Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖിലാഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചുപോയതൊക്കെ ഇനി പഴയതലമുറകളുടെ ഓർമകളിൽ മാത്രം; മലബാർ സമരചരിത്രത്തിന്റെ ശേഷിപ്പുകളുമായി ഉയർന്നുനിന്ന പാലം ഇനി വിസ്മൃതിയിലേക്ക്; അപകടഭീഷണിയിലായ പാലം പൊളിക്കുന്നു

ഖിലാഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചുപോയതൊക്കെ ഇനി പഴയതലമുറകളുടെ ഓർമകളിൽ മാത്രം; മലബാർ സമരചരിത്രത്തിന്റെ ശേഷിപ്പുകളുമായി ഉയർന്നുനിന്ന പാലം ഇനി വിസ്മൃതിയിലേക്ക്;  അപകടഭീഷണിയിലായ പാലം പൊളിക്കുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: മലബാർ സമരത്തിന്റെ ഓർമകളുറങ്ങുന്ന പൊന്നാനിയിലെ ചരിത്രപാലം വിസ്മൃതിയിലേക്ക്. പൊന്നാനി പള്ളപ്രം പാലമാണ് ഇന്ന് കൽത്തൂണുകൾ മാത്രമായി അവശേഷിക്കുന്നത്. മലബാർ സമരനാളിൽ പോരാളികൾ പൊന്നാനിയിലെത്തുന്നത് തടയാൻ പള്ളപ്രത്തെ ഈ പാലവും അങ്ങാടിയിലെ ഒന്നാം നമ്പർ പാലവും പൊളിച്ചുമാറ്റിയിരുന്നു. പാലം പൊളിച്ചതോടെ ഖിലാഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചു പോവുകയായിരുന്നു. അന്നിത് മരപ്പാലമായിരുന്നെങ്കിൽ സമരാനന്തരം ഈ പാലങ്ങൾ ബ്രിട്ടിഷുകാർ തന്നെ കോൺക്രീറ്റ് പാലങ്ങളാക്കി.

ബ്രിട്ടീഷ് ഭരണകാലഘട്ടത്തിന്റെയും മലബാർ സമരത്തിന്റെയും ഓർമ്മകളിൽ ചെന്നെത്തുന്ന ഈ പാലം പൊളിക്കാൻ പോവുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനിയുടെ ചരിത്രം ഇന്നും സൂക്ഷിച്ചുവെക്കുന്ന ഈ പാലം പൊന്നാനി പള്ളപ്രം ഭാഗത്ത് കനോലികനാലിന് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ നടപ്പാലം ഇന്നും ഓർമ്മയായി അവശേഷിക്കുന്നത് പൊന്നാനിയുടെ ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകൾ കൂടിയാണ്.പൊന്നാനി നഗര മദ്ധ്യത്തിലൂടെ കടന്നു പോകുന്ന കനോലി കനാലിനെ കിഴക്കൻ മേഖലയും പടിഞ്ഞാറൻ മേഖലയേയും ബന്ധിപ്പിക്കാനുള്ള പഴയകാലത്തെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലവും പൊന്നാനി അങ്ങാടി പാലവും. അങ്ങാടി പാലം പിന്നീട് പുതുക്കിപ്പണിതു.

ഈ പാലത്തിലൂടെ ആയിരുന്നു കടവനാട്, തൃക്കാവ്, കറുകതിരുത്തി, കൊല്ലംപടി മേഖലയിലുള്ളവർ നാല് പതിറ്റാണ്ട് മുൻപ് പൊന്നാനി പടിഞ്ഞാറ് മേഖലയുമായി ബന്ധപ്പെട്ടിരുന്നത്.അന്ന് ഇതുവഴി വാഹന ഗതാഗത സൗകര്യവും ഒന്നുമുണ്ടായിരുന്നില്ല. പാലത്തിന്റെ പടികൾ കയറി ഇറങ്ങി കാൽനടയായി ആയിരുന്നു യാത്ര. എൺപതുകളോടെ ഈ ഭാഗത്ത് റോഡ് സൗകര്യത്തോടു കൂടിയുള്ള പാലം യാഥാർത്ഥ്യമായി. അതോടെ ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ പാലം ഉപയോഗശൂന്യമായി. ഇതിന്റെ ചവിട്ടുപടികൾ പിന്നീട് തകർന്നുവീണു.

കാലം ഇത്രമേൽ കഴിഞ്ഞിട്ടും പൊന്നാനിയുടെ ചരിത്രം ഇന്നും പുതുതലമുറക്ക് ഒരു പാഠമായി നിലനിൽക്കുന്നത് ഇത്തരം പാലങ്ങളിലൂടെയാണ്.പുതുപൊന്നാനി വെളിയങ്കോട് മേഖലകളിൽ നിന്ന് കടലിലേക്ക് മീൻപിടിക്കാൻ പോകുന്ന വെള്ളക്കാർക്ക് ഉപയോഗശൂന്യമായ ഈ പാലം ഇന്ന് ഒരു അപകട ഭീഷണിയിലാണ്.

കനോലി കനാലിനെ പുനരുദ്ധാരണത്തിന് ആഴവും വീതിയും കൂട്ടുന്ന പ്രവർത്തികൾ നടന്നുവരികയാണ്. ടൂറിസം മേഖലയിലെ പുരോഗതിക്കും വഴിയൊരുക്കുന്ന സോളാർ ബോട്ട് യാത്ര ആരംഭിക്കുന്നതോടെ ബ്രിട്ടീഷ് ഭരണകാലത്തെ ഓർമ്മകൾ അവശേഷിക്കുന്ന ഈ പാലവും മണ്മറയും. പാലം ഇല്ലാതാകുന്നതോടെ പൊന്നാനിക്ക് നഷ്ടമാകുന്നത് മലബാർ സമരത്തിന്റെ അവശേഷിക്കുന്ന ഓർമകൾ കൂടിയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP