Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാവേറും വരെ തീച്ചൂടിൽ വിയർപ്പൊഴുക്കി അച്ഛൻ പഠിപ്പിച്ചത് എങ്ങനെ മറക്കാൻ; പരീക്ഷ എഴുതിയത് ഗർഭിണി ആയിരിക്കെ; കണ്മണിയെ കാത്തിരിക്കുമ്പോൾ ഇരട്ടി മധുരമായി ബിഡിഎസും; രാജാജി നഗറായി മാറിയ ചെങ്കൽചൂളയിലെ ആദ്യ ഡോക്ടർ സുരഭി എം.എസ്.മറക്കാത്തത് വന്ന വഴികൾ

രാവേറും വരെ തീച്ചൂടിൽ വിയർപ്പൊഴുക്കി അച്ഛൻ പഠിപ്പിച്ചത് എങ്ങനെ മറക്കാൻ; പരീക്ഷ എഴുതിയത് ഗർഭിണി ആയിരിക്കെ; കണ്മണിയെ കാത്തിരിക്കുമ്പോൾ ഇരട്ടി മധുരമായി ബിഡിഎസും; രാജാജി നഗറായി മാറിയ ചെങ്കൽചൂളയിലെ ആദ്യ ഡോക്ടർ സുരഭി എം.എസ്.മറക്കാത്തത് വന്ന വഴികൾ

വിഷ്ണു.ജെ.ജെ.നായർ

തിരുവനന്തപുരം: രാജാജി നഗർ പഴയ രാജാജി നഗറല്ല. പല മേഖലകളിലുള്ള നിരവധി പ്രതിഭകൾക്ക് ജന്മം നൽകുന്ന മണ്ണായി രാജാജി നഗർ മാറിക്കഴിഞ്ഞു. തമിഴ് സൂപ്പർസ്റ്റാർ സൂര്യയ്ക്ക് ജന്മദിന സമ്മാനമായി അയൻ സിനിമയിലെ ഗാനരംഗങ്ങൾ പുനരാവിഷ്‌കരിച്ച് ദക്ഷിണേന്ത്യയെ ആകെ ഞെട്ടിച്ച തിരുവനന്തപുരത്തെ രാജാജി നഗറിനെ ആരും മറന്നിട്ടുണ്ടാവില്ല. ആ രാജാജി നഗറിൽ നിന്നും ആദ്യമായി ഒരു ഡോക്ടർ വരുന്നു.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്നാണ് 23 കാരിയായ സുരഭി ബിഡിഎസ് കരസ്ഥമാക്കിയത്. കോളനിയിലെ സുരേഷിന്റെയും മഞ്ജുവിന്റെയും മകളാണ് സുരഭി. ഓട്ടോ ഡ്രൈവറായ മുകേഷാണ് ഭർത്താവ്. തന്റെ മാതാപിതാക്കളും വിവാഹശേഷം ഭർത്താവും തനിക്ക് പഠിക്കാനാവശ്യമായ എല്ലാ പിന്തുണയും നൽകിയെന്ന് സുരഭി പറയുന്നു. ബേക്കറി ജങ്ഷനിൽ തട്ടുകടയായിരുന്നു പിതാവിന്. എന്നാൽ സാമ്പത്തികപ്രശ്നങ്ങളൊന്നും മക്കളെ ബാധിക്കാതിരിക്കാൻ അച്ഛൻ ശ്രദ്ധിച്ചു. ഞങ്ങൾക്കൊരു മുട്ടും വരുത്തിയിട്ടില്ല. കോട്ടൺഹിൽ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് ബിഡിഎസ് ലഭിച്ചത്. ബിഡിഎസിന് അയയ്ക്കാനുള്ള സാമ്പത്തികശേഷിയൊന്നും അച്ഛനുണ്ടായിരുന്നില്ല. എന്നിട്ടും എന്നെ ബിഡിഎസിന് അയച്ചു. എൻട്രൻസ് കിട്ടിയപ്പോഴും കോളനിയിൽ ഇതുപോലെ ആഘോഷമായിരുന്നു- സുരഭി ഓർക്കുന്നു.

സുരഭിക്കിപ്പോൾ അഭിനന്ദന പ്രവാഹമാണ്. മന്ത്രിമാരും രാഷ്ട്രീയനേതാക്കളും മാധ്യമപ്രവർത്തകരും... ഒരു ആവേശം തന്നെയാണ് രാജാജി നഗറിൽ. അതികഠിനമായ വഴികൾ കടന്നാണ് സുരഭി ഈ അഭിമാന നേട്ടം കൈവരിച്ചത്. പ്രവേശനപരീക്ഷയ്ക്ക് ആദ്യ തവണ പിന്നിലായിട്ടും സുരഭി തന്റെ ആഗ്രഹം കൈവിട്ടില്ല. കഷ്ടതയിലും വീട്ടുകാർ മകൾക്കൊപ്പം നിന്നു.

ചെങ്കൽച്ചൂള എന്നാൽ മാധ്യമവാർത്തകളിൽ നിന്നൊക്കെ ഉണ്ടായ ഒരു ഭീകരസങ്കൽപ്പമായിരുന്നു പൊതുജനങ്ങൾക്ക്. എന്നാൽ ഇപ്പോൾ 100 ശതമാനം യുവാക്കളും വിദ്യാഭ്യാസമുള്ളവരും സ്വന്തമായി സമ്പാദിക്കുന്നവരുമാണ്. ലഹരിബന്ധങ്ങളൊക്കെ പൂർണമായും ഇല്ലാതായി എന്നുതന്നെ പറയാം. ഇന്നിവിടെ നഴ്സ്മാരുണ്ട്, എൻജിനീയർമാരുണ്ട്, വക്കീലന്മാരുണ്ട്, പൊലീസുകാരുണ്ട്. ഡോക്ടർ മാത്രം ഉണ്ടായിരുന്നില്ല. സുരഭിയിലൂടെ കോളനിയുടെ ആ സ്വപ്നവും യാഥാർത്ഥ്യമായി.

തന്റെ ഈ നേട്ടം കോളനിയിലെ കുട്ടികൾക്ക് കൂടുതൽ വിദ്യാഭ്യാസം നേടാനും വലിയ നേട്ടങ്ങൾ കൈവരിക്കാനും പ്രോൽസാഹനമാകുമെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്നും സുരഭി പറയുന്നു.

ഗർഭിണിയായിരിക്കുമ്പോഴാണ് സുരഭി ഫൈനൽ പരീക്ഷ എഴുതുന്നത്. സംശയിച്ചുനിന്ന സുരഭിക്ക് വേണ്ട ധൈര്യം നൽകി പരീക്ഷാ ഹാളിലേയ്ക്ക് പറഞ്ഞുവിട്ടത് ഭർത്താവ് മുകേഷാണ്. മുകേഷ് തന്നെയാണ് സുരഭിയുടെ പ്രചോദനവും. ഒരു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രാജാജി നഗറിൽ സുരഭിയുടെ അയൽവാസിയായിരുന്നു മുകേഷും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അടുത്തമാസം കൺമണിയെ കാത്തിരിക്കുന്ന ഇവർക്ക് ഇരട്ടിമധുരമാണ് സുരഭിയുടെ ഈ നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP