Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പണം ഒരുമിച്ചടച്ചാൽ ക്യാഷ് ഹാൻഡിലിങ് ചാർജ്; ഇല്ലെങ്കിൽ പിഴ; അനാവശ്യ ചാർജുകൾ ഒരുമാസത്തെ പലിശയോളം; വായ്പകൾക്ക് അമിത പലിശയും വായ്പാ പുതുക്കലിന്റെ മറവിൽ കനത്തഫീസും; പ്രതിസന്ധികാലത്ത് കൂട്ടുപലിശയുമായി കേരളാബാങ്കും; കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇരുട്ടടിയുമായി ബാങ്കുകൾ

പണം ഒരുമിച്ചടച്ചാൽ ക്യാഷ് ഹാൻഡിലിങ് ചാർജ്; ഇല്ലെങ്കിൽ പിഴ; അനാവശ്യ ചാർജുകൾ ഒരുമാസത്തെ പലിശയോളം; വായ്പകൾക്ക് അമിത പലിശയും വായ്പാ പുതുക്കലിന്റെ മറവിൽ കനത്തഫീസും; പ്രതിസന്ധികാലത്ത് കൂട്ടുപലിശയുമായി കേരളാബാങ്കും; കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇരുട്ടടിയുമായി ബാങ്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയും വ്യക്തികൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന കോവിഡ് കാലത്ത് ബാങ്കുകൾ കണ്ണിൽ ചോരയില്ലാത്ത ചൂഷണവുമായി രംഗത്തിറങ്ങിയിരിക്കുന്നതായി പരാതി. അമിതമായ ഫീസുകൾ ഈടാക്കിയും കസ്റ്റമറുടെതല്ലാത്ത കാരണത്തിന് പിഴകൾ ഈടാക്കിയുമാണ് ബാങ്കുകൾ സ്ഥാപനങ്ങളെയും വ്യക്തികളെയും കൊള്ളയടിക്കുന്നത്. ചെറുകിട വ്യാപാരസ്ഥാപനങ്ങളെ അടക്കം ഇത്തരത്തിൽ ചൂഷണം ചെയ്യുന്നതായാണ് ആരോപണം.

കോവിഡിന്റെ വറുതിദിനങ്ങളിലും ബാങ്കുകൾ യാതൊരു ഭീഷണികളുമില്ലാതെ വളരുന്നത് അനാവശ്യ ഫീസുകൾ ചുമത്തി ഇടപാടുകാരനെ പിഴിഞ്ഞാണെന്നാണ് ആരോപണം. വായ്പകൾ എടുക്കുന്നവർക്ക് പലിശയ്ക്ക് പുറമെ ഒരു മാസത്തെ പലിശയോളം ഫീസുകളും അടച്ച് തളരുകയാണ്. ഫോലിയോ ചാർജ്, ഗോഡൗൺ ഇൻസ്‌പെക്ഷൻ ചാർജ്, സിബിൽ ചാർജ്, സെസ്, സർവീസ് ചാർജ് എന്നിങ്ങനെ നീണ്ടുപോകുന്നു ഇടപാടുകാരൻ പ്രതിവർഷം അടയ്ക്കേണ്ടിവരുന്ന അധികചാർജുകൾ. അതാത് മാസത്തെ പലിശയും മുതലും തന്നെ അടയ്ക്കാൻ സാധാരണക്കാർ കഷ്ടപ്പെടുന്ന കാലത്ത് പലിശയോളം അഡീഷണൽ ചാർജുകളും ഇടപാടുകാരന്റെ തലയിൽ കെട്ടിവച്ചാണ് ബാങ്കുകൾ വളരുന്നതെന്നാണ് പരാതി.

ബാലരാമപുരത്തെ ഒരു വ്യാപാരിയുടെ പരാതി ഇങ്ങനെ,

'10 ലക്ഷം രൂപ മുദ്ര ലോൺ എടുത്ത എനിക്ക് പ്രതിവർഷം പലിശയ്ക്ക് പുറമേ ഗ്യാരന്റി ഫീസ് ആയി 10000 രൂപയും 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നുണ്ട്. ഇതിനു പുറമേ ഫോലിയോ ചാർജ്, ഇൻസ്‌പെക്ടർ ചാർജ്, ഗോഡൗൺ ഇൻസ്‌പെക്ഷൻ ചാർജ്, സിബിൽ ചാർജ്, സെസ്, സർവീസ് ചാർജ് എന്നീ ഇനങ്ങളിൽ ഏകദേശം പ്രതിവർഷം 10000 രൂപയ്ക്ക് മുകളിൽ ഈടാക്കുന്നുണ്ട്. ഇത് ചെക്ക് ബുക്ക് ചാർജ് നെഫ്റ്റ് ചാർജ് എന്നിവയ്ക്കൊക്കെ പുറമെയാണ്.

കോവിഡ് സമയത്ത് ബാങ്ക് എല്ലാ ദിവസവും പ്രവർത്തിക്കാത്തതുകൊണ്ട് കൂടുതൽ പണം ഒന്നിച്ച് നിക്ഷേപിക്കേണ്ടി വന്നപ്പോൾ, ഒരു ദിവസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡെപ്പോസിറ് ചെയ്താൽ 1000 രൂപയ്ക്ക് രണ്ട് രൂപ നിരക്കിൽ ക്യാഷ് ഹാൻഡിലിങ് ചാർജും ഈടാക്കുന്നുണ്ട്. മൂന്ന് ദിവസം 569800 അടച്ചതിന് 1285 രൂപ ക്യാഷ് ഹാൻഡിലിങ് ചാർജ് എന്ന പേരിൽ ഈടാക്കി. പണം കൃത്യമായി അടയ്ക്കുന്നവരെ തിരഞ്ഞുപിടിച്ച് പിഴിയുന്നതാണ് ഇപ്പോഴത്തെ ബാങ്കിങ് നിയമങ്ങൾ.'

ഒന്നാം ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച മോറോട്ടോറിയം അല്ലാതെ കോവിഡിന്റെ വറുതിദിനങ്ങളിൽ ജനോപകാരപ്രദമായ ഒരു ഇടപെടലും ബാങ്കിങ് മേഖലയിൽ ഉണ്ടായിട്ടില്ലെന്ന പരാതി ശക്തമാണ്. മോറോട്ടോറിയമാകട്ടെ ആ മാസത്തെ അടവുകളിലെ കൂട്ടുപലിശ കൂടി ചേർന്ന് ഇടപാടുകാർക്കൊരു കെണിയായി മാറുകയും ചെയ്തു. ബാങ്കുകൾ ആഴ്‌ച്ചയിൽ മൂന്ന് ദിവസം മാത്രം പ്രവർത്തിച്ചിരുന്ന ലോക്ക്ഡൗൺ ദിനങ്ങളിൽ പ്രതിദിനം ബാങ്കിൽ അടയ്ക്കേണ്ട പണം അവധിയുള്ള ദിവസങ്ങളിൽ അടയ്ക്കാൻ കഴിയാറില്ലെന്ന് മാത്രമല്ല അടുത്ത ദിവസം ഫൈനും ചേർത്തയിരുന്നു. ഇതിനെപറ്റി പരാതി ഉന്നയിച്ചപ്പോൾ ഇതെല്ലാം സോഫ്റ്റ്‌വെയറാണ് ചെയ്യുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നുമുള്ള ന്യായമാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. അതുകൂടാതെ മറ്റനേകം അനാവശ്യ ഫീസുകളും കസ്റ്റമറുടെ കയ്യിൽ നിന്നും ബാങ്കുകൾ ഈടാക്കുന്നുണ്ട്. എന്നാണ് പരാതി.

ഇടപാടുകാരനെന്ന ഇര

സാമ്പത്തിക ഉത്തേജ പാക്കേജിൽ പ്രഖ്യാപിച്ച അഡിഷണൽ ലോൺ ഫെസിലിറ്റിയിൽ പലിശ ശുപാർശ ഏഴ് ശതമാനമാണെന്നിരിക്കേ ചില സ്വകാര്യബാങ്കുകൾ 9.5 ശതമാനം വരെ ഈടാക്കുകയാണ്. കാർഷിക സ്വർണപ്പണയ വായ്പയുടെ പലിശ ശുപാർശ നാലു ശതമാനമാണെങ്കിലും അഞ്ചു ശതമാനം വരെ ഈടാക്കുന്നു. വായ്പാ പുതുക്കലിന്റെ മറവിൽ കനത്തഫീസും വാങ്ങുന്നു. വായ്പാ ഇടപാടുകാരന്റെ അനുവാദമോ അറിവോ ഇല്ലാതെ വിവിധ ചാർജുകളുടെ പേരിൽ അക്കൗണ്ടിൽ നിന്ന് വൻതുക വലിച്ചെടുക്കുന്നത് ബാങ്കിങ് സെക്ടറിൽ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഇടപാടുകാർക്ക് ആനുകൂല്യമൊന്നും നൽകാതെ നിർബന്ധിച്ച് ഇൻഷുറൻസും എടുപ്പിക്കുന്നുണ്ട്.

കൂട്ടുപലിശയുമായി കേരളാബാങ്കും

കൃഷി ആവശ്യത്തിനല്ലാതെ വ്യക്തികൾക്ക് നൽകുന്ന വായ്പകൾക്കു കൂട്ടുപലിശ ഈടാക്കാൻ കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ബ്രാഞ്ചുകൾക്ക് അനുമതി നൽകിയതും ഈ കോവിഡ് കാലത്താണ്. ഇനി ഓരോ മാസം അടിസ്ഥാനമാക്കി വേണം പലിശ കണക്കാക്കുവാൻ. തിരിച്ചടവിൽ വീഴ്ച വന്നാൽ കുടിശികയായ പലിശയെ മുതലിനൊപ്പം ചേർത്ത് അതിനു വീണ്ടും പലിശ കണക്കാക്കും. എന്നാൽ മുൻപ് പല ജില്ലാ ബാങ്കുകളിലുമുണ്ടായിരുന്ന കൂട്ടുപലിശ രീതി റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം ഏകീകരിച്ചതാണെന്നാണ് കേരള ബാങ്ക് അധികൃതരുടെ വിശദീകരണം.

കോവിഡ് കാലത്തെ കണ്ണിൽചോരയില്ലാത്ത ഈ തീരുമാനം സാധാരണക്കാർക്ക് തിരിച്ചടിയാണെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇത്തരം പലിശരീതി സഹകരണ നയമല്ല. വാണിജ്യ ബാങ്കുകളിലെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരെ രക്ഷപ്പെടുത്താൻ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന രീതിയിൽ കൊണ്ടു വന്ന കേരള ബാങ്ക് ഇപ്പോൾ വാണിജ്യ ബാങ്കുകളേക്കാൾ വലിയ കൊള്ളയാണ് നടത്തുന്നതെന്നാണ് ആക്ഷേപം.

നേരത്തേ കച്ചവടക്കാർക്കു നൽകിയിരുന്ന കാഷ് ക്രെഡിറ്റ് വായ്പകൾക്ക് ഇത്തരത്തിൽ പലിശ ഈടാക്കിയിരുന്നെങ്കിലും സാധാരണക്കാരിൽ നിന്നു കൂട്ടുപലിശ വാങ്ങിയിരുന്നില്ല. കോവിഡ് രണ്ടാംഘട്ടത്തിൽ വരുമാനമില്ലാതെ പലരുടെയും വായ്പ തിരിച്ചടവു മുടങ്ങുന്നതിനിടയിലാണ് കേരള ബാങ്കിന്റെ പുതിയ നയവും. ഗുരുതര രോഗം ബാധിച്ചും മറ്റും തിരിച്ചടവുശേഷി നഷ്ടപ്പെട്ടവർക്കും ഇതു വലിയ തിരിച്ചടിയാണ്. അത്തരക്കാർക്ക് അദാലത്തുകൾ വഴി ലഭിച്ചിരുന്ന പലിശ ഇളവ് ആനുകൂല്യം പോലും ലഭിക്കാതെയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മുടിയുന്ന ഇടപാടുകാരും വളരുന്ന ബാങ്കുകളും

പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും ഉഴലുന്ന സാധാരണക്കാരെ അനാവശ്യ ചാർജുകൾ ചുമത്തി ക്രൂരമായി ചൂഷണം ചെയ്ത് ബാങ്കിങ് മേഖല വളരുകയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തെറിഞ്ഞ് കോവിഡ് താണ്ഡവമാടിയിട്ടും ഭൂരിപക്ഷം സ്വകാര്യ- പൊതുമേഖലാ ബാങ്കുകൾക്കും കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ പലഇരട്ടി ലാഭം ഇക്കുറി നേടിയ കണക്കുകളാണ് പറയാനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം (202021) ഇന്ത്യയിലെ ബാങ്കുകൾ സംയുക്തമായി കുറിച്ച ലാഭം 1.02 ലക്ഷം കോടി രൂപയാണ്. 2018-19ൽ കുറിച്ച 5,000 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് ബാങ്കുകളുടെ മികച്ച തിരിച്ചുകയറ്റവുമാണിത്. മൊത്തം ലാഭത്തിൽ 30 ശതമാനം വിഹിതവുമായി സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവും മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 31,116 കോടി രൂപയാണ് ബാങ്കിന്റെ ലാഭം; തൊട്ടുമുൻവർഷത്തേക്കാൾ 18 ശതമാനം അധികമാണിത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കും പൊതുമേഖലാ ബാങ്കുമായ എസ്‌ബിഐയുടെ ലാഭം 20,410 കോടി രൂപയും വിഹിതം 20 ശതമാനവുമാണ്. അതായത്, ബാങ്കുകളുടെ മൊത്തം ലാഭത്തിന്റെ 50 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെയും എസ്‌ബിഐയുടെയും പങ്കാണ്. 16,192 കോടി രൂപയുടെ ലാഭം നേടി സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കാണ് മൂന്നാമത്. 2019-20ൽ ബാങ്ക് നേടിയ ലാഭത്തിന്റെ ഇരട്ടിയോളമാണിത്. പൊതുമേഖലാ ബാങ്കുകൾ കോവിഡ് പശ്ചാത്തലത്തിൽ വായ്പാ വിതരണം കുറച്ചപ്പോൾ, ഈ വിഭാഗത്തിൽ സ്വകാര്യ ബാങ്കുകൾ മികച്ച ഉഷാറോടെ വിപണി വിഹിതവും ഉയർത്തി. സ്വകാര്യ ബാങ്കുകളിൽ യെസ് ബാങ്ക് മാത്രമാണ് അറ്റ നഷ്ടം കഴിഞ്ഞവർഷം കുറിച്ചത്; 3,462 കോടി രൂപ. കിട്ടാക്കടം തരണം ചെയ്ത് ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനുള്ള നീക്കിയിരുപ്പ് തുകയിലെ (പ്രൊവിഷൻസ്) വർദ്ധനയാണ് ബാങ്കിന് തിരിച്ചടിയായത്. അതേസമയം, കഴിഞ്ഞവർഷം നഷ്ടം കുറിച്ച ബാങ്കുകളുടേത്, 2019-20ലെ നഷ്ടത്തേക്കാൾ കുറവുമാണ്.എസ്‌ബിഐ ഒഴികെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞവർഷം കടപ്പത്ര വില്പനയിലൂടെയും മികച്ച ലാഭം നേടി. 2020-21ൽ കേന്ദ്രസർക്കാർ മൂലധന സഹായമായി അനുവദിച്ച 20,000 കോടി രൂപയേക്കാൾ ഉയർന്ന ലാഭമമാണ് കടപ്പത്ര വില്പനയിലൂടെ പൊതുമേഖലാ ബാങ്കുകൾ നേടിയത്.

കേരളം ആസ്ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകളും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കൈവരിച്ചത് മികച്ച നേട്ടമാണ്. കോവിഡ് വ്യാപനം മൂലം വ്യവസായ, വാണിജ്യ മേഖലകൾ സ്തംഭിച്ച പശ്ചാത്തലത്തിലും വരുമാനം, പ്രവർത്തന ലാഭം എന്നിവയിൽ വർധന നേടാൻ കഴിഞ്ഞെന്നതാണ് ശ്രദ്ധേയം. വരുമാനത്തിൽ 539.91 കോടി രൂപയുടെയും പ്രവർത്തന ലാഭത്തിൽ 338.65 കോടിയുടേതുമാണ് വർധന.

രാജ്യത്തെ മിക്ക പൊതുമേഖലാ ബാങ്കുകളുടെയും ചില പ്രമുഖ സ്വകാര്യ ബാങ്കുകളുടെയും കിട്ടാക്കടം ഏപ്രിൽ ജൂൺ കാലയളവിൽ വലിയ വർധന രേഖപ്പെടുത്തുകയാണുണ്ടായത്. എന്നാൽ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവ ഉൾപ്പെടുന്ന സംസ്ഥാനത്തെ വാണിജ്യ ബാങ്കിങ് മേഖലയിലെ അറ്റ കിട്ടാക്കടം ഈ കാലയളവിൽ വെറും രണ്ടു ശതമാനത്തിലൊതുങ്ങി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം ത്രൈമാസത്തിൽ നാലു ബാങ്കുകളുടെയും കൂടി മൊത്ത വരുമാനം 6339.97 കോടി രൂപയായിരുന്നത് ഇക്കഴിഞ്ഞ ജൂൺ 30ന് അവസാനിച്ച പാദത്തിൽ 6879.88 കോടിയിലെത്തി. മൊറട്ടോറിയം ഉൾപ്പടെ ബാങ്കിങ് വ്യവസായം ഏറ്റവും വലിയ വെല്ലുവിളി നേരിട്ട വേളയിലാണു വരുമാനത്തിലെ 8.52% വർധന.നാലു ബാങ്കുകളുടെ മൊത്തം പ്രവർത്തന ലാഭം 1508.26 കോടിയായപ്പോഴുണ്ടായ വർധന 28.95 ശതമാനമാണ്. അറ്റാദായത്തിൽ 9.1 ശതമാനം വർധനയുണ്ടായി. 496.85 കോടിയായിരുന്നു 2019 ഏപ്രിൽ ജൂൺ കാലത്തെ അറ്റാദായം. ഇക്കഴിഞ്ഞ ഏപ്രിൽ ജൂൺ കാലത്തെ അറ്റാദായം 542.07 കോടിയും.

ബാങ്കുകൾ വളരുകയാണ്. എന്നാൽ ഇടപാടുകാരന്റെ വിയർപ്പിന്റെ വിഹിതം കൈപ്പറ്റുന്ന പൊതുമേഖലാ ബാങ്കുകൾ പോലും തങ്ങൾ ആത്യന്തികമായി സേവനമേഖലയാണെന്ന കാര്യം മറക്കുന്നു എന്നതാണ് വ്യാപകമായി ഉയരുന്ന പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP