Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിനെതിരെ നവവധു ആരോപിച്ചത് പ്രകൃതിവിരുദ്ധ ലൈംഗികപീഡനവും വിവാഹപൂർവ ബലാത്സംഗവും സ്ത്രീധനപീഡനവും നഗ്‌ന വീഡിയോ ഉപയോഗിച്ച് ഭീഷണിയും; എട്ടു ദിവസം കൊണ്ട് എന്ത് പീഡനം നടക്കാനെന്ന് ചോദിക്കുന്ന പൊലീസും; ബാലുശ്ശേരി പൊലീസ് വിവാദത്തിൽ

ഭർത്താവിനെതിരെ നവവധു ആരോപിച്ചത് പ്രകൃതിവിരുദ്ധ ലൈംഗികപീഡനവും വിവാഹപൂർവ ബലാത്സംഗവും സ്ത്രീധനപീഡനവും നഗ്‌ന വീഡിയോ ഉപയോഗിച്ച് ഭീഷണിയും; എട്ടു ദിവസം കൊണ്ട് എന്ത് പീഡനം നടക്കാനെന്ന് ചോദിക്കുന്ന പൊലീസും; ബാലുശ്ശേരി പൊലീസ് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ബാലുശ്ശേരി:''നിങ്ങൾ പറയുന്നതൊന്നും വിശ്വസനീയമല്ല. പരാതിയിൽ പറയുന്ന കാര്യങ്ങൾവെച്ച് കേസെടുക്കാൻ പറ്റില്ല. എട്ടുദിവസംകൊണ്ട് എന്തുപീഡനം നടക്കാനാണ്''- ബാലുശ്ശേരി പൊലീസ് സ്റ്റേഷനെ വിവാദത്തിലാക്കുകയാണ് ഈ പരാതി. സ്ത്രീ പീഡന പരാതിയിൽ കേസെടുക്കാതെ പൊലീസ് കള്ളക്കളി നടത്തുന്നുവെന്നാണ് ആരോപണം.

വിവാഹംകഴിഞ്ഞ് എട്ടുനാൾക്കകം ഗുരുതര ഗാർഹിക പീഡന പരാതിയുമായി എത്തിയ 19-കാരിയോട് സിഐ.യും എസ്‌ഐ.യും ഇങ്ങനെ പറഞ്ഞുവെന്നാണ് ആരോപണം. പ്രതിയുടെ മുന്നിൽവെച്ച് തന്റെ പിതാവിനെ പരസ്യമായി അപമാനിച്ച സിഐ. ഒത്തുതീർപ്പിന് ശ്രമിക്കുന്നതായും പെരുമ്പള്ളി സ്വദേശിയായ യുവതി പറയുന്നു. രണ്ടുമാസം പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടർന്ന് മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവർക്ക് താമരശ്ശേരി ഡിവൈ.എസ്‌പി. മുഖാന്തരം പരാതി നൽകുകയും ചെയ്തു.

പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വിവാഹപൂർവ ബലാത്സംഗം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളിൽ കേസെടുക്കേണ്ട പരാതിയിലാണ് കേസെടുക്കൽ വൈകുന്നത്. നഗ്‌നവീഡിയോ ഉൾപ്പെടെ ഉപയോഗിച്ച് പ്രതി ഭീഷണി തുടരുന്നതായും നീതി നടപ്പാക്കേണ്ട പൊലീസിൽനിന്നുണ്ടായ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചതായും മുഖ്യമന്ത്രിക്കും മറ്റും നൽകിയ പരാതിയിൽ യുവതി പറയുന്നു. എന്നാൽ ആരോപണം ശരിയല്ലെന്നും പൊലീസും വിശദീകരിക്കുന്നുണ്ട്.

ഇത്തരം പരാതികൾ കിട്ടിയ ഉടനെ എഫ്.ഐ.ആർ. വേണ്ടെന്നും അതിനുമുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശം. ബാലുശ്ശേരി സ്റ്റേഷനെപ്പറ്റിയുള്ള ആരോപണം ശരിയല്ല. ഞാൻ ചുമതലയേറ്റിട്ട് രണ്ടുമാസം ആവുന്നേയുള്ളു. സ്ത്രീകൾ നൽകിയ 20 പരാതികളിൽ ഇതിനകം കേസെടുത്തിട്ടുണ്ടെന്നും ബാലുശ്ശേരി സിഐ. സുരേഷ് കുമാർ എം.കെ വിശദീകരിച്ചു. എന്നാൽ സ്ത്രീപീഡന പരാതികളിൽ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ഒത്തുകളി സജീവമാണെന്നാണ് ഉയരുന്ന ആരോപണം.

ഭർത്താവിൽനിന്ന് കടുത്ത ശാരീരിക, മാനസിക പീഡനങ്ങൾ നേരിടുന്ന ബാലുശ്ശേരി സ്വദേശിയായ 35-കാരി കഴിഞ്ഞവർഷം ജൂലായിൽ നൽകിയ പരാതി കാണാനില്ലെന്നായിരുന്നു കേസെടുക്കാത്തതിനെപ്പറ്റി അന്വേഷിച്ചപ്പോൾ പൊലീസ് നൽകിയ മറുപടി. സ്റ്റേഷനിൽനിന്ന് ആവശ്യപ്പെട്ടതുപ്രകാരം രണ്ടാമത് പരാതി നൽകിയെങ്കിലും ഇതിലും നടപടിയുണ്ടായില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഭർത്താവും ബന്ധുക്കളും ഇക്കഴിഞ്ഞ ജൂലായിൽ യുവതിയും 12 വയസ്സുള്ള മകനും താമസിക്കുന്ന വീട്ടിലെത്തി ശാരീരികമായി ആക്രമിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ വൂണ്ട് സർട്ടിഫിക്കറ്റ് ഉൾപ്പെടെവെച്ച് പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്തുന്നതിനപ്പുറം ഒന്നുമുണ്ടായില്ലെന്നാണ് യുവതി പറയുന്നത്. ഇതും ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനെ സംശയ നിഴലിലാക്കുന്നു.

കോഴിക്കോട് ജില്ലാകോടതി മുൻകൂർജാമ്യം നിഷേധിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്യാതെ വിദേശത്തേക്കു കടക്കാൻ പൊലീസ് സഹായിച്ചുവെന്നാണ് പാലോളി സ്വദേശിയായ യുവതിയുടെ പരാതിയും ചർച്ചയാണ്. പ്രതി എവിടെയുണ്ടെന്ന് അറിയിക്കാനായി പൊലീസിനെ പലതവണ വിളിച്ചെങ്കിലും പരിഹാസത്തോടെയുള്ള മറുപടിയാണ് സ്റ്റേഷനിൽനിന്നുണ്ടായത്.

നാലുവയസ്സുകാരിയുടെ അമ്മ കൂടിയായ യുവതിക്ക് തലാഖ് അയച്ച പ്രതിയിപ്പോൾ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ജീവിച്ചിരിക്കുന്ന വിസ്മയയാണ് താനെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു. ശാസ്താംകോട്ടയിൽ വിസ്മയയുടെ മരണ ശേഷം ഗാർഹിക പീഡന പരാതികൾ ഗൗരവത്തോടെ എടുക്കണമെന്ന്ി പൊലീസിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം കൊടുത്തിട്ടുണ്ട്. എന്നാൽ ഇതൊന്നും നടക്കുന്നില്ലെന്നതാണ് ബാലുശ്ശേരിക്കഥ തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP