Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊടിയേതായാലും ശോഭനാ ജോർജിന് സ്ഥാനാർത്ഥിത്വം മതി: വിഷ്ണുനാഥ് ഒഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ചെങ്ങന്നൂരിൽ നെട്ടോട്ടം; സർക്കാരിനും പാർട്ടിക്കുമെതിരെ നടത്തിയത് അഞ്ചുസമരം: കൂട്ട് ബിജെപിയും സിപിഎമ്മും

കൊടിയേതായാലും ശോഭനാ ജോർജിന് സ്ഥാനാർത്ഥിത്വം മതി: വിഷ്ണുനാഥ് ഒഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ചെങ്ങന്നൂരിൽ നെട്ടോട്ടം; സർക്കാരിനും പാർട്ടിക്കുമെതിരെ നടത്തിയത് അഞ്ചുസമരം: കൂട്ട് ബിജെപിയും സിപിഎമ്മും

ആലപ്പുഴ : കൊടിയേതായാലും ശോഭനയ്ക്കു പ്രശ്‌നമില്ല. സ്ഥാനാർത്ഥിയായാൽ മതി. ചെങ്ങന്നൂർ മുൻ എം എൽ എയും കെ പി സി സി അംഗവുമായ ശോഭനാജോർജാണ് നിയമസഭാ സീറ്റിനായി മുന്നൊരുക്കങ്ങൾ നടത്തുന്നത്.

ഇടതോ കാവിയോ എന്തുമാകട്ടെ, ശോഭനയെ ഉൾക്കൊള്ളാൻ കഴിയുന്നവർക്കൊപ്പം സ്ഥാനാർത്ഥിയാകാൻ ഒരുങ്ങിയാണ് ഇപ്പോഴത്തെ നീക്കങ്ങൾ. സ്വന്തം പാർട്ടിയിൽ സീറ്റ് കിട്ടില്ലെന്നുറപ്പാക്കിയ ശോഭന കഴിഞ്ഞ മൂന്നുമാസമായി ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയാണ് . കഴിഞ്ഞ തവണ സീറ്റിനായി ചെങ്ങന്നൂർ ഭദ്രാസനത്തെ കരുവാക്കി ശോഭന സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിറ്റിങ് എം എൽ എ സ്വമേധയാ ഒഴിഞ്ഞാൽ മാത്രമെ ശോഭനയ്ക്ക് സീറ്റ് കൊടുക്കാൻ കഴിയുകയുള്ളുവെന്നാണ് ശോഭന പ്രതിനിധാനം ചെയ്യുന്ന  സഭയെ ഉമ്മൻ ചാണ്ടി അറിയിച്ചിരുന്നത്.

കോൺഗ്രസ് പാർട്ടിയിൽ ഉമ്മൻ ചാണ്ടി ഏറ്റവും അധികം വിശ്വസിക്കുന്ന യുവനേതാവാണ് പി സി വിഷ്ണുനാഥ്. ഇദ്ദേഹത്തെ മറികടന്ന് ശോഭനയ്ക്ക് സീറ്റു കൊടുക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാകില്ലെന്ന് ശോഭനയ്ക്കു തന്നെ നല്ലതുപോലെ അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ പാർട്ടി നോക്കാതെ മുട്ടിനും പൊട്ടിനും ശോഭന എല്ലായിടങ്ങളിലും ഓടിയെത്തുകയാണ്. സിറ്റിങ് എംഎൽ എ മണ്ഡലത്തിൽ സജീവമല്ലെന്ന പ്രചാരണം നൽകുന്നുണ്ട്.

ഭരിക്കുന്ന സർക്കാരിനും സ്വന്തം പാർട്ടിക്കുമെതിരെ ശോഭന ഇപ്പോൾ അഞ്ചോളം സമരങ്ങൾക്കു നേതൃത്വം നൽകിക്കഴിഞ്ഞു. ഇതെല്ലാം ബി ജി പി, ഇടതുപിന്തുണയോടെ ആണെന്നുള്ളതാണ് വിചിത്രം. ഇന്നലെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ കുടിവെള്ളം നിലച്ചുവെന്ന് ആരോപിച്ച് യുവമോർച്ചയും ബിജെപിയും ചേർന്നു നടത്തിയ ഉപരോധ സമരത്തിൽ ശോഭനയും പങ്കെടുത്തു. ബിജെപി നേതാക്കൾക്കൊപ്പം ശോഭന ആശുപത്രി സുപ്രണ്ടിനെ ഉപരോധിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ശോഭന കാവി പുതയ്ക്കുമോയെന്ന ചോദ്യവും പലയിടങ്ങളിൽനിന്നും ഉണ്ടായി. ചോദ്യം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. ബിജെപിയുമായി ശോഭനയ്ക്ക് നല്ല ബന്ധമാണുള്ളത്. കഴിഞ്ഞ തവണ മാത്രമാണ് ബിജെപി സ്വന്തം സ്ഥാനാർത്ഥിക്കായി വോട്ടുചെയ്തത്. അന്നേരം ശോഭന സജീവവുമല്ലായിരുന്നു. പാർട്ടി മാറുന്നതിലാകട്ടെ ശോഭനയ്ക്ക് അത്ര വേവലാതിയുമില്ല.

നേരത്തെ നിയമസഭാ സമാജികത്വം ഒരു വർഷം നേരത്തെ രാജിവച്ച് കരുണാകരന്റെ ഡിഐസി കോൺഗ്രസായി പ്രവർത്തിച്ച് കോൺഗ്രസിന് പേരുദോഷം വരുത്തിയ ആളാണ് ശോഭന . പിന്നീട് ശോഭനയ്ക്ക് രാഷ്ട്രീയമായി ഉയരാൻ കഴിഞ്ഞില്ലന്നുള്ളതാണ് യാഥാർത്ഥ്യം. ഇപ്പോൾ മെഡിക്കൽ ക്യാമ്പുകൾ, ഓണകിറ്റ് വിതരണം, സാധുജന സംരക്ഷണം, കായൽ ശുദ്ധീകരണം എന്നിങ്ങനെയുള്ള നാനാവിധ പ്രവർത്തനങ്ങളുമായാണ് ശോഭന നെട്ടോട്ടമോടുന്നത്.

മാത്രമല്ല പഴയകാല ചലച്ചിത്രനടി പങ്കജവല്ലിയുടെ പേരിൽ സിനിമാ താരങ്ങളായ കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത തുടങ്ങിയവർക്ക് അവാർഡ് നൽകാനും പദ്ധതിയിടുകയാണ്. ഏതുവിധേനയും ചെങ്ങന്നൂരിന്റെ സ്ഥാനാർത്ഥിയാകാനാണ് ശോഭനയുടെ ശ്രമം. ഏതായാലും കോൺഗ്രസിൽ ശോഭനയുടെ കാര്യത്തിൽ ഒരു തീരുമാനമായി ഇന്നലത്തെ പ്രകടനത്തോടെ. ഇനി ശോഭന പിടിക്കുന്ന കൊടിയുടെ നിറം മാത്രം നോക്കിയാൽ മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP