Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ കുർബാനാ രീതിയുമായി തൃശ്ശൂർ, ഇരിങ്ങാലക്കുട രൂപതകൾ മുന്നോട്ട്; എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇടയലേഖനം വായിച്ചത് 14 പള്ളികളിൽ മാത്രം; പലയിടത്തും പ്രതിഷേധവും ഇടയലേഖനം കത്തിക്കലും; കുർബാന വിവാദത്തിൽ സീറോ മലബാർ സഭ

പുതിയ കുർബാനാ രീതിയുമായി തൃശ്ശൂർ, ഇരിങ്ങാലക്കുട രൂപതകൾ മുന്നോട്ട്;  എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇടയലേഖനം വായിച്ചത്  14 പള്ളികളിൽ മാത്രം; പലയിടത്തും പ്രതിഷേധവും ഇടയലേഖനം കത്തിക്കലും; കുർബാന വിവാദത്തിൽ സീറോ മലബാർ സഭ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കുർബാന പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ വിവാദം പുകയുന്നു. പരിഷ്‌ക്കരിച്ച കുർബാന ക്രമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിൽക്കുന്നത്. പരിഷ്‌കരിച്ച കുർബാനക്രമവും അർപ്പണ രീതിയും നടപ്പാക്കുമെന്ന് തൃശ്ശൂർ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും അറിയിച്ചു. അതസമയം എറണാകുളം-അങ്കമാലി അതിരൂപതയിൽ ഈ വിഷയം വലിയ വിവാദമായി നിലനിൽക്കുകയാണ്.

തൃശ്ശൂർ അതിരൂപതാ കാര്യാലയത്തിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും ഇടയലേഖനം വായിച്ചു. സിനഡ് തീരുമാനങ്ങൾ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട, തൃശ്ശൂർ അതിരൂപതകളിലെ ഒരുവിഭാഗം വൈദികർ ഞായറാഴ്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹർജി നൽകി.

ഇടയലേഖനം ഹൃദയപൂർവം സ്വീകരിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. കുർബാന പരിഷ്‌കാരം ഒരേ മനസ്സോടെ നടപ്പാക്കണമെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചിട്ടില്ലെന്ന് പുതിയ കുർബാന രീതിയെ എതിർക്കുന്ന തൃശ്ശൂർ അതിരൂപതയിലെ മുതിർന്ന വൈദികരും ഇരിങ്ങാലക്കുട രൂപത ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി കൺവീനർ ഫാ. ജോൺ കവലക്കാട്ടും പറഞ്ഞു.

ഇന്നലെ കുർബാന ഏകീകരണം സംബന്ധിച്ച ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ 14 പള്ളികളിൽ മാത്രമാണു വായിച്ചത്. പലയിടത്തും വിശ്വാസികളിൽ ഒരുവിഭാഗം പ്രതിഷേധിക്കുകയും ഇടയലേഖനം കത്തിക്കുകയും ചെയ്തു. അതിരൂപതയിലെ 338 പള്ളികൾ, മഠങ്ങൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ 400 ഇടങ്ങളിലാണ് ഞായറാഴ്ച ചടങ്ങുകളുണ്ടായിരുന്നത്. നിലവിലുള്ള ജനാഭിമുഖ കുർബാന തുടരണമെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും ആവശ്യപ്പെടുന്നത്.

പുതിയരീതിയിൽ കുർബാനയുടെ ആദ്യഭാഗം വിശ്വാസികൾക്കുനേരെയും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായുമാണ് അർപ്പിക്കുക. നവംബർ 28 മുതൽ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിർദ്ദേശം. ഇതുസംബന്ധിച്ച ഇടയലേഖനമാണ് പള്ളികളിൽ വായിക്കാൻ നൽകിയിരുന്നത്.

അതിനിടെ ചൊവ്വര പ്രസന്നപുരം പള്ളിയിൽ ഇടയലേഖനം വായിക്കുന്നത് ഒരുവിഭാഗം തടഞ്ഞു. ഇടയലേഖനം പള്ളിക്കുമുന്നിൽ കത്തിച്ചു. കുർബാനയിൽ പങ്കെടുത്തവരിൽ ഒരുവിഭാഗവും പ്രതിഷേധക്കാരുമായി തർക്കമുണ്ടായി. രണ്ടാമത്തെ കുർബാനയ്ക്കിടെ ഇടയലേഖനം വായിച്ചതായി വികാരി അറിയിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സാമ്പത്തികത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇതിനു കൂട്ടുനിന്ന വൈദികർ ചുമതലവഹിക്കുന്ന പള്ളികളിൽ മാത്രമാണ് ഇടയലേഖനം വായിച്ചതെന്നും അൽമായ മുന്നേറ്റം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP