Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പുതുവലിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിന്ന് പാഞ്ഞത് രണ്ടു വണ്ടി ഗുണ്ടകളുമായി; അടൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കേ പൊലീസ് വളഞ്ഞു; ഇറങ്ങിയോടുന്നതിനിടെ സെൻട്രൽ ജങ്ഷനിൽ വച്ച് പിടികൂടി; ബിഎസ്എൻഎൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പിനെ ഒടുക്കം അറസ്റ്റ് ചെയ്ത് പൊലീസും; നടപടി മറുനാടൻ വാർത്തയെ തുടർന്ന്

പുതുവലിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിന്ന് പാഞ്ഞത് രണ്ടു വണ്ടി ഗുണ്ടകളുമായി; അടൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കേ പൊലീസ് വളഞ്ഞു; ഇറങ്ങിയോടുന്നതിനിടെ സെൻട്രൽ ജങ്ഷനിൽ വച്ച് പിടികൂടി; ബിഎസ്എൻഎൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പിനെ ഒടുക്കം അറസ്റ്റ് ചെയ്ത് പൊലീസും; നടപടി മറുനാടൻ വാർത്തയെ തുടർന്ന്

ശ്രീലാൽ വാസുദേവൻ

അടൂർ: ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും സുപ്രീം കോടതി തുറന്നു പോലും നോക്കാതെ മടക്കി അയയ്ക്കുകയും ചെയ്തിട്ടും സിപിഎം ഇടപെടലിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ മടിച്ച ബിഎസ്എൻഎൽ കേബിൾ മോഷ്ടാവ് ഒടുവിൽ പിടിയിൽ. ഏഴകുളം തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പാ(42)ണ് അറസ്റ്റിലായത്. സിപിഎം ജില്ലാ നേതാവിന്റെ വീടിന് സമീപം പുതുവലിൽ നിന്ന് രണ്ടു വണ്ടി ഗുണ്ടകളുമായി പാഞ്ഞ അജി ഫിലിപ്പിനെ അടൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ പൊലീസ് വളഞ്ഞു. രക്ഷപ്പെടാൻ ഇറങ്ങിയോടുന്നതിനിടെ സെൻട്രൽ ടോളിൽ വച്ചാണ് പിടികൂടിയത്. സിപിഎം ഇടപെടലിനെ തുടർന്ന് ഉന്നത പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അജിയുടെ അറസ്റ്റ് ഒഴിവാക്കുന്നുവെന്നും വിദേശത്തേക്ക് കടത്താൻ ശ്രമം നടത്തുന്നുവെന്നുമുള്ള മറുനാടൻ വാർത്തയെ തുടർന്നാണ് പൊലീസിന്റെ അതിവേഗ നടപടി.

വാർത്ത ശ്രദ്ധയിൽപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ അന്ത്യശാസനം കൊടുത്തതിനെ തുടർന്നാണ് പൊലീസ് അജിയെ ഓടിച്ചിട്ട് പിടിച്ചത്. പുതുവലിന് സമീപം സന്ധി സംഭാഷണത്തിന് രണ്ടു ബൊലീറോ വാഹനങ്ങളിൽ ഇന്ന് പുലർച്ചെ ക്വട്ടേഷൻ സംഘങ്ങളുമായി അജി എത്തിയിരുന്നു. വിവരം ചോർന്നു കിട്ടിയ പൊലീസ് സ്ഥലത്ത് ചെന്നു. ഇതോടെ അടൂരിലേക്ക് പോയ അജിയെയും സംഘത്തെയും പൊലീസ് പിന്തുടർന്നു. സെൻട്രൽ ജങ്ഷനിലെ ഹോട്ടലിൽ അജി ഭക്ഷണം കഴിക്കാൻ കയറി. ഗുണ്ടാ സംഘം വിട്ടു പോവുകയും ചെയ്തു. ഹോട്ടലിലെ ക്യാബിനിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് പൊലീസ് വളഞ്ഞത്. തന്നെ അറസ്റ്റ് ചെയ്യരുതെന്നും സിപിഎം നേതാക്കളുമായി സന്ധി ചെയ്തിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പൊലീസ് വഴങ്ങാതെ വന്നപ്പോൾ ഇറങ്ങിയോടുകയും പിന്നാലെ പിടി വീഴുകയുമായിരുന്നു.

കഴിഞ്ഞ ജൂൺ മുതൽ അജി ഫിലിപ്പ് ഒളിവിലാണെന്നാണ് ഭാഷ്യം. ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷണം, സർക്കാർ ഭൂമിയിലെ മരംമുറി എന്നിങ്ങനെ രണ്ടു കേസുകളിൽ അജി ഒന്നാം പ്രതിയാണ്. കേബിൾ മോഷണത്തിന് അജിയുടെ സഹോദരൻ അടക്കം മൂന്നു പേർ അറസ്റ്റിലായി. എന്നാൽ, അജിയുടെ അറസ്റ്റ് സിപിഎം ജില്ലാ നേതാവ് ഇടപെട്ടു തടഞ്ഞു. ഇയാൾക്ക് മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരം ഒരുക്കി. ഈ പേര് പറഞ്ഞ് അജിയുടെ അറസ്റ്റ് പൊലീസ് മനഃപൂർവം ഒഴിവാക്കി.

ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും പരിഗണിക്കാതെ തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ അടൂർ പൊലീസ് ഒളിച്ചു കളിക്കുകയായിരുന്നു. ഹൈക്കോടതിയും രാജ്യത്തെ പരമോന്നത കോടതിയും പൊലീസിൽ കീഴടങ്ങാൻ നിർദേശിച്ചിട്ടും സിപിഎം തന്നെ രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അജി. സിപിഎം ഭരിക്കുന്ന നെടുമൺ സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അജി ഫിലിപ്പ്. സിപിഎം ജില്ലാ നേതാവുമായി ഇയാൾ നിരന്തരമായി സമ്പർക്കം പുലർത്തിയിരുന്നു. അജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ പോലും ഹൈക്കോടതി തയാറായില്ല എന്നതാണ് വാസ്തവം. പ്രതി കീഴടങ്ങട്ടെയെന്നും പൊലീസ് വേഗത്തിൽ കാര്യങ്ങൾ നീക്കട്ടെയെന്നും നിർദേശിച്ച കോടതി അജിയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. ഹൈക്കോടതി നിർദ്ദേശം കണ്ടപ്പോൾ തന്നെ സുപ്രീം കോടതി കേസ് പരിഗണിക്കാതെ പോലും തള്ളുകയായിരുന്നു.

40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മുറിച്ചു കടത്തിയതിനും കല്ലട ഇറിഗേഷൻ പദ്ധതി ഭൂമിയിൽ നിന്ന മരങ്ങൾ മുറിച്ചു നീക്കിയതിനുമാണ് അജി ഫിലിപ്പിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പിട്ട് അടൂർ പൊലീസ് കേസെടുത്തിരുന്നത്. പൊതുമുതൽ നശീകരണം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കേബിൾ മോഷണത്തിന് അജി ഫിലിപ്പിന്റെ സഹോദരൻ ജിജി ഫിലിപ്പ് അടക്കം മൂന്നു പേരെ ജൂൺ മാസത്തിൽ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഒളിവിലുള്ള അജി കഴിഞ്ഞ ദിവസം നെടുമൺ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിന് ചെന്നിരുന്നു. മിനുട്സ് ബുക്കിൽ ഒപ്പിട്ട് അജിയെ പോകാൻ അനുവദിച്ചത് ബാങ്ക് പ്രസിഡന്റാണ്. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടമാകുമെന്ന് വന്നപ്പോഴാണ് മോഷണക്കേസ് പ്രതിക്കായി ഒപ്പിടാൻ അവസരം ഒരുക്കിയത്.

ബിഎസ്എൻഎൽ കേബിൾ മോഷണത്തിന് ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്സ് കേബിൾ നെറ്റ്‌വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

അറസ്റ്റിലായ പ്രതികൾ ഇതേ മേഖലയിൽ സ്വകാര്യ കേബിൾ ടിവി നെറ്റ്‌വർക്ക് നൽകുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവർക്കും ബ്രോഡ് ബാൻഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിനോടാണ് നാട്ടുകാർ താൽപര്യം കാണിക്കുന്നത്. ജൂൺ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. ഇതിനിടെയാണ് കെഐപിയുടെ ഭൂമിയിൽ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നൽകിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രിൽ 23 ന് കല്ലട പദ്ധതി എൻജിനീയർ നൽകിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്്ത്തി വച്ചിരുന്നു. കേബിൾ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജി ഫിലിപ്പിനെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP