Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാതാപിതാക്കളെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത് ഓട്ടോറിക്ഷാ ഡ്രൈവർ; തെറി വിളിച്ചു അനസ് പാഞ്ഞടുത്തിട്ടും മാന്യത കൈവിടാതെ പൊലീസ്; എടാ, എടീ.. വിളി പാടില്ലെന്ന ഡിജിപി സർക്കുലറിനിടെ ഒരു പൊലീസ് അനുഭവം

മാതാപിതാക്കളെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത് ഓട്ടോറിക്ഷാ ഡ്രൈവർ; തെറി വിളിച്ചു അനസ് പാഞ്ഞടുത്തിട്ടും മാന്യത കൈവിടാതെ പൊലീസ്; എടാ, എടീ.. വിളി പാടില്ലെന്ന ഡിജിപി സർക്കുലറിനിടെ ഒരു പൊലീസ് അനുഭവം

ആർ പീയൂഷ്

തൊടുപുഴ: എടാ, എടീ എന്ന് പൊതുജനങ്ങളെ വിളിക്കരുതെന്നും മാന്യമായി പെരുമാറണമെന്നും ഡി.ജി.പി സർക്കുലർ ഇറക്കിയതിന് പിന്നാലെ തൊടുപുഴയിൽ കേട്ടാലറക്കുന്ന തെറി വിളിച്ചയാളോട് സഹിഷ്ണുതയോടെ സംസാരിക്കുന്ന പൊലീസിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. പാവപ്പെട്ടവരുടെ മേൽ കുതിരകയറാതെ പൊലീസ് ഇയാളെ പോലെയുള്ളവരെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും മറ്റുമുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർക്ക് നേരെയാണ് ആലക്കോട് സ്വദേശിയായ അനസ് എന്നയാൾ അസഭ്യം പറഞ്ഞ് ഡ്യൂട്ടി തടസപ്പെടുത്തിയത്.

മാതാപിതാക്കളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു എന്ന പരാതിയിൽ അന്വേഷിക്കാനെത്തിയ എസ്‌ഐയെയും സിവിൽ പൊലീസ് ഓഫീസറെയുമാണ് ഓട്ടോറിക്ഷ ഡ്രൈവറായ അനസ് അസഭ്യം പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. രാത്രി എട്ടരയോടുകൂടി മദ്യപിച്ചെത്തിയ മകൻ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു എന്ന് പറഞ്ഞ് ഒരു ഫോൺ വന്നതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ രാജേഷും സിവിൽ പൊലീസ് ഓഫീസർ സനൂപും ആലംകോട്ടെ വീട്ടിലെത്തി. പൊലീസ് എത്തുമ്പോൾ വീടിനുള്ളിൽ ഇരിക്കുകയായിരുന്ന അനസ് കയ്യിലിരുന്ന മൊബൈൽ ഫോൺ പൊലീസിന് നേരെ വലിച്ചെറിഞ്ഞു. തുടർന്ന് ചെവിപൊട്ടുന്ന തരത്തിലുള്ള അസഭ്യം പറയുകയായിരുന്നു.

നീയൊക്കെ എന്തിന് വന്നതാ എന്നായിരുന്നു ചോദ്യം. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ വീണ്ടും ഇയാൾ ക്ഷുഭിതനായി. എന്റെ പേരിലുള്ള സ്ഥലമാണിത്, അല്ലാതെ നിന്റെ അപ്പന്റെ പേരിലുള്ള സ്ഥലമല്ല. എന്നെ പൊലീസുകാരെ വരുത്തി പേടിപ്പിക്കാൻ നോക്കണ്ട എന്ന് പറഞ്ഞ് പിതാവിന് നേരെയായി പിന്നെ ഇയാളുടെ ആക്രോശം. പൊലീസ് ഇയാളെ അനുനയിപ്പിക്കാനായി ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങാതെ അസഭ്യം പറച്ചിൽ തുടരുകയായി. പൊലീസ് ശാന്തമായി സംസാരിക്കുന്നതു കണ്ടതോടുകൂടി വലിയ ഫോമിലായ അനസ് പൊലീസ് ജീപ്പിന് മുന്നിൽ ഓട്ടോറിക്ഷ കുറുകെ ഇട്ട് തിരികെ പോകാൻ സമ്മതിച്ചില്ല. ഇതോടു കൂടി വിവരം സ്റ്റേഷൻ എസ്.എച്ച്.ഒയെ അറിയിച്ചു.

പൊലീസുദ്യോഗസ്ഥരെ തടഞ്ഞിട്ടിരിക്കുന്നു എന്ന സന്ദേസം ലഭിച്ചതോടെ എസ്.എച്ച്.ഒ വി സി കൃഷ്ണകുമാറിന്റെയും പ്രിൻസിപ്പൽ എസ്‌ഐ ബൈജു.വി.ബാബുവിന്റെയും നേതൃത്വത്തിൽ രണ്ടു ജീപ്പിലായി പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെ അനസിന് പന്തികേട് മണത്തു. ഇവിടെ നിന്നും രക്ഷപെടാൻ സ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു മണിക്കൂറിനടുത്താണ് ഇയാൾ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച് ഭീഷണിമുഴക്കിയത്. പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും മാതാപിതാക്കളെയും ഭാര്യയെയും കയ്യേറ്റം ചെയ്തതിനും കേസ് എടുത്ത് റിമാൻഡു ചെയ്തു.

അനസ് വീട്ടിൽ വലിയ പ്രശ്നക്കാരനാണെന്ന് കാട്ടി മാതാപിതാക്കൾ സ്റ്റേഷനിൽ പേരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രശ്നമുണ്ടായപ്പോൾ വിളിച്ചു പറഞ്ഞതോടെയാണ് പൊലീസ് രാത്രിയിൽ തന്നെ ഇവിടെയെത്തിയത്. പൊതു ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സർക്കുലർ ഉണ്ടായിരുന്നതിനാൽ ഏറെ സംയമനം പാലിച്ചാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. കഴിഞ്ഞ പത്തിനാണ് പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂവെന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിർദ്ദേശം.

പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനമധ്യത്തിൽ സേനയുടെ സൽപ്പേരിന് അവമതിപ്പും അപകീർത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP