Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ ടർക്കി ടവ്വലിൽ കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയം; അതും ഭർത്താവ് മുറിയിലുള്ളപ്പോൾ; എന്നിട്ടും കൊലക്കുറ്റം ഒഴിവാക്കുന്നത് തെളിവില്ലാ പഴുതുപയോഗിച്ച് കിരൺ രക്ഷ നേടാതിരിക്കാൻ; വിസ്മയുടേത് സ്ത്രീധന പീഡന ആത്മഹത്യയാകുമ്പോൾ

തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ ടർക്കി ടവ്വലിൽ കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയം; അതും ഭർത്താവ് മുറിയിലുള്ളപ്പോൾ; എന്നിട്ടും കൊലക്കുറ്റം ഒഴിവാക്കുന്നത് തെളിവില്ലാ പഴുതുപയോഗിച്ച് കിരൺ രക്ഷ നേടാതിരിക്കാൻ; വിസ്മയുടേത് സ്ത്രീധന പീഡന ആത്മഹത്യയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : വിസ്മയാ കേസിൽ കൊലപാതക കുറ്റം ഒഴിവാക്കുന്നത് പ്രതി കിരൺകുമാർ കേസിൽ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ. ശാസ്ത്രീയ തെളിവോ മൊഴികളോ ഇല്ലാതെ കൊലക്കേസ് എടുത്താൽ അത് പ്രതിയെ സഹായിക്കുന്നതിന് തുല്യമാകും. നല്ല വക്കീലുണ്ടെങ്കിൽ കേസിൽ നിന്ന് രക്ഷപ്പെട്ടും. അങ്ങനെ വന്നാൽ മോട്ടോർ വാഹന വകുപ്പിലെ ജോലി അടക്കം തിരികെ കിട്ടും. ഇത് മനസ്സിലാക്കിയാണ് മുമ്പിലെത്തിയ തെളിവുകൾ നിരത്തിയുള്ള കുറ്റപത്രം.

വിസ്മയ ആത്മഹത്യ ചെയ്തുവെന്ന കിരണിന്റെ മൊഴി തന്നെ കിരണിന് എതിരാണ്. ഭർത്താവിൽനിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്‌സാപ്പ് വഴി നടത്തിയ ചാറ്റുകൾ കേസിൽ പ്രധാന തെളിവാകും. വിവിധയിടങ്ങളിൽനിന്നു ഇത്തരം ചാറ്റുകൾ കണ്ടെടുത്തിരുന്നു. പ്രതി കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽനിന്നു വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും കണ്ടെത്തിയിരുന്നു. വിസ്മയ മാനസികസമ്മർദ്ദത്താൽ എറണാകുളം സ്വദേശിയായ മനഃശ്ശാസ്ത്രവിദഗ്ധനോട് സംസാരിച്ചതും പ്രതിയുടെ സ്ത്രീധനസംബന്ധമായ പീഡനത്തെക്കുറിച്ച് പരാതിപറഞ്ഞതും തെളിവായി ഹാജരാക്കിയിട്ടുണ്ട്.

ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗൺസലിങ് വിദഗ്ധൻ പൊലീസിനു കൈമാറി. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവായി്. വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയും പീഡനത്തെ സാധൂകരിച്ചു. പഴയ വാട്സാപ്പ് ചിത്രങ്ങളും കിരണിന് എതിരായി. സ്ത്രീധന പീഡനത്തിൽ പരമാവധി തെളിവ് ശേഖരിച്ച പൊലീസിന് കൊലപാതകമെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ കിട്ടിയില്ല.

താൻ നേരിടുന്ന നിരന്തര പീഡനങ്ങൾ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. ഇത അവിശ്വസനീയമാണ്. ബെഡ് റൂമിന് ചേർന്നുള്ളതാണ് ശുചി മുറി. വിസ്മയ മരിക്കുമ്പോൾ ഈ മുറിയിൽ കിരൺ ഉണ്ടായിരുന്നു. ബാത്ത് റൂം അടച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെങ്കിൽ ഇക്കാര്യം കിരൺ അറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമില്ല. പക്ഷേ കൊലപാതക കുറ്റം ആരോപിച്ചാൽ കിരൺ രക്ഷപ്പെടാൻ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് ആത്മഹത്യാ പ്രേരണയിൽ കിരണിനെ തളയ്ക്കുന്നത്.

166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അതും ടർക്കി ടവ്വൽ ഉപയോഗിച്ച്. ഇങ്ങനെ വിസ്മയ തൂങ്ങി നിൽക്കുന്നത് കിരൺ അല്ലാതെ മറ്റാരും കണ്ടതുമില്ല. ഇതും ദുരൂഹതയാണ്. കഴുത്തിയെ പാട് താഴ്ന്ന് കിടക്കുന്നതും ആത്മഹത്യാ ശ്രമത്തിനിടെയിൽ മലമൂത്ര വിസർജ്ജനം ചെയ്യാത്തതും സംശയം കൂട്ടുന്നു. അതുകൊണ്ട് തന്നെ വിസ്മയയെ കെട്ടിത്തൂക്കി കൊന്നതാകാനുള്ള സാധ്യതായണ് ഏറെയാണ്. ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ബഹളം കേട്ടെത്തിയ കിരണിന്റെ അച്ഛനും അമ്മയും കണ്ടതു പോലും നിലത്ത് കിടക്കുന്ന വിസ്മയയെയാണ്.

പീഡനം സഹിക്കാനാകാതെ താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിയോട് പറഞ്ഞിട്ടും പ്രതി തുടർന്നും വിസ്മയയെ പീഡിപ്പിക്കുകവഴി ആത്മഹത്യാ പ്രേരണ നൽകിയതായി കുറ്റപത്രം ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെടുക, സ്ത്രീധനം വാങ്ങുക എന്നീ കുറ്റങ്ങളും പ്രതി ചെയ്തിട്ടുള്ളതായി പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി കൂടുതൽ സ്ത്രീധനം കിട്ടുമെന്നുകരുതി വിസ്മയയെ വിവാഹംകഴിച്ചെന്നും എന്നാൽ പ്രതീക്ഷയ്ക്കനുസരിച്ച് സ്ത്രീധനം ലഭിക്കാത്തതിനാൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. സ്ത്രീധനമായി നൽകിയിരുന്ന കാർ പ്രതിക്ക് താത്പര്യമില്ലാത്തതായിരുന്നു എന്നതായിരുന്നു പീഡനത്തിന്റെ പ്രധാനകാരണം.

2020 ഓഗസ്റ്റ് 29-ന് കിഴക്കേ കല്ലടയിൽ സമീപവാസികളുടെ മുന്നിൽവെച്ചും 2021 ജനുവരി രണ്ടിന് വിസ്മയയുടെ വീടിനുമുന്നിൽ അയൽക്കാരുടെ മുന്നിൽവെച്ചും പ്രതി പരസ്യമായി സ്ത്രീധനം സംബന്ധിച്ച അതൃപ്തി പ്രകടമാക്കിയതായി കുറ്റപത്രത്തിൽ പറയുന്നു. കിരണിനെ പ്രതിയാക്കിയുള്ള കുറ്റപത്രം നൽകിയത് ലോക ആത്മഹത്യാപ്രതിരോധദിനത്തിലാണെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നെന്ന് റൂറൽ എസ്‌പി. കെ.ബി.രവി പറഞ്ഞു.

എല്ലാ പഴുതുകളുമടച്ച് കുറ്റമറ്റ ചാർജ്ഷീറ്റാണ് നൽകിയത്. നിശ്ചിതസമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകിയതിനാൽ കസ്റ്റഡിയിൽത്തന്നെ വിചാരണ നടക്കുമെന്ന പ്രതീക്ഷയാണുള്ളത്. പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP