Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് സമ്പദ് ഘടനയെ രക്ഷിക്കാൻ മലയാളി വിദ്യാർത്ഥികളും; വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടിയപ്പോൾ ബ്രിട്ടന് ലഭിച്ചത് ശത കോടികൾ; ഇന്ത്യക്കാർ നിറയുന്ന യുകെ യൂണിവേഴ്സിറ്റികൾ പൊന്നു കായ്ക്കുന്ന മരങ്ങളെന്നു കണക്കുകൾ

ബ്രിട്ടീഷ് സമ്പദ് ഘടനയെ രക്ഷിക്കാൻ മലയാളി വിദ്യാർത്ഥികളും; വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടിയപ്പോൾ ബ്രിട്ടന് ലഭിച്ചത് ശത കോടികൾ; ഇന്ത്യക്കാർ നിറയുന്ന യുകെ യൂണിവേഴ്സിറ്റികൾ പൊന്നു കായ്ക്കുന്ന മരങ്ങളെന്നു കണക്കുകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വിലക്കയറ്റവും നാണയപ്പെരുപ്പവും ചരിത്രത്തിലെ ഏറ്റവും താണ പലിശ നിരക്കും ഒക്കെയായി കാലിട്ടടിക്കുന്ന ബ്രിട്ടീഷ് സമ്പദ് ഘടനയെ കരകയറ്റാൻ ഉള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് മലയാളികളും ചൈനക്കാരും ചേർന്ന് എന്ന് തോന്നിപ്പിക്കും വിധമാണ് യുകെ യൂണിവേഴ്സിറ്റികളിലേക്കുള്ള ഇടിച്ചു കയറ്റം. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ 56,000 ആണെന്ന് കണക്കുകൾ വന്നപ്പോൾ അതിൽ ഒട്ടും മോശം അല്ലാത്ത കണക്കായിരിക്കും മലയാളികളുടേതെന്ന് ഊഹിക്കാൻ ഓരോ യൂണിവേഴ്‌സിറ്റി പട്ടണത്തിലും താമസ സ്ഥലം തേടി അലയുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടാൽ മാത്രം മതിയാകും.

ഒരു റൂമിൽ ഒരേ ബെഡിൽ രണ്ടു മലയാളി വിദ്യാർത്ഥികൾ താമസിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുകയാണ് അഡ്‌മിഷൻ നേടിയവർ. പ്രതിമാസം 400 പൗണ്ട്(നാൽപ്പതിനായിരം രൂപ) നൽകിയാൽ പോലും സ്റ്റുഡിയോ ഫ്ലാറ്റുകൾ അടക്കം കിട്ടാനില്ലാത്ത നിലയിലാണ്. കഴിഞ്ഞ വർഷവും വിദ്യാർത്ഥി കയറ്റുമതിയിൽ മുന്നിൽ എത്തിയത് ചൈന തന്നെയാണെന്നു 2018- 19 അക്കാദമിക് വർഷത്തെ പ്രവേശന കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 87,000 വിദ്യാർത്ഥികളാണ് ചൈനയിൽ നിന്നെത്തിയത്. ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഈ ട്രെൻഡ് ഈ വർഷവും തുടരുകയാണ്. ഈ വർഷത്തെ ഇൻ ടേക്ക് തിങ്കളാഴ്ച തുടങ്ങാനിരിക്കെ വിസ അടിച്ചു കിട്ടാൻ വിദ്യാർത്ഥികൾ നെട്ടോട്ടം ഓടുകയാണ്.

കോവിഡ് സാഹചര്യങ്ങൾ മൂലം വിസ ലഭിച്ചാൽ എത്രയും വേഗം യുകെയിൽ എത്തുക എന്ന ചിന്തയാണ് ഓരോ വിദ്യാർത്ഥിയും പങ്കിടുന്നത്. കോവിഡിൽ തളച്ചിടപ്പെട്ട ജീവിതം ഇന്ത്യൻ സാഹചര്യത്തിൽ പച്ചപിടിക്കാൻ വർഷങ്ങൾ വേണ്ടി വരും എന്ന ചെറുപ്പക്കാരുടെ നിരാശാ ബോധവുമാണ് യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ജീവിതം പറിച്ചു നടാൻ മലയാളി യുവത്വത്തെ പ്രേരിപ്പിക്കുന്നത്.

എങ്ങനെയും പ്ലസ് ടു പഠനം പൂർത്തിയായാൽ യുകെ, കാനഡ, ജർമനി, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാൻ എത്തുക എന്ന ട്രെൻഡ് രൂപം കൊണ്ടിട്ട് ഏതാനും മാസങ്ങൾ പിന്നിടുകയാണ്. ഇതിൽ ഓസ്‌ട്രേലിയ പ്രവേശനം കർശനമായി വിലക്കിയതോടെ അങ്ങോട്ടുള്ള അപേക്ഷകരും ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് യുകെയാണ്. ഇവിടെ പഠിച്ചാൽ ജോലി കണ്ടെത്താൻ രണ്ടു വർഷം കൂടി പോസ്റ്റ് സ്റ്റഡി വിസ കാലാവധി ലഭിക്കും എന്ന നിയമ മാറ്റമാണ് ഏവർക്കും ആവേശമായി മാറിയിരിക്കുന്നത്. മികച്ച കോഴ്‌സുകൾ മാത്രമല്ല സാധാരണ അണ്ടർ ഗ്രാഡുവേറ്റ് കോഴ്‌സുകൾ പോലും പഠിക്കാൻ പണം മുടക്കാൻ മലയാളി യുവത്വം തയ്യാറാണ് എന്ന റിപ്പോർട്ടാണ് കേരളത്തിൽ നിന്നും ലഭിക്കുന്നത്.

എന്തിനും തയ്യാറായി വനിതാ വിദ്യാർത്ഥികൾ

എന്നാൽ യുകെയിൽ എത്തിയ ഇത്തരം വിദ്യാർത്ഥികളുടെ ജീവിതം നരകതുല്യമാണ് എന്നത് യുകെയിലെ മലയാളി സമൂഹം വിളിച്ചു പറഞ്ഞാലും നാട്ടിൽ ആരും അംഗീകരിക്കുകയുമില്ല. ലൂട്ടൻ, മാഞ്ചസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ വാടക നൽകാൻ ഉള്ള പണം കണ്ടെത്താൻ എന്തിനും തയ്യാറാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പ്രാദേശികമായി ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന പ്രവണതയും വര്ധിക്കുന്നുണ്ട്.

മറ്റു മാർഗം ഇല്ലാതെ പറയുന്നത് അനുസരിക്കുകയാണ് പെൺകുട്ടികളിൽ പലരും എന്ന് അടുത്തിടെ രൂപം കൊണ്ട ഒരു പ്രവാസി കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഭാരവാഹിയായ മലയാളി വനിതാ മെസേജ് നൽകിയത് ഞെട്ടലോടെയാണ് പലരും വായിച്ചത്. ഈ വിദ്യാർത്ഥികളെ എങ്ങനെ എങ്കിലും സഹായിക്കാനാകുമോ എന്ന വനിതയുടെ ചോദ്യത്തിന് സംഘടനാ ഭാരവാഹികൾ ആരും മറുപടി നൽകാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമായി.

എന്നാൽ ഇതേക്കുറിച്ചു ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് വ്യക്തമായത്. മിക്ക നഗരങ്ങളിലും വനിതാ വിദ്യാർത്ഥികൾ പലവിധത്തിൽ ചൂഷണത്തിന് വിധേയരാകുന്നു എന്ന റിപ്പോർട്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാടക കൂട്ടിവാങ്ങി കൊള്ളയടിക്കുന്ന സംഘങ്ങളും യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഇടനിലക്കാർ ആകുന്നത് മുൻ വർഷം എത്തിയ മലയാളി വിദ്യാർത്ഥി തന്നെ ആണെന്നത് ഞെട്ടിക്കുന്ന വിവരണമാണ്. കവൻട്രി യൂണിവേഴ്‌സിറ്റിയിൽ ഇത്തരത്തിൽ പെരുമാറുന്ന മലയാളി യുവാവിനെ കുറിച്ച് അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പൊതുപ്രവർത്തകരായ മലയാളികൾ എന്നും സൂചനയുണ്ട്.

പുരകത്തുമ്പോൾ വാഴ വെട്ടാതിരിക്കുന്നതെങ്ങനെ?

കച്ചവടക്കണ്ണിൽ കാര്യങ്ങൾ കാണാൻ മലയാളിയെ ആരും പഠിപ്പിക്കേണ്ട എന്നതിന്റെ സൂചനയും യൂണിവേഴ്‌സിറ്റി നഗരങ്ങളിൽ ലഭ്യമാണ്. മൂന്നു ബെഡ്‌റൂം ഉള്ള വീട്ടിൽ നാലും അഞ്ചു മലയാളി വിദ്യാർത്ഥികളെ വരെ താമസിപ്പിച്ചു ബെഡ്‌റൂം, ബെഡ് ഷെയറിങ് സമ്പ്രദായം വിജയകരമായി പരീക്ഷിക്കുന്നവർ ഏറെയാണ്. കൈ നനയാതെ ആയിരം പൗണ്ട് നിസാരമായി പോക്കറ്റിൽ എത്തും എന്നതാണ് ഇതിന്റെ ബിസിനസ് ഫോർമുല. മുൻപ് ലണ്ടൻ നഗരങ്ങളിൽ ദൃശ്യമായിരുന്ന ഈ ട്രെൻഡ് ഇപ്പോൾ സകല നഗരങ്ങളിലേക്കും എത്തുകയാണ്.

മാത്രമല്ല ഗാരേജ് മുറിയാക്കി മാറ്റിയും കൂടുതൽ മുറികൾ വീടിനോടു ചേർത്തും ഒക്കെ കാറ്റുള്ളപ്പോൾ തൂറ്റുക എന്ന തന്ത്രം വിജയകരമാകാൻ ശ്രമിക്കുന്നവരും ഏറെയാണ്. കാരണം യൂണിവേഴ്‌സിറ്റി തേടി ഏതാനും വർഷത്തേക്ക് മലയാളികളുടെ ഒഴുക്ക് തുടരും എന്ന വാർത്ത ലഭിക്കുമ്പോൾ ആരാണ് അൽപം പണം ഉണ്ടാക്കാനുള്ള വഴി കളയുക എന്ന് ചോദിക്കുന്നവരും ഏറെ. എന്നാൽ കൊള്ള ലാഭം എടുക്കാതെ അൽപം മയത്തിൽ ആയിക്കൂടെ എന്ന ചോദ്യത്തിന് ചക്കര കുടത്തിൽ കയ്യിട്ടാൽ നക്കാതിരിക്കാൻ സാധിക്കില്ല എന്ന മട്ടിലാണ് മിക്ക വീട് ഉടമകളും.

ഇടത്തരം കുടുംബങ്ങളിൽ നിന്നൊക്കെ എത്തിയ വിദ്യാർത്ഥികളാണ് ഈ യാതനാ പർവ്വം സഹിക്കേണ്ടി വരുന്നത്. പണക്കാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ഒക്കെ മക്കൾ സ്വന്തമായി വീട് എടുത്താണ് താമസം തരപ്പെടുത്തുന്നത്. ലീഡ്സ്, പ്രെസ്റ്റൺ, ലെസ്റ്റർ, ലിവർപൂൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒക്കെ ഇത്തരം താമസത്തിനായി അനേകം പേരാണ് ദിവസവും അന്വേഷിച്ചു എത്തുന്നത്.

അതേസമയം മക്കൾ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ പോയിട്ടുള്ള യുകെ മലയാളികളിൽ അപൂർവം പേരെങ്കിലും സൗജന്യമായി മലയാളി വിദ്യാർത്ഥികൾക്ക് താമസ സൗകര്യം നൽകുന്നുമുണ്ട്. പ്രായമായപ്പോൾ ഒരു കൂട്ടിരിക്കട്ടെ എന്നാണ് ഇത്തരത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് അഭയം നൽകുന്ന കോട്ടയം സ്വദേശികളായ ദമ്പതികൾ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP