Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'നാർക്കോട്ടിക് ജിഹാദ്' എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സംഭാവനയല്ല! ആഗോള പഠനങ്ങൾ മുമ്പു പല ആവർത്തി പ്രയോഗിച്ച വാക്ക്; അനിസ്ലാമികമായ കറുപ്പു കച്ചവടം അഫ്ഗാനിലെ താലിബാൻ ഉപയോഗിച്ചത് അധികാരത്തിലേക്കുള്ള ധനാഗമ മാർഗ്ഗമായി; കേരള തീരത്ത് ലഹരിക്കടത്ത് വർധിക്കുമെന്ന് ഐബി റിപ്പോർട്ടും

'നാർക്കോട്ടിക് ജിഹാദ്' എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സംഭാവനയല്ല! ആഗോള പഠനങ്ങൾ മുമ്പു പല ആവർത്തി പ്രയോഗിച്ച വാക്ക്; അനിസ്ലാമികമായ കറുപ്പു കച്ചവടം അഫ്ഗാനിലെ താലിബാൻ ഉപയോഗിച്ചത് അധികാരത്തിലേക്കുള്ള ധനാഗമ മാർഗ്ഗമായി; കേരള തീരത്ത് ലഹരിക്കടത്ത് വർധിക്കുമെന്ന് ഐബി റിപ്പോർട്ടും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ ലൗ ജഡിഹാദിന് ഒപ്പം നാർക്കോട്ടിക് ജിഹാദും നടപ്പിലാക്കുവാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് കല്ലങ്ങാട്ടിന്റെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കയാണ്. ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി രണ്ട് ചേരി തന്നെ രൂപം കൊണ്ടിരിക്കുന്നു. കത്തോലിക്കാ വിശ്വാസികൾ കരുതിയിരിക്കാൻ വേണ്ടി പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന കേരള സമൂഹത്തിൽ വലിയ വിള്ളലുകൾക്ക് വഴിവെച്ചിരിക്കയാണ്.

പലരും 'നാർക്കോട്ടിക് ജിഹാദ്' എന്ന വാക്ക് പോലും ആദ്യമായി കേൾക്കുകയാണ് എന്നാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും ഇത്തരത്തിലായിരുന്നു. നാർക്കോടിക് ജിഹാദ് എന്ന പ്രയോഗത്തെ കുറിച്ച് കൂടുതൽ ചർച്ച നടത്തുമ്പോൾ വ്യക്തമാകുന്നത് ഇത് പാലാ ബിഷപ്പ് മാത്രം പ്രയോഗിച്ച വാക്കല്ല എന്നാണ്. ആഗോള തലത്തിൽ നിരവധി തവണ പ്രയോഗിക്കപ്പെട്ട വാക്കാണ് 'നാർക്കോ ജിഹാദ് അഥവാ നാർക്കോട്ടിക് ജിഹാദ്'.

ആഗോള തലത്തിൽ പാശ്ചാത്യ ലോകത്തോടും പാശ്ചാത്യ സംസ്‌ക്കാരത്തോടും യുദ്ധം ചെയ്യുന്ന ഇസ്ലാമിക ഭീകര സംഘടനകൾ സംഘടിതമായി നടത്തുന്ന കുറ്റകൃത്യമാണ് ഇതെന്ന പഠനങ്ങളും ഉണ്ടായിട്ടുണ്ട്. European Foundation For South Asian Studies(EFSAS)എന്ന ആംസ്റ്റർഡാം കേന്ദ്രമാക്കിയുള്ള പഠന ഗവേഷണ സ്ഥാപനം നാർക്കോ ജിഹാദിനെ കുറിച്ച് പഠനറിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. നാർക്കോ ജിഹാദ് ഇന്റർനാഷണൽ തലത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അമുസ്ലിംങ്ങളെ ബുദ്ധിപരമായി നശിപ്പിക്കാനുള്ള വഴിയായും പഠനങ്ങൾ പറയുന്നുണ്ട്.

പാലാ ബിഷപ്പിന്റെ നാർക്കോ ജിഹാദ് പ്രയോഗം ഇന്നത്തെ കാലത്ത് എങ്ങനെയാണ് കേരളീയരെ ആശങ്കപ്പെടുത്തുന്നത് എന്നു പരിശോധിച്ചാൽ കാര്യങ്ങൾ എത്തി നിൽക്കുക അഫ്ഗാനിസ്ഥാനിൽ ശരിഅത്ത് നിയമം അനുസരിച്ച് ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ പോകുന്ന താലിബാന്റെ വരവിനെ കുറിച്ചു പരിശോധിക്കേണ്ടി വരും. കേരളത്തിൽ അടക്കം താലിബാനെ പിന്തുണയ്ക്കുന്ന വിചാരധാരയുള്ള ഒരു വിഭാഗം ഉണ്ടെന്ന ആകഷേപവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പാലാ ബിഷപ്പിന്റെ പ്രസംഗം വിവാദമാകുന്നത്.

ഇസ്ലാമിന് ഹറാമായത് ജിഹാദിന് ഹലാൽ ആക്കിയ താലിബാൻ

ലോകത്തിലെ ഏറ്റവും വലിയ ഹെറോയിൽ ഉത്പാദക രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ആഗോള ഉത്പാദനത്തിന്റെ 80-90 ശതമാനം വരെ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന കറുപ്പ് മെക്‌സിക്കൻ ഡ്രഗ് മാഫിയയിലേക്ക് വരെയാണ് എത്തിപ്പെടുന്നത്.

അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാരിന്റെ മയക്കുമരുന്ന് നയങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. മയക്ക് മരുന്ന് കച്ചവടത്തിലൂടെ സ്വരൂപിച്ച പണക്കൊഴുപ്പിൽ വളർന്ന താലിബാൻ രാജ്യത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ കറുപ്പ് (ഓപ്പിയം) ഉത്പാദനത്തിലും ഹെറോയിൻ നിർമ്മാണത്തിലും ഏന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. ഭരണം ഇല്ലാതിരുന്നപ്പോൾ സംഘടനയെ വളർത്താൻ മയക്കുമരുന്ന് കടത്ത് തൊഴിലാക്കിയവർ് ഒരു സർക്കാർ ഉണ്ടാക്കുമ്പോൾ ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ പണമുണ്ടാക്കാൻ 'നാർക്കോ ജിഹാദിന്' തയ്യാറായേക്കാം.

അഫ്ഗാനിലെ പോപ്പി കൃഷിക്കും മയക്കുമരുന്നു നിർമ്മാണത്തിനും അറുതിവരുത്താനുള്ള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മയക്കുമരുന്ന് വ്യാപാരത്തിന് തഴച്ച് വളരാനുള്ള സാഹചര്യം അഫ്ഗാനിൽ ഇല്ലായിരുന്നെങ്കിൽ ആ രാജ്യത്തിന്റെയും ജനങ്ങളുടെയും ചരിത്രം ചിലപ്പോൾ മാറിമറിഞ്ഞേനെ. ഓപ്പിയം നിർമ്മാണത്തിനുള്ള പോപ്പി കൃഷിക്കും സംസ്‌കരിച്ചെടുക്കുന്ന ലാബുകൾക്കും രാജ്യത്തിനു പുറത്തേക്കെത്തിക്കുന്ന കള്‌ലക്കടത്തുകാർക്കുമെല്ലാം എന്നും താലിബാന്റെ സുരക്ഷയുണ്ടായിരുന്നു. ഇതിന് കൃഷിക്കാരും കച്ചവടക്കാരും നികുതി നൽകിയിരുന്നു.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ സംബന്ധിച്ച യുണൈറ്റഡ് നേഷൻസ് ഓഫീസിലെ (യു.എൻ.ഒ.ഡി.സി) മുതിർന്ന മയക്കുമരുന്ന് ഗവേഷക അഞ്ജ കൊറെൻബ്ലിക് പറയുന്നതനുസരിച്ച് നല്ലവരുമാനം തന്നെയാണ് അഫ്ഗാനിലെ ബദൽ ഉപജീവന മാർഗങ്ങളില്ലാത്ത കർഷകരെ പോപ്പി കൃഷിയിലേക്ക് ആകർഷിക്കുന്നത്. കുറച്ച് ഭൂമിയുണ്ടെങ്കിൽ, നിങ്ങൾക്ക് പോപ്പി ചെടി വളർത്താൻ തുടങ്ങാം, അതിൽ നിന്ന് നിങ്ങൾക്ക് താരതമ്യേന നല്ല വരുമാനം ലഭിക്കും.മറ്റ് വിളകൾക്ക് വിപണി കണ്ടെത്താൻ പ്രയാസമാണെങ്കിലും ഓപ്പിയം തേടി ആവശ്യക്കാർ കർഷകരുടെ അടുത്തെത്തും. ഇവയുടെ ഉത്പാദനവും വിപണനവും നിയമവിരുദ്ധമാണെങ്കിലും നിയമവാഴ്ച ഇല്ലാത്ത, നിയമപാലനം ദുർബലമായ രാജ്യത്ത് ഇത് സുലഭമായി നടക്കും.

അമേരിക്കയിൽ മെക്‌സിക്കോയിൽ നിന്നും കൊളംബിയയിൽ നിന്നും ഹെറോയിൻ എത്തുന്നുണ്ടെങ്കിൽ അഫ്ഗാനിസ്ഥാനിൽനിന്നും ഇവ പടിഞ്ഞാറൻ യൂറോപ്പിലും ഏഷ്യൻ ആഫ്രിക്കൻ വിപണിയിലേക്കും എത്തിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.പോപ്പി കൃഷിചെയ്യുന്ന ഭൂരിഭാഗം കർഷകരും വളരെ ദരിദ്രരാണ്. പ്രകൃതി ദുരന്തങ്ങളും കൊവിഡുമൊക്കെ അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നു. അവരുടെ ജീവിത സാദ്ധ്യതകൾ മെച്ചപ്പെട്ടിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല, അല്ലെങ്കിൽ വളരെ കുറവാണ്. അവർക്ക് പോപ്പി ചെടി വളർത്താൻ കഴിയുന്നില്ലെങ്കിൽ, ആളുകൾക്ക് ജോലിയും വരുമാനവും ഭക്ഷണവും ലഭിക്കുന്നതിന് മറ്റൊരു പരിഹാരം ഉണ്ടായിരിക്കണം.

അനധികൃത മയക്കുമരുന്ന് കൃഷി എല്ലാവരെയും സമ്പന്നരാക്കുന്നുവെന്ന് ആളുകൾ പലപ്പോഴും ചിന്തിക്കുന്നു. അത് തികച്ചും അങ്ങനെയല്ല. ഇത് ചില ആളുകളെ വളരെ സമ്പന്നരാക്കുന്നു, പക്ഷേ ധാരാളം ആളുകൾക്ക് അതിൽ നിന്ന് കാര്യമായൊന്നും ലഭിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം മാന്യമായ രീതിയിൽ ജീവിക്കാനുള്ള ഒരേയൊരു മാർഗമാണത്.

'മതപരമായി ഇസ്ലാം തീർത്തും നിഷിദ്ധമാക്കിയ വസ്തുവാണ് മദ്യവും മയക്കുമരുന്നും. പക്ഷേ പിടിച്ചു നിൽക്കാനായി അഫ്ഗാൻ താലിബാൻ ചെയ്തത് വ്യാപകമായി കറുപ്പ് ചെടികൾ നടുക എന്നതായിരുന്നു. താലിബാന്റെ ഈ മയക്കുമരുന്ന് കടത്ത് ഭീഷണിയാവുന്നത് യൂറോപ്പിനും അമേരിക്കയ്്ക്കുമാണ്. മെക്‌സിക്കൻ ഡ്രഗ് കാർട്ടൽ വഴി അമേരിക്കയിലും യൂറോപ്പിലും എത്തുന്ന മയക്കുമരുന്നിന്റെ 60 ശതമാനവും എത്തുന്നത് താലിബാൻ വഴിയെന്നാണ് കണ്ടെത്തൽ. യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തെയാണ് താലിബാന്റെ മയക്കുമരുന്നു വീഴ്‌ത്തുന്നത് എന്ന ആശങ്ക മുൻകാല പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ചാരായവാറ്റു പോലെ ഹെറോയിൻ വാറ്റ്

മുൻകാലങ്ങളിൽ ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനായിരുന്നു. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്‌നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല.

ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്‌സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടിയത്. അധികാരത്തിൽ എത്തിയ താലിബാൻ മയക്കുമരുന്ന് വ്യാപാരം വിപുലമാക്കും എന്നതും ഉറപ്പാണ്.

അഫ്ഗാന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ആറ് മുതൽ 11 ശതമാനത്തിന് വരെ തുല്യമാണ് 'കറുപ്പ് സമ്പദ് വ്യവസ്ഥ', എന്ന് മയക്കുമരുന്നും കുറ്റകൃത്യങ്ങളും പരിശോധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഓഫീസ് നിരീക്ഷിച്ചത് 2018ലാണ്. 2018ലെ വരൾച്ച ഉൽപാദനത്തിൽ ഇടിവ് വരുത്തി. 2017ൽ 6.6 ശതകോടി ഡോളർ വരുമാനം കറുപ്പ് കൃഷിയിലൂടെ കിട്ടിയത് 2018ൽ 2.2 ശതകോടി ഡോളർ ആയി താഴ്ന്നു. 2008 മുതൽ താലിബാൻ തങ്ങളുടെ പകുതിയിലധികം വരുമാനവും സമ്പാദിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണ്. കറുപ്പ് കൃഷിക്ക് നേതൃത്വം നൽകൽ, വിളകൾ സംരക്ഷിക്കൽ, മധ്യേഷ്യ വരെ നീളുന്ന ക്രിമിനൽ വിതരണശൃംഖലയുടെ നിയന്ത്രണം എന്നിവയിലൂടെ താലിബാൻ കോടിക്കണക്കിന് ഡോളർ കൊയ്തുകൊണ്ടിരുന്നു. ഇത് ആഗോള ഇസ്ലാമിക തീവ്രവദാത്തിന് ഇന്ധനമാകുകയും ചെയ്യുന്നു.

1980കളിലാണ് കറുപ്പ് ഉൽപാദനം വീണ്ടും അഫ്ഗാനിസ്ഥാനിൽ വർധിച്ചു തുടങ്ങിയത്. സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധച്ചെലവ് കണ്ടെത്താൻ മുജാഹിദീൻ ഗ്രൂപ്പുകൾ ആശ്രയിച്ചത് കറുപ്പിനെയാണ്. താലിബാന്റെ മയക്കുമരുന്ന് ഇടപാടുകളേക്കുറിച്ച് 'സീഡ്സ് ഓഫ് ടെറർ' എന്ന പുസ്തകമെഴുതിയ ഗ്രെച്ചൻ പീറ്റേഴ്സ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. മുജാഹിദീൻ കമാണ്ടറായിരുന്ന മുല്ല മുഹമ്മദ് നസീം അകുൻസാദ 'ഉൽപാദന ക്വോട്ടകൾ നിശ്ചയിക്കുകയും ചെറുകിട പോപ്പി കർഷകർക്ക് കവർച്ചാ സമാനമാ വായ്പകൾ ഏർപ്പെടുത്തുകയും ചെയ്തു,' മാത്രമല്ല 'പോപ്പി നടാൻ മടിച്ച കർഷകരെ ഷണ്ഡീകരിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി'.

1986ൽ ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഒരു മുജാഹിദീൻ കമാണ്ടർ പറയുന്നതിങ്ങനെ, 'ഞങ്ങളുടെ വിശുദ്ധയുദ്ധം നടത്താൻ ഞങ്ങൾ കറുപ്പ് കൃഷിയും വിൽപനയും ചെയ്യുക തന്നെ വേണം.' 'ജിഹാദ്' നടത്താനുള്ള അമേരിക്കൻ-സൗദി സാമ്പത്തിക സഹായം കൈകാര്യം ചെയ്തിരുന്ന ഇന്റർ സർവ്വീസസ് ഇന്റലിജൻസ് ഡയറക്ടറേറ്റ് മയക്കുമരുന്നു കച്ചവടത്തിലും മുജാഹിദുകളെ സഹായിച്ചു. ആയുധങ്ങളും മരുന്നുകളും ഭക്ഷണവും കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന കടത്ത് റൂട്ടുകൾ കറുപ്പിനേയും ഏറ്റെടുത്തു. കറാച്ചിയിലെ ക്രിമിനൽ കാർട്ടലുകൾ വഴി മയക്കുമരുന്നുകൾ യൂറോപ്പിലും യുഎസിലുമെത്തി, കറുപ്പിനെ ഓഹരി വിപണിയിലൂടേയും ഭൂസ്വത്ത് വിപണിയിലൂടേയും അവർ തിരിച്ച് വെളുപ്പിച്ചെടുത്ത് നൽകിക്കൊണ്ടിരുന്നു.

കറുപ്പിനെ അവസാനിപ്പിച്ചുകളയുമെന്ന വാഗ്ദാനത്തോടെയാണ് 1997ൽ താലിബാൻ അധികാരത്തിൽ വന്നത്. ആ വർഷമിറക്കിയ ഒരു പ്രസ്താവനയിൽ താലിബാൻ ഭരണകൂടം ഇങ്ങനെ ഉത്തരവിടുന്നു-'ഹാഷിഷ്, ഹെറോയിൻ എന്നിവ കച്ചവടം ചെയ്യുന്നതും ഉപയോഗിക്കുന്നതും അവസാനിപ്പിക്കണമെന്ന് ഒരിക്കൽ കൂടി കർശനമായി ഓർമ്മിപ്പിക്കുകയാണ്. ഈ ഉത്തരവ് ആരെങ്കിലും ലംഘിച്ചാൽ അവർ പരമോന്നതനായ മൊഹമ്മദിന്റേയും ശരിയ നിയമങ്ങളും അനുസരിച്ച് ശിക്ഷിക്കപ്പെടും.'എന്നാൽ യഥാർത്ഥ്യം ഈ വാഗ്ദാനത്തിൽ നിന്നും ഏറെ അകലെയായിരുന്നു. 2,250 ടൺ കറുപ്പാണ് 1996ൽ അഫ്ഗാനിസ്താൻ ഉൽപാദിപ്പിച്ചത്. 1999ൽ ഇത് 4,580 ടൺ ആയി വർധിച്ചു. 1999ൽ രാജ്യത്തിന്റെ ഭൂരിഭാഗവും ഇസ്ലാമിക് എമിറേറ്റിന് കീഴിലായിരുന്നു എന്നോർക്കണം. താലിബാന്റെ കീഴിലായിരുന്ന സ്ഥലങ്ങളിലായിരുന്നു അഫ്ഗാനിലെ 97 ശതമാനം കറുപ്പും ഉൽപാദിപ്പിക്കപ്പെട്ടത്.

അടുത്തകാലത്തായി താലിബാൻ തങ്ങളുടെ അധികാരം വ്യാപിപ്പിച്ചപ്പോൾ ആവനാഴിയിൽ ഏറ്റവും പ്രധാനമായുണ്ടായിരുന്നത് കറുപ്പ് പണമാണ്. 2020ൽ താലിബാൻ അധീനതയിലായിരുന്ന പ്രദേശങ്ങളിലെ ഒപിയം കൃഷി 1.63 ലക്ഷം ഹെക്ടറിൽ നിന്ന് 2.24 ലക്ഷം ഹെക്ടറായി കുത്തനെ വർധിച്ചു. താലിബാന്റെ നാടകീയമായ അധികാരം പിടിച്ചെടുക്കൽ ഈ കറുപ്പ് ഇടപാടുകളെ കൂടുതൽ സ്ഥാപനവൽകരിക്കും. വരാനിരിക്കുന്ന ഉപരോധങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടാണിത്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഇതിന്റെയെല്ലാം ഫലമായി ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ലഷ്‌കർ ഇ തൊയ്ബ മുതൽ ഇസ്ലാമിക് സ്റ്റേറ്റ് വരെയുള്ള ഭീകരവാദഗ്രൂപ്പുകൾ ഇന്ത്യയെ ലക്ഷ്യമിടുന്നത് വർധിക്കുമെന്നും അവർക്കെല്ലാം പുതിയ സാമ്പത്തിക സ്രോതസ്സുകളുണ്ടാകുമെന്നും നിരീക്ഷണങ്ങളുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ കണ്ണുകൾ കൊണ്ട് കാണാനാകാത്തവയായിരിക്കാം ഇവ. എല്ലാറ്റിലുമുപരിയായി ഇന്ത്യയിലേക്ക് മയക്കുമരുന്നിന്റെ ഒഴുക്ക് കൂടിയേക്കും. ഉൽപാദനം കൂടുമ്പോൾ കാർട്ടലുകൾ പുതിയ വിപണികൾ കണ്ടെത്തുന്നതിന്റെ സ്വാഭാവിക പരിണതി.

കേരള തീരം കരുതിയിരിക്കണമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടും

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരമേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര സർക്കാരിനു റിപ്പോർട്ടു നൽകിയത് കഴിഞ്ഞ മാസമാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ലഹരി, ആയുധക്കടത്ത് ശക്തമാകുമെന്ന വിവരം ലഭിച്ചതോടെയാണ് ഇത്. ഇവിടെനിന്നു പുറപ്പെടുന്ന ചില മത്സ്യബന്ധന ബോട്ടുകൾ ഇറാൻ തീരംവരെ എത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. മത്സ്യബന്ധന ബോട്ടുകൾ ഇറാൻ തീരത്തേയ്ക്കു പോകുന്നതു പതിവുള്ളതല്ലെന്നാണ് വിലയിരുത്തൽ.

കേരള, തമിഴ്‌നാട് അതിർത്തികളിൽനിന്നു മത്സ്യബന്ധത്തിനു പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കർശനമായി നിരീക്ഷിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബോട്ടുകളിൽ പോകുന്നവർ തന്നെയാണോ തിരിച്ചു വരുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ബോട്ടുകൾ എത്തുമ്പോൾ നിർബന്ധമായും പരിശോധിക്കണമെന്നുമാണ് ഐബി നിർദ്ദേശം. ഇതു സംബന്ധിച്ച് തീര സംരക്ഷണ സേനയ്ക്കു നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ തീരങ്ങളിൽ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര ഏജൻസികൾ നടപടി സ്വീകരിച്ചിട്ടുണ്ട്.

വിഴിഞ്ഞത്തുനിന്നു വൻ തോതിലുള്ള ലഹരിമരുന്ന് ശേഖരവും ആയുധങ്ങളും പിടികൂടിയതിനു പിന്നാലെ നടത്തിയ അന്വേഷണങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിൽ താമസിച്ച് ആയുധ, ലഹരി കടത്തു നടത്തിയിരുന്ന സംഘത്തെ പിടികൂടിയതും എൻഐഎയ്ക്കു കൈമാറിയതും ഇതിന്റെ ചുവടുപിടിച്ചായിരുന്നു. തെക്കെ ഇന്ത്യൻ തീരങ്ങളിൽ ലഹരി ആയുധക്കടത്തുകൾക്ക് എൽടിടിഇ ചുക്കാൻ പിടിക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP