Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശേഷിക്കുന്നത് ഒരു ദിവസം; ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് പത്ത് വിക്കറ്റ്; ഇംഗ്ലണ്ടിന് 291 റൺസ്!; ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; നാലാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ്

ശേഷിക്കുന്നത് ഒരു ദിവസം; ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് പത്ത് വിക്കറ്റ്; ഇംഗ്ലണ്ടിന് 291 റൺസ്!; ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; നാലാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ്

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ഓവലിൽ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 368 റൺസ് വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ 32 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ് എന്ന നിലയിലാണ് ആതിഥേയർ.

ഒരു ദിവസത്തെ കളി ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ 10 വിക്കറ്റ് വീഴ്‌ത്തണം. ഇംഗ്ലണ്ടിനാകട്ടെ ഇനി വിജയത്തിലേക്ക് വേണ്ടത് 291 റൺസും. ഓപ്പണർമാരായ റോറി ബേൺസും (31), ഹസീബ് ഹമീദും (43) ക്രീസിലുണ്ട്. ഇതുവരെ 109 പന്തുകൾ നേരിട്ട ബേൺസ് രണ്ടു ഫോറുകളോടെയാണ് 31 റൺസെടുത്തത്. ഹസീബ് ഹമീദ് 85 പന്തിൽ ആറു ഫോറുകൾ സഹിതം 43 റൺസുമെടുത്തു.

ഒന്നാം ഇന്നിങ്‌സിൽ 99 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 466 റൺസിന് എല്ലാവരും പുറത്തായി. ഒരുവേള ആറിന് 312 റൺസെന്ന നിലയിലേക്ക് പതിച്ച ഇന്ത്യയ്ക്ക്, ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഋഷഭ് പന്ത് ശാർദൂൽ ഠാക്കൂർ സഖ്യമാണ് കരുത്തായത്. ഇരുവരും അർധസെഞ്ചുറിയും നേടി. പന്ത് 50 റൺസെടുത്തും ഠാക്കൂർ 60 റൺസെടുത്തും പുറത്തായി. സെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 256 പന്തുകൾ നേരിട്ട രോഹിത് 14 ഫോറും ഒരു സിക്‌സും സഹിതം 127 റൺസെടുത്തു. ഓവലിൽ പിന്തുടർന്നു ജയിച്ചിട്ടുള്ള ഉയർന്ന സ്‌കോർ 263 റൺസാണ്.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ മുട്ടുമടക്കിയ ഇന്ത്യൻ ബാറ്റിങ് നിര രണ്ടാം ഇന്നിങ്സിൽ വർധിത വീര്യത്തോടെ തിരിച്ചടിക്കുന്ന കാഴ്ചയ്ക്കാണ് കെന്നിങ്ടൺ ഓവൽ സാക്ഷിയായത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 466 റൺസ് എടുത്താണ് ഓൾഔട്ടായത്.

സെഞ്ചുറി നേടിയ രോഹിത് ശർമ, അർധ സെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ഷാർദുൽ താക്കൂർ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. കെ.എൽ രാഹുൽ (46), ക്യാപ്റ്റൻ വിരാട് കോലി (44) എന്നിവരും ഇന്ത്യൻ സ്‌കോറിലേക്ക് മികച്ച സംഭാവനകൾ നൽകി. ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമ - ചേതേശ്വർ പൂജാര സഖ്യം 153 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജ (17), അജിങ്ക്യ രഹാനെ (0), ക്യാപ്റ്റൻ വിരാട് കോലി (44) എന്നിവരുടെ വിക്കറ്റുകൾ നേരത്തെ നഷ്ടമായി. ജഡേജയേയും രഹാനെയേയും ക്രിസ് വോക്സ് മടക്കിയപ്പോൾ കോലിയെ മോയിൻ അലി പുറത്താക്കി.

പിന്നാലെ ഏഴാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് - ഷാർദുൽ താക്കൂർ സഖ്യമാണ് പിന്നീട് ഇന്ത്യൻ തിരിച്ചടിയുടെ നേതൃത്വമേറ്റെടുത്തത്. ഏഴാം വിക്കറ്റിൽ ഇരുവരും 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് വിയർത്തു. ഇന്ത്യൻ സ്‌കോർ 400 കടക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്സിലെ മികവ് തുടർന്ന താക്കൂർ 72 പന്തിൽ നിന്ന് ഏഴു ഫോറും ഒരു സിക്സുമടക്കം 60 റൺസെടുത്ത് പുറത്തായി. താക്കൂറിനെ മടക്കി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 106 പന്തിൽ നിന്ന് 50 റൺസോടെ പന്തും മടങ്ങി. ജസ്പ്രീത് ബുംറ (24), ഉമേഷ് യാദവ് (25) എന്നിവരും ഇന്ത്യൻ സ്‌കോറിലേക്ക് സംഭാവന നൽകി. മുഹമ്മദ് സിറാജ് മൂന്ന് റൺസോടെ പുറത്താകാതെ നിന്നു.

ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടിയ രോഹിത് 256 പന്തുകൾ നേരിട്ട് ഒരു സിക്‌സും 14 ഫോറുമടക്കം 127 റൺസെടുത്ത് മടങ്ങി. മോയിൻ അലിയെ സിക്സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. പൂജാര 127 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 61 റൺസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP