Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റൂട്ടിന് പിന്നാലെ വോക്‌സിനെയും മടക്കി; ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 193; ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ; ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയ്ക്ക് ചരിത്ര നേട്ടം; ഇന്ത്യക്ക് വേണ്ടി അതിവേഗത്തിൽ 100 വിക്കറ്റ് വീഴ്‌ത്തുന്ന പേസ് ബൗളർ; മറികടന്നത് കപിൽദേവിനെ

റൂട്ടിന് പിന്നാലെ വോക്‌സിനെയും മടക്കി; ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 193; ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ; ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയ്ക്ക് ചരിത്ര നേട്ടം; ഇന്ത്യക്ക് വേണ്ടി അതിവേഗത്തിൽ 100 വിക്കറ്റ് വീഴ്‌ത്തുന്ന പേസ് ബൗളർ; മറികടന്നത് കപിൽദേവിനെ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. 368 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് എട്ടുവിക്കറ്റ് നഷ്ടമായി. ഓപ്പണർ ഹസീബിനെയും ആദ്യ ഇന്നിങ്സിലെ ഹീറോ ഒലി പോപ്പിനെയും ജോണി ബെയർസ്റ്റോയെയും വേഗത്തിൽ മടക്കിയ ഇന്ത്യൻ ബൗളർമാർ ചെറുത്ത് നിന്ന നായകൻ ജോ റൂട്ടിനെയും ക്രിസ് വോക്‌സിനെയും പുറത്താക്കി മത്സരത്തിൽ പിടിമുറുക്കി.

59 ഓവറിൽ 131 - 2 എന്ന സ്‌കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇംഗ്ലണ്ടിനു പിന്നീടു തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ചെറുത്തുനിന്ന ക്യാപ്റ്റൻ ജോ റൂട്ട് കൂടി വീണതോടെ ഇന്ത്യ വിജയത്തിനു തൊട്ടരികെ. 193 - 8 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ചായയ്ക്കു പിരിഞ്ഞത്. 2 വിക്കറ്റ് ശേഷിക്കെ വിജയത്തിലെത്താൻ ആതിഥേയർക്കു വേണ്ടത് 175 റൺസ്.

ഓപ്പണർ റോറി ബേൺസ് (50), ഡേവിഡ് മലാൻ (5) എന്നിവരെ അഞ്ചാം ദിനത്തിന്റെ ആദ്യ സെഷനിൽ വീഴ്‌ത്തിയ ഇന്ത്യ ഓപ്പണർ ഹസീബ് ഹമീദ് (63), ഓലി പോപ്പ് (2), ജോണി ബെയർ‌സ്റ്റോ (2), മോയിൻ അലി (0) എന്നിവരെ രണ്ടാം സെഷന്റെ തുടക്കത്തിൽത്തന്നെ പുറത്താക്കിയാണ് മത്സരത്തിൽ പിടിമുറുക്കിയത്. ലഞ്ചിനു ശേഷമുള്ള മൂന്നാം ഓവറിൽ ഹമീദിന്റെ വിക്കറ്റ് തെറിപ്പിച്ച രവീന്ദ്ര ജഡേയയാണ് ഇംഗ്ലണ്ട് തകർച്ചയ്ക്കു തുടക്കമിട്ടത്. പിന്നാലെ ഓലി പോപ്പിനെയും ജോണി ബെയർ‌സ്റ്റോയെയും ജസ്പ്രീത് ബുമ്ര ബോൾഡാക്കി.

ജഡേജയുടെ പന്തിൽ സബ്സ്റ്റിറ്റിയൂട്ട് ഫീൽഡർ സൂര്യകുമാർ യാദവിനു ക്യാച്ച് നൽകിയാണു മോയിൻ അലി പുറത്തായത്. 78 പന്ത് പ്രതിരോധിച്ച ജോ റൂട്ടിന്റ വിക്കറ്റ് ശാർദൂലാണു തെറിപ്പിച്ചത്. ശാർദൂലിന്റെ ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത പന്ത് കട്ട് ചെയ്യാനുള്ള റൂട്ടിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. 78 പന്ത് പ്രതിരോധിച്ച റൂട്ട് കൂടി വീണതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ചരിത്ര നേട്ടം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിൽ 100 വിക്കറ്റ് വീഴ്‌ത്തുന്ന പേസ് ബൗളർ എന്ന റെക്കോഡാണ് താരം സ്വന്തം പേരിൽ എഴുതിച്ചേർത്തത്.

 

100 വിക്കറ്റുകൾ വീഴ്‌ത്താൻ ബുംറയ്ക്ക് വെറും 24 ടെസ്റ്റുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. ഇതോടെ കപിൽദേവിന്റെ പേരിലുള്ള ദീർഘകാല റെക്കോഡ് പഴങ്കഥയായി. 25 ടെസ്റ്റുകളിൽ നിന്നാണ് കപിൽ ദേവ് 100 വിക്കറ്റ് വീഴ്‌ത്തിയത്.

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം 65-ാം ഓവറിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഒലി പോപ്പിനെ പുറത്താക്കിയാണ് ബുംറ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടൊപ്പം മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. മികച്ച ശരാശരിയിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടമാണ് ബുംറ സ്വന്തം പേരിൽ കുറിച്ചത്. 22.45 ആണ് ബുംറയുടെ ബൗളിങ് ശരാശരി.

സ്പിന്നർ രവിചന്ദ്ര അശ്വിനാണ് അതിവേഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ 100 വിക്കറ്റ് വീഴ്‌ത്തിയ താരം. വെറും 18 ടെസ്റ്റുകളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 16 ടെസ്റ്റുകളിൽ നിന്നും 100 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ജോർജ് ലോമാനിന്റെ പേരിലാണ് ലോകറെക്കോഡ്.

നേരത്തെ രണ്ടാം ഇന്നിങ്‌സിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ 368 റൺസ് വിജയലക്ഷ്യമുയർത്തിയിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ മുട്ടുമടക്കിയ ഇന്ത്യൻ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സിൽ വർധിത വീര്യത്തോടെ തിരിച്ചടിക്കുന്ന കാഴ്ചയ്ക്കാണ് കെന്നിങ്ടൺ ഓവൽ സാക്ഷിയായത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 466 റൺസിന് ഓൾഔട്ടായി. സെഞ്ചുറി നേടിയ രോഹിത് ശർമ, അർധ സെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ശാർദുൽ താക്കൂർ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP