ടി വഴിവിട്ട് സഹായം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രേമചന്ദ്രന്റെ വാദം. മാനുഷികമായ പരിഗണനയിൽ ചില സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് സുഷമ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇത് മന്ത്രിയെന്ന പദവിക്ക് നിരക്കാത്തതാണെന്നും പ്രേമചന്ദ്രൻ വാദിച്ചു. പ്രേമചന്ദ്രന്റെ പ്രസംഗം മുറുകുമ്പോഴാണ് സുഷമ എംപിയെ അടിച്ചിരുത്തി രംഗത്തെത്തിയത്. ഇതേ തെറ്റ് പ്രേമചന്ദ്രനും ചെയ്തിട്ടുണ്ടെന്ന് സുഷമ രേഖകൾ കാണിച്ച് സഭയെ അറിയിച്ചു. കൊലപാതകവും മോഷണവും ചുമത്തി 18 വർഷമായി ഒമാനിൽ ജയിലിൽ കഴിയുന്ന മാധവൻ പിള്ളയെന്ന വ്യക്തിയുടെ മോചനത്തിനുവേണ്ടി ഇടപെടണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ട കാര്യമാണ് സുഷമ ഉയർത്തിക്കാട്ടിയത്.

പ്രേമചന്ദ്രൻ മന്ത്രിക്കയച്ച കത്ത് വായിച്ചുകൊണ്ടാണ് സുഷമ തിരിച്ചടിച്ചത്. രോഗശയ്യയിൽ കിടക്കുന്ന അമ്മയ്ക്ക് മാധവൻ പിള്ളയെ അവസാനമായി കാണമെന്നുണ്ടെന്നും അയാളെ മോചിപ്പിക്കാൻ ഇടപെടണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. മാനുഷിക പരിഗണയിൽ ആരെയെങ്കിലും സഹായിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെങ്കിൽ ആ തെറ്റ് നിങ്ങളും ചെയ്തിട്ടുണ്ടെന്ന് സുഷമ പ്രേമചന്ദ്രനോട് പറഞ്ഞു. സുഷമയുടെ മറുപടിയിൽ സ്തബ്ധനായ പ്രേമചന്ദ്രൻ, ആദ്യം കത്തിന്റെ കാര്യം ഓർമയില്ലെന്ന് പറഞ്ഞു. ചിലപ്പോൾ അത് സംഭവിച്ചിട്ടുണ്ടാകാമെന്ന് പിന്നീട് സമ്മതിച്ച പ്രേമചന്ദ്രൻ ഒടുവിൽ കത്തയച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നാൽ ഈ സംഭവത്തിന് ലളിത് മോദി സംഭവവുമായി ബന്ധമില്ലെന്നും പ്രേമചന്ദ്രൻ സഭയിൽ വാദിച്ചു.

ഇവിടെ ഉയരുന്ന മറ്റൊരു പ്രധാന കാര്യവുമുണ്ട്. സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുമ്പോൾ ആരായിരിക്കും സ്‌കോർ ചെയ്യുകയെന്ന് സുഷമ സ്വരാജ് മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. പ്രേമചന്ദ്രനെന്ന പാർലമെന്റ് അംഗത്തിന്റെ നാവടപ്പിക്കാൻ അതു കൊണ്ട് തന്നെ സുഷമാ സ്വരാജ് മുൻകൂട്ടി തയ്യാറാടുത്തിരുന്നു. ആർഎസ്‌പിക്ക് പാർലമെന്റിൽ ആകെയുള്ളത് പ്രേമചന്ദ്രനാണ്. അതുകൊണ്ട് അടിയന്തരത്തിൽ പ്രമേചന്ദ്രൻ സംസാരിക്കുമെന്നും ഉറപ്പ്. കുറച്ച് സമയമേ കിട്ടൂവെങ്കിലും എല്ലാം വൃത്തിയായി പഠിച്ച് കാര്യങ്ങൾ കൊല്ലത്ത് നിന്നുള്ള പാർലമെന്റ് അംഗം അവതരിപ്പിക്കുമെന്ന് സുഷമയ്ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് കൂടിയാണ് ഫയലുകൾ തപ്പി പ്രമേചന്ദ്രനെ കുടുക്കാനുള്ള വക സുഷമ ഒപ്പം കരുതിയത്. വേണ്ടിടത്ത് പ്രയോഗിച്ചപ്പോൾ പ്രേമചന്ദ്രൻ പതറി.

ഈ തിരിച്ചടി യഥാർത്ഥത്തിൽ പ്രേമചന്ദ്രനുള്ള അംഗീകാരമായി വിലയിരുത്തുന്നവരുമുണ്ട്. ചവറെ മുതൽ കൊല്ലം വരെയുള്ള പാർട്ടിയായി ആർഎസ്‌പിയെ കേരള രാഷ്ട്രീയത്തിൽ കളിയാക്കുന്നവരുണ്ട്. എന്നാൽ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന് ഈ ആർഎസ്‌പിയുടെ ഏക എംപി പുലിക്കുട്ടിയാണ്. സർക്കാരിനെ വാദമുഖങ്ങളുയർത്തി പ്രതിക്കൂട്ടിൽ നിർത്താൻ കെൽപ്പുള്ള നേതാവ്. അതുകൊണ്ട് തന്നെയാണ് പ്രേമചന്ദ്രനെ നിശബ്ദനാക്കാനുള്ള വക ഒപ്പം കൂട്ടാൻ സുഷമ ഒപ്പം കൂട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും പിന്നെ സുഷമാ സ്വരാജും ചേർന്നാണ് ഈ പദ്ധതി തയ്യാറാക്കിയത്. പാർലെന്റിലെ യഥാർത്ഥ പ്രതിപക്ഷ അംഗങ്ങൾക്കുള്ള ബഹുമാനം ഭരണ കക്ഷി നൽകുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ.

പ്രേമചന്ദ്രൻ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളേയും പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രിമാർക്ക് മോദി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. രാജ്യസഭയിൽ നിന്ന് കാലാവധി പൂർത്തിയാക്കി മടങ്ങിയപ്പോൾ പി രാജീവിനെ ബിജെപിയും ജെയ്റ്റ്‌ലിയും പുകഴ്‌ത്തിയത് കണക്കില്ലാതെയായിരുന്നു. അത്രയും പ്രവർത്തന മികവ് രാജീവ് രാജ്യസഭയിൽ പ്രകടമാക്കി. ഇതിനെ വെല്ലുന്ന തരത്തിലാണ് പ്രേമചന്ദ്രന്റെ പ്രകടനമെന്നാണ് വിലിയിരുത്തൽ. ഭാഷാ ശുദ്ധിയും കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി അവതരിപ്പിക്കാനുമുള്ള കഴിവും തന്നെയാണ് പ്രേമചന്ദ്രന്റെ മികവ്. ഇതിന് മുമ്പ് പാർലമെന്റ് അംഗമായിരുന്നപ്പോഴും ആർഎസ്‌പി നേതാവ് മികച്ച പാർലമെന്റേറിയൻ എന്ന പേര് സ്വന്തമാക്കിയുന്നു. അതു തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. അത്തരം നേതാക്കളെ തളയ്ക്കാൻ ബ്രഹ്മാസ്ത്രവുമായി തന്നെ ബിജെപി മന്ത്രിമാർ വരും ദിനങ്ങളിലും നിയമസഭയിലെത്തുക.

പ്രേമചന്ദ്രനെ പോലെ ബിജിപിയുടെ നോട്ടപ്പുള്ളിയായ മറ്റൊരു നേതാവുമുണ്ട്. ആറിങ്ങലിൽ ലോക്‌സഭാംഗമായി സമ്പത്ത്. ചർച്ചകളിൽ സമ്പത്തിന്റെ പ്രകടനും ബിജെപി നേതാക്കളുടെ ശ്രദ്ധയ്ക്ക് പാത്രമായിട്ടുണ്ട്. ഈ നേതാവിനേയും ചർച്ചകളിൽ അടക്കാൻ ചില തന്ത്രങ്ങൾ ബിജെപി ഒരുക്കുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP