Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറുപേരെ അടിമകളാക്കി ലോകം ഭരിക്കാൻ ലണ്ടനിൽ അരവിന്ദ് ബാലകൃഷ്ണൻ കാത്തിരുന്നത് വർഷങ്ങൾ; അടിമയായ വെള്ളക്കാരി ഭാര്യയുടെ മരണവും ദുരൂഹം; താനൊരു ദൈവമാണെന്ന് അണികളെ വിശ്വസിപ്പിച്ചു സ്വന്തം കൾട്ട് രൂപീകരിച്ചു; മലയാളിയായ സഖാവ് ബാല ജയിലിലായപ്പോൾ മകൾ ജീവിതം പറയുന്നു

ആറുപേരെ അടിമകളാക്കി ലോകം ഭരിക്കാൻ ലണ്ടനിൽ അരവിന്ദ് ബാലകൃഷ്ണൻ കാത്തിരുന്നത് വർഷങ്ങൾ; അടിമയായ വെള്ളക്കാരി ഭാര്യയുടെ മരണവും ദുരൂഹം; താനൊരു ദൈവമാണെന്ന് അണികളെ വിശ്വസിപ്പിച്ചു സ്വന്തം കൾട്ട് രൂപീകരിച്ചു; മലയാളിയായ സഖാവ് ബാല ജയിലിലായപ്പോൾ മകൾ ജീവിതം പറയുന്നു

രവികുമാർ അമ്പാടി

ലണ്ടൻ: തീവ്രവാദികൾക്ക് ഉശിരേകാൻ ഹൂറികളേയും മദ്യപ്പുഴയേയുമൊക്കെ സൃഷ്ടിച്ചതുപോലെ പ്രായോഗിക കമ്മ്യുണിസത്തിന്റെ വക്താക്കൾ അണികൾക്കായി ചൂണ്ടയിൽ കൊരുത്ത ഇരയാണ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യവും ഭരണകൂടങ്ങളില്ലാത്ത ലോകവുമെല്ലാം. ജനങ്ങളുടെ മേൽ കടുത്ത നിയന്ത്രണങ്ങളും, അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ കരുത്താർന്ന വിലങ്ങുമൊക്കെ ചാർത്തി അബദ്ധപ്രചാരണങ്ങളിലൂടെയും മറ്റും ഈ ആശയത്തിന് വിപുലമായ സ്വാധീനമുണ്ടാക്കാൻ സ്റ്റാലിൻ മുതൽ മാവോ വരെയുള്ള കമ്മ്യുണിസ്റ്റ് ഏകാധിപതികളും ശ്രമിച്ചിട്ടുണ്ട്.

ഇന്ന് ചൈനയിൽ നിലനിൽക്കുന്നതും ഇത്തരത്തിലുള്ള ഒരു ഓർവീലിയൻ സ്റ്റേറ്റ് തന്നെയാണ്. അത്തരമൊരു ആശയത്തിന് അടിമയായി സ്വന്തമായി ഒരു കൾട്ട് രൂപീകരിച്ച്, ആറോളം പേരെ അടിമകളാക്കി ജീവിച്ച് അവസാനം ബ്രിട്ടനിലെ തടവറയ്ക്കുള്ളിലായ, മലയാളി സഖാവ് അരവിന്ദൻ ബാലകൃഷ്ണന്റെ കഥ പറയുകയാണ് അയാളുടെ മകൾ മറ്റ് ആറു സ്ത്രീകൾക്കൊപ്പം സ്വന്തം മകളെയും തടവിലാക്കി, അടിമയാക്കി വെച്ചിരിക്കുകയായിരുന്നു ഇയാൾ. ശാരീരികമായും മാനസികമായും തന്റെ അടിമകളെ പീഡിപ്പിക്കുന്നതിൽ അതിയായ ആനദം ഇയാൾ കണ്ടെത്തിയിരുന്നത്രെ.

ആരാണ് സഖാവ് ബാല?

കേരളത്തിലായിരുന്നു സഖാവ് ബാല എന്ന് പിൽക്കാലത്ത് അറിയപ്പെട്ട അരവിന്ദൻ ബാലകൃഷ്ണന്റെ ജനനം. എന്നാൽ അധികം വൈകാതെ ഇയാൽ സിംഗപ്പൂരിലെത്തി. ഇയാളുടെ പിതാവ് അവിടെ ഒരു സൈനികനായിരുന്നു. റൈഫിൾസ് ഇൻസ്റ്റിറ്റിയൂഷനിലും പിന്നീട് യൂണീവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലുമായി പഠനം പൂർത്തിയാക്കിയ ഇയാൾ വിദ്യാഭ്യാസകാലത്ത് പൊതുവെ ശാന്തനായ ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു അറിയപെട്ടിരുന്നത്.

എന്നാൽ, പരന്ന വായനയിലൂടെ നേടിയെടുത്ത ഇടതുപക്ഷാഭിമുഖ്യം ഇയാളെ ഒരു അതിതീവ്ര കമ്മ്യുണിസ്റ്റാക്കി മാറ്റുകയായിരുന്നു. ഒരു കമ്മ്യുണിസ്റ്റ് ആണെന്ന് തുറന്നു പറഞ്ഞ ഇയാളെ സിംഗപ്പൂരിൽ ശിക്ഷിച്ചേക്കുമെന്ന ഭയത്താൽ ഇയാൾ ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. കുടിയേറ്റ നിയമങ്ങൾ അത്ര കർക്കശമല്ലാതിരുന്ന 1960 കാലഘട്ടങ്ങളിൽ ആർക്കും അഭയമരുളുന്ന ലണ്ടൻ നഗരം ഇയാളെയും സ്വീകരിച്ചു. വർക്കേഴ്സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് മാർക്സിസം-ലെനിനിസം- മാവോ സേതുങ്ങ് തോട്ട് എന്ന സ്ഥപനത്തിന്റെ നേതൃത്വത്തിൽ എത്തിയതോടെ 1977-ൽ ഇയാളുടെ സിംഗപ്പൂർ പൗരത്വം റദ്ദാക്കപ്പെട്ടു.

രാഷ്ട്ര സുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കാവുന്ന തരത്തിൽ, മുൻവിധികളോടുകൂടിയ തീവ്ര ആശയങ്ങളുമായി നടക്കുന്നു എന്നായിരുന്നു പൗരത്വം റദ്ദാക്കാൻ കാണീച്ച കാരണം. മാത്രമല്ല, അരവിന്ദൻ ബാലകൃഷ്ണൻ അന്നത്തെ യൂറോപ്പിലുള്ള കമ്മ്യുണിസ്റ്റ് നേതാക്കളുമായി ചേർന്ന് സിംഗപ്പൂർ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണമുയർന്നിരുന്നു. ഇതിനിടയിൽ 1971-ൽ ഇയാൾ ലണ്ടനിൽ സ്ഥിരതാമസമാക്കിയ ചന്ദ്രയെ വിവാഹവും കഴിച്ചിരുന്നു. അക്കാലത്ത് ലണ്ടനിലെ പ്രതിഷേധ പ്രകടനങ്ങളിലെല്ലാം മാവോ സേതുങ്ങിന്റെ ചിത്രവുമായി എത്തുന്ന ഇയാൾ ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

നിരവധി ചെറു യോഗങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും തന്റെതായ ഒരു അനുയായി വൃന്ദത്തെ ഉണ്ടാക്കിയെടുക്കാൻ അരവിന്ദൻ ബാലകൃഷ്ണനായി. എന്നാൽ, വിഘടനവാദവും മറ്റും ആരോപിച്ച് ഇയാളെയും അനുയായി വൃന്ദത്തേയും 1974-ൽ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. പാർട്ടിക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കുമെതിരെ ആരോപണങ്ങളുന്നയിച്ച് പാർട്ടിയേക്കാൾ വലിയ വിപ്ലവകാരികളായി മാറുവാനായിരുന്നു പിന്നീട് ഇയാളുടെയും അനുയായി വൃന്ദത്തിന്റെയും ശ്രമം. ഇതിന്റെ ഭാഗമായിട്ടായിരുന്നു വർക്കേഴ്സ് ഇൻസ്റ്റിറ്റിയുട്ട് സ്ഥാപിച്ചത്.

1974-76 കാലഘട്ടത്തിൽ ഇയാൾ സൗത്ത് ലണ്ടനിലെ തൊഴിലാളികൾക്കിടയിൽ സജീവമായിരുന്നു. തൊഴിലാളി യൂണിയനുകൾ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഏജന്റുമാരാണെന്നും അവയിൽ ചേരരുതെന്നുമായിരുന്നു ഇയാൾ തൊഴിലാളികളെ ഉപദേശിച്ചുകൊണ്ടിരുന്നത്. ഏതായാലും കാലക്രമേണ ഇയാളുടെ അതിതീവ്ര നിലപാടുകളോട് യോജിക്കാനാകാതെ അനുയായികൾ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി. അവസാനം 10 വനിതാ അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഇയാൾ ഒരു കൾട്ടിന് രൂപം കൊടുക്കുകയായിരുന്നു.

പിന്നീട് ബ്രിക്സ്റ്റണീലേക്ക് താമസം മാറ്റിയ ഇയാളും സംഘവും 1976-ൽ മാവോയുടെ മരണശേഷം അവിടെ ഒരു മാവോ മെമോറിയൽ കേന്ദ്രം ആരംഭിച്ചു. പിന്നീട് ഇവിടെയായി സഖാവ് ബാലയുടെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രം. 13 അംഗങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അതിൽ പകുതിപേർ പാർട്ട് ടൈം ജോലികളീൽ ഏർപ്പെട്ട് മുഴുവൻ പേർക്കും ചെലവിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നപ്പോൾ ബാക്കിയുള്ളവർ വിപ്ലവം നടത്താനുള്ള മുഴുവൻ സമയ പ്രവർത്തനത്തിലായിരുന്നു.

ഈകേന്ദ്രത്തിനകത്ത് കർശന നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആർക്കും ഒറ്റക്ക് പുറത്തുപോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ, 1978-ൽ ഇവിടം പൊലീസ് റെയ്ഡ് ചെയ്തതോടെ ഈ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം താറുമാറായി. പതിമൂന്നു പേരിൽ പകുതിയോളം പേർ പലവഴിക്ക് പിരിഞ്ഞപ്പോൾ സഖാവ് ബാലയുംആറു സ്ത്രീകളും വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസം തുടര്ന്നു. ഈ കാലഘട്ടത്തിലാണ് സഖാവിന്റെ കമ്മ്യുണിസത്തിൽ ആത്മീയത കലരുന്നത്.

വൈരുദ്ധ്യാത്മമ ആത്മീയവാദം

പൊലീസിന്റെ കണ്ണുവെട്ടിച്ചുള്ള ഒളിവു ജീവിതത്തിനിടയിലാണ് സഖാവിന്റെ കൾട്ടിൽ അതീന്ദ്രിയ ശക്തികൾക്കും ദൈവങ്ങൾക്കുമെല്ലാം സ്ഥാനം ലഭിക്കുന്നത്. സൂര്യനും ചന്ദ്രനും കാറ്റും എല്ലാം തന്റെ വരുതിയിലാണെന്ന് കൂടെയുള്ളവരെ ഇയാൾ വിശ്വസിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങൾ നിയന്ത്രിക്കുവാനും ഭരണകൂടങ്ങളെ അട്ടിമറിക്കാനും തനിക്ക് കെൽപുണ്ടെന്നും ഇയാൾ അവരെ വിശ്വസിപ്പിച്ചു. ഈ കാലഘട്ടത്തിലാണ് ലോകം കീഴടക്കാൻ ''ജാക്കി'' (യഹോവ, അള്ള, ക്രൈസ്റ്റ്, ക്രിഷ്ണൻ, അനശ്വരനായ ഈശ്വരൻ എന്നിവയുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ജാക്കി എന്ന പദം രൂപീകരിച്ചത്) എന്ന ആശയത്തിന് രൂപം നൽകുന്നത്.

ഇതോടെ സഖാവിന്റെ മനസ്സും ശരീരവും ലൈംഗികതയിലേക്ക് ആകൃഷ്ടമായി. കൂടെയുണ്ടായിരുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂര മർദ്ദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തു. മാത്രമല്ല, ഇയാൾ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൂടെയുള്ള മറ്റുള്ളവർ കണ്ടു നിൽക്കണമെന്ന നിർബന്ധവും ഉണ്ടായിരുന്നു. മനുഷ്യനെ മരണത്തിൽ നിന്നും രക്ഷിക്കുന്ന അമൃതാണ് തന്റെ ശുക്ലമെന്നായിരുന്നു അയാളുടെ വാദം. അതുകൊണ്ടുതന്നെ കൂടെയുണ്ടായിരുന്ന സ്ത്രീകളെ അത് കഴിക്കാനും അയാൾ പ്രേരിപ്പിച്ചിരുന്നു. എന്നാൽ, അവസാനം പിടിക്കപ്പെട്ടപ്പോൾ അയാൾ അവകാശപ്പെട്ടത് തന്റെ മേൽ അമിതമോഹം ഉണ്ടായതിനാൽ കൂടെയുള്ള സ്ത്രീകൾ തന്നെ ലൈംഗികമായി ഉത്തേജിപ്പിക്കുകയായിരുന്നു എന്നായിരുന്നു.

കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായാണ് ഈ സ്ത്രീകൾ ഇയാൾക്കൊപ്പം കൂടിയത്. സർവ്വ സ്വാതന്ത്ര്യങ്ങളും വാഗ്ദാനം നൽകുന്ന ആശയത്തിന്റെ പേരിൽ പക്ഷെ, ഇയാൾ ഇവരെ അടിമകളാക്കുകയായിരുന്നു. കൂച്ചുവിലങ്ങുകളൊ മറ്റൊ ഉപയോഗിച്ചല്ല ഇയാൾ ഇവരെ തടവിലാക്കിയത് എന്നതും ശ്രദ്ധേയമാണ്, മസ്തിഷ്‌ക്ക പ്രക്ഷാളനവും വൈകാരിക പീഡനങ്ങളുമായിരുന്നു ഇതിനായി ഇയാൾ ഉപയോഗിച്ചു വന്നത്. അതുകൊണ്ടുതന്നെ ഇയാളെ അനുസരിക്കാൻ അവർ നിർബന്ധിതരാകുകയായിരുന്നു.
അടിമത്തത്തിൽ നിന്നും മോചനം

മൂന്നു പതിറ്റാണ്ടുകളാണ് സ്വന്തം മകളും ഭാര്യയും ഉൾപ്പടെ ആറു സ്ത്രീകളൈയാൾ അടിമകളാക്കി വെച്ചിരുന്നത്. ഒരു ജീവകാരുണ്യ സംഘടനയുടെ സഹായത്താൽ 2013-ൽ ഇയാളുടെ മകളും മറ്റൊരു അനുയായിയും ബ്രിക്സ്റ്റണിലെ അപ്പാർട്ട്മെന്റിൽനിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിക്കുന്നത്. കോടതി മുറിക്കുള്ളിൽ സ്വന്തം പിതാവിനെതിരെ തെളിവുകൾ നിരത്തിയ സ്വന്തം മകൾ അങ്ങനെ സഖാവ് ബാലയ്ക്ക് 23 വർഷത്തെ ജയിൽ ശിക്ഷ വാങ്ങിക്കൊടുത്തു.

സഖാവിന്റെ മകൾ സംസാരിക്കുന്നു

സഖാവ് ബാലയെ കൾട്ട് ലീഡർ ആക്കിയ അതേ മനോഭാവം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും വളർന്നു വരുന്നു എന്നാണ് മകൾ കാത്തി മോർഗൻ ഈയടുത്ത് സൺഡേ ടൈംസിനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 1984 ഘടകം (ജോർജ്ജ് ഓർവെല്ലിന്റെ 1984 എന്ന നോവലിൽ വർണ്ണിക്കുന്ന സമഗ്രാധിപത്യ ഭരണകൂടം എന്ന സങ്കല്പം) ഇവിടെ വീണ്ടും ശക്തിപ്രാപിക്കുകയാണെന്നും ഇവർ പറയുന്നു. ഒരു നിശ്ചിത രീതിയിൽ മാത്രം നമ്മൾ ചിന്തിക്കണം, ഒരു നിശ്ചിത രീതിയിൽ മാത്രം നമ്മൾ സംസാരിക്കണം എന്നൊക്കെയുള്ള അവസ്ഥയാണ് ഇവിടെ സംജാതമാകുന്നത് എന്നും അവർ പറഞ്ഞു.

സഖാവ് ബാല തന്റെ അണികളെ ബോദ്ധ്യപ്പെടുത്തിയത് അയാൾ ഒരു ദൈവമാണ് എന്നായിരുന്നു. ദൈവത്തിന്റെ ഇഷ്ടങ്ങൾക്ക് വിഘാതമാകുന്നവർക്ക് കടുത്ത ശിക്ഷ നൽകുവാൻ അതുകൊണ്ടുതന്നെ അനുയായികൾക്ക് സമ്മതവുമായിരുന്നു. ഈശ്വരനേയല്ലാതെ മറ്റൊരാളെ വാഴ്‌ത്തുവാൻ അവകാശമില്ലാത്ത അവർക്ക് എല്ലാ പീഡനങ്ങളും സഹിക്കുമ്പോഴും അയാളെ വാഴ്‌ത്തിപ്പാടേണ്ടി വന്നത് ഈ മസ്തിഷ്‌ക പ്രക്ഷാളനം കൊണ്ടായിരുന്നു.

ജനലുകളും വാതിലുകളും അടച്ചിട്ട മുറിക്കുള്ളിൽ നിന്നും പുറത്തുപോകാൻ കാത്തിക്ക് അവകാശമുണ്ടായിരുന്നില്ല. സ്‌കൂളിൽ പോകുവാനോ മറ്റു കുട്ടികളുമായി ഇടപഴകുവാനോ, എന്തിനധികം, കൾട്ടിനു വെളിയിലുള്ളവരുമായി സംസാരിക്കുവാനോ പോലും അനുവാദമുണ്ടായിരുന്നില്ല. അടിമകൾ ആരെങ്കിലും അനുസരണക്കേടു കാണീച്ചാൽ അവരെ നാണം കെടുത്താനും ദ്രോഹിക്കാനും മറ്റ് അടിമകൾ തന്നെ മുൻകൈ എടുത്തിരുന്ന സാഹചര്യം ഇന്ന് സമൂഹ മാധ്യമങ്ങളിലെ ഗ്വാ ഗ്വാ വിളികൾ തന്നെ ഓർമ്മിപ്പിക്കുന്നു എന്നും അവർ പറയുന്നു.

ഒരാൾ പറഞ്ഞത് ഇഷ്ടപ്പെടാതെ വന്നാൽ, കൂട്ടം ചേർന്ന് അയാളെ നാണം കെടുത്തുന്ന രീതിയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായുള്ളത്. തന്റെ കുട്ടിക്കാലത്ത് താൻ നേരിട്ടതും ഇത്തരത്തിലുള്ള ഇടപെടലുകളായിരുന്നു എന്ന് കാത്തി പറയുന്നു. തടവിൽ നിന്നും മോചിതയായ ശേഷം കാത്തി ലേബർ പാർട്ടിയിൽ അംഗത്വം എടുത്തെങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം പാർട്ടിയിൽ സജീവമല്ല. അഞ്ചു സ്ത്രീകളിൽ തന്റെ അമ്മ മാത്രമായിരുന്നു ബ്രിട്ടീഷ് വംശജ. സാമ്രാജ്യത്വ പാരമ്പര്യം അമ്മയ്ക്ക് മാത്രമായിരുന്നതിനാൽ, മറ്റുള്ള സ്ത്രീകൾ എപ്പോഴും തന്റെ അമ്മയെ ഉപദ്രവിക്കുമായിരുന്നു എന്നും കാത്തി പറഞ്ഞു.

കൾട്ടിനകത്താണ് കാത്തി ജനിച്ചു വീഴുന്നത്. അന്ന് അവിടെയുള്ള ഏക ബലിക എന്നനിലയിൽ തന്റെ കർത്തവ്യം സഖാവ് ബാലയെ ലോകത്തിന്റെ അധിപനാകാൻ സഹായിക്കുക എന്നതായിരുന്നു എന്ന് കാത്തി പറയുന്നു. സർവ്വ അധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ട ഒരു കമ്മ്യുണിസ്റ്റ് ഭരണാധികാരിയായി ലോകം വാഴുക എന്നതായിരുന്നത്രെ സഖാവ് ബാലയുടെ സ്വപനം. ഷെല്ട്ടെൻഹാം ലേഡീസ് കോളേജിൽ പഠിക്കുന്ന സമയത്താണ് അതിസമർത്ഥയായ വിദ്യാർത്ഥിനിയായ തന്റെ അമ്മ സഖാവ് ബാലയുടെ വാഗ്ധോരണിയിൽ മയങ്ങി അയാളുടെ അനുയായി ആയതെന്നും അവർ പറഞ്ഞു. അന്ന് അമ്മയ്ക്ക് 20 വയസ്സുമാത്രമായിരുന്നു പ്രായം.

ബന്ധനത്തിൽ നിന്നും മോചനം നേടാനുള്ള ശ്രമത്തിനിടയിലാണെന്ന് പറയുന്നു 1996-ൽ ഇവർ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരണമടഞ്ഞു. അന്ന് കാത്തിക്ക് പ്രായം 14 വയസ്സ്. പിന്നീട് 2013-ൽ സഖാവിന്റെ മറ്റൊരു അനുയായി ആയ ജോസീ ഹെർവീലിന്റെ സഹായത്താലായിരുന്നു കാത്തി രക്ഷപ്പെടുന്നത്. ആരോഗ്യസ്ഥിതി വഷളായിട്ടും കാത്തിയെ ഡോക്ടറെ കാണിക്കുവാനോ ആരുടെയെങ്കിലും സഹായം തേടുവാനോ സഖാവ് ബാല സമ്മതിച്ചില്ല. പിന്നീട് എവിടെനിന്നോ മോഷ്ടിച്ചെടുത്ത ഒരു സെൽഫോൺ ഉപയോഗിച്ച് ഹെല്പ്ലൈനിലെക്ക് വിളിച്ച് കാത്തിയുടേ രോഗാവസ്ഥ അറിയിച്ചത് ജോസി ആയിരുന്നു. തുടർന്നാണ് സന്നദ്ധ സേവകർ എത്തുന്നതും സഖാവ് പിടിയിലാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP