Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിനയിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ; 15 കോടിയുടെ വീട്, 16 ആഡംബര കാറുകൾ; നടി ലീന മരിയ പോൾ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ; ഡൽഹി പൊലീസിന്റെ നടപടി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പിൽ

അഭിനയിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ; 15 കോടിയുടെ വീട്, 16 ആഡംബര കാറുകൾ; നടി ലീന മരിയ പോൾ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ; ഡൽഹി പൊലീസിന്റെ നടപടി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടി ലീന മരിയ പോളിനെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട തട്ടിപ്പ് കേസിലാണ് അറസ്റ്റ്. തിഹാർ ജയിലിൽ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ ചോദ്യം ചെയ്തിരുന്നു.

ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്.



സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. ഏതാനും മലയാള സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത നടിയുടെ പേരിലുള്ളത് വരവിൽ കവിഞ്ഞ സ്വത്താണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിലാണ് ലീന അഭിനയിച്ചിട്ടുള്ളത്.



തട്ടിപ്പുവീരൻ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ കൂട്ടാളി, സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതി, രവി പൂജാരി സംഘം വെടിവയ്പ് നടത്തിയ ബ്യൂട്ടിപാർലറിന്റെ ഉടമ എന്നീ നിലകളിൽ ലീന മരിയ പോൾ (33) പലപ്പോഴായി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ചെന്നൈ നഗരത്തിൽ കടലിനഭിമുഖമായുള്ള ആഡംബര വീടും ആഡംബര കാറുകളും ലീന മരിയ പോൾ സ്വന്തമാക്കിയത് അടക്കം അളവില്ലാത്ത പണം ലഭിക്കുന്നതിന്റെ സ്രോതസ്സ് തേടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തിയത്.

വീടിനു പുറമേ 16 ആഡംബര കാറുകൾ, 2 കിലോ സ്വർണം, 82.50 ലക്ഷം രൂപ, ആഡംബര ഷൂസുകളുടെയും ബാഗുകളുടെയും വൻശേഖരം എന്നിവയും ഇഡി കണ്ടുകെട്ടി. റോൾസ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്ലി ബെന്റെയ്ഗ, ഫെറാറി 458 ഇറ്റാലിയ, ലംബോർഗിനി ഉറൂ, എസ്‌കലേഡ്, മെഴ്‌സിഡീസ് എഎംജി 63 എന്നിവയുൾപ്പെടെയാണു പിടിച്ചെടുത്തത്. 40,000 ഡോളർ (29.6 ലക്ഷം രൂപ) വിലയുള്ള ബാഗുകളും കൂട്ടത്തിലുണ്ട്. സുകാഷും ലീനയും ചേർന്ന് ബെനാമി ഇടപാടിലൂടെ വാങ്ങിയ വീടാണിതെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

പതിനേഴാം വയസ്സിൽ സാമ്പത്തികത്തട്ടിപ്പിലേക്കു തിരിഞ്ഞ സുകാഷ് (ബാലാജി), ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതബന്ധങ്ങളും തുറുപ്പുചീട്ടാക്കിയാണ് തട്ടിപ്പുകൾക്കു കളമൊരുക്കിയത്. ഇപ്പോൾ വയസ്സ് 31, ഇതിനിടെ ഇരുപതോളം തട്ടിപ്പു കേസുകൾ. ബെംഗളൂരു വികസന അഥോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യ കേസ്. തമിഴ്‌നാട്ടിലെത്തിയാൽ ബീക്കൺ ഘടിപ്പിച്ച കാറിൽ പാഞ്ഞിരുന്ന സുകാഷ്, മുഖ്യമന്ത്രിയുടെ മകൻ ആണെന്നു വരെ പലരെയും വിശ്വസിപ്പിച്ചു.



ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയിൽ നിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിവയുടെ പേരിൽ 2013 ലാണു ലീനയും സുകാഷും അറസ്റ്റിലായത്. അന്ന് 9 ആഡംബര കാറുകളും തോക്കുകളുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും തട്ടിപ്പു തുടർന്നു.

ലീന അറസ്റ്റിലായപ്പോൾ ചെന്നൈ പൊലീസ് കേസ് ഫയലിൽ ഉൾപ്പെടുത്തിയത് തൃശൂരിലെ വിലാസമാണ്. എന്നാൽ, കുടുംബം കോട്ടയത്താണെന്നു പിന്നീടു വിവരങ്ങൾ ലഭിച്ചു. ബ്യൂട്ടിപാർലർ ഉൾപ്പെടെയുള്ള ബിസിനസുകൾ കൊച്ചി കേന്ദ്രീകരിച്ചാണ്.



ഇതിനിടെ, മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ സുകാഷുമായി അടുത്ത് തട്ടിപ്പിലേക്കു തിരിഞ്ഞു. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേരളത്തിലെ ചിലരുമായി ലീന സംസാരിച്ചതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു. കടവന്ത്രയിൽ ലീന നടത്തിയിരുന്ന ബ്യൂട്ടിപാർലറിലേക്ക് രവി പൂജാരി സംഘം 2017ൽ വെടിവയ്പ് നടത്തിയെന്ന കേസിലും അന്വേഷണം നടന്നിരുന്നു. സുകാഷ് ജയിലിലായതോടെ കണക്കറ്റ സ്വത്ത് ലീനയുടെ കൈവശമായെന്നു കരുതിയ രവി സംഘം, 25 കോടി ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP